നാട്യങ്ങളില്ലാതെ

നാട്യങ്ങളില്ലാത്ത കമ്യൂണിസ്റ്റ് വിപ്ളവകാരിയായിരുന്നു സഖാവ് എ.ബി. ബര്‍ദന്‍. നാഗ്പുരില്‍ തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിച്ചും പ്രസ്ഥാനത്തെ നയിച്ചും ജനപ്രിയ നേതാവായ അദ്ദേഹം ഒരിക്കല്‍മാത്രം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി ഒരിന്ത്യന്‍ സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തിലത്തെിയ (കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭ) 1957ലാണ് അദ്ദേഹം ജനപ്രതിനിധിയായത്.  അന്ന് മഹാരാഷ്ട്ര അസംബ്ളിയിലേക്കായിരുന്നു ബര്‍ദന്‍ നാഗ്പുര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് ജയിച്ചത്. ട്രേഡ് യൂനിയന്‍ നേതൃരംഗത്തേക്ക് ബര്‍ദാന്‍െറ പ്രവര്‍ത്തന പാടവം ഉപയോഗപ്പെടുത്തണമെന്ന് ഇന്ദ്രജിത് ഗുപ്ത ഉള്‍പ്പെടെ നേതാക്കള്‍ തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് അദ്ദേഹം എ.ഐ.ടി.യു.സി ആസ്ഥാനത്തേക്ക് എത്തുന്നത്. വര്‍ഷങ്ങളോളം ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനമായ എ.ഐ.ടി.യു.സിയെ നയിച്ചു. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന തന്‍െറ ആശയം ഏറ്റവും ശക്തമായി എ.ഐ.ടി.യു.സിയില്‍ അവതരിപ്പിക്കുകയും രാജ്യത്താകമാനം പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുന്ന പരിപാടി നടപ്പാക്കുകയും ചെയ്തു. റിക്ഷവലിക്കുന്നവര്‍, സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍, ആരോരും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്‍െറ നാനാതുറകളിലും കഷ്ടത അനുഭവിക്കുന്നവരെയടക്കം സംഘടിപ്പിക്കുക എന്ന ലക്ഷ്യം വലിയ അളവോളം സാക്ഷാത്കരിച്ചത് ബര്‍ദന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കവെയാണ്. 1990ല്‍ ആണ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി അജോയ്ഭവനില്‍ പ്രവര്‍ത്തനം തുടങ്ങിയത്. സാധാരണക്കാരനായ പ്രവര്‍ത്തകര്‍ക്ക് ഒരു സങ്കോചവും കൂടാതെ നേരേപോയി സംസാരിക്കാന്‍ പറ്റുന്ന ദേശീയ നേതാവാണ് അദ്ദേഹം. വന്നവര്‍ ഏത് പദവിയിലുള്ളയാളാണ്, ഏത് പ്രദേശത്തുകാരനാണ് എന്നൊന്നും അദ്ദേഹം നോക്കാറില്ല. ഏവരോടും മനുഷ്യത്വപരമായി പെരുമാറും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായശേഷം പുതിയ തലമുറയെ രംഗത്തിറക്കാന്‍ അദ്ദേഹം ശ്രദ്ധവെച്ചു. അങ്ങനെയാണ് ഒരുപാട് ചെറുപ്പക്കാരെ പാര്‍ട്ടി കേന്ദ്രത്തില്‍ കൊണ്ടുവന്നത്. അതില്‍ അമര്‍ജിത് കൗര്‍, സഖാവ് രാജ, പല്ലവസെന്‍, അതുല്‍കുമാര്‍ അന്‍ജാനി  തുടങ്ങിയവരുടെ വലിയൊരു നിര. യുവാക്കളെയും വിദ്യാര്‍ഥികളെയും സ്ത്രീകളെയും സംഘടിപ്പിക്കല്‍ പാര്‍ട്ടി കടമയാക്കി അദ്ദേഹം മാറ്റി. അത് പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറേക്കൂടി സംഘടിതമാക്കാന്‍ വഴിയൊരുക്കി. പാര്‍ട്ടി അംഗത്വം അഞ്ചേമുക്കാല്‍ ലക്ഷമൊക്കെയായിരുന്നു. ആറു ലക്ഷമത്തെുന്നില്ല എന്ന് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ വിലയിരുത്തല്‍ വന്നിരുന്നു. കൂടുതല്‍ ചെറുപ്പക്കാരെയും യുവാക്കളെയും അംഗത്വത്തില്‍ കൊണ്ടുവന്ന് ആറരലക്ഷമത്തെിക്കാന്‍ തീവ്ര പരിശ്രമത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.

സര്‍വാംഗീകൃതന്‍

ഇന്ത്യയില്‍ ഇടതുപ്രസ്ഥാന നേതൃനിരയില്‍ എല്ലാവരും അംഗീകരിക്കുന്ന നേതാവാണ് ബര്‍ദന്‍. നേരത്തേ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെപ്പോലെ ചില നേതാക്കളുണ്ടായിരുന്നു. പക്ഷേ, ഇന്ത്യയിലെ കമ്യൂണിസ്റ്റുകളുടെയെല്ലാം മനസ്സില്‍ ബര്‍ദന്‍ എന്ന കമ്യൂണിസ്റ്റുണ്ട്. അടിമുടി കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. പെരുവിരല്‍ മുതല്‍ തലച്ചോര്‍ വരെ കമ്യൂണിസ്റ്റുകാരന്‍. രാഷ്ട്രീയരംഗത്ത് തന്‍േറടം കാണിക്കുന്ന അമര്‍സിങ്ങും അജിത് സിങ്ങും യു.പിയിലെ വിവിധ പാര്‍ട്ടി ദാദമാരുമൊക്കെ ബര്‍ദനെ അജോയ് ഭവനില്‍ വന്നു കാണുമായിരുന്നു. വ്യക്തിബന്ധങ്ങളില്‍  മാന്യത എന്നും അദ്ദേഹം സൂക്ഷിച്ചിരുന്നു. പക്ഷേ, തീരുമാനങ്ങളില്‍ ഇതൊന്നും ഒരു മാറ്റവും വരുത്തിയിരുന്നില്ല. എല്ലാറ്റിനെയും കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു. ’64ല്‍ പാര്‍ട്ടി ഭിന്നിച്ചശേഷം പലപ്പോഴായി അനുഭവിച്ച വലിയ വിഷമതകളില്‍ ഒന്നായിരുന്നു പാര്‍ട്ടി പരിപാടി ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം. ദേശീയ ജനാധിപത്യ മുന്നണി എന്ന തലക്കെട്ടിലുള്ള പരിപാടിയാണ് അന്നുണ്ടായിരുന്നത്. ലോകത്തിലെ സംഭവ വികാസങ്ങള്‍ മാറിമറിഞ്ഞ് വന്നപ്പോള്‍ പാര്‍ട്ടി പരിപാടി മാറ്റണം എന്ന വലിയ ചര്‍ച്ച വന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് ഒരു പ്രോഗ്രാമിക് സ്റ്റേറ്റ്മെന്‍റ് പാര്‍ട്ടിക്കുണ്ടായത്. അതു മാറ്റാന്‍ നിരന്തര പരിശ്രമം ഒരുപാട് കാലം നടന്നു. ’96ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതു മുതല്‍ ബര്‍ദന്‍െറ മനസ്സില്‍ ഈ പാര്‍ട്ടി പരിപാടി പൂര്‍ത്തിയാക്കി അവതരിപ്പിക്കണം എന്ന ചിന്ത ഉണ്ടായിരുന്നു.  പുറത്തുപോയി പലരോടും സംസാരിക്കുമ്പോള്‍ നമ്മെക്കുറിച്ച് പറയുന്ന അപവാദം പരിപാടിയില്ലാത്ത പാര്‍ട്ടി എന്നാണെന്ന് ബര്‍ദന്‍ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്്. കേരളത്തില്‍  ഞങ്ങള്‍ പലപ്പോഴും ഇത് അനുഭവിച്ചിരുന്നു. അതിന് വിരാമമിട്ട് ബര്‍ദന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ പ്രോഗ്രാമിങ് കമ്മിറ്റി 2015ല്‍ പുതുച്ചേരിയില്‍ ചേര്‍ന്ന 22ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിപരിപാടി ഏകകണ്ഠമായി  അംഗീകരിച്ചു. ലോകത്ത് ഏതെങ്കിലും മാതൃകകള്‍ പ്രാവര്‍ത്തികമാക്കണമെന്ന അഭിപ്രായം നേരത്തേ പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. നിരവധി ചര്‍ച്ചകള്‍ നടന്നു. റഷ്യന്‍ മാതൃകയാണോ ചൈനീസ് മാതൃകയാണോ എന്ന തര്‍ക്കമുണ്ടായി.  ഇന്ത്യയുടെ പാരമ്പര്യം, പൈതൃകം, ചരിത്രം, ദേശീയ പ്രസ്ഥാനചരിത്രം എന്നിവ എടുത്തുപറയുന്ന പരിപാടിയാണ് അംഗീകരിച്ചത്.  ‘ഇന്ത്യയില്‍ ജനാധിപത്യ വിപ്ളവം പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്നുള്ള സാമൂഹിക വികസനത്തിന്‍െറ ഗതി സോഷ്യലിസ്റ്റ് ഭാവിയിലേക്കുള്ളതായിരിക്കു’മെന്ന് അതില്‍ പറയുന്നു. അതില്‍ പ്രത്യേകം എടുത്തുപറയുന്ന ഒരു ഭാഗം ‘മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നതിന് അന്ത്യം വരുത്തുന്ന ഒരു സമുദായമായിരിക്കും ഇന്ത്യയില്‍ നാം വളര്‍ത്തിയെടുക്കുന്ന ജനാധിപത്യ വിപ്ളവത്തിന്‍െറ മാര്‍ഗത്തിലുള്ള സമുദായം. വരട്ടുതത്ത്വവാദവും സിദ്ധാന്ത ശാഠ്യപരമായ എല്ലാ ചിന്തയും റിവിഷനിസ്റ്റ് പ്രവണതകളും പാടേ പരിത്യജിച്ചുകൊണ്ട് പുതിയ ആ സമുദായത്തിലേക്ക് (ഇന്ത്യന്‍ ജനാധിപത്യ വിപ്ളവത്തിന്‍െറ) പാത വെട്ടിത്തുറക്കാന്‍ പാര്‍ട്ടി മാര്‍ക്സിസം- ലെനിനിസം എന്ന ശാസ്ത്രത്തെ ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രാവര്‍ത്തികമാക്കും’ എന്നതായിരുന്നു. ഇതാണ്് പാര്‍ട്ടി പരിപാടിയുടെ സത്ത. പുതുച്ചേരി പാര്‍ട്ടി കോണ്‍ഗ്രസില്‍ ബര്‍ദന്‍ ഈ പരിപാടി അവതരിപ്പിച്ചപ്പോള്‍ പ്രതിനിധികള്‍ നൂറുശതമാനം കൈയടിച്ച് അംഗീകരിച്ചു. അവരെല്ലാം ആശ്വാസത്തോടെ പറഞ്ഞത് പാര്‍ട്ടിക്കൊരു പരിപാടിയായി എന്നാണ്. ജീവിതത്തിലെ വലിയ ഭാരം തനിക്ക് ഇറക്കിവെക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു ബര്‍ദന്‍െറ പ്രതികരണം. കാരണം, പാര്‍ട്ടിയുടെ ഭാവിയാണ് അത്. ഇത് ബര്‍ദന്‍െറ ജന്മസാഫല്യമാണ്. പാര്‍ട്ടിക്ക് വിസ്മരിക്കാനാകാത്ത സ്മാരകമായിരിക്കും ഇത്. പിന്നീട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി പരിപാടിയില്‍ കാലോചിതമായി വേണ്ട മാറ്റം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ പ്രയോഗത്തെക്കുറിച്ച് പഠിക്കാനും മാറ്റംവരുത്താനും സ്ഥിരമായി ഒരു കമ്മിറ്റിയെ  ഉണ്ടാക്കി. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമാണ്. പാര്‍ട്ടി പരിപാടിയുടെ ഇംപ്ളിമെന്‍േറഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് ബര്‍ദന്‍. മാര്‍ക്സിസം-ലെനിനിസം എന്ന പ്രത്യയശാസ്ത്രത്തില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിച്ച് മാര്‍ക്സ് പറഞ്ഞത് ഇതില്‍ കാലത്തിന്‍െറ പരിവര്‍ത്തനം ഉള്‍പ്പെടുത്തി ആവശ്യമായ മാറ്റം വരുത്തണമെന്നാണ്. മാറ്റം അനിവാര്യമാണ്. ലോകം മാറും. കാളവണ്ടി യുഗത്തില്‍നിന്ന് റോക്കറ്റ് യുഗവും കഴിഞ്ഞ് ശബ്ദവേഗതയില്‍ ലോകം മാറുകയാണ്. ആ മാറ്റം ഉള്‍ക്കൊണ്ട് പരിപാടി വികസിപ്പിക്കണം എന്നാണ് പറഞ്ഞത്. കഴിഞ്ഞ നവംബര്‍ 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്ര എക്സിക്യൂട്ടിവ് യോഗത്തില്‍ പൂര്‍ണസമയവും  ബര്‍ദന്‍ ഉണ്ടായിരുന്നു.  അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി മൂന്നു പതിറ്റാണ്ട് കാലത്തെ ബന്ധമുണ്ട്. 29 വര്‍ഷം ഒരുമിച്ച് ദേശീയ കൗണ്‍സിലില്‍ ഉണ്ടായിരുന്നു. 2005 മുതല്‍ ദേശീയ എക്സിക്യൂട്ടീവിലും അംഗമായിരുന്നു. 