ചിദാനന്ദപുരിയുടെ രചന അഥവാ ഭീഷ്മ ധര്‍മോദ്ബോധനം

കോഴിക്കോട് ജില്ലയിലെ കൊളത്തൂരിലുള്ള അദൈ്വതാശ്രമത്തിന്‍െറ സ്ഥാപകനും മഠാധിപതിയുമായ ചിദാനന്ദപുരി, സംഘപരിവാരത്തിന്‍െറ വേദികളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന ‘പൂജ്യസ്വാമി’യാണ്. ഇദ്ദേഹത്തിന്‍െറ ഒരു പുസ്തകം ഈയിടെ തൃശൂരില്‍ നടന്ന മാതൃഭൂമി അന്തര്‍ദേശീയ പുസ്തകോത്സവവേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘കര്‍മരഹസ്യം’ എന്ന പുസ്തകത്തിന്‍െറ ആദ്യ പ്രതി ഏറ്റുവാങ്ങിയത് ഡോ. പുത്തേഴത്ത് രാമചന്ദ്രനാണ്. വിശ്വഹിന്ദുപരിഷത്ത് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളില്‍, ആര്‍.എസ്.എസ് നിയോഗിക്കുന്ന  സംഘപ്രചാരകന്മാരുടെ ഏകാധിപത്യമല്ലാതെ ജനാധിപത്യമില്ല എന്ന അനുഭവ ബോധ്യത്തിന്‍െറ അടിസ്ഥാനത്തില്‍ 2005ല്‍ 50 വര്‍ഷത്തെ പഴക്കമുള്ള സംഘപരിവാര ബന്ധം ഉപേക്ഷിച്ച് പുറത്തിറങ്ങിയ ഇംഗ്ളീഷ് സാഹിത്യ പണ്ഡിതനാണ് ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍. ഇപ്പോള്‍ കെ. രാമന്‍പിള്ള രൂപവത്കരിച്ച കേരള ജനപക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍െറ സംസ്ഥാന അധ്യക്ഷപദവി വഹിക്കുന്ന പുത്തേഴത്ത് രാമചന്ദ്രനെ അനുനയിപ്പിച്ച് സംഘപരിവാരത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള അജണ്ടയുടെ ഭാഗമായിട്ടാണോ ചിദാനന്ദപുരിയുടെ പുസ്തകം ഏറ്റുവാങ്ങാന്‍ അദ്ദേഹത്തെ ക്ഷണിച്ചത് എന്ന സംശയവും പലരും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കെ. രാമന്‍പിള്ള ബി.ജെ.പിയിലേക്ക് മടങ്ങിയാലും സംഘപരിവാരത്തിലേക്ക് തിരിച്ചുപോകുന്ന പ്രശ്നമില്ല എന്ന നിലപാടിലാണ് താന്‍ എന്നാണ് 2015 ഡിസംബറില്‍ കണ്ടപ്പോള്‍പോലും അദ്ദേഹം എന്നോട് പറഞ്ഞത്. സംഘപരിവാര വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ കുടുസ്സായ വീഥിയിലേക്ക് തിരിച്ചുപോകാനാവാത്ത വിധം ജനാധിപത്യാവബോധത്തിന്‍െറ വിശാലലോകത്തേക്ക് രാമചന്ദ്രനെപ്പോലൊരു സൂക്ഷ്മബുദ്ധിയുള്ള മനുഷ്യനെ കൊണ്ടത്തെിക്കുന്നതില്‍, ഈയുള്ളവനുള്ള പങ്ക് അദ്ദേഹംതന്നെ ഒരു പുസ്തകത്തില്‍ തുറന്നെഴുതിയിട്ടുള്ളതിനാലാണ് ഇത്രയും കുറിച്ചത്.
