റമദാന്‍ തുടങ്ങുന്നതിന്‍െറ തലേദിവസമാണ് മൈസൂമയിലെ ഒരു ചായക്കടയില്‍ ഉമര്‍ ഇംതിയാസ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. കശ്മീരിന്‍െറ കൂടെ ഉമറും റമദാനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. മുടിയും താടിയും കൃത്രിമമായ ചായം പൂശുന്നത് മുതല്‍ കൃത്യമായി പള്ളിയിലത്തെുന്നതടക്കമുള്ള ഒരുപാട് പദ്ധതികളതിലുണ്ട്. ഉച്ചയോടടുത്താണ് കട തുറക്കാന്‍ ഉമര്‍ മൈസൂമയിലത്തെുന്നത്. യാസീന്‍ മാലികിന്‍െറ താമസസ്ഥലമാണ് മൈസൂമ. എന്നും പട്ടാള വലയത്തിനുള്ളില്‍ കിടക്കുന്ന ശ്രീനഗറിലെ റെഡ് അലര്‍ട്ട് ഏരിയകളിലൊന്ന്. തലേന്നാള്‍ യാസീന്‍ മാലികിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഉച്ചവരെ കടകള്‍ അടച്ചിട്ടിരിക്കുന്നു.
റമദാന്‍ ഒന്നിന് ‘ഗ്രേറ്റര്‍ കശ്മീര്‍’ പത്രത്തിന്‍െറ പ്രധാന തലക്കെട്ട് ‘Don't put Kashmir on fire’ എന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയായിരുന്നു. ആ പ്രസ്താവന കൂടുതല്‍ അര്‍ഹിച്ചിരുന്നത് ഭരണപക്ഷമായിരുന്നെങ്കിലും മെഹബൂബയുടെ ഉന്നം പ്രതിപക്ഷവും വിഘടന വാദി നേതാക്കളുമായിരുന്നു. നോമ്പും പെരുന്നാളും കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ കശ്മീര്‍ ആളിക്കത്തുകയാണ്. അമ്പതോളം സിവിലിയന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്ക്ഗുരുതരമായി പരിക്കേറ്റു. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, ആന്തരികാവയവങ്ങള്‍ക്ക് മാരകമായ പരിക്കേറ്റവര്‍. ഇങ്ങനെ കേള്‍ക്കുന്നതും കേള്‍ക്കാത്തതുമായി ഒരുപാട് ദുഃഖം നിറഞ്ഞ വാര്‍ത്തകള്‍. ഇതിനിടയില്‍ മെഹബൂബയുടെ വാക്കുകള്‍ നിശ്ശബ്ദമാവുകയോ അതിന് വിലയില്ലാതാവുകയോ ചെയ്തിരിക്കുന്നു. യഥാര്‍ഥത്തില്‍ പി.ഡി.പി-ബി.ജെ.പി മുന്നണി അധികാരത്തില്‍വന്നതോടെ, പ്രത്യേകിച്ച് മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണത്തോടെ കശ്മീരിന്‍െറ ഭരണം ശ്രീനഗറില്‍നിന്ന് പൂര്‍ണമായും ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെടുകയാണ് ചെയ്തത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഒന്നാം നാള്‍ മുതല്‍ തുടര്‍ച്ചയായി പ്രകോപനപരമായ ഒരു പാട് നയങ്ങള്‍ക്ക് കശ്മീരികള്‍ സാക്ഷ്യം വഹിച്ചു കൊണ്ടേയിരിക്കുകയാണ്.
