പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ സൂനാമിത്തിരയിളക്കത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചുഴലിക്കൊടുങ്കാറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ളോ. വടക്കുനിന്ന് തെക്കോട്ടേക്ക് ചുഴറ്റിയടിച്ച് നീങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏഴു കേരളയാത്രകളും അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പിന്‍െറ ചതുരംഗക്കളങ്ങളിലും മല്ലയുദ്ധവേദികളിലുമായി ഏറ്റുമുട്ടാനുള്ള ചതുരോപായങ്ങള്‍ ചര്‍ച്ചചെയ്തും കൂട്ടിക്കിഴിച്ചും പാര്‍ട്ടികളൊക്കെ അരങ്ങുതകര്‍ക്കുന്ന വേളയില്‍ കേരള സാമൂഹിക, സാമ്പത്തിക മേഖലയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇനിയും അവരുടെ സവിശേഷ പരിഗണനയില്‍ പതിഞ്ഞിട്ടില്ളെന്ന യാഥാര്‍ഥ്യബോധമാണ് ഈ വരികള്‍ കുറിക്കാന്‍ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടേതായി കേരളത്തിന്‍െറ അരികും മൂലയും സ്പര്‍ശിച്ച് കടന്നുപോയ ആ യാത്രകളിലൊന്നും പരിഗണനീയ പരാമര്‍ശംപോലും പ്രവാസികളെക്കുറിച്ച് നടന്നില്ളെന്നത് അവഗണനയുടെ ആഴം വര്‍ധിപ്പിക്കുന്നു.

ഫെബ്രുവരി 12ന് അവതരിപ്പിച്ച ഈ മന്ത്രിസഭയുടെ അവസാന ബജറ്റില്‍പോലും പ്രവാസികളുടെ പുനരധിവാസത്തിന് 12 കോടിയും നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്ക് 28 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ പ്രവാസി പുനരധിവാസത്തിന് വകയിരുത്തിയ 10 കോടി തിരികെയത്തെിയ പ്രവാസികള്‍ക്കായി വിതരണം ചെയ്തുവെന്നും വിവിധ രാജ്യങ്ങളിലുണ്ടായ ആഭ്യന്തരകലാപം മൂലം തൊഴില്‍ നഷ്ടപ്പെട്ട 3800 പേരെ സുരക്ഷിതരായി തിരിച്ചത്തെിച്ചുവെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആശങ്കജനകമാണ് വരാനിരിക്കുന്ന നാളുകള്‍ എന്ന വസ്തുത ബജറ്റില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പൊതുമരാമത്തിന്‍െറ ഒരു കൊച്ചുപാലത്തിന്‍െറ തുകയാണ് കേരളത്തിന്‍െറ സാമ്പത്തിക മേല്‍ക്കൂരയുടെ നെടുന്തൂണായ പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി നീക്കിവെച്ചതെന്നത് ലജ്ജാവഹമല്ളേ. ഗള്‍ഫ്നാടുകളില്‍ മാത്രം 22-25 ലക്ഷം കേരളീയരുണ്ട് എന്നാണ് കണക്ക്. കേരളീയ പ്രവാസികളുടെ വിദേശനാണയ നിക്ഷേപം ബാങ്കുകളിലത്തെുന്നത് 1.2 ലക്ഷം കോടിയാണ്. കേരളത്തിന്‍െറ മൊത്തം വാര്‍ഷികവരുമാനത്തിന്‍െറ മൂന്നിലൊന്നുവരും ഈ നിക്ഷേപം. ചുരുക്കത്തില്‍, കേരളത്തിന്‍െറ സാമ്പത്തിക പകിട്ടിന് വര്‍ണശോഭ നല്‍കുന്നത് പ്രവാസികളാണെന്നര്‍ഥം.

