സ്ഥിരമായി നമ്മള് കാണുന്ന ഓരോ വ്യക്തികളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക നമുക്ക് തന്നെയായിരിക്കും. ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ട്, ജീവിതത്തിലേക്ക് കടന്നവരില്‍ പലരും പറഞ്ഞത് തങ്ങളെ കേള്‍ക്കാനും പിന്തിരിപ്പിക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ ഈ കടുംകൈക്ക് മുതിരില്ലായിരുന്നുവെന്നാണ്.
സോഷ്യല്‍ മീഡിയയില്‍ നിരാശ നിറഞ്ഞ മനസ്സുമായി ഒരാളെഴുതിയ കുറിപ്പ് വായിക്കാനിടയായി. അതിനുതാഴെ ഫോണ്‍ നമ്പർ സഹിതം ഒരു കമന്റിട്ടു: ‘‘ജീവിതം വേണ്ടെന്നു വെക്കുന്നവരുടെ ജീവന് ആവശ്യമുണ്ട്”. അനേകം ആളുകളാണ് അതിനടിയിൽ വന്ന് സംവദിച്ചതും വിളിച്ചതും. നദിയിലൂടെയുള്ള യാത്രപോലെ ഒരു ഒഴുക്കാണ് ജീവിതം. നദി ചിലപ്പോൾ കുലം കുത്തിയൊഴുകും, ആഴത്തിലുള്ള ചുഴികള്‍ രൂപപ്പെടും, ചിലപ്പോൾ തികച്ചും ശാന്തമാവും... ആ യാത്ര മുന്നോട്ട് നീങ്ങാനാവാതെ നില്‍ക്കുമ്പോഴായിരിക്കും ആരോ വന്ന് ഒന്ന് തള്ളിത്തരിക. ഒന്നുതൊട്ടാല്‍ മതിയാവും, അല്ലെങ്കിൽ നമ്മുടെ ഒരു വാക്ക് മതിയാവും എവിടെയോ തടഞ്ഞുനില്‍ക്കുന്ന ഒരു മനുഷ്യന്റെ ജീവിതം തടസ്സങ്ങൾ മാറി മുന്നോട്ട് നീങ്ങാന്‍. പരസ്പരം അങ്ങനെ തൊടുന്ന, കരുണയുള്ള, കരുതലുള്ള മനുഷ്യരാവുക എന്നത് മാത്രമാണ് പരസ്പരാശ്രിതരായി ജീവിക്കുന്ന സമൂഹത്തില്‍ നമുക്ക് ചെയ്യാനാവുക.
ആരോടും ഒന്നും പറയാതെ പെട്ടെന്നൊരുനാള്‍ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. ചിലര്‍ സ്വയംഹത്യ ചെയ്തതിന്റെ കാരണം കേട്ടാല്‍ നമ്മളില്‍ ചിലരെങ്കിലും പറഞ്ഞുപോകും അവരിത്രയും വേദന ഉള്ളിലൊളിപ്പിച്ചാണോ കളിച്ചുചിരിച്ച് നടന്നതെന്ന്. ഏതോ നിലയില്‍ മനുഷ്യരെല്ലാവരും പലവിധം അസ്വസ്ഥതകളിലൂടെ കടന്നുപോകുന്നുണ്ട്. ഒരാളും അതില്‍ നിന്ന് മുക്തരല്ല എന്നതാണ് യാഥാർഥ്യം.
സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കുടുംബ മനഃശാസ്ത്ര കാരണങ്ങള്‍ക്കിടയില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു ഓരോ ആത്മഹത്യയും. തൊഴിലില്ലായ്മ, തൊഴിൽ സമ്മർദം, സാമ്പത്തിക ക്ലേശങ്ങള്‍, സമ്പത്ത് വീതം വെച്ചതിലെ തർക്കങ്ങൾ, ഭവനരാഹിത്യം, സ്നേഹ ബന്ധങ്ങളിലെ തകര്‍ച്ച എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളായി പറയാറുണ്ട്. ഇത്തരം കാരണങ്ങൾക്കിടയിലും തോൽക്കാൻ മനസ്സില്ലെന്ന ചിന്തയും, ഏതു പരിതസ്ഥിതിയിലും കാവലായി എനിക്കെന്റെ ദൈവമുണ്ട് എന്ന വിശ്വാസവും മതപരമായ ചേര്ന്നുനിൽക്കലുമൊക്കെ ഒരു പരിധിവരെ ആത്മഹത്യയെ ചെറുക്കുന്നു.
സ്ഥിരമായി നമ്മള് കാണുന്ന ഓരോ വ്യക്തികളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക നമുക്ക് തന്നെയായിരിക്കും. ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ട്, ജീവിതത്തിലേക്ക് കടന്നവരില്‍ പലരും പറഞ്ഞത് തങ്ങളെ കേള്‍ക്കാനും പിന്തിരിപ്പിക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ ഈ കടുംകൈക്ക് മുതിരില്ലായിരുന്നുവെന്നാണ്.