യാസീന്‍ മാലിക് അറസ്റ്റ് ചെയ്യപ്പെട്ടതിന്‍െറ കാരണം കൗതുകകരമാണ്. 1987ല്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ടാണ് അന്ന് യാസീന്‍ മാലികിനെ അറസ്റ്റ് ചെയ്തത്. കശ്മീരിന്‍െറ ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആ തെരഞ്ഞെടുപ്പ്. അന്നത്തെ തെരഞ്ഞെടുപ്പ് ഫലം അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്‍െറ മുന്‍കൈയില്‍ അട്ടിമറിച്ചില്ലായിരുന്നെങ്കില്‍ താഴ്വരയുടെ ചരിത്രംതന്നെ മറ്റൊന്നാവുമായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ അധികൃതരുടെ ജനാധിപത്യവിരുദ്ധ നടപടിയാണ് കശ്മീരിലെ സായുധ വിഘടനവാദി സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന് ജന്മം നല്‍കുന്നത്. പാര്‍ലമെന്‍റ് ജനാധിപത്യത്തിലുള്ള വിശ്വാസം കശ്മീരികള്‍ക്ക് പൂര്‍ണമായി നഷ്ടപ്പെടുന്നത് അന്നാണ്. ഈയൊരു സമയത്തുതന്നെയാണ് യാസീന്‍ മാലികിന്‍െറ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും രൂപവത്കരിക്കുന്നത്. അന്നുനടന്ന ഒരു പ്രകടനവുമായി ബന്ധപ്പെട്ടാണ് 29 വര്‍ഷങ്ങള്‍ക്കുശേഷം യാസീന്‍ മാലികിനെ അറസ്റ്റു ചെയ്യുന്നത്. കശ്മീര്‍ പ്രശ്നപരിഹാരം ചര്‍ച്ചയിലൂടെ മാത്രമാണെന്ന് ഉറച്ചുവാദിച്ച പി.ഡി.പി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നിരന്തരം ഇത്തരം അപക്വമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. മേയ് 25നുശേഷം ഏഴു തവണയാണ് മാലിക് അറസ്റ്റ് ചെയ്യപ്പെട്ടത്. സയ്യിദ് അലിഷാ ഗീലാനി ആറു വര്‍ഷത്തോളമായി വീട്ടുതടങ്കലിലാണ്.
കശ്മീരികളുടെ ദൃഷ്ടിയില്‍ ‘സമാധാനപരമായി സമരം ചെയ്യുന്നവരെ പോലും അമര്‍ച്ച ചെയ്യാനുള്ള’ ശ്രമമാണ് കുറേക്കാലമായി പൊലീസും പട്ടാളവും കശ്മീരില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലൂടെ ബി.ജെ.പിയുടെ ചിരകാലാഭിലാഷമായ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയാനുള്ള ശ്രമവും ശക്തമായി നടക്കുന്നുണ്ട്. പണ്ഡിറ്റ് കോളനി, സൈനിക കോളനി, കശ്മീരിനെ നീറ്റ് പരീക്ഷയുടെ ഭാഗമാക്കല്‍, കശ്മീരി ഭാഷക്ക് ദേവനാഗരി ലിപിയുണ്ടാക്കല്‍, ബീഫ് നിരോധം തുടങ്ങി തികച്ചും പ്രകോപനപരവും യുക്തിരഹിതവുമായ തീരുമാനങ്ങളാണ് ഒന്നാം നാള്‍ മുതല്‍ മെഹബൂബ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പണ്ഡിറ്റുകളുടെ തിരിച്ചുവരവ്
ഏതാനും നാളുകളായി കശ്മീരിലെ മാധ്യമങ്ങളില്‍ ഏറ്റവും നിറഞ്ഞുനില്‍ക്കുന്ന ചര്‍ച്ച പണ്ഡിറ്റുകള്‍ക്കും വിരമിച്ച സൈനികര്‍ക്കും വേണ്ടി നിര്‍മിക്കാനൊരുങ്ങുന്ന കോളനികളെക്കുറിച്ചായിരുന്നു. ഇത് 370ാം വകുപ്പ് പ്രകാരമുള്ള സ്വത്ത് കൈവശാവകാശത്തില്‍ കൈകടത്തുമെന്ന് ഉറപ്പാണ്. കശ്മീരില്‍നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുവരുന്നത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കശ്മീരികള്‍ പറയുന്നു. ഇത് ‘കശ്മീരത’യുടെ ഭാഗമാണെന്നും പണ്ഡിറ്റുകള്‍ സഹോദരങ്ങളാണെന്നും അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കൊപ്പം ജീവിക്കണമെന്നും ഹുര്‍റിയത്തും ജെ.കെ.എല്‍.എഫും ഹിസ്ബുല്‍ മുജാഹിദീനുമടക്കം എല്ലാ തീവ്രവാദി സംഘടനകളും പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഫലസ്തീനില്‍ നിര്‍മിക്കപ്പെട്ട ഇസ്രായേല്‍ മോഡല്‍ അധിവാസകേന്ദ്രങ്ങളും വ്യത്യസ്ത ടൗണ്‍ഷിപ്പുകളും നിര്‍മിക്കാനുള്ള പിടിവാശിയിലാണ് ബി.ജെ.പി. ഇത് കശ്മീരിന്‍െറ ജനസംഖ്യാനുപാതത്തെതന്നെ മാറ്റിവരയ്ക്കാനുള്ള ഗൂഢനീക്കമായാണ് വിഘടനവാദ നേതാക്കളും ചില രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികള്‍ കശ്മീരില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. തൊണ്ണൂറിലെ പലായനത്തിനുശേഷം പല പണ്ഡിറ്റ് കുടുംബങ്ങളും മടങ്ങിവന്നിരുന്നു. അവര്‍ക്ക് പിന്നീടൊരിക്കലും യാതൊരുവിധ വെല്ലുവിളിയും നേരിടേണ്ടിവന്നിട്ടില്ല എന്നത് ഒരാള്‍ക്കും തള്ളിക്കളയാനാവാത്ത സത്യമാണ്. കുപ്വാരയില്‍ മാത്രം നാന്നൂറോളം പണ്ഡിറ്റ് കുടുംബങ്ങള്‍ ഒറ്റക്കും കുടുംബമായും കശ്മീരിലെ മുസ്ലിം വീടുകളില്‍തന്നെ താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കശ്മീരില്‍ ജീവിക്കുന്ന നല്ളെ്ളാരു വിഭാഗം പണ്ഡിറ്റുകളും രാഷ്ട്രീയപ്രേരിതമായ ഈ നീക്കത്തെ എതിര്‍ക്കുന്നവരാണ്.
കശ്മീരില്‍ ഉയര്‍ന്നുവരുന്ന ഓരോ സമരത്തെയും സൈന്യം വന്‍ ആയുധ സന്നാഹങ്ങളുമായാണ് നേരിടുന്നത്. ജനങ്ങളെ വിരട്ടാനായി പെല്ലറ്റ് ഉപയോഗിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാവുന്ന പരിക്കുകളുമൊക്കെ ചര്‍ച്ചയാവുന്നത് ഈയിടെയാണെങ്കിലും കശ്മീരികള്‍ക്ക് ഇത് അവരുടെ ഓരോ വെള്ളിയാഴ്ചയുടെയും ജനാസ നമസ്കാരങ്ങളുടെയും പെരുന്നാള്‍ നമസ്കാരങ്ങളുടെയും ഭാഗമാണ്. ജാമിഅ മസ്ജിദിലെ ജുമുഅ നമസ്കാരത്തിനുശേഷം തന്‍െറ ശരീരത്തില്‍ തറച്ച പെല്ലറ്റുകളെ കാണിച്ചുതന്ന് ഇങ്ങനെയൊരു ആയുധത്തെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിത്തരുന്നത് ഒരു എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. മലമുകളില്‍ മഞ്ഞുരുകിത്തുടങ്ങിയാല്‍ താഴ്വരയില്‍ ചോരയൊഴുകാന്‍ തുടങ്ങും. ഓരോ വേനല്‍ക്കാലവും കശ്മീരികള്‍ക്ക് ഏറ്റുമുട്ടല്‍ കാലമാണ്. ഇതില്‍ പലതും വ്യാജ ഏറ്റുമുട്ടലുകളാവുന്നു . ബെമിന സ്വദേശിയായ യുവാവിനെ ജമ്മുവില്‍ പട്ടാളം വധിച്ചത് കഴിഞ്ഞമാസം വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. വെടിവെപ്പിനിടയില്‍ മറ്റൊരു യാത്രക്കാരി കൂടെ കൊല്ലപ്പെട്ടിരുന്നു. ഇതിനോടൊക്കെയുള്ള ജനങ്ങളുടെ പ്രതികരണം വല്ലാതെ മാറിയിരിക്കുന്നു. ഒരു കാലത്ത് കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ ജനാസ നമസ്കാരത്തിനായിരുന്നു ജനങ്ങള്‍ ഒഴുകിയത്തെിയതെങ്കില്‍ ഇന്ന് തീവ്രവാദികളാണ് കശ്മീരി യുവാക്കളുടെ ഹീറോ. ഭയത്തിന്‍െറ കറുത്ത മുഖംമൂടികളില്‍നിന്ന് അവര്‍ പുറത്തുവന്നിരിക്കുന്നു. ഇന്ന് അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അഭിലാഷങ്ങളില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന വിഘടനവാദ സംഘടന മുന്‍നിര സ്ഥാനം നേടുന്നുണ്ട്.
