ഉലയുന്ന സര്‍ക്കാറിന് പിടിവള്ളി

വിധി, മൊഴി, പ്രതിഷേധം, രാജി തുടങ്ങിയവയില്‍ ഉലഞ്ഞ സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസമായി ഒടുവില്‍ ഹൈകോടതി ഉത്തരവ്. സംസ്ഥാന രാഷ്ട്രീയത്തിലെ അസാധാരണ കാഴ്ചകള്‍ക്കാണ് വ്യാഴാഴ്ച കേരളം സാക്ഷിയായത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരായ വിധിയില്‍ തുടങ്ങിയ സംഭവവികാസങ്ങള്‍, തിരുവനന്തപുരത്ത് ആര്‍.എസ്.പിയിലെ കോവൂര്‍ കുഞ്ഞുമോന്‍െറ എം.എല്‍.എ സ്ഥാനത്തുനിന്നുള്ള രാജിയിലാണ് അവസാനിച്ചത്. വിജിലന്‍സ് കോടതി വിധിയോടെ മന്ത്രിസഭയുടെ രാജിയടക്കം  സംഭവിക്കാമെന്ന ഉദ്വേഗജനകമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, ഈ കേസിലല്ളെങ്കിലും കെ. ബാബുവിന്‍െറ രാജിയില്‍ കലാശിച്ച തൃശൂര്‍ വിജിലന്‍സ് കോടതിവിധി ഹൈകോടതി സ്റ്റേ ചെയ്തതോടെ ഉമ്മന്‍ ചാണ്ടി  അത് പിടിവള്ളിയാക്കുകയായിരുന്നു. ഇത് സര്‍ക്കാറിനെ താല്‍ക്കാലികമായെങ്കിലും രക്ഷിച്ചെങ്കിലും യു.ഡി.എഫ്  എം.എല്‍.എയുടെ രാജിയോടെ മറ്റൊരു പ്രതിസന്ധി തുടങ്ങുകയും ചെയ്തു. ഹൈകോടതി ഉത്തരവോടെ, മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശരീരഭാഷയിലടക്കം വ്യത്യാസം വന്നെന്നു മാത്രമല്ല, ‘എന്തിന് രാജിവെക്കണമെന്ന’ ചോദ്യം അദ്ദേഹം ഉയര്‍ത്തുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മന്ത്രി രമേശ് ചെന്നിത്തലയും രാജിയില്ളെന്ന സൂചനതന്നെയാണ്  നല്‍കിയത്.
ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള  കോടതി ഉത്തരവോടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. സോളാര്‍ കേസില്‍, സമാന ഉത്തരവ് തന്നെ മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായതോടെ അദ്ദേഹത്തിന്‍െറ രാജി സ്വാഭാവിക ആവശ്യമായി ഉയരുകയായിരുന്നു. എന്നാല്‍, അതിനിടെയാണ് ബാബുവിന്‍െറ കേസില്‍ ഹൈകോടതി സ്റ്റേ വന്നത്. ഇത് മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും കാര്യത്തില്‍ ആവര്‍ത്തിക്കണമെന്നില്ല. എങ്കിലും വിജിലന്‍സ് കോടതി നടപടിക്കെതിരെ ഹൈകോടതി നടത്തിയ പരാമര്‍ശങ്ങളോടെ വിജിലന്‍സ് കോടതിയില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമെന്ന സംശയമുയര്‍ത്താന്‍ ഭരണപക്ഷത്തിനാവുകയും ചെയ്തു. ആറുദിവസമായി മുഖ്യമന്ത്രിയുടെ കൈയിലിരിക്കുന്ന ബാബുവിന്‍െറ രാജി ഗവര്‍ണര്‍ക്ക് കൈമാറില്ളെന്നും ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.
ഹൈകോടതിവിധി ആശ്വാസമായപ്പോഴാണ് മറ്റൊരടിയായി കോവൂര്‍ കുഞ്ഞുമോന്‍െറ രാജിപ്രഖ്യാപനമുണ്ടായത്. യു.ഡി.എഫ് വിടാന്‍ അവസരം കാത്തുകഴിയുകയായിരുന്ന അദ്ദേഹം കോടതി ഉത്തരവ് വന്നതോടെ  രാജി പ്രഖ്യാപിക്കുകയായിരുന്നു. ഒരു എം.എല്‍.എയുടെ  രാജി മുന്നണിക്ക് പ്രശ്നമൊന്നുമുണ്ടാക്കില്ളെങ്കിലും മുന്നണി വിടാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഇത് പ്രചോദനമായാല്‍ അത് പ്രതിസന്ധിയാവും.
മുഖ്യമന്ത്രിക്കെതിരെ സരിത നായര്‍ സോളാര്‍ കമീഷനുമുമ്പില്‍  നല്‍കിത്തുടങ്ങിയ മൊഴി വ്യാഴാഴ്ചയും തുടര്‍ന്നു. സത്യം പറയാനുള്ള അവസാന അവസരമെന്ന നിലയിലാണ് തന്‍െറ തുറന്നുപറച്ചിലെന്നാണ് അവര്‍  പറയുന്നത്. മറ്റു ചില കോണ്‍ഗ്രസ് നേതാക്കളെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. സരിതയുടെ വെളിപ്പെടുത്തലിനത്തെുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാഴാഴ്ച പുലര്‍ച്ചെ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നാരംഭിച്ച പ്രതിഷേധം മലപ്പുറത്തും സെക്രട്ടേറിയറ്റിനുമുന്നിലും തുടര്‍ന്നു. സെക്രട്ടേറിയറ്റിലേത് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.