എണ്ണ വിലയിടിവ്
അത്യന്തം ആശങ്കജനകമായ ഒരു സങ്കീര്‍ണാവസ്ഥയിലേക്കാണ് പശ്ചിമേഷ്യ, വിശിഷ്യ ഗള്‍ഫ്നാടുകള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ആ മേഖലയില്‍ എണ്ണവിലയിലുണ്ടായ ഭീമമായ തകര്‍ച്ച കേരളീയരായ പ്രവാസികള്‍ ജോലിചെയ്യുന്ന വിവിധ കമ്പനികളെ പ്രതിസന്ധിയിലകപ്പെടുത്തിയിരിക്കയാണ്. ആ രാഷ്ട്രങ്ങള്‍ 2016-17 ബജറ്റില്‍ വരവ് മൂന്നിലൊന്ന് കുറച്ച് കമ്മി ബജറ്റുമായാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. 2012ല്‍ ബജറ്റ് കാലത്ത് ബാരലിന് 112 ഡോളറുണ്ടായിരുന്ന പെട്രോള്‍ ഇപ്പോള്‍ 30 ഡോളറിലത്തെി നില്‍ക്കുകയാണ്. 20 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന് പലരും ഇതിനകം പ്രവചിച്ചുകഴിഞ്ഞിട്ടുമുണ്ട്. അമേരിക്കയുടെ ഷെയ്ല്‍ ഓയില്‍ ഉല്‍പാദനവും പ്രതിദിനം ക്രൂഡ് ഓയില്‍ ഉല്‍പാദനം 85 ലക്ഷം ബാരലായി വര്‍ധിപ്പിച്ചതും പ്രതിദിന എണ്ണ ആശ്രിതത്വത്തില്‍ കുറവ് വരുത്തിയതുമാണ് എണ്ണവില ലോക കമ്പോളത്തില്‍ ഇത്രയേറെ കുറയാനുണ്ടായ ഒരു കാരണം. അതോടൊപ്പം റഷ്യയുടെ അഫ്ഗാന്‍ അധിനിവേശം,  അല്‍ഖാഇദയുടെ ആഗമനം, അഫ്ഗാനിലെ അമേരിക്കന്‍ കടന്നുകയറ്റം തുടങ്ങിയവ മേഖലയില്‍ വന്‍ പ്രതിസന്ധികള്‍ക്ക് നിമിത്തമായി.  
അമേരിക്കയുടെതന്നെ കാര്‍മികത്വത്തില്‍ നടന്ന ഇറാഖ്-ഇറാന്‍ യുദ്ധവും തുടര്‍ന്ന് ഇറാഖ് കുവൈത്തില്‍ നടത്തിയ സൈനികാധിനിവേശവും പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ച്ചയോടെ പശ്ചിമേഷ്യയെ മുഴുവന്‍ പടിഞ്ഞാറന്‍ അധിനിവേശ ശക്തികള്‍ ചുടലക്കളമാക്കി മാറ്റി. ഈ പ്രദേശങ്ങളില്‍ വംശീയതയും വിഭാഗീയതയും ഭീതിയും പരസ്പര അവിശ്വാസവും ചൂഷണംചെയ്ത് അവര്‍ അമേരിക്കയുടെതന്നെ നേതൃത്വത്തില്‍ ആയുധക്കച്ചവടം പൊടിപൊടിച്ചു. ഇന്നും ആയുധക്കച്ചവടത്തിന്‍െറ പൈശാചിക താണ്ഡവമാണ് അവിടങ്ങളില്‍ നടമാടുന്നത്. അമേരിക്കയുടെതന്നെ ഒത്താശയില്‍ ജന്മമെടുത്ത ഐ.എസും റഷ്യയുടെ പിന്തുണയോടെ കുര്‍ദ്, ശിയാ മിലിഷ്യകളും സിറിയയുടെ ബശ്ശാര്‍ അല്‍ അസദും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിലും ആയുധക്കച്ചവട ഭീമന്മാര്‍ തന്നെയാണ് നേട്ടമുണ്ടാക്കുന്നത്. ഈ ആഭ്യന്തര സംഘര്‍ഷങ്ങളും ഏറ്റവുമേറെ ബാധിച്ചത് ഗള്‍ഫ് മേഖലയെതന്നെയാണ്. അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഇറാനുമായുണ്ടാക്കിയ ആണവകരാറും ഇറാനുമേലുണ്ടായിരുന്ന ഉപരോധം നീക്കിയതും വഴി മേഖലയില്‍ ഇറാന് നവോന്മേഷം ലഭ്യമാക്കിയതും മേഖലയെ പുതിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. കൂടാതെ, ഇറാന്‍െറ കെട്ടിക്കിടന്ന എണ്ണശേഖരം ലോക മാര്‍ക്കറ്റിലേക്ക് തടസ്സംകൂടാതെ ഒഴുകിത്തുടങ്ങിയതും എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. എണ്ണസമ്പന്ന പ്രദേശങ്ങളായ സിറിയയും ഇറാഖും ഇന്നും വിദേശ ശാക്തികരാഷ്ട്രങ്ങളുടെ കളിക്കളങ്ങളായി തന്നെ നിലകൊള്ളുകയാണ്. ഐ.എസിന്‍െറ നിയന്ത്രണത്തിലുള്ള ‘ലാവന്ത്’ പ്രദേശത്തുനിന്നുള്ള എണ്ണയുല്‍പാദനം പൂര്‍ണമായും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. ആയുധത്തിന് പകരം എണ്ണ എന്ന കൈമാറ്റക്കച്ചവടത്തിലൂടെ ഏറ്റവും മുന്തിയ എണ്ണയാണ് അമേരിക്ക കടത്തിക്കൊണ്ടുപോകുന്നത്. മുമ്പ് സദ്ദാമിന്‍െറ നിഷ്കാസനത്തിനുശേഷം ഇറാഖിലെ എണ്ണ ഖരരൂപത്തിലാക്കി ലക്ഷക്കണക്കിന് ടണ്‍ യു.എസ് കടത്തിക്കൊണ്ടുപോയിരുന്നുവത്രെ. അതോണോ ‘ഷെയ്ല്‍’ ഓയല്‍ എന്ന അരൂപിയായ എണ്ണ എന്ന് പല നിരീക്ഷകരും സംശയം പ്രകടിപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ എണ്ണ കമ്പോളത്തിലെ ആഗോള കുത്തക മുതലാളി അമേരിക്കതന്നെ. 

സ്വദേശിവത്കരണം
ഗള്‍ഫ് രാഷ്ട്രങ്ങളും ഇതര മധ്യപൗരസ്ത്യ രാഷ്ട്രങ്ങളും ഇന്ന് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി ഏറ്റവുമേറെ ബാധിച്ചത് കേരളീയരായ പ്രവാസികളെയാണ്. നേരത്തേ തദ്ദേശവാസികളായ തൊഴില്‍രഹിതര്‍ക്ക് ജോലിസാധ്യത വര്‍ധിപ്പിക്കാനായി വിവിധ രാഷ്ട്രങ്ങള്‍ നടപ്പാക്കിയ ദേശസാത്കരണം മൂലം നിരവധി മലയാളികള്‍ തിരിച്ചുപോരേണ്ടിവന്നു. അതിന് മുമ്പ് ഇറാഖിന്‍െറ കുവൈത്ത് അധിനിവേശകാലത്തും വന്‍തോതിലുള്ള തിരിച്ചുവരവുണ്ടായി. ലിബിയ, യമന്‍, ഇറാഖ്, സിറിയ തുടങ്ങിയ നാടുകളില്‍ സംഘര്‍ഷം വ്യാപിച്ചപ്പോഴും വന്‍തോതില്‍ ഒഴിച്ചുപോക്കുണ്ടായി. ഇപ്പോള്‍ എല്ലാ സങ്കീര്‍ണതകളും ഒന്നിച്ച് ആഞ്ഞടിക്കുകയാണ് അവിടങ്ങളില്‍. ലക്ഷക്കണക്കിന് വരുന്ന ഈ പ്രവാസി സമൂഹത്തിന്‍െറ തിരിച്ചുവരവ് കേരളത്തില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അഴിമതിക്കഥകളുടെ ചാത്തനേറ് കഴിഞ്ഞിട്ടുവേണ്ടേ ഈ ഗൗരവാവഹകമായ കാര്യം ചര്‍ച്ചചെയ്യാന്‍. സംസ്ഥാനത്ത് പതിനായിരത്തിലേറെ കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാതെ വീണ്ടും വീണ്ടും കടം വാങ്ങി ഖജനാവ് മുടിക്കുന്നവര്‍ക്കെന്ത് പ്രവാസി. 

കേരളത്തിലെ സാമ്പത്തികാവസ്ഥ മൊത്തത്തില്‍ എന്താണെന്ന് പറയേണ്ടതില്ലല്ളോ. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് കേരളത്തെയാണ് ഏറ്റവുമേറെ ബാധിച്ചിരിക്കുന്നത്. നെല്‍കൃഷി നേരത്തേ അന്യംവന്നു. ഏറ്റവും വലിയ കാര്‍ഷിക വരുമാനമേഖലയായ തെങ്ങും റബറും ഇന്ന് കര്‍ഷക മനസ്സുകളില്‍ വേദനയുടെ തീജ്വാലകള്‍ നിറക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതാണവസ്ഥ. 2013-14 കാലത്ത് രണ്ടേക്കര്‍ റബര്‍തോട്ടത്തില്‍നിന്ന് 16 ലക്ഷം രൂപയോളം ലഭിച്ചിരുന്ന സാധാരണ കര്‍ഷകന്‍ ഇന്ന് നിത്യജീവിതത്തിനുപോലും കടപ്പെടുകയാണ്. പലരും റബര്‍ ടാപ്പിങ് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതര റബര്‍ ഉല്‍പാദക രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍ബാധം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി കൊടുക്കുന്നതുമാണ് റബര്‍കൃഷിയെ ബാധിച്ച ഈ ദുരന്തത്തിന് കാരണം.
തേങ്ങയുല്‍പാദനവും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. കേരളമെന്ന പേരിന്‍െറ ഉല്‍പത്തിവേരായ നാളികേരം നാടുനീങ്ങുകയാണെന്ന് നാളികേര വികസന ബോര്‍ഡ് തന്നെ സമ്മതിക്കുന്നു. കാസര്‍കോട് ജില്ലയില്‍ 16.60 ശതമാനവും മലപ്പുറത്ത് 4.60 ശതമാനവും തേങ്ങയുല്‍പാദനം കുറഞ്ഞപ്പോള്‍ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുക്കിയിലും കോട്ടയത്തും 50 ശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേരളത്തെ കവച്ചുവെക്കുന്ന പുരോഗതിയാണ് തെങ്ങുകൃഷിയില്‍ കൈവരിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. താങ്ങുവില നിശ്ചയിച്ചിട്ടും തേങ്ങയെ രക്ഷിക്കാനായിട്ടില്ല. ഉപോല്‍പന്നങ്ങളായ കൊപ്രയും വെളിച്ചെണ്ണയും മറ്റു ഭക്ഷ്യോല്‍പന്നങ്ങളും നിര്‍മിക്കുന്ന കോര്‍പറേറ്റ് ഭീമന്മാരാണ് വില നിയന്ത്രിക്കുന്നത്. കൂടാതെ, ചുരുങ്ങിയ വിലക്ക് ലഭ്യമായ പാമോലിന്‍ തുടങ്ങിയ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ഒരു നിയന്ത്രണവുമില്ലാതെ തുടരുകയുമാണ്. കാപ്പി, ചായ തുടങ്ങിയവയും ഭീഷണി നേരിടുകയാണ്. ഇന്ത്യയിലെതന്നെ ഇതര സംസ്ഥാനങ്ങളുമായി മത്സരിച്ച് അതിജീവിക്കാനാവാത്ത അവസ്ഥയിലാണ് കേരള കര്‍ഷകരെന്ന് ചുരുക്കം. കൃഷിയുടെ ഈ ദു$സ്ഥിതി ‘ജെല്ലിക്കെട്ടു’വീരന്മാരായ രാഷ്ട്രീയ നേതൃത്വം ഗൗരവപൂര്‍ണം കണക്കിലെടുക്കുന്നുണ്ടോ?

