പുതിയ വനിതാകമീഷന്‍ രൂപവത്കരിക്കുമ്പോള്‍

2016 മേയ് 25ന് പിണറായി വിജയന്‍െറ നേതൃത്വത്തില്‍ പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍  അധികാരത്തില്‍വന്നു. അഞ്ചുവര്‍ഷത്തെ യു.ഡി.എഫ് ഭരണം അവസാനം സോളാര്‍, ബാര്‍കോഴ തുടങ്ങിയ പ്രശ്നങ്ങളില്‍ അങ്ങേയറ്റം ചീഞ്ഞുനാറിക്കൊണ്ടാണ് അവസാനിച്ചത്. എല്ലാറ്റിനും മകുടം ചാര്‍ത്തിക്കൊണ്ടുവന്ന ജിഷ കേസ് അവസാനത്തെ ആണിയായിരുന്നുവെന്ന് പറയാം. ഈ കേസുകളിലൊക്കെ വനിതാ കമീഷന്‍െറ പങ്കെന്താണ് എന്നത് ഒരു പ്രധാനപ്പെട്ട വിഷയമാണ്.

സ്ത്രീക്കെതിരായ അതിക്രമങ്ങള്‍ ഒരു സാമൂഹികപ്രശ്നമായി അംഗീകരിക്കപ്പെട്ടതുമുതല്‍ വനിതാകമീഷന്‍ ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും വേണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം വന്നു. കേരളത്തില്‍ ആദ്യത്തെ വനിതാകമീഷന്‍ നിലവില്‍വന്നപ്പോള്‍ സ്ത്രീപ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ വളരെയേറെ പ്രതീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പ്രശ്നങ്ങളുന്നയിക്കുന്ന ഞങ്ങളെപോലുള്ള പ്രവര്‍ത്തകര്‍ അന്നുവരെ സ്ത്രീജീവിതത്തെ ബാധിക്കുന്ന ഏതുകാര്യവും സ്വകാര്യമാണെന്നും ഇത്തരം അതിക്രമങ്ങള്‍ പൊതുസമൂഹം കൈകാര്യം ചെയ്യേണ്ട വിഷയമല്ളെന്നും കരുതിപ്പോന്ന മൂല്യവ്യവസ്ഥയത്തെന്നെ ഇളക്കിമറിച്ചു.
തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ എതിരാളിയെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും പ്രമാദമായ ഇത്തരം കേസുകള്‍ക്ക് (തങ്കമണി സംഭവം ഒരു ഉദാഹരണം) രാഷ്ട്രീയപാര്‍ട്ടികളും കൊടുത്തില്ല. ഈയൊരു പശ്ചാത്തലത്തിലാണ് വനിതാകമീഷന്‍ പിറവികൊണ്ടത്.

വനിതാ കമീഷന്‍െറ പ്രഥമ അധ്യക്ഷയായി നിയമിക്കപ്പെട്ടത് സുഗതകുമാരി ടീച്ചറാണ്. കമീഷനിലെ മറ്റംഗങ്ങള്‍ പാര്‍ട്ടികളുടേയും മുന്നണികളുടെയും നോമിനികളായിരുന്നു. എങ്കിലും, സുഗതകുമാരി ടീച്ചര്‍ക്ക് വനിതാകമീഷനിലെ പദവിയിലൂടെ സ്ത്രീപീഡന പ്രശ്നങ്ങളിലിടപെടാന്‍ കഴിയുമെന്ന് സ്ത്രീസമൂഹം പ്രതീക്ഷിച്ചു. തുടര്‍ന്നുള്ള അനുഭവങ്ങള്‍ വളരെ വേദനജനകവും നിരാശജനകവുമായിരുന്നു. പല പ്രശ്നങ്ങളിലും ഇടപെടാന്‍ ശ്രമിച്ച സുഗതകുമാരി ടീച്ചറേയും വനിതാകമീഷനെയും പ്രതിചേര്‍ത്തുകൊണ്ട് പത്തