അരുതാത്തതാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ നടന്നത്. എ.ബി.വി.പി നേതാവിനെ മര്‍ദിച്ചു, യൂനിവേഴ്സിറ്റി ജാതീയവാദികളുടെയും രാജ്യദ്രോഹികളുടെയും കേന്ദ്രമാണ് എന്നീ ആരോപണങ്ങള്‍ ചെന്നത്തെിയത് ദലിത് വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തുന്നതിലേക്കും രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കുമാണ്. കഴിഞ്ഞ ദിവസം പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നത് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എ.ബി.വി.പി നേതാവ് സുശീല്‍കുമാറിനെ മര്‍ദിച്ചിട്ടില്ളെന്നാണ്. വൈസ് ചാന്‍സലര്‍ അപ്പറാവു നുണപറയുകയാണെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. കാമ്പസുകളില്‍ സമരംചെയ്യുക എന്നത് വിദ്യാര്‍ഥി സംഘടനകളുടെ അവകാശമാണ്. ക്രമസമാധാനം തകര്‍ക്കുന്ന നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടത്. യാകൂബ് മേമന്‍െറ വധശിക്ഷയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും മുസഫര്‍ നഗറിനെക്കുറിച്ച ഡോക്യുമെന്‍ററി പ്രദര്‍ശനവും ക്രമസമാധാനം തകര്‍ക്കുന്നവയായിരുന്നില്ല. വിദ്യാര്‍ഥികളുടെ പരിപാടികള്‍ സമാധാനപരമായിരുന്നു. ക്രമസമാധാനത്തിന്‍െറ പേരില്‍ വിദ്യാര്‍ഥികളെ തടയാന്‍ എ.ബി.വി.പിക്കാര്‍ക്ക് എന്തധികാരമാണുള്ളത്. ക്രമസമാധാനപാലന അധികാരം അവര്‍ക്കല്ലല്ളൊ. അവരുടെ വാക്കുകേട്ട് വിദ്യാര്‍ഥികള്‍ക്കെതിരെയല്ല വൈസ് ചാന്‍സലര്‍ നടപടി എടുക്കേണ്ടിയിരുന്നത്. മറിച്ച് നിയമം കൈയിലെടുത്ത എ.ബി.വി.പിക്കാര്‍ക്ക് എതിരെയാണ്. വി.സിയുടെ നടപടി തെറ്റുതന്നെ.
വി.സി പക്ഷപാതിയാണ് എന്നതാണ് രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായ പ്രഥമ ഘടകം. ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ കത്തിനെ തുടര്‍ന്ന് നടപടി നിര്‍ദേശിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി യൂനിവേഴ്സിറ്റിക്ക് കത്തയച്ചതും തെറ്റുതന്നെ. വൈസ് ചാന്‍സലര്‍ എന്തുചെയ്യണമെന്നും എങ്ങനെ പെരുമാറണമെന്നും നിര്‍ദേശിക്കാനുള്ള അധികാരം മന്ത്രിക്കില്ല. പിന്നെ എങ്ങനെ വി.സിക്ക് നിര്‍ദേശം നല്‍കി എന്ന ചോദ്യത്തിന് ഏതൊരു എം.പിയുടെയും കത്തിന് മറുപടി നല്‍കുക തങ്ങളുടെ ബാധ്യതയാണെന്നാണ് മറുപടി. അതു ശരിയാണ്. എന്നാല്‍, അത് നേരിട്ട് വൈസ് ചാന്‍സലര്‍ക്ക് ഉത്തരവായിട്ടല്ല ആകേണ്ടിയിരുന്നത്. ചട്ടപ്രകാരം യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ (യു.ജി.സി) ചെയര്‍മാനാണ് മാനവ വിഭവ മന്ത്രാലയം നോട്ടീസ് അയക്കേണ്ടത്. യു.ജി.സി ആണ് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടേണ്ടത്. യു.ജി.സിക്കു കീഴിലാണ് യൂനിവേഴ്സിറ്റി; മന്ത്രാലയത്തിനു കീഴില്‍ നേരിട്ടല്ല. നോട്ടീസ് ഒരിക്കലാണ് അയച്ചതെങ്കില്‍ തെറ്റുപറ്റിയതാണെന്ന് കരുതാമായിരുന്നു. എന്നാല്‍, മൂന്നുതവണ ആവര്‍ത്തിച്ച് നോട്ടീസയച്ചത് എന്തര്‍ഥത്തില്‍? ഇത് വ്യക്തമാക്കുന്നത് സ്മൃതി ഇറാനി മന്ത്രാലയത്തെ അല്ല, മറിച്ച് എ.ബി.വി.പിയെയാണ് പ്രതിനിധാനംചെയ്തതെന്നാണ്. തന്‍െറ സംഘടനയുടെ ഭാഗമായ എ.ബി.വി.പിയെ രക്ഷിക്കാന്‍ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയാണ് സ്മൃതി ഇറാനി ചെയ്തത്. ദലിത് വിദ്യാര്‍ഥികളെ അപമാനിക്കുന്ന നടപടിയാണത്. ആരെയും അപമാനിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. കോടതിക്കു പോലുമില്ലാത്ത ആ അധികാരം എങ്ങനെ മന്ത്രിക്കും വി.സിക്കുമുണ്ടായി.
രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ടത്രെ. ഇനിയെന്തിനാണ് ഒരന്വേഷണം? കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മുമ്പിലുണ്ട്. വേണ്ടത് നിയമ നടപടിയാണ്. വി.സിയെ ഉടനടി മാറ്റണമായിരുന്നു. വൈകാതെ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. അദ്ദേഹത്തിന്‍െറ നടപടികളാണ് രോഹിതിനെ ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യപ്രേരണക്കും ദലിത് അതിക്രമത്തിനും വി.സിക്കെതിരെ മാത്രമല്ല കേസെടുക്കേണ്ടത്, സ്മൃതി ഇറാനിക്കെതിരെയും കേസെടുക്കണം. ആവര്‍ത്തിച്ച് നോട്ടീസയക്കുകവഴി സ്മൃതി ഇറാനിയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകതന്നെയാണ് ചെയ്തത്. അവര്‍ രാജ്യത്തിന്‍െറ മന്ത്രിയാണ് അല്ലാതെ നാടിന്‍െറ റാണിയല്ല. എത്രയും പെട്ടെന്ന് പൊലീസ് കേസ് അന്വേഷണം നടത്തി നടപടികള്‍ പൂര്‍ത്തിയാക്കണം.
രോഹിത് വെമുല അടക്കം സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളില്‍ ആരോപിക്കപ്പെടുന്ന ഒന്ന് മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി യാകൂബ് മേമന്‍െറ വധശിക്ഷയെ എതിര്‍ത്തു എന്നതാണ്. അംബേദ്കര്‍ വാദികളുടെ നിലപാട് വ്യക്തമാണ്. എതിര്‍ത്തത് വധശിക്ഷയെയാണ്. മേമന്‍ കുറ്റക്കാരനല്ളെന്ന വാദമല്ല ഉള്ളത്്. കോടതി വിധി തെറ്റാണെന്ന വാദവുമില്ല. മേമനെ ആജീവനാന്തം ജയിലിലടക്കുകയായിരുന്നു വേണ്ടത്. ഇന്ത്യന്‍ ഏജന്‍സികള്‍ തിരഞ്ഞു കണ്ടുപിടിച്ചതല്ല മേമനെ. അയാള്‍ പശ്ചാത്താപത്തോടെ വന്ന് കീഴടങ്ങിയതാണ്. പശ്ചാത്താപവുമായി വന്നവനെ ആജീവനാന്തം തടവറയിലാക്കുന്നതിനുപകരം തൂക്കിക്കൊന്നാല്‍ അത് നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. കുറ്റം ചെയ്താല്‍ കീഴടങ്ങാനുള്ള ധൈര്യം അത് പുതുതലമുറയില്‍ ഉണ്ടാക്കില്ല. ഈ സംവിധാനത്തോടുള്ള വിശ്വാസം പുതുതലമുറക്ക് നഷ്ടപ്പെടും.
നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ എല്ലാവരിലും ഭയമുണ്ട്. ദലിതുകളിലും ന്യൂനപക്ഷങ്ങളിലും പേടിയും ആശങ്കയും സമൂഹത്തിലെ മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. അവര്‍ ഒരുപാട് അനുഭവിച്ചവരാണ്. ഒന്നും നേടാത്തവരാണ്. ഭരണകൂടത്തിന്‍െറ അസഹിഷ്ണുത പേടിപ്പിക്കുന്നു. വ്യക്തികളിലെ അസഹിഷ്ണുത ഓരോരുത്തരിലും ഒതുങ്ങുന്നതാണ്. എന്നാല്‍, ഭരണകൂടത്തിന്‍േറത് അങ്ങനെയല്ല. ബി.ജെ.പി വളമിട്ട ഭരണകൂട അസഹിഷ്ണുത പെരുകുകയാണ്. അതിന്‍െറ ആദ്യ പ്രഹരം സ്വാതന്ത്ര്യത്തിന്മേലാകും. സ്വാതന്ത്ര്യത്തെ ബലിനല്‍കാന്‍ ആരും ഒരുക്കമല്ല. എന്നാല്‍, സ്വാതന്ത്ര്യത്തെ അടിയറവെക്കേണ്ട അവസ്ഥയിലേക്കാണ് ഭരണകൂട അസഹിഷ്ണുത വലവിരിക്കുന്നത്. അത് ജനങ്ങളെ പേടിപ്പെടുത്തുന്നു. ജനം അസ്വസ്ഥരാണ്. മടുപ്പും നിരാശയും മൂലം ഒരിക്കല്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസിലേക്കുതന്നെ മടങ്ങാനുള്ള ചിന്ത ജനങ്ങളില്‍ മുളപൊട്ടുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇപ്പോഴും ആ പഴയ അവസ്ഥയില്‍തന്നെയാണ്. മെച്ചപ്പെടലിന്‍െറ ലക്ഷണങ്ങള്‍ അവരില്‍ കാണുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജനം മുഖ്യ ശത്രുവായി കണ്ടത് കോണ്‍ഗ്രസിനെയായിരുന്നു. കോണ്‍ഗ്രസിനെ മടുത്ത യുവ തലമുറയാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്. അതിനിടയില്‍ അപ്രതീക്ഷിതമായി മോദി ഒ.ബി.സിക്കാരനായി അവതരിപ്പിക്കപ്പെട്ടു.
മോദി ഒ.ബി.സിക്കാരനാണെന്നത് തെരഞ്ഞെടുപ്പ് കാലത്ത് അപ്രതീക്ഷിതമായി ജനങ്ങള്‍ക്കിടയിലുണ്ടായ പ്രചാരണമായിരുന്നു എന്നാണ് ഇപ്പോള്‍ ബി.ജെ.പി പറയുന്നത്. ഒ.ബി.സി കാര്‍ഡ് ബി.ജെ.പി മതിയാക്കണം. മോദി ഗുണകരമായി ഭരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍, ജനം പ്രതീക്ഷിച്ചതുപോലെ ഭരണം നടത്താന്‍ മോദിക്കു കഴിയുന്നില്ല. വര്‍ത്തമാന കാലത്തെക്കുറിച്ചു മാത്രമാണ് മോദിയുടെ ആശങ്ക. ഭാവിയെക്കുറിച്ച് ആശങ്കയേ ഇല്ല. വന്നാല്‍ കാണാമെന്ന മട്ട്. ഒരു കാര്യം പറയാം, മികച്ച ഭരണം കാഴ്ചവെക്കാനായില്ളെങ്കില്‍ കോണ്‍ഗ്രസിന് സംഭവിച്ചതുതന്നെ ബി.ജെ.പിക്കും സംഭവിക്കും. ജനം നിരാശരാണ്. അത് പരിഹരിച്ചില്ളെങ്കില്‍ ഒരിക്കല്‍ തങ്ങള്‍ പുറത്താക്കിയവരിലേക്കുതന്നെ മടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ സംഭവങ്ങള്‍ ദലിത് വിദ്യാര്‍ഥികളെ മാത്രമല്ല മാനുഷികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഉണര്‍ത്തിയിരിക്കുന്നു. ജാതീയമായ അയിത്തം പതുക്കെപ്പതുക്കെ തകരുകയാണ് എന്നതാണ് ശുഭകരമായ തിരിച്ചറിവ്. പുതുതലമുറക്കാര്‍ക്കിടയില്‍ ജാതിയും മതവും മുഖ്യ വിഷയമല്ളെന്ന് ഇനിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കണം. സമ്മര്‍ദങ്ങളിലൂടെ ആരെയെങ്കിലും ആത്മഹത്യയിലേക്ക് തള്ളിവിട്ടാല്‍ നോക്കിനില്‍ക്കില്ളെന്ന മുന്നറിയിപ്പാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റി സംഭവത്തിനെതിരെയുള്ള പ്രതികരണത്തിലൂടെ യുവ തലമുറ നല്‍കുന്നത്്. അത് നല്ല അടയാളമാണ്.
ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറുടെ പൗത്രനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമാണ് ലേഖകന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.