അവാര്‍ഡ് വാപസിയുടെ കാലമാണ്. ആര്‍ക്കെങ്കിലും അവാര്‍ഡ് കൊടുത്താല്‍ അവരത് തിരിച്ചേല്‍പിക്കുമോ എന്ന പേടി കേന്ദ്ര സാഹിത്യ അക്കാദമിക്കു മാത്രമല്ല, ജ്ഞാനപീഠസമിതിക്കും ഉണ്ടാവും. തിരിച്ചേല്‍പിക്കാത്ത ആളെ കണ്ടുപിടിക്കുക എന്നത് ശ്രമകരമായ ഏര്‍പ്പാടാണ്. കാരണം, ഒരുവിധപ്പെട്ട എഴുത്തുകാരെല്ലാം ഫാഷിസ്റ്റുവിരുദ്ധരും അസഹിഷ്ണുതക്ക് എതിരെ നിലപാടുള്ളവരുമാണ്. അര്‍ഹത മാത്രം നോക്കി ആര്‍ക്കെങ്കിലും അവാര്‍ഡ് കൊടുത്തുവെന്ന് വിചാരിക്കുക. സംഗതി കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നതല്ളെങ്കിലും സാഹിത്യകാരന്‍ രാജ്യത്തെ പരമോന്നത സാഹിത്യപുരസ്കാരം തിരിച്ചേല്‍പിച്ചാല്‍ മാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ അത് ദിവസങ്ങളോളം പൊങ്ങിക്കിടക്കും. അത് കേന്ദ്രസര്‍ക്കാറിന് ക്ഷീണമാണ്. അതുകൊണ്ടാണ് ജ്ഞാനപീഠത്തില്‍ ഇത്തവണ ആരെ കയറ്റിയിരുത്തണം എന്ന് തിരഞ്ഞ് കണ്ടുപിടിക്കാനൊരു സമിതിയുണ്ടാക്കിയപ്പോള്‍ അവാര്‍ഡ് വാപസിക്കെതിരെ കര്‍ശന നിലപാടുള്ള നംവാര്‍ സിങ്ങിനെതന്നെ ജയിന്‍ കുടുംബത്തിന്‍െറ ട്രസ്റ്റ് അധ്യക്ഷനായി വെച്ചത്. നംവാര്‍ സിങ് പറഞ്ഞത് അവാര്‍ഡ് തിരിച്ചുകൊടുക്കുന്നത് ശരിയായ ഏര്‍പ്പാടല്ളെന്നും അസഹിഷ്ണുതാപരമായ സംഭവങ്ങള്‍ നടന്നാല്‍ സംസ്ഥാനസര്‍ക്കാറുകളാണ് അതിന് ഉത്തരവാദികളെന്നും അതിന് കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ളെന്നുമൊക്കെയാണ്. അധ്യക്ഷനും സമിതിയംഗങ്ങളും മോദിയുടെ ഗുജറാത്തില്‍നിന്നുതന്നെ അവാര്‍ഡ് വാപസി നടത്താത്ത ആളെ കണ്ടുപിടിച്ചു. അങ്ങനെ 51ാം തവണ ജ്ഞാനപീഠത്തില്‍ കയറിയിരിക്കാന്‍ അര്‍ഹതനേടിയത് രഘുവീര്‍ ചൗധരി. ഉമാ ശങ്കര്‍ ജോഷി (1967), പന്നലാല്‍ പട്ടേല്‍ (1985), രാജേന്ദ്ര ഷാ (2001) എന്നിവര്‍ക്കുശേഷം പരമോന്നത പീഠമേറുന്ന ഗുജറാത്തുകാരന്‍.