കടലിനും ചെകുത്താനും മധ്യേ
പിറന്ന മണ്ണും അന്നംതേടിയത്തെിയ നാടും നേരിടുന്ന പ്രതിസന്ധികള്‍ പ്രവാസികളെ ‘കടലിനും ചെകുത്താനും’ നടുവില്‍ അകപ്പെടുത്തിയിരിക്കയാണ്. ഇത്തരുണത്തില്‍ ഒരു കാതമകലെ കാത്തിരിക്കുന്ന വിപത്തിന്‍െറ കാര്‍മേഘപടലം കണ്ടത്തെി കൂലങ്കഷമായി ചിന്തിച്ച് പരിഹാരം കാണണമെന്നാണ്  ഓരോ രാഷ്ട്രീയ പാര്‍ട്ടിയോടും പ്രവാസികള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കാനിരിക്കുന്നത് കേരളീയരായതുകൊണ്ട് നോര്‍ക്കയും പ്രവാസികാര്യാലയവും ഇക്കാര്യം പഠനവിധേയമാക്കിയേ തീരൂ.

കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെപ്രതി തലപുണ്ണാക്കുന്ന മനോനിലയിലല്ല ഇപ്പോഴുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. പ്രവാസി മന്ത്രാലയം തന്നെ അടച്ചുപൂട്ടി പിണ്ഡംവെച്ച പ്രധാനമന്ത്രിയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. മാത്രമല്ല, മനുഷ്യക്കുട്ടികളെ പട്ടിക്കുട്ടികളോടുപമിച്ച് വര്‍ഗീയ ഫാഷിസ്റ്റുകളുടെ കൈയടി നേടിയ പട്ടാളക്കാരനാണത്രെ ഇനി പ്രവാസികളുടെ കാര്യം നോക്കാന്‍ നിയമിതനായിരിക്കുന്നത്. പ്രതിസന്ധികളുടെ ഈ പെരുമഴക്കാലത്ത് കേരളീയ പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് ഒത്തൊരുമിച്ച് കക്ഷിപക്ഷഭേദമന്യേ രംഗത്തിറങ്ങണമെന്നാണ് പ്രവാസികള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്.
13ാം നിയമസഭ ഭരണപക്ഷ, പ്രതിപക്ഷാംഗങ്ങളുടെ പരസ്പര ആക്രോശത്തോടെ തോറ്റംചൊല്ലി പിരിയുമ്പോഴും ഇക്കൂട്ടര്‍തന്നെയല്ളേ നാളെയും തങ്ങളുടെ പരിദേവനങ്ങള്‍ കേള്‍ക്കാനുണ്ടാവുക എന്ന ദു$ഖമാണ് ഇന്ന് ഓരോ പ്രവാസിയുടെ മനസ്സിലും ഘനീഭവിച്ചുകിടക്കുന്നത്. അസംബ്ളി നടപടികള്‍ ഗില്ലറ്റിന്‍ ചെയ്ത് പിരിഞ്ഞുപോകുമ്പോള്‍ റോമാ ചരിത്രത്തിലെ കൊളോസിയമാണോ നമ്മുടെ നിയമസഭാഹാള്‍ എന്ന് ഏതെങ്കിലും പ്രവാസി മൂക്കത്ത് വിരല്‍വെച്ചുപോയിട്ടുണ്ടെങ്കില്‍ കുറ്റപ്പെടുത്താനാകില്ല. പ്രവാസികളുടെ ഹൃദയരക്തം ഊറ്റിയെടുക്കുന്ന പാര്‍ട്ടികള്‍ ഒരുവേള ചിന്തിച്ചെങ്കില്‍ എത്ര നന്നായേനെ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.