ഈ ലേഖനത്തിന്‍െറ പ്രധാന വിഷയം ഇതല്ല; ചിദാനന്ദപുരിയുടെ പുസ്തകംതന്നെയാണ്. അതെനിക്ക് വായിക്കാന്‍ തന്നത് ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ ആണെന്നതിനാല്‍ മുന്നോടിയായി ഇത്രയും കുറിച്ചെന്നുമാത്രം. നരേന്ദ്ര മോദി തൃശൂരില്‍ വന്നപ്പോള്‍ ആ പരിസരത്തേക്കെങ്ങും പോകാന്‍ ഡോ. പുത്തേഴത്ത് തയാറായില്ല എന്നതുകൂടി എടുത്തുപറഞ്ഞുകൊണ്ട് ചിദാനന്ദപുരിയുടെ  പുസ്തകത്തിലേക്ക് പ്രവേശിക്കട്ടെ.
വായിച്ചിരിക്കേണ്ട നല്ല പുസ്തകമാണ് സ്വാമി ചിദാനന്ദപുരിയുടെ ‘കര്‍മരഹസ്യം’ എന്ന് ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ഞാന്‍ എഴുതി. എന്‍െറ പോസ്റ്റുവന്ന് ഏറെ കഴിയുംമുമ്പേ ഒരു നമ്പൂതിരിയുവാവ് അതേ ഗ്രൂപ്പില്‍ ഒരു ചോദ്യമുന്നയിച്ചു-‘ചിദാനന്ദപുരി സംഘപരിവാര സ്വാമിയാണ്-താങ്കള്‍ ഇടതുപക്ഷസ്വാമിയും-എന്നിട്ടും എന്തുകൊണ്ട് ചിദാനന്ദപുരിയുടെ പുസ്തകത്തെ അഭിനന്ദിച്ചു?’ ഇതായിരുന്നു ചോദ്യത്തിന്‍െറ ഉള്ളടക്കം. അതിനുള്ള മറുപടി ഞാനിങ്ങനെ എഴുതി-‘അധര്‍മത്തിന്‍െറയും അധികാര ദുര്‍മോഹത്തിന്‍െറയും ആള്‍രൂപമായ ദുര്യോധനന്‍െറ കൗരവപക്ഷത്തായിരുന്നു ഭീഷ്മരെങ്കിലും അദ്ദേഹത്തിന്‍െറ അറിവിനെ ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെ മാനിച്ചിരുന്നു-ചിദാനന്ദപുരി സ്വാമികളുടെ പുസ്തകത്തോടുള്ള എന്‍െറ നിലപാടിനെയും ഇത്തരത്തില്‍ കണ്ടാല്‍ മതി’. ഇപ്പറഞ്ഞനിലയില്‍ ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ നടന്ന പ്രതികരണങ്ങളാണ് ഒട്ടൊന്നുവിശദമായി ചിദാനന്ദപുരിയുടെ പുസ്തകത്തെപ്പറ്റി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ചിദാനന്ദപുരി ഒരു ശാങ്കര സമ്പ്രദായ സന്യാസിയാണ്. ആ സമ്പ്രദായത്തിന്‍െറതായ വീക്ഷണ പരിമിതികളോടുകൂടി ആണെങ്കിലും ‘പ്രസ്ഥാനത്രയം’ എന്നറിയപ്പെടുന്ന ശ്രുതികളും മനുസ്മൃതി ഉള്‍പ്പെടെയുള്ള സ്മൃതിഗ്രന്ഥങ്ങളും മനസ്സിലാക്കിയിട്ടുള്ള പണ്ഡിതനാണ് അദ്ദേഹം. സാധ്വി പ്രാചി, സാക്ഷിമഹാരാജ് തുടങ്ങിയ സംഘപരിവാര ബാന്ധവമുള്ള സന്യാസി (നി) മാരെക്കാള്‍ അടിയുറപ്പുള്ള പാണ്ഡിത്യം ഭാരതീയ ധര്‍മശാസ്ത്രങ്ങളില്‍ ചിദാനന്ദപുരി സ്വാമികള്‍ക്കാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഭഗവദ്ഗീതാധിഷ്ഠിതമായി ‘കര്‍മ’ത്തിന്‍െറ തത്ത്വത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തിന്‍െറ പുസ്തകരൂപത്തിന് അറിവിന്‍െറ തെളിമയും സൗന്ദര്യവുമുണ്ട്. ഇതുമാത്രമല്ല, ഈ പുസ്തകം എല്ലാവരാലും വായിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെടാന്‍ എന്നെ പ്രേരിപ്പിച്ചത്. സംഘപരിവാരത്തെയൊ അവരുടെ നിലപാടുകളേയൊ നടപടികളേയൊ ന്യായീകരിക്കുന്ന ഒന്നും പറയാന്‍, ഭഗവദ്ഗീതാധിഷ്ഠിതമായ കര്‍മവിചാരത്തിന് ശ്രമിക്കുമ്പോള്‍ ചിദാനന്ദപുരി സ്വാമികള്‍ക്ക് കഴിയുന്നില്ല. ഇതുതെളിയിക്കുന്നത് ഭഗവദ്ഗീത അറിയുന്നവര്‍ക്ക് ഭഗവദ്ഗീതയെ പ്രമാണമാക്കി സാധൂകരിക്കാവുന്ന പ്രസ്ഥാനമോ പ്രവര്‍ത്തനമോ അല്ല സംഘപരിവാരത്തിന്‍േറത് എന്നത്രെ. ഏതെങ്കിലും വിധത്തില്‍ സംഘപരിവാരത്തിന്‍െറ ഏതെങ്കിലും നടപടിയെ ന്യായീകരിക്കാന്‍ ഗീതധര്‍മാനുസൃതമായ കര്‍മദര്‍ശനം എന്തെങ്കിലും പഴുത് നല്‍കുന്നുണ്ടായിരുന്നെങ്കില്‍ ചിദാനന്ദപുരി സംഘപരിവാര നടപടികളെ അത്തരത്തില്‍ ന്യായീകരിക്കുമായിരുന്നു. അതിനദ്ദേഹത്തിന് സാധിക്കുന്നില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന പുസ്തകമാണ് ‘കര്‍മരഹസ്യം’. ബൈബ്ള്‍ ശരിക്കും മനസ്സിലാക്കുന്നവര്‍ക്ക് ‘ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതിനെക്കാള്‍ പ്രയാസകരമാണ് സമ്പന്നന്‍െറ സ്വര്‍ഗരാജ്യ പ്രവേശം’ എന്നറിയുന്നവര്‍ക്ക് സമ്പന്നരെ പിന്താങ്ങുന്ന ഒരു നടപടിയെയും നീതീകരിക്കാനാവില്ല എന്നതുപോലെ ഖുര്‍ആന്‍ ശരിക്കും മനസ്സിലാക്കുന്നവര്‍ക്ക് ഐ.എസ് ഇസ്ലാമല്ല എന്നു പറയേണ്ടിവരും എന്നതുപോലെ ഭഗവദ്ഗീതാധിഷ്ഠിതമായി സംഘപരിവാരത്തെ ന്യായീകരിക്കാന്‍ സംഘ പരിവാരത്തോടൊപ്പം നില്‍ക്കുന്ന സ്വാമിമാര്‍ക്കുപോലും സാധിക്കുകയില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന പുസ്തകം എന്നതാണ് ചിദാനന്ദപുരിയുടെ ‘കര്‍മരഹസ്യം’ എന്ന ഗ്രന്ഥത്തിനുള്ള പ്രസക്തി. ഗീതാധിഷ്ഠിതമായി ന്യായീകരിക്കുക അസാധ്യമാണെന്നറിഞ്ഞിട്ടും എന്തുകൊണ്ട് സംഘപരിവാരത്തോടൊപ്പം ചിദാനന്ദപുരിയെപ്പോലുള്ള ഗീതാപണ്ഡിതരായ സ്വാമിമാര്‍ നില്‍ക്കുന്നു എന്നൊരു ചോദ്യമുയരാം-അതിനുള്ള സമാധാനം ഭീഷ്മര്‍ എന്ന ധര്‍മശാസ്ത്രജ്ഞാനി എന്തുകൊണ്ട് ദുര്യോധനനോടൊപ്പം നിലകൊണ്ടു എന്നന്വേഷിച്ചാല്‍ വ്യക്തമാകും.
ഗീതാധിഷ്ഠിതമായി പറയപ്പെട്ട ‘കര്‍മരഹസ്യം’ എന്ന പുസ്തകത്തില്‍ ചിദാനന്ദപുരിക്ക് സംഘപരിവാരത്തെ ന്യായീകരിക്കുന്ന ഒന്നും പറയാനാകുന്നില്ല എന്നതിലേക്ക് ഉദാഹരണമായി ഒരു കാര്യം ചൂണ്ടിക്കാണിക്കാം. പുസ്തകത്തില്‍ ചോദ്യോത്തരങ്ങളുടെ ഒരുഭാഗമുണ്ട്. അതില്‍ ഇങ്ങനെ കാണുന്നു-‘നമ്മുടെ സാംസ്കാരിക കേരളത്തില്‍ പുതിയൊരു തരംഗം ഉണ്ടായിരിക്കുന്നു-ചുംബനസമരം, അതിനെക്കുറിച്ച് നിരവധി ചര്‍ച്ചകളും പ്രതികരണങ്ങളും ഉണ്ടായി. ഈ സമരത്തില്‍ എവിടെയാണ് പോരായ്മവന്നത്; സദാചാര പൊലീസിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമല്ളേ? സ്വാമിജിയുടെ അഭിപ്രായം എന്താണ്?’
ഈ ചോദ്യത്തിന് ചിദാനന്ദപുരി നല്‍കുന്ന ഉത്തരം ഇതാണ്-‘സദാചാരം പൊലീസ് കാര്യമല്ല, സദാചാരം നടപ്പാക്കേണ്ടത് ഞങ്ങളാണെന്നുപറഞ്ഞ് ആയുധമെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. നിയമവ്യവസ്ഥക്ക് എതിരാണത്. എന്നാല്‍, ചുംബന സമരമോ? അത് എന്ത് സമരമാണ്. ചുംബിക്കുന്നത് നല്ലതാണ്. സ്നേഹത്തിന്‍െറ സ്വാഭാവിക പ്രകടനവും പ്രതികരണവുമായി ചുംബനമുണ്ടാകുന്നു. അമ്മ കുഞ്ഞിനെ ചുംബിക്കുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും ചുംബിക്കുന്നു. കൂട്ടുകാര്‍ ചുംബിക്കുന്നു. സ്നേഹത്തിന്‍െറ സ്വാഭാവികമായ പ്രകടനം മാത്രമാണത്. ആരും അതിനെ എതിര്‍ക്കുന്നില്ലല്ളോ. അതൊട്ട് സമരവുമല്ലല്ളോ’ (കര്‍മരഹസ്യം-പേജ് 80-81-മാതൃഭൂമി ബുക്സ്). ഈ അഭിപ്രായം വായിക്കുമ്പോള്‍ സംഘപരിവാരത്തിന്‍െറ സദാചാര പൊലീസിങ്ങിനെ എതിര്‍ക്കുമ്പോള്‍തന്നെ മുറിയടച്ചിട്ട് ചെയ്യേണ്ടത് തെരുവില്‍ ചെയ്യുന്നതിനെ അപലപിച്ച പിണറായി വിജയന്‍െറ ചുംബനസമര സംബന്ധിയായ അഭിപ്രായത്തെ ഓര്‍മിക്കേണ്ടിവരും-അതുകൊണ്ടാണ് പറഞ്ഞത് ‘കര്‍മരഹസ്യം’ ഗീതാധിഷ്ഠിതമായി സംഘപരിവാരത്തെ ന്യായീകരിക്കാനാവില്ളെന്ന് തെളിയിക്കുന്ന പുസ്തകമാണെന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.