വയസ്സ് ഇപ്പോള്‍ 77. നംവാര്‍ സിങ് അധ്യക്ഷനായ സമിതി തന്ന അവാര്‍ഡാണല്ളോ. അപ്പോള്‍ അതിനോട് നീതിപുലര്‍ത്തണമെന്ന് രഘുവീര്‍ ചൗധരിക്കും തോന്നിക്കാണണം. അതുകൊണ്ടാണ് അവാര്‍ഡ് വാപസിക്കെതിരെ ആഞ്ഞടിച്ചത്. സ്വതന്ത്രചിന്തകരും എഴുത്തുകാരുമായ കല്‍ബുര്‍ഗിയുടെയും ദാഭോല്‍കറിന്‍െറയും പന്‍സാരെയുടെയും കൊലപാതകങ്ങള്‍ ലജ്ജാകരമാണെന്ന് വിശേഷിപ്പിച്ച രഘുവീര്‍ ചൗധരി, അവാര്‍ഡ് തിരിച്ചുകൊടുക്കുന്നത് അപക്വമായ നടപടിയാണെന്ന് തുറന്നടിച്ചു. അതോടെ അധ്യക്ഷന്‍ നംവാര്‍ സിങ്ങിനും കൂട്ടര്‍ക്കും ശ്വാസം നേരെവീണു. ജയിന്‍ കുടുംബത്തിനും ടൈംസ് ഓഫ് ഇന്ത്യക്കും കേന്ദ്രസര്‍ക്കാറിനെ പിണക്കാതിരിക്കാന്‍ പറ്റി.
രഘുവീര്‍ ചൗധരി എങ്ങുംതൊടാത്ത നിലപാടാണ് സ്വീകരിച്ചത്. ‘ഗ്രാമീണ ഇന്ത്യയിലെ അക്രമസംഭവങ്ങളെക്കുറിച്ച് അറിയാതെ അവാര്‍ഡ് തിരിച്ചുകൊടുക്കുന്നതില്‍ അര്‍ഥമില്ല. മുമ്പും രാജ്യത്ത് പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ ഇതിനെക്കാള്‍ വഷളായിട്ടുണ്ട്. വിഭജനത്തിനും അതിനുശേഷവും വിവിധ കലാപങ്ങളില്‍ വ്യാപകമായ രക്തച്ചൊരിച്ചിലുകള്‍ നടന്നിട്ടുണ്ട്. എഴുത്തുകാര്‍ ഇങ്ങനെ അവാര്‍ഡ് തിരിച്ചുകൊടുത്ത് പ്രതിഷേധിക്കേണ്ടതില്ലായിരുന്നു. എഴുത്തുകാര്‍ക്ക് തീര്‍ച്ചയായും ഭരണകൂടത്തെ വിമര്‍ശിക്കാം. ഞങ്ങളൊക്കെ പണ്ട് ചെയ്തതുപോലെ അറസ്റ്റ് വരിക്കാം. പക്ഷേ, അതിനിപ്പോള്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥപോലെ ഒരന്തരീക്ഷം നിലനില്‍ക്കുന്നില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ കാലാവധി തികക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അവരോട് പടിയിറങ്ങാന്‍ ആവശ്യപ്പെടുകയല്ല.’ എന്നാല്‍, അവാര്‍ഡ് തിരിച്ചുകൊടുത്ത എഴുത്തുകാരെല്ലാം ആത്മാര്‍ഥതയോടെയാണ് അത് ചെയ്തതെന്ന് പറഞ്ഞ് അവരെ പിണക്കാതിരിക്കാനും ശ്രദ്ധിച്ചു രഘുവീര്‍ ചൗധരി.
ഗുജറാത്തിലെ ഗാന്ധിനഗറിനുസമീപം ബാപ്പുപുരയില്‍ 1938 ഡിസംബര്‍ അഞ്ചിന് ജനനം. കര്‍ഷകദമ്പതികളായ ദാല്‍ സിങ്ങും ജീതിബെനുമായിരുന്നു മാതാപിതാക്കള്‍. മാന്‍സയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് 1962ല്‍ ഹിന്ദിഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. ഹിന്ദി-ഗുജറാത്തി വാചികവേരുകളുടെ താരതമ്യപഠനത്തില്‍ ഡോക്ടറേറ്റ്. ഗുജറാത്ത് സര്‍വകലാശാലയില്‍ 1977 മുതല്‍ ഹിന്ദി അധ്യാപകനായി ജോലിനോക്കി. ഹിന്ദിവിഭാഗം പ്രഫസറായി വിരമിച്ചു. 1998 മുതല്‍ 2002വരെ സാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായിരുന്നു. 2002 മുതല്‍ 2004വരെ പ്രസ് കൗണ്‍സില്‍ അംഗം. 25ാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്‍െറ വിധിനിര്‍ണയ സമിതിയിലും അംഗമായിരുന്നു. 1998ല്‍ അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ചതിനുശേഷം ജന്മനാടായ ബാപ്പുപുരയിലേക്ക് മടങ്ങി. അവിടെ കൃഷിയും എഴുത്തുമായി കഴിയുകയാണിപ്പോള്‍. 2001ല്‍ ഗുജറാത്ത് സാഹിത്യപരിഷത്തിന്‍െറ പ്രസിഡന്‍റായിരുന്നു. ഇപ്പോള്‍ അതിന്‍െറ ട്രസ്റ്റ് അംഗമാണ്. സന്ദേശ്, ജന്മഭൂമി, നിരീക്ഷക, ദിവ്യഭാസ്കര്‍ എന്നീ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്.