20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെന്‍ട്രല്‍ എക്സിക്യൂട്ടീവിലേക്ക് എന്നെ തെരഞ്ഞെടുത്തു. എനിക്കുവേണ്ടി ബര്‍ദന്‍ നിര്‍ബന്ധം ചെലുത്തുകയായിരുന്നു. കേരളത്തോട് അദ്ദേഹത്തിന് എന്നും വല്ലാത്ത മമതയായിരുന്നു. കേരളത്തിലെ എല്ലാ നേതാക്കളെയും അദ്ദേഹത്തിനറിയാം. എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയും അറിയാം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കില്ല.

ജീവിതലാളിത്യം

ജീവിത ലാളിത്യമുള്ള അദ്ദേഹം ധാരാളിത്തം ഒരു കാരണവശാലും അംഗീകരിച്ചിരുന്നില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് അദ്ദേഹം എത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ഒരു പാര്‍ട്ടി ഓഫിസില്‍ വേണ്ട ഫര്‍ണിച്ചറിലും ലാളിത്യം ഉണ്ടാകണമെന്ന് അദ്ദേഹം പ്രസംഗിച്ചു. പാര്‍ട്ടി അംഗങ്ങള്‍ സംഭാവന ചെയ്ത കസേരകള്‍ കണ്ടപ്പോഴായിരുന്നു ഇത്. ലക്ഷക്കണക്കിന് പേര്‍ വിശ്വാസമര്‍പ്പിച്ച തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണിത്്. അവരുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും പാടില്ളെന്നതായിരുന്നു നിലപാട്. ലളിത ജീവിതവും സത്യസന്ധതയും ആത്മാര്‍ഥതയും ബര്‍ദന്‍െറ കൂടപ്പിറപ്പായിരുന്നു. എന്നും അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നത് ഈ പാര്‍ട്ടി ഇന്ത്യയില്‍ വലുതാകണമെന്ന ആഗ്രഹമായിരുന്നു. അതിനുവേണ്ടിയുള്ള പരിപാടികള്‍ ഓരോ പാര്‍ട്ടി സഖാക്കളുമായും ചര്‍ച്ചചെയ്യുമായിരുന്നു. ബിഹാറിലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ ഇടതിന് മൂന്നു സീറ്റാണ് ലഭിച്ചത്്. അതില്‍ അദ്ദേഹം ഏറ്റവും ദു$ഖിതനായിരുന്നു. നമുക്ക് ജനഹൃദയങ്ങളിലത്തൊന്‍ പാര്‍ട്ടിനേതൃത്വവും സാധാരണ ജനങ്ങളും തമ്മിലെ ബന്ധത്തിന്‍െറ പാലം ശക്തമാക്കണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ആഹ്വാനം ചെയ്യുകമാത്രമല്ല, കൂടെ നില്‍ക്കുകയും അത് അവരെ ബോധ്യപ്പെടുത്തുകയും വേണം. എങ്കില്‍ മാത്രമേ പ്രസ്ഥാനത്തിലേക്ക് ആളു വരൂ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പ്രസ്ഥാനത്തിലേക്ക് ആള് വന്ന ശേഷമാണ് എന്നും അദ്ദേഹം പറയുമായിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള നേതാവായിരുന്നു ബര്‍ദന്‍. കേരളത്തിലെ പരിപാടികള്‍ വരുമ്പോള്‍ പാര്‍ട്ടി ചെലവിടേണ്ടതാണെന്ന് ബോധ്യം വന്നാലേ ഒരു രൂപപോലും അദ്ദേഹം വിനിയോഗിക്കൂ. എപ്പോഴും ഒറ്റക്കാണ് യാത്ര. ആളെ കൂടെ കൂട്ടില്ല. നിര്‍ബന്ധിച്ചാല്‍ അദ്ദേഹം പറയുക കൂടെയുള്ള ആളുടെ ചെലവുകൂടി ആകില്ളേ എന്നായിരുന്നു. ആത്മാര്‍ഥത ഓരോ നിശ്വാസത്തിലുമുള്ള കമ്യൂണിസ്റ്റ് പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കഴിഞ്ഞ എക്സിക്യൂട്ടീവില്‍ അദ്ദേഹം അവശനായിരുന്നു. കൈപിടിച്ച് നടക്കാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇങ്ങനെ പോകുമെന്ന് പറഞ്ഞ് അദ്ദേഹം മാറി.