ബുര്‍ഹാന്‍ വധം
തൊണ്ണൂറുകളുടെ സായുധ പോരാട്ടങ്ങളെ പാകിസ്താനും പല രാഷ്ട്രീയക്കാരും പലതരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന സായുധപോരാട്ടങ്ങളെ ചൂഷണം ചെയ്യുക ഒരാള്‍ക്കും സാധ്യമല്ളെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈയൊരു മാറ്റമാണ് ബുര്‍ഹാന്‍ വാനി എന്ന ചെറുപ്പക്കാരന്‍ യുവാക്കളില്‍ ഉണ്ടാക്കിയെടുത്തത്. ചായക്കടകളിലെയും തീന്മേശകളിലെയും ന്യൂസ് റൂമുകളിലെയും സ്ഥിര സാന്നിധ്യമായിരുന്നു ബുര്‍ഹാന്‍. അതുകൊണ്ടുതന്നെ ബുര്‍ഹാന്‍െറ മരണം കശ്മീരികളിലുണ്ടാക്കിയ ആഘാതം അത്ര ചെറുതല്ല. ഗുല്‍മര്‍ഗില്‍നിന്ന് ശ്രീനഗറിലേക്ക് മടങ്ങിവരുന്ന വഴിയിലാണ് ബുര്‍ഹാന്‍െറ മരണം അറിയുന്നത്. രണ്ട് മണിക്കൂറോളം ചുരത്തിനു മുകളില്‍ ഞങ്ങളുടെ വാഹനം പട്ടാളത്തിന്‍െറ പരിശോധനയില്‍ കുടുങ്ങി. അല്‍പം ദൂരം പിന്നിട്ടപ്പോഴാണ് ‘ബുര്‍ഹാന്‍ തെരേ ഖൂന്‍ സെ ഇങ്ക്വിലാബ് ആയേഗാ’ (ബുര്‍ഹാന്‍, നിന്‍െറ രക്തത്തില്‍നിന്ന് വിപ്ളവമുണ്ടാവും) എന്ന മുദ്രാവാക്യം വഴിമധ്യേ കേള്‍ക്കുന്നത്. കുറേനാളായി കശ്മീരില്‍ ജീവിക്കുന്ന, ഒരാള്‍ എന്ന അര്‍ഥത്തില്‍ ഈ വാര്‍ത്ത ഒരു ഞെട്ടല്‍തന്നെയായിരുന്നു. ആളുകള്‍ തങ്ങളുടെ വാഹനങ്ങളൊക്കെ റോഡിന്‍െറ നടുവിലുപേക്ഷിച്ച് സമരക്കാരാവുകയാണ്.
രണ്ടു വര്‍ഷത്തിനിടയിലാണ് ഹിസ്ബുല്‍ മുജാഹിദീന്‍െറ വളര്‍ച്ച അതിന്‍െറ പാരമ്യത്തിലത്തെുന്നത്. പരസ്യമായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും നാട്ടുകാരെ അറിയിച്ചും രക്ഷാകര്‍ത്താക്കളുടെ പ്രാര്‍ഥനയോടും കൂടിയാണ് വിദ്യാസമ്പന്നരായ യുവാക്കള്‍ ഭീഷണി മുഴക്കുന്നത്. ഇതിനെപ്പറ്റിയൊന്നും കാര്യമായ പഠനങ്ങള്‍ നടത്താതെ കേന്ദ്ര സര്‍ക്കാര്‍ പാകിസ്താനെ പഴിക്കുകയാണ്. എന്തുകൊണ്ട് യുവാക്കള്‍ തങ്ങളുടെ ക്ളാസ് മുറികളില്‍നിന്ന് മരണത്തിന്‍െറ വഴിയിലേക്ക് ഇറങ്ങിത്തിരിക്കുന്നു എന്ന ചോദ്യത്തിന് ഓരോ കശ്മീരിക്കും പറയാനുള്ളത് അവരനുഭവിച്ച പ്രയാസങ്ങളുടെ കഥകളാണ്. അവര്‍ക്ക് നഷ്ടപ്പെട്ട, അല്ളെങ്കില്‍ എന്ത് സംഭവിച്ചു എന്നറിയാത്ത അവരുടെ പിതാക്കളെപ്പറ്റിയും സഹോദരങ്ങളെപ്പറ്റിയുമാണ്. നാല്‍പതുകാരനായ ബഷീര്‍ സാബിനും നാലാം ക്ളാസുകാരനായ ശക്കീലിനുമൊക്കെപറയാനുള്ളത് ഒന്നുതന്നെ. ആയുധബലത്തിന്‍െറ ദുരഹങ്കാരവും ദുരഭിമാനവും മാറ്റിവെച്ച് യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാവണം. അപ്പോഴേ പ്രശ്നപരിഹാരം ഉരുത്തിരിയൂ.
(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മാസ് കമ്യുണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.