ആളൊരു ഗാന്ധിയനാണ്. ഗുജറാത്തി ഭാഷയിലാണ് മുഖ്യമായി എഴുതുന്നതെങ്കിലും ചിലപ്പോള്‍ ഹിന്ദിയിലും സാന്നിധ്യമറിയിക്കാറുണ്ട്. 10ാം ക്ളാസുവരെ ഗുജറാത്തിഭാഷ സംസ്ഥാന പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കണമെന്ന് വാദിക്കുന്ന പതിവുണ്ട്. ഗോവര്‍ധന്‍ റാം ത്രിപാഠി, കാകാ കലേല്‍ക്കര്‍, സുരേഷ് ജോഷി, രാംദര്‍ശ് മിശ്ര, ജി.എന്‍. ഡിക്കി തുടങ്ങിയ എഴുത്തുകാരുടെ സ്വാധീനം രഘുവീറിന്‍െറ രചനകളില്‍ പ്രകടമാണ്. ആദ്യകാലങ്ങളില്‍ കവിതയാണ് എഴുതിയിരുന്നത്. പിന്നീട് നോവലിലേക്കും നാടകങ്ങളിലേക്കും സാഹിത്യവിമര്‍ശത്തിലേക്കും തിരിഞ്ഞു. എണ്‍പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃത, വേണു വത്സല, ഉപര്‍വാസ് എന്ന നോവല്‍ത്രയം എന്നിവയിലൂടെ മനുഷ്യജീവിതത്തിന്‍െറ സങ്കീര്‍ണമായ മറുപുറങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചു. അസ്തിത്വവ്യഥകള്‍ ഗുജറാത്തിസാഹിത്യത്തില്‍ ആദ്യം അവതരിപ്പിച്ചതിന്‍െറ ക്രെഡിറ്റും അദ്ദേഹത്തിനുതന്നെ. 1965ല്‍ എഴുതിയ ‘അമൃത’ എന്ന നോവലിലൂടെയായിരുന്നു അത്. ഉപര്‍വാസ് എന്ന നോവല്‍ ത്രയത്തിനാണ് 1977ലെ സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചത്. സഹ്വാസ്, അന്തര്‍വാസ് എന്നിവയാണ് ത്രയത്തിലെ മറ്റു രണ്ടു നോവലുകള്‍. രുദ്രമഹല്യ, സോമതീര്‍ഥം എന്നിവ ചരിത്രനോവലുകള്‍. ഭഗ്നബിംബങ്ങളും പ്രതീകങ്ങളും അനന്യസാധാരണമായ കാവ്യകല്‍പനകളുംകൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്‍െറ കവിതകള്‍. സര്‍ഗാത്മകരചന എന്ന കലയെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണപാടവം അദ്ദേഹത്തിന്‍െറ വിമര്‍ശലേഖനങ്ങളില്‍ നിഴലിച്ചുകാണുന്നു. നര്‍മത്തില്‍ ചാലിച്ച ചിന്തയുടെ അടുക്കുംചിട്ടയുമുള്ള അവതരണത്തിന്‍െറ പേരില്‍ വിമര്‍ശസാഹിത്യത്തില്‍ അവ വേറിട്ടുനില്‍ക്കുന്നു. തെരുവുനാടകങ്ങളും ചരിത്രനാടകങ്ങളും രചിച്ചിട്ടുണ്ട്.
അഹിംസ സന്ദേശമാക്കി വലിയ ഒരു നോവല്‍ എഴുതാനുള്ള പണിപ്പുരയിലാണിപ്പോള്‍. അക്രമമാര്‍ഗം വെടിഞ്ഞ് അഹിംസാവാദത്തെ പുണര്‍ന്ന പുരാണത്തിലെ ബാഹുബലിയാണ് നോവലിലെ നായകന്‍. ഒരു പ്രശ്നത്തിനും അക്രമം പരിഹാരമാര്‍ഗമല്ളെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്ന് ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.