ഏകദേശം ഏഴു മാസങ്ങള്‍ക്കുമുമ്പ് ഒരു വൈകുന്നേരമാണ് ഒരമ്മയും മൂന്നു പെണ്മക്കളും കുറ്റിപ്പുറത്തെ ‘ഇല ഫൗണ്ടേഷ’നിലേക്ക് കയറിവരുന്നത്. ആ സഹോദരിയുടെ ഭര്‍ത്താവ് ഒരു ആക്സിഡന്റിനെ തുടർന്ന് കിടപ്പിലായതാണ്. ചികിത്സക്കും രണ്ട് പെണ്മക്കളുടെ വിവാഹത്തിനുമായി വാങ്ങിയ കടങ്ങളുടെ ബാധ്യതകള്‍കൊണ്ട് ജീവിതം വഴിമുട്ടിയ അവസ്ഥ. കടം നൽകിയവർ മക്കളെ വിവാഹം കഴിപ്പിച്ചയച്ച വീടുകളിൽച്ചെന്നും ശല്യപ്പെടുത്താൻ തുടങ്ങിയപ്പോള്‍ കുടുംബം മാനസികമായി പൂര്‍ണമായും തകര്‍ന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാമെന്ന് നിനച്ചു. ഒരു മകള്‍ അമ്മയോട് പറഞ്ഞു- ‘‘എനിക്ക് ഷവര്‍മയില്‍ വിഷം ചേര്‍ത്തുതന്നാല്‍ മതി’’. ഇതുകേട്ട് മകളുടെ മൂന്നു വയസ്സുള്ള കുഞ്ഞ് പറഞ്ഞു- ‘‘അമ്മമ്മേ എനിക്ക് സമൂസയിൽ തന്നാൽ മതി’’. തിരിച്ചറിവില്ലാത്ത ആ കുഞ്ഞിന്റെ മുഖവും പറച്ചിലുമാണ് ആ കുടുംബത്തിന് ആത്മഹത്യയില്‍ നിന്ന് മാറി ചിന്തിക്കാൻ അവസരം കൊടുത്തത്.
പ്രതിസന്ധികളില്‍ തളരാതെ പിടിച്ചുനില്ക്കാന് മനസ്സിനെ പാകപ്പെടുത്തൽ അതിപ്രധാനമാണ്. നമ്മില്‍ പലര്‍ക്കും അത് സ്വായത്തമാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. മാനസിക ഭദ്രത ഉറപ്പുവരുത്തിയാല്‍ യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കാതെ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിച്ചേരാം. നാം നിത്യേന ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളെയും എത്ര ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളില്‍ മനുഷ്യൻ ഏറെ മൂല്യവത്തായ ഒരു ജീവിയാണ്. നമ്മുടെ ഓരോ അവയവവും വളരെ പ്രാധാന്യത്തോടെ സൂക്ഷിക്കേണ്ടതാണെന്ന് നമ്മള് തിരിച്ചറിയേണ്ടതുണ്ട്. തലമുതല്‍ നഖം വരെയുള്ള ശരീരത്തിന്റെ ഓരോ ഭാഗങ്ങളെയും നമ്മളെത്ര ശ്രദ്ധയോടെയാണ് നോക്കാറുള്ളത്. അതുപോലെ തന്നെ ഏറ്റവും ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നു തന്നെയാണ് മനസ്സ്. അതിസൂക്ഷ്മമായി മനസ്സിന്റെ ഒരോ മാറ്റങ്ങളെയും നമ്മള് തിരിച്ചറിയണം ഒപ്പമുള്ളവരുടെ ഹൃദയത്തിന്റെ താളം അത് നമുക്കും തിരിച്ചറിയാനാവണം, മുറിവ് ഉണങ്ങേണ്ടിടത്ത് തന്നെ മരുന്ന് വെക്കണം. അത് കൃത്യസമയത്തുതന്നെ ചെയ്യണം.
നീ സന്തോഷത്തിലാണോ? നിനക്ക് എന്തുപറ്റി? എന്നൊരു ചോദ്യമോ ഒരാളെ കേള്‍ക്കാനോ ഉള്ള അവസരം നമ്മളുമൊരുക്കണം. ആത്മഹത്യ പ്രവണതയും, ചിന്തകളും ഒരു മെഡിക്കല്‍ എമര്‍ജന്‍സി തന്നെയാണ്. കൃത്യമായി വേണ്ടയിടത്ത് ഇടപെട്ടില്ലെങ്കില്‍ അമൂല്യമായ ഒരു ജീവന് നഷ്ടമാകുമെന്നതാണ് സത്യം. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന പലയാളുകളും പുറത്തുപറയാനാകാതെയുള്ള ഒറ്റപ്പെടുത്തലുകളും പുച്ഛവും സഹിച്ച് കഴിയുന്നവരാണ്.
ഇത്തരത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കുവേണ്ടി ദിവസേന ഒരു നിമിഷമെങ്കിലും ഓരോരുത്തരും മാറ്റിവെക്കണം, നമ്മളെക്കുറിച്ചും ചുറ്റുമുള്ളവരെക്കുറിച്ചും ഗുണകാംക്ഷയോടെ ചിന്തിക്കാൻ ശ്രമിക്കണം. മാനസികാരോഗ്യത്തിന് പ്രഥമശുശ്രൂഷ നൽകാൻ എല്ലാവരും പരിശീലിക്കേണ്ടതുണ്ട്. നമുക്ക് ചുറ്റുമുള്ള അഞ്ച് കുടുംബങ്ങളിലെങ്കിലും പ്രിയപ്പെട്ടവരായി മാറുക. ദൈവം നമുക്ക് നല്കിയ ജീവിതം അത്രമേല്‍ അമൂല്യമാണെന്ന് സ്വയം തിരിച്ചറിയുക. ആ തിരിച്ചറിവില്‍ നിന്ന് സ്വയം നവീകരിക്കാനും മറ്റുള്ളവരില്‍ മാറ്റമുണ്ടാക്കാനും നമുക്ക് ശ്രമിക്കാം. മനുഷ്യരെല്ലാം പരസ്പരം താങ്ങും തണലുമാവട്ടെ!
(സാന്ത്വന-സാമൂഹിക കൂട്ടായ്മയായ ഇല ഫൗണ്ടേഷൻ സ്ഥാപകനും പ്രചോദന പ്രഭാഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.