കമ്യൂണിസ്റ്റുകാരായ എല്ലാവരുടെയും മനസ്സില്‍ ബര്‍ദന്‍, ഉണ്ടാകും. അടുത്തിടെ പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവില്‍ അദ്ദേഹത്തിന്‍െറ 91ാം ജന്മദിനമെന്ന് മറ്റു നേതാക്കള്‍ ഓര്‍മപ്പെടുത്തിയിരുന്നു. തനിക്ക് പ്രത്യേകിച്ച് ജന്മദിനാഘോഷമില്ളെന്നും നാടിനുവേണ്ടിയാണ് ജീവിതമെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. നേതാക്കള്‍ ഷാള്‍ അണിയിച്ചു. ഓര്‍മക്കായി എല്ലാവരും ഒരുമിച്ചിരുന്ന് ഫോട്ടോ എടുത്തു. കഴിഞ്ഞ കമ്മിറ്റിയില്‍ കുറച്ചു സമയമേ സംസാരിച്ചുള്ളൂ.

ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ

ഇന്ത്യയില്‍ ബി.ജെ.പി ഭരണം വന്നതോടെ വി.എച്ച്.പിയും ആര്‍.എസ്.എസും കാണിക്കുന്ന അധികാര ഗര്‍വിലും മനുഷ്യനോട് ചെയ്യുന്ന അനീതിയിലും അദ്ദേഹം ആശങ്കാകുലനായിരുന്നു. അതിനെതിരെ സി.പി.ഐ ഇടത് സംഘടനകളെയും മറ്റു മതനിരപേക്ഷരെയും യോജിപ്പിച്ച് ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്താണ് ബീഫ് വിഷയം ശക്തമായി വന്നത്. ദാദ്രി കൊലപാതകം കേട്ടപ്പോള്‍ രോഷാകുലനായി. ഭരണഘടന മനുഷ്യന്‍െറ യോജിച്ചുള്ള ജീവിതമാണ് പറയുന്നത്. എന്നാല്‍, മതങ്ങള്‍ ഭരണഘടനയെ ഹൈജാക് ചെയ്യുന്ന സ്ഥിതി രാജ്യത്ത്  വന്നു. ഹൈന്ദവ മതത്തിന്‍െറ പേരില്‍ ഫാഷിസ്റ്റ് പ്രവണത വളരുന്നു. അതിനെതിരെ ശക്തമായി മുന്നോട്ടുവരണമെന്നുപറഞ്ഞാണ് അവസാനിപ്പിച്ചത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏത് പ്രതിസന്ധി വരുമ്പോഴും അത് തരണംചെയ്യാനുള്ള മാര്‍ഗങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ ഏത് വിമര്‍ശവും ശാന്തതയോടെ കേള്‍ക്കും. പക്വമായി മറുപടി പറയും;  രോഷാകുലനാകില്ല. അദ്ദേഹത്തിന്‍െറ രോഷം മര്‍ദക വര്‍ഗത്തോടും ഫാഷിസ്റ്റുകളോടും വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തോടുമാണ്. അദ്ദേഹത്തിന്‍െറ മനസ്സ് എപ്പോഴും പാവങ്ങള്‍ക്കൊപ്പമായിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹം തീവ്രവിപ്ളവകാരിയുടെ മനസ്സുമായാണ് വിടവാങ്ങിയത്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് അദ്ദേഹത്തെപ്പോലെയുള്ള ശക്തരായ നേതാക്കള്‍ അനിവാര്യമായ ഘട്ടത്തിലാണ് നമുക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.