ജനാധിപത്യത്തിന്‍െറ സൈനികഭാഷ്യം

ചരിത്രസ്മൃതികളാല്‍ സമ്പന്നമാണ് ഈജിപ്ത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പിരമിഡുകള്‍ ആധുനിക നിര്‍മാണകലയെ അതിശയിപ്പിക്കുന്നു. എന്നാല്‍, ഈജിപ്തിന്‍െറ രാഷ്ട്രീയരംഗം അതിലുപരി കൗതുകമുണര്‍ത്തുന്നതാണ്. ഏറെ വിദ്യാസമ്പന്നവും അതിലേറെ സാംസ്കാരിക പൈതൃകങ്ങളുമുള്ള ഒരു രാജ്യം പാശ്ചാത്യമേല്‍ക്കോയ്മക്കടിമപ്പെട്ട് പട്ടാള ബൂട്ടുകളാല്‍ നിയന്ത്രിക്കപ്പെട്ട് കഴിയുന്നുവെന്ന വിധിവൈപരീത്യമാണ് നമ്മെ അതിശയിപ്പിക്കുന്നത്.
1954 മുതല്‍ 1970 വരെയും ഈജിപ്ത് ജനറല്‍ അബ്ദുന്നാസിറിന്‍െറ കീഴിലായിരുന്നു. പട്ടാളഅട്ടിമറിയിലൂടെയാണ് അദ്ദേഹം അധികാരത്തില്‍ വന്നത്. തുടര്‍ന്ന് സൈനാധിപന്മാരായിരുന്ന അന്‍വര്‍ സാദത്തും ഹുസ്നി മുബാറകും ഭരണാധികാരികളായി. ഹുസ്നി മുബാറകിന്‍െറ 30 വര്‍ഷം നീണ്ട കിരാതഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങളാണ് 2011 ജനുവരിയില്‍ ‘അറബ് വസന്ത’വിപ്ളവം നയിച്ച് സ്വതന്ത്ര തെരഞ്ഞെടുപ്പിന് രംഗമൊരുക്കിയത്. അങ്ങനെ ഏറ്റവും സുതാര്യമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ട തെരഞ്ഞെടുപ്പിലൂടെയാണ് ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നായകന്‍ മുഹമ്മദ് മുര്‍സി 2012 ജൂണ്‍ 30ന് ഈജിപ്തിന്‍െറ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍, ഇന്ന് ഈജിപ്ത് വീണ്ടും പട്ടാള ബൂട്ടുകള്‍ക്കടിയിലമരുകയാണ്. പട്ടാളമേധാവിയും മുര്‍സിയുടെ മന്ത്രിസഭയില്‍ അംഗവുമായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സീസി സൈനിക അട്ടിമറിയിലൂടെ ഭരണം കൈയടക്കി. തുടര്‍ന്ന് ഇലക്ഷന്‍ പ്രഹസനത്തിലൂടെ അധികാരം ഉറപ്പിക്കുകയും ചെയ്തു.
സൂയസ് കനാല്‍ ദേശസാത്കരണം, ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂവിതരണം തുടങ്ങിയ തന്‍െറ സോഷ്യലിസ്റ്റ് നടപടികളിലൂടെയാണ് ഈജിപ്തിന്‍െറ രണ്ടാമത്തെ പ്രസിഡന്‍റായ  ജമാല്‍ അബ്ദുന്നാസിര്‍ ജനതയെ കൈയിലെടുത്തിരുന്നത്. എന്നാല്‍, എതിരഭിപ്രായങ്ങളോട് സഹിഷ്ണുത പുലര്‍ത്താനോ അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനോ നാസിര്‍ ഒരുക്കമായിരുന്നില്ല. 1956ലെ ഭരണഘടനയില്‍ ഈജിപ്തിന്‍െറ ഒൗദ്യോഗിക മതം ഇസ്ലാമായിരുന്നു. എന്നാല്‍ ഇതേ ഭരണഘടനക്ക് കീഴില്‍ നാസിര്‍, മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിക്കുകയും മഹാപണ്ഡിതനായിരുന്ന സയ്യിദ് ഖുതുബിനെ തൂക്കിലേറ്റുകയും ചെയ്തത് വിസ്മരിക്കാനാകില്ല. 1971 മുതല്‍ 1981ല്‍ വധിക്കപ്പെടുന്നതുവരെയും അന്‍വര്‍ സാദത്ത് നാട് ഭരിച്ചു. അദ്ദേഹം ഇസ്രായേലുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയും 1978ല്‍ ക്യാമ്പ് ഡേവിഡ് കരാറില്‍ ഒപ്പുവെക്കുകയും ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന മെനച്ചം ബെഗിനോടൊപ്പം നൊബേല്‍ സമ്മാനം പങ്കുവെക്കുകയുമുണ്ടായി.
അദ്ദേഹം ഈജിപ്ഷ്യന്‍ ജനതയുടെയും അറബ്സമൂഹത്തിന്‍െറയും വെറുപ്പിനിരയായി. പട്ടാളമേധാവികളുടെ ചായ്വ് വന്‍ ശക്തികളോടാവുന്നത് സ്വാഭാവികമാണല്ളോ.
1981 മുതല്‍ 2011 വരെയുള്ള 30 വര്‍ഷത്തെ ഹുസ്നി മുബാറകിന്‍െറ സ്വേച്ഛാഭരണം മധ്യപൂര്‍വദേശത്ത് അമേരിക്കയുടെ ഇംഗിതങ്ങള്‍ നടപ്പാക്കുകയായിരുന്നു. 1991ലെ ഗള്‍ഫ്യുദ്ധത്തില്‍ ഭാഗഭാക്കായതോടെ അമേരിക്ക ഈജിപ്തിന് വര്‍ഷാവര്‍ഷം രണ്ട് ബില്യണ്‍ ഡോളര്‍ സഹായം നല്‍കിത്തുടങ്ങി. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഈജിപ്തിന്‍െറ കടബാധ്യതയില്‍ 14 ബില്യണ്‍ ഡോളറാണത്രെ ഇളവുനല്‍കിയത്. അതോടെ, ഈജിപ്തിലെ ജനങ്ങള്‍ ഭരണകൂടത്തില്‍നിന്ന് അകലാന്‍ തുടങ്ങി. 2005ലെ ഭരണഘടനയുടെ ഹിതപരിശോധനയില്‍ പങ്കെടുത്തത് ആകെയുള്ള വോട്ടര്‍മാരുടെ മൂന്നര ശതമാനം മാത്രമായിരുന്നു.  ഇത് മാത്രമേ ജനങ്ങള്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. സ്വതന്ത്രമായ അഭിപ്രായപ്രകടനമോ പത്രപ്രസിദ്ധീകരണമോ സംഘടനാപ്രവര്‍ത്തനങ്ങളോ ഒന്നും ഈജിപ്തില്‍ സാധ്യമല്ലായിരുന്നു. ഇപ്പോള്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ കീഴിലും ജനങ്ങള്‍ ഭയവിഹ്വലരും അഭിപ്രായസ്വാതന്ത്ര്യമില്ലാത്തവരുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായി നടന്ന ഈജിപ്തിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഡിസംബര്‍ 16ന് പൂര്‍ത്തിയായതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അയ്മന്‍ അബ്ബാസ് പ്രസ്താവിച്ചിരിക്കുന്നു. ഇനി, രണ്ടാഴ്ചക്കകം മന്ത്രിസഭ നിലവില്‍വരുമത്രെ. തെരഞ്ഞെടുക്കപ്പെട്ട 568 പേരില്‍ 243 പേര്‍ക്കേ പാര്‍ട്ടി ബന്ധമുള്ളൂ. 325 അംഗങ്ങള്‍ സ്വതന്ത്രരായി മത്സരിച്ചവരാണ്. ഇവരിലാര്‍ക്കുംതന്നെ രാഷ്ട്രീയമായ പ്രബുദ്ധതയോ പ്രവര്‍ത്തനപരിചയമോ അവകാശപ്പെടാനില്ല.
നിരോധിക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡിന്‍െറ സുപ്രധാന നേതാക്കളെല്ലാം ജയിലിലാണ്. പലരും നാടുകടത്തപ്പെട്ട് പ്രവാസജീവിതം നയിക്കുന്നു. അതുകൊണ്ടുതന്നെ ബ്രദര്‍ഹുഡിന്‍െറ അനുകൂലികള്‍ ഇലക്ഷനില്‍നിന്ന് വിട്ടുനിന്നു. ഇവരുടെ സംഖ്യ ആകെ വോട്ടര്‍മാരില്‍ 40 ശതമാനം വരും. രാഷ്ട്രീയ കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ കാണുന്ന അല്‍ദസ്തൂര്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റ് അലയന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രിയായിരുന്ന കമാല്‍ അല്‍ ജന്‍സൂരിയും സിവില്‍ ഡെമോക്രാറ്റിക് യൂനിയനും ഇലക്ഷനില്‍നിന്ന് വിട്ടുനിന്നവരുടെ കൂട്ടത്തിലാണ്. സോഷ്യലിസ്റ്റുകളും ലിബറല്‍ പാര്‍ട്ടികളും അവരുടെ ലിസ്റ്റ് അവസാനം പിന്‍വലിച്ചു. ഒടുവില്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 19 ചെറുകിട പാര്‍ട്ടികള്‍ അല്‍വഫ്ദു പാര്‍ട്ടിയുടെ ആസ്ഥാനത്ത് ഒത്തുകൂടി സംയുക്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ഒരു നാമാവലി സമര്‍പ്പിക്കുകയുണ്ടായി. ഈ പട്ടികയിലുള്ളവരാണത്രെ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
തനിക്കനുകൂലമായ പാര്‍ലമെന്‍റ് തട്ടിക്കൂട്ടുന്നതില്‍ അല്‍സീസി വിജയം കണ്ടിരിക്കുന്നുവെന്ന് പറയാം. എന്നാല്‍, ‘അറബ് വസന്ത’ വിപ്ളവത്തില്‍ പങ്കെടുത്ത യുവസമൂഹം നിരാശരാണ്. അവരുടെ പ്രതീക്ഷകള്‍ കൊഴിഞ്ഞുപോയിരിക്കുന്നു. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ രാഷ്ട്രമീമാംസ പ്രഫസറായ നതാന്‍ ജെ. ബ്രൗണ്‍ തെരഞ്ഞെടുപ്പിനെ വിലയിരുത്തിയത് ഈജിപ്തിന്‍െറ ‘നിഷ്പ്രഭമായ ഭാവി’യെ അത് സൂചിപ്പിക്കുന്നുവെന്നായിരുന്നു. ഹുസ്നി മുബാറകിനെ തൂത്തെറിഞ്ഞശേഷം പലതവണ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്ന ഈജിപ്തുകാര്‍ അവസാനം എത്തിപ്പെട്ടിരിക്കുന്നത് പുതിയൊരു സ്വേച്ഛാധിപതിയുടെ കാല്‍ക്കീഴിലാണ്. ഒരു ഏകാധിപതിയെ കടപുഴക്കുന്നതിനെക്കാള്‍ അതീവ ദുഷ്കരമാണ് ജനാധിപത്യമൂല്യങ്ങള്‍ പടുത്തുയര്‍ത്തുക എന്നത്.
അല്‍സീസിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങളെ മനുഷ്യാവകാശധ്വംസനമെന്ന നിലക്ക് അമേരിക്ക ഇടക്കിടെ അധിക്ഷേപിച്ചെന്ന് വരാം.
എന്നാല്‍, ജനാധിപത്യമൂല്യങ്ങളെ പിഴുതെറിയുന്നതില്‍ അല്‍സീസിയെ പിന്തുണക്കുന്ന നയമാണ് അമേരിക്കയുടേതും ഇസ്രായേലിന്‍േറതും. അധികാരം നിലനിര്‍ത്താനായി സാമ്രാജ്യത്വ ശക്തികളെ പിന്തുണക്കാന്‍ അല്‍സീസി നിര്‍ബന്ധിതനാണ്. ഭരണാധികാരികള്‍ക്ക് താല്‍ക്കാലിക നേട്ടങ്ങളാണല്ളോ പ്രധാനം. ജനാധിപത്യമൂല്യങ്ങളെക്കുറിച്ച ഗീര്‍വാണങ്ങളൊക്കെ അവര്‍ക്ക് വിടുവായത്തങ്ങള്‍ മാത്രം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.