പ്രാകൃതരുടെ ദേശമോ കേരളം?

2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 3,34,06,061 ജനങ്ങളാണുള്ളത്. അതില്‍ 34,72,955 പേര്‍ കുട്ടികളാണ്. 34 ലക്ഷം കുട്ടികളുള്ള കേരളത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ കുട്ടികള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ എണ്ണം 10,432. 300 കുട്ടികളില്‍ ഒരാള്‍ വീതം പീഡനത്തിന് ഇരയാകുന്നു എന്നര്‍ഥം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 3525 കുട്ടികളാണ് കേരളത്തില്‍ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായത്. ഇതില്‍തന്നെ 80 ശതമാനവും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത ഈ കണക്ക് പുറത്തുവന്ന കേസില്‍ മുഴുവന്‍ പെണ്‍കുട്ടികളാണ് ഇരയാക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതില്‍ 57 ശതമാനം ആണ്‍കുട്ടികളാണ് എന്നാണ് ഏറ്റവും പുതിയ കണക്ക്.

പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയപോലുള്ള പദ്ധതികള്‍ ഉള്ളപ്പോള്‍തന്നെ ഇരയാക്കപ്പെടുന്ന ആണ്‍കുട്ടികളുടെ സംരക്ഷണത്തിനും മറ്റും മികച്ച സംവിധാനം ഇല്ല. ലൈംഗിക അതിക്രമത്തിന്‍െറ ഇരകള്‍ പെണ്‍കുട്ടികള്‍ മാത്രമാണ് എന്ന തെറ്റായ ധാരണയാണ് ഇതിന് കാരണം. മാത്രമല്ല, പല സ്കൂളുകളിലും കൗണ്‍സലിങ്ങും മറ്റും പ്രധാനമായും പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 2015 നവംബറിലുണ്ടായ ഒരു സംഭവം തന്നെ ഇതിനുദാഹരണമാണ്. കൊല്ലം കൊട്ടാരക്കരയില്‍ രണ്ടാനച്ഛന്‍െറ അതിക്രൂരമായ പീഡനത്തിനാണ് നാലര വയസ്സുകാരന്‍ ഇരയായത്. വെളിയം കോളനി ജയചന്ദ്രവിലാസത്തില്‍ വാടകക്ക് കഴിയുന്ന വര്‍ക്കല  സ്വദേശിനിയുടെ ഇളയമകനാണ് മര്‍ദനമേറ്റത്. ഇവര്‍ക്കൊപ്പം കഴിയുന്ന വെളിച്ചിക്കാല സ്വദേശി പ്രശാന്താണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.  കാലുകളിലും കൈകളിലും പുറത്തും അടിയേറ്റ് മൃതപ്രായനായ നിലയിലാണ് കുട്ടിയെ ആശുപത്രിയിലത്തെിക്കുന്നതുതന്നെ.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കുട്ടികള്‍ കൂടുതല്‍ ലൈംഗിക പീഡനത്തിന് ഇരയായത് കൊല്ലം ജില്ലയിലാണ്. 381 കുട്ടികളാണ് ഇവിടെ അതിക്രമത്തിന് ഇരയായത്. തലസ്ഥാന നഗരിയിലും അവസ്ഥ മറിച്ചല്ല. ഇവിടെ 342 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. 103 കേസ്. സംസ്ഥാന ബാലാവകാശ കമീഷന്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തിരുവനന്തപുരത്തെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലെ കുട്ടികളില്‍നിന്ന് കേട്ടത് ഒരു പരിഷ്കൃത സമൂഹത്തിനും യോജിച്ച കഥകളല്ല. സ്വന്തം സഹോദരന്‍െറ പീഡനത്തിനിരയായ യുവതി മുതല്‍ പിതാവിന്‍െറ പീഡനത്തിനിരയായ ബാലിക വരെ പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലുണ്ട്. നിര്‍ഭയയുടെ കീഴിലുള്ള ക്രൈസിസ് സെല്ലിലേക്ക് നിരന്തരം വരുന്നത് നൂറു കണക്കിന് പുതിയ പീഡനസംഭവങ്ങളാണെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.  കുട്ടികളുടെ അശ്ളീലചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് കേരളീയരാണെന്ന് പഠനങ്ങള്‍തന്നെ തെളിയിക്കുന്നു. അവിടെ തുടങ്ങുന്നു കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍.  

കുട്ടികള്‍ വീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായി അത്യാസന്ന നിലയില്‍ കഴിയുന്ന സംഭവങ്ങളും പീഡനത്തെ തുടര്‍ന്ന് മരിച്ച സംഭവങ്ങളും കേരളത്തില്‍ നിരവധിയാണ്. രണ്ടാനമ്മയുടെ ക്രൂരമായ പീഡനത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ട ആറു വയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ കേരളം മറക്കാന്‍ സമയമായിട്ടില്ല. അദിതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നമ്മുടെ മന$സാക്ഷിയെപോലും ചോദ്യം ചെയ്യുന്നതായിരുന്നു.
ആ കുരുന്നുകള്‍  എവിടെ?
ഇതരസംസ്ഥാനങ്ങളില്‍നിന്നുവരെ നിരവധി കുട്ടികളെ വേലക്കായി കേരളത്തില്‍ കൊണ്ടുവരുന്നുണ്ട്. ഇവരൊക്കെ പലപ്പോഴും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. മണിപ്പൂരില്‍നിന്ന് അവിടത്തെ രാഷ്ട്രീയപ്രശ്നങ്ങളുടെ മറവില്‍ നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് കേരളത്തില്‍ കൊണ്ടുവരുന്നത്. ചില സാമുദായിക സംഘടനകളും ഇതിന് പിന്നിലുണ്ട്. സര്‍ക്കാറിന് ശിശുസംരക്ഷണത്തിനുള്ള  സംവിധാനങ്ങളും സ്ഥാപനങ്ങളും ഒക്കെയുണ്ടെങ്കിലും പലപ്പോഴും കേസില്‍പ്പെട്ട് അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണം മതസ്ഥാപനങ്ങളെ ഏല്‍പിക്കുന്ന പതിവാണ് ഉള്ളത്. ഈ കുട്ടികളുടെ പിന്നീടുള്ള അവസ്ഥ എന്താണെന്ന് അധികൃതര്‍ അന്വേഷിക്കാറില്ല. എറണാകുളത്തെ ഇത്തരത്തിലുള്ള പ്രശസ്തമായ ഒരു അനാഥസംരക്ഷണ സ്ഥാപനം ഇന്നും സംശയത്തിന്‍െറ നിഴലിലാണ്.  100 കണക്കിന് കുട്ടികളാണ് ഇവിടെ ഓരോ മാസവും സംരക്ഷണത്തിന് എത്തുന്നത്.

എന്നാല്‍, ഇവരില്‍ ചിലരെക്കുറിച്ച് പിന്നീട് ഒരു വിവരവും അറിയില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വരെ കുട്ടികളെ ഏല്‍പിക്കുന്നത് ഇവിടെയാണ്. അനാഥാലയങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങളും കുറവല്ല. കൂണ്‍പോലെ മുളച്ചുപൊന്തുന്ന  അനാഥശാലകള്‍ കുട്ടികളുടെ പേരുപറഞ്ഞ് സ്വത്തു വാരിക്കൂട്ടുകയാണ്. ട്രസ്റ്റുകളുടെ മറവിലായതിനാല്‍ കൃത്യമായി പരിശോധിക്കപ്പെടാറുപോലും ഇല്ല. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍നിന്ന് വര്‍ഷാവര്‍ഷം നിരവധി കുട്ടികളെയാണത്രേ ‘കളഞ്ഞുപോകുന്നത്’. ഇവരെക്കുറിച്ചും വേണ്ട രീതിയില്‍ അന്വേഷണം നടക്കാറില്ല. വീട്ടില്‍നിന്നും ഒളിച്ചോടുന്നവരും തട്ടിക്കൊണ്ടുപോകപ്പെടുന്നവരുമായ കുട്ടികളും കുറവല്ല. ആലപ്പുഴയില്‍നിന്ന് കാണാതായ രാഹുല്‍ എന്ന കുട്ടിക്കായി സി.ബി.ഐ പതിറ്റാണ്ടുകളായി അന്വേഷണത്തിലാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കളങ്കമാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും എതിരെയുള്ള അക്രമത്തോളം തന്നെ ക്രൂരത കുട്ടികള്‍ക്കെതിരെയും നിലനില്‍ക്കുന്നു എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍ തലത്തില്‍വരെ നിരവധി സംരംഭങ്ങള്‍ ഉള്ള സാഹചര്യത്തിലാണ് ഈ കൊടുംക്രൂരതകള്‍ നടക്കുന്നത് എന്നത് വിരോധാഭാസമാണ്. ഇത്രയേറെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടും സര്‍ക്കാര്‍ പ്രശ്നത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല. നാളെയുടെ പ്രതീക്ഷകളാണ് ഓരോ ദിവസവും തല്ലിക്കൊഴിക്കപ്പെടുന്ന കുരുന്നുകള്‍. സമൂഹത്തിന് അവരോട് ചില ബാധ്യതകള്‍ ഉണ്ട്. പലവീട്ടിലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് അയല്‍വാസികള്‍ക്കറിയാമെങ്കിലും അവര്‍ ഇടപെടാറില്ല. നിയമത്തെ കുറിച്ച് അവബോധം ഉള്ളവര്‍പോലും ഇടപെടാന്‍ മടിച്ചുനില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനില്ല. നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതോടൊപ്പം സാമൂഹികാവബോധവും വളര്‍ത്തേണ്ടിയിരിക്കുന്നു.               
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT