കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി പുറത്തുവിട്ട വിശദാംശങ്ങളൊന്നുമില്ലാത്ത ആചാരപരമായ കുറിപ്പ് മാത്രമായിരുന്നുകേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി തിരിച്ചുപോയിട്ട് ഒന്നരയാഴ്ചയായി. സാധാരണഗതിയിൽ മുഖ്യമന്ത്രി ഔദ്യോഗികാവശ്യങ്ങൾക്കായി ഡൽഹിയിലെത്തുമ്പോൾ സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും...
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി പുറത്തുവിട്ട വിശദാംശങ്ങളൊന്നുമില്ലാത്ത ആചാരപരമായ കുറിപ്പ് മാത്രമായിരുന്നു
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി തിരിച്ചുപോയിട്ട് ഒന്നരയാഴ്ചയായി. സാധാരണഗതിയിൽ മുഖ്യമന്ത്രി ഔദ്യോഗികാവശ്യങ്ങൾക്കായി ഡൽഹിയിലെത്തുമ്പോൾ സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും സംസ്ഥാന സർക്കാർ കേരള ഹൗസ് മുഖേന നൽകാറുണ്ട്; ആരുമായൊക്കെ, എപ്പോഴൊക്കെ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിക്കാറുണ്ട്. ആ കൂടിക്കാഴ്ചകളുടെ സംഗ്രഹം എന്താണെന്ന് വാർത്താക്കുറിപ്പായി ഇറക്കാറുണ്ട്. സമർപ്പിച്ച നിവേദനങ്ങളുടെ പകർപ്പുകൾ മാധ്യമങ്ങളുമായി പങ്കുവെക്കാറുണ്ട്. സമയവും സാവകാശവുമുണ്ടെങ്കിൽ വാർത്തസമ്മേളനം നടത്താറുമുണ്ട്. എന്നാൽ, കഴിഞ്ഞ മാസം അവസാനവാരം നടന്ന പിണറായി വിജയൻ-നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ ഇതൊന്നുമുണ്ടായില്ല. ഭരണത്തിന്റെ മൂന്നാമൂഴമേറിയ നരേന്ദ്ര മോദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച എന്തിനായിരുന്നെന്നോ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ സംസാരിച്ചതെന്തായിരുന്നെന്നോ സംസ്ഥാന സർക്കാറും മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയില്ല. എന്തിനാണ് മുഖ്യമന്ത്രിയുടെ വരവെന്ന് ചോദിച്ചവരോടൊക്കെയും അത് സംബന്ധിച്ച വിശദാംശങ്ങളൊന്നും തങ്ങൾക്ക് തിരുവനന്തപുരത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് കേരളഹൗസിൽ നിന്ന് ലഭിച്ചത്.
മുഖ്യമന്ത്രിക്ക് മാത്രമേ വരവിന്റെ ഉദ്ദേശ്യമറിയൂ എന്നുവന്നതോടെ എന്തിനാണ് വന്നതെന്നും പ്രധാനമന്ത്രിയുമായി എന്താണ് ചർച്ച ചെയ്യുകയെന്നും ചോദിച്ച് ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണ അദ്ദേഹത്തിന് ചുറ്റിലും കൂടി. മുഖ്യമന്ത്രി മൗനം ഭജിച്ചതോടെ കൂടിക്കാഴ്ച സംബന്ധിച്ച് എന്ത് വാർത്ത നൽകുമെന്ന കാര്യത്തിൽ ഡൽഹിയിലെ മാധ്യമപ്രവർത്തകർ അക്ഷരാർഥത്തിൽ ഇരുട്ടിൽ തപ്പി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി പുറത്തുവിട്ട വിശദാംശങ്ങളൊന്നുമില്ലാത്ത ആചാരപരമായ കുറിപ്പ് മാത്രമായിരുന്നു അന്നേ ദിവസം മാധ്യമ പ്രവർത്തകർക്ക് ആശ്രയിക്കാനുണ്ടായിരുന്നത്. ഭാവനാവിലാസങ്ങൾക്ക് അനുസരിച്ചുള്ളതായിരുന്നു സന്ദർശനത്തെക്കുറിച്ച് പിന്നീട് വന്ന റിപ്പോർട്ടുകൾ പലതും. വയനാട് സംബന്ധിച്ച കേരളത്തിന്റെ ആവശ്യങ്ങളാണ് പ്രധാനമന്ത്രി ചർച്ച ചെയ്തതെന്നും അതംഗീകരിച്ചുവെന്നുമുള്ള വിധത്തിലായിരുന്നു ഒരു വിഭാഗമെങ്കിൽ കേരളത്തിന്റെ പ്രളയ സഹായം സംബന്ധിച്ചായിരുന്നു ചർച്ചയെന്നായി മറ്റൊരു വിഭാഗം. ഇതൊന്നുമല്ല, പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ നടത്തിയ കേവലം ആചാരപരമായ കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു മൂന്നാമത്തെ ഭാഷ്യം.
സാധാരണ അനുഗമിക്കാറുള്ള ചീഫ് സെക്രട്ടറിയോ സി.പി.എം എം.പിയോ ഇല്ലാതെ മോദിയും പിണറായിയും മാത്രമുണ്ടായിരുന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങളറിയാൻ ഒരു വഴിയുമില്ലായിരുന്നു. ഒന്നുകിൽ മോദിയും പിണറായിയും ഇത് സംബന്ധിച്ച് വല്ലതും പറയണം. അല്ലെങ്കിൽ അവരുടെ ഓഫിസുകൾ ഇതുസംബന്ധിച്ച് വല്ലതും അറിയിക്കണം. അത്തരമൊരു അറിയിപ്പ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും കൂടിക്കാഴ്ച സംബന്ധിച്ച് വാർത്താക്കുറിപ്പിറക്കില്ലെന്നും നിവേദനത്തിന്റെ പകർപ്പ് പങ്കുവെക്കില്ലെന്നും സംസ്ഥാന സർക്കാറിൽനിന്ന് വിവരം കിട്ടി. ഇതൊന്നും ചെയ്യേണ്ടെന്ന് തങ്ങൾക്ക് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ മാസം 29ന് തിരുവനന്തപുരത്ത് നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ അവിടെ പങ്കുവെക്കുമെന്നായിരുന്നു ഡൽഹിയിൽ ഒന്നും മിണ്ടാതിരിക്കാനുള്ള ന്യായമായി അവർ പറഞ്ഞത്.
എന്നാൽ, കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രിയും സർക്കാറും പാലിച്ച മൗനം വാർത്തയായതോടെ 24 മണിക്കൂർ കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് അതിന്റെ ചിത്രം പങ്കുവെച്ച് സമൂഹമാധ്യമത്തിൽ രണ്ട് വാചകങ്ങൾ കുറിച്ചു. ‘വയനാട് ഉരുൾപൊട്ടലിലും അതിന്റെ പ്രത്യാഘാതങ്ങളിലും കേന്ദ്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഒരു കൂടിക്കാഴ്ച നടത്തി. ബാധിച്ച മേഖലകളിൽ വേഗത്തിലുള്ള ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പരസ്പര സഹകരണത്തോടെയുള്ള ശ്രമങ്ങൾ ചർച്ച ചെയ്തു’ എന്നായിരുന്നു കുറിപ്പ്. വയനാട് പുനരധിവാസ പദ്ധതി സംബന്ധിച്ചോ ധനസഹായം സംബന്ധിച്ചോ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് പ്രധാനമന്ത്രി നൽകിയതായി ഇതിൽ പറയുന്നില്ല. പ്രധാനമന്ത്രിയുമായുള്ള ചർച്ചയുടെ ഫലമായി കേരളത്തിനോ വയനാടിനോ കൃത്യമായി വല്ലതും ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടില്ലെന്നും കേന്ദ്ര സഹായം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്ന് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് 29ലെ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാവ് ഈ ലേഖകനോട് പറഞ്ഞത്. യോഗത്തിന്റേതായി സർക്കാർ ഇറക്കിയ വാർത്താക്കുറിപ്പിലും പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോ അതിന്റെ അനന്തരഫലമോ സംബന്ധിച്ച വിവരമില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പ് കിട്ടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്നും വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്ര ധനമന്ത്രാലയത്തെ ബന്ധപ്പെടുമെന്നുമാണ് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പിലുള്ളത്. മൂന്നാമൂഴം അധികാരത്തിലെത്തിയ പ്രധാനമന്ത്രിയുമായി കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇത്രയും ഗോപ്യമാക്കി വെച്ചതെന്തിനാണ് എന്ന ചോദ്യമാണ് ഇപ്പോൾ ബാക്കിയാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നരേന്ദ്ര മോദിയെ കാണാൻ ഡൽഹിയിൽ വന്ന, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിയും കാണിക്കാത്ത രഹസ്യസ്വഭാവമാണ് കേരള മുഖ്യമന്ത്രി കാണിച്ചതെന്ന് പറയാതെ വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.