സാക്ഷരത, സാമൂഹികപുരോഗതി തുടങ്ങിയ മണ്ഡലങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകരാജ്യങ്ങളുടെ വരെ പ്രശംസ നേടുകയുണ്ടായി. എന്നാല്‍, ഭൗതികപുരോഗതി സൃഷ്ടിച്ച പുതിയ മോഹവലയങ്ങള്‍ കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമല്ലാതാക്കി മാറ്റിയിരിക്കുകയാണോ?  കേരളത്തില്‍ മാസത്തില്‍ നാല് എന്ന തോതിലാണ് കുട്ടികള്‍ കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സാംസ്കാരിക ഒൗന്നത്യവാദങ്ങള്‍ക്കു പിറകിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ കണ്ടത്തെി മാധ്യമം ലേഖകന്‍ നിസാര്‍ പുതുവന തയാറാക്കിയ പരമ്പര...

ഒമ്പതുദിവസത്തില്‍ ഒരു കുട്ടി എന്ന നിരക്കിലാണ് കേരളത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത്. 2015ല്‍ മാത്രം കേരളത്തില്‍ 30ലധികം കുട്ടികള്‍ കൊല്ലപ്പെട്ടു. സാമൂഹിക ഭൗതിക വിദ്യാഭ്യാസ സാഹചര്യങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനത്തെ ഈ കണക്കുകള്‍ മന$സാക്ഷിയുള്ളവരെ നടുക്കാതിരിക്കില്ല.
നഴ്സറി സ്കൂളില്‍നിന്ന് എന്നത്തേയുംപോലെ പൂമ്പാറ്റയെപ്പോലെ പാറിവന്ന ഹസ്തക്കറിയില്ലായിരുന്നു തന്‍െറ വീട്ടില്‍ അമ്മയും ജാരന്മാരും ചേര്‍ന്ന് മരണത്തിന്‍െറ സമ്മാനം ഒരുക്കിവെച്ചിരിക്കുകയാണെന്ന്. നാലുവയസ്സുള്ള പിഞ്ചുകുഞ്ഞ് ഏറ്റവും സ്നേഹിക്കുകയും സുരക്ഷയനുഭവിക്കുകയും ചെയ്യുന്ന അമ്മയുടെ കൈയാല്‍തന്നെ നിര്‍ദയം കൊല്ലപ്പെടുന്ന അവസ്ഥ. തൃപ്പൂണിത്തുറക്ക് സമീപം ചോറ്റാനിക്കരയില്‍ ഏതാനും നാള്‍മുമ്പാണ് ഈ ക്രൂരത അരങ്ങേറിയത്.

ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകക്ക് താമസിക്കുന്ന തിരുവാണിയൂര്‍ സ്വദേശിനി റാണി (24) യുടെ   മകള്‍ നഴ്സറി വിദ്യാര്‍ഥിനി ഹസ്തയെ അമ്മയുടെ കാമുകന്‍ രഞ്ജിത്ത്, സഹായി ബേസില്‍ എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ച് കൊന്നത്. തുടര്‍ന്ന് മൃതദേഹം സമീപസ്ഥലമായ ആരക്കുന്നത്ത് കൊണ്ടുപോയി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു. അമ്മ റാണി ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്തു. മാത്രമല്ല, മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് കുട്ടിയെ കാണുന്നില്ളെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലുമത്തെി. സംശയത്തെതുടര്‍ന്ന് റാണിയെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തായത്. കാമുകനൊപ്പമുള്ള സുഖജീവിതം സ്വപ്നംകണ്ട റാണി, നൊന്തുപ്രസവിച്ച കുരുന്നിനെ കൊലപ്പെടുത്താനും  കൂട്ടുനിന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ആ പിഞ്ചുശരീരത്തിലെ ജനനേന്ദ്രിയത്തില്‍ ഒമ്പത് സെ.മീ. വലുപ്പമുള്ള മുറിവാണ് കണ്ടത്തെിയത്. കൊല്ലുന്നതിനുമുമ്പ് ആ കുരുന്നിളം ശരീരത്തെ ഉപയോഗപ്പെടുത്താനും അമ്മയുടെ കാമുകന്മാര്‍ മറന്നില്ല. ഏറ്റെടുക്കാന്‍ ബന്ധുക്കളില്ലാത്ത ആ പിഞ്ചുമേനി  സര്‍ക്കാര്‍ ഏറ്റെടുത്ത് ഇരുമ്പനത്തെ  ശ്മശാനത്തില്‍ സംസ്കരിച്ചു. പത്രത്താളുകളിലും ചാനലുകളിലും കേവലമൊരു കൊലപാതകം എന്നതിനപ്പുറം വിഷയം ചര്‍ച്ച ചെയ്തില്ല.

കേരളത്തില്‍ കൂടിവരുന്ന ശിശുപീഡനത്തിന്‍െറയും ബാലഹത്യയുടെയും അവസാനിക്കാത്ത ഇരയാകുകയായിരുന്നു ഹസ്ത. കുഞ്ഞുങ്ങളോടുള്ള സമീപനത്തിലും മനോഭാവത്തിലും മുമ്പെങ്ങുമില്ലാത്തതരം മാറ്റമാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ മന$ശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും പറയുന്നു. അവിഹിതബന്ധങ്ങളും രക്ഷിതാക്കളുടെ സുഖജീവിതം തേടിയുള്ള പാച്ചിലുമാണ് പല കുരുന്നുജീവനുകളും പൊലിയാനിടവരുത്തുന്നത്. ഭര്‍ത്താവില്ലാത്ത തക്കത്തിന് കാമുകനൊപ്പം ഒളിച്ചോടാനൊരുങ്ങവെ തടഞ്ഞതിന് അഞ്ചുവയസ്സുകാരന്‍ മകനെ അമ്മ ആക്രമിച്ച സംഭവം ഈയടുത്ത് കുമളിയില്‍ നടന്നു.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 310 കുട്ടികളാണ് കേരളത്തില്‍ കൊലചെയ്യപ്പെട്ടതെന്ന്  ഒൗദ്യോഗികരേഖകള്‍ പറയുന്നു. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2008 മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള  കണക്കാണിത്. 2015 സെപ്റ്റംബര്‍ വരെ മാത്രം 27 കുട്ടികള്‍ കേരളത്തില്‍ കൊല്ലപ്പെട്ടു. ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത മിക്ക കൊലക്കും പിന്നില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള  ബന്ധുക്കളാണ് എന്നതാണ്.

മലപ്പുറം, അരീക്കോടിനടുത്ത് ആലുക്കലില്‍ നടന്ന കൊലപാതകം മന$സാക്ഷിയുള്ളവരെ കരയിപ്പിക്കുന്നതായിരുന്നു. ഇരുചക്രവാഹനം വെള്ളക്കെട്ടിലകപ്പെട്ട് അമ്മയും രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ച വാര്‍ത്ത ഞൊടിയിടകൊണ്ടാണ് അതിക്രൂരമായ കൊലപാതകമായി പരിണമിച്ചത്. സ്വന്തം ചോരയില്‍ പിറന്ന പിഞ്ചുമക്കളുടെ പേരില്‍ പോളിസിയെടുത്തിട്ട്   തുക ലഭിക്കാനായി അവരെ പുഴയില്‍തള്ളി കൊല്ലുകയായിരുന്നു പിതാവ് ഷരീഫ്. വാവൂര്‍ കൂടാംതൊടി സാബിറ (21), മക്കളായ ഫാത്വിമ ഫിദ (നാലര), ഹൈഫ (രണ്ട്) എന്നിവരാണ് സാബിറയുടെ ഭര്‍ത്താവ് മുഹമ്മദ് ഷരീഫിന്‍െറ ദുര്‍ബുദ്ധിക്കിരയായി ജീവന്‍ ബലിനല്‍കിയത്. പുലര്‍ച്ചെ രണ്ടരയോടെ തങ്ങള്‍ സഞ്ചരിച്ച സ്കൂട്ടര്‍ വെള്ളക്കെട്ടില്‍വീണ് ഭാര്യയും കുട്ടികളും മരിച്ചെന്നാണ് ഷെരീഫ് ആദ്യം പറഞ്ഞത്. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

കുടുംബവഴക്കുകളെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട പിഞ്ചുബാല്യങ്ങളും കേരളത്തില്‍ കുറവല്ല. ഏഴുവയസ്സുകാരന്‍ മെല്‍ബിനും സഹോദരന്‍ മൂന്നുവയസ്സുകാരന്‍ മൊബിനും 11 വയസ്സുള്ള രാഹുലുമൊക്കെ അത്തരത്തിലുള്ള ഇരകളാണ്. പത്തനംതിട്ട, റാന്നിക്ക് സമീപം കീക്കോഴൂരിലാണ് മെല്‍ബിന്‍ , മൊബിന്‍ എന്നീ സഹോദരങ്ങളെ പിതൃസഹോദരനാണ് കഴുത്തറുത്ത് കൊന്നത്. ഇവരുടെ അച്ഛന്‍ ഷൈജുവിന്‍െറ സഹോദരന്‍ ഷിബുവാണ് പ്രതി. ദീര്‍ഘകാലമായി നിലനിന്ന സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ ഷിബു കൊലക്കത്തിക്കിരയാക്കിയത്. ഒരുദിവസം രാവിലെ ഏഴിന് ഷൈജുവിന്‍െറ വീട്ടിലത്തെിയ ഷിബു സ്വന്തം അമ്മയുടെ കണ്ണില്‍ മുളകെറിഞ്ഞശേഷമാണ് കുട്ടികളുടെ  കഴുത്തറത്തത്. ഇയാളെ തടയാന്‍ശ്രമിച്ച ഷൈജുവിന്‍െറ ഭാര്യ ബിന്ദുവിന് വെട്ടേറ്റു.

ഗള്‍ഫിലുള്ള ഷൈജുവും സഹോദരന്മാരും തമ്മില്‍ വര്‍ഷങ്ങളായി വസ്തുതര്‍ക്കമുണ്ടായിരുന്നു. ഈ പ്രതികാരമാണ് കൊലക്ക് കാരണമായത്. ഏതാനും വര്‍ഷം മുമ്പാണ് ഒമ്പതുവയസ്സുകാരി തമിഴ്ബാലിക ആലുവയില്‍ വേലക്കുനിന്ന വീട്ടില്‍ ക്രൂരമായപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ടത്. എറണാകുളത്തെ പ്രമുഖരായ അഡ്വക്കറ്റ് ദമ്പതികളുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി വേലക്കുനിന്നിരുന്നത്. അമ്മാവന്‍ തുച്ഛമായ തുകക്ക് ദമ്പതികള്‍ക്ക് വിറ്റതായിരുന്നു അവളെ. ചട്ടകം പഴുപ്പിച്ചുവെച്ചും ചൂടുവെള്ളം ദേഹത്തൊഴിച്ചും അവര്‍ കുട്ടിയെ പീഡിപ്പിച്ചു. ഒടുക്കം വ്രണങ്ങള്‍ പഴുത്ത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം ചര്‍ച്ചയായപ്പോള്‍ ബാലവേലയുടെ പേരില്‍ കുറേ കേസെടുത്തുവെന്നല്ലാതെ ശക്തമായ നടപടിയൊന്നും പിന്നീട് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരെ നിരവധികുട്ടികളെ വേലക്കായി കേരളത്തില്‍ കൊണ്ടുവരുന്നുണ്ട്. ഇവരൊക്കെ ക്രൂരമായ ലൈംഗികപീഡനത്തിനും ഇരയാകുന്നു.

നിരവധി ശിശുഹത്യകളാണ് ഓരോവര്‍ഷവും കേരളത്തില്‍ നടക്കുന്നത്. ഒൗദ്യോഗിക കണക്കുപ്രകാരം  വര്‍ഷത്തില്‍ 40ന് മുകളില്‍ കുട്ടികള്‍  പലകാരണങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ട്. 2013 ഒക്ടോബര്‍ തുടക്കത്തില്‍മാത്രം അഞ്ചിലധികം കുട്ടികള്‍ വധിക്കപ്പെട്ടു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ഇതിനെല്ലാം പിന്നില്‍ മാതാവും പിതാവും അടങ്ങുന്ന അടുത്ത ബന്ധുക്കളാണെന്നത് ക്രൂരതയുടെ ആഴം വര്‍ധിപ്പിക്കുന്നതാണ്. ഒക്ടോബറില്‍ നടന്ന ശിശുകൊലപാതകങ്ങളില്‍ മുഴുവന്‍ കുറ്റവാളികള്‍ രക്ഷിതാക്കളോ അവരുടെ സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ ആയിരുന്നു.

അമ്മായി എന്ന കൊലയാളി
സ്വന്തം അമ്മായിയാല്‍ കൊലചെയ്യപ്പെട്ട രാഹുലിന്‍െറ അനുഭവവും മറിച്ചല്ലായിരുന്നു. കുടുംബവഴക്കുകളില്‍ മനംനൊന്തിരിക്കുമ്പോഴും ഏറ്റുമാനൂരിലെ വീട്ടില്‍ രാഹുലിന്‍െറ ചിരിയും കളിയുമായിരുന്നു സന്തോഷം നിറച്ചത്. എന്നാല്‍, ആ ചിരി അധികകാലം ഉയര്‍ന്നുകേട്ടില്ല. സ്വന്തം അമ്മായിതന്നെ രാഹുലിന്‍െറ ഘാതകയായി.  ഏറ്റുമാനൂരിലാണ് രാഹുലിന്‍െറ അച്ഛന്‍െറ വീട്.  അച്ഛന്‍െറ സഹോദരി വിജയമ്മയെ മാതാപിതാക്കളേക്കാള്‍ ഇഷ്ടമായിരുന്നു അവന്. ഊണിലും ഉറക്കത്തിലും അവനുകൂട്ടായി അമ്മായി വേണം. എന്നിട്ടും ഒരു ദിവസം രാത്രിയുറങ്ങിയ 11കാരനെ വിജയമ്മ സാരിത്തലപ്പ്  കഴുത്തില്‍കുരുക്കി കൊലപ്പെടുത്തി.  ആറുവര്‍ഷമായി പിതാവ് ഷാജിയും മാതാവ് ബിന്ദുവും പിണങ്ങി അവരവരുടെ വീടുകളിലായിരുന്നു. രാഹുല്‍ അച്ഛനൊപ്പവും.
സഹോദരന്‍െറ തുടര്‍ജീവിതത്തിന്  രാഹുലാണ് തടസ്സമെന്നും അതിനാലാണ് അവനെ കൊലപ്പെടുത്തിയതെന്നുമാണ് വിജയമ്മ  പറഞ്ഞത്. എന്നാല്‍, ഇത് പൂര്‍ണമായും വിശ്വസിക്കാനാവില്ളെന്ന് പൊലീസ് പറയുന്നു. അന്വേഷണം ഇപ്പോഴും നടക്കുകയാണ്. ഷാജിയുടെയും ബിന്ദുവിന്‍െറയും പിണക്കമില്ലാതാക്കിയത് സ്വന്തം ചോരയില്‍പിറന്ന മകന്‍െറ ജീവന്‍.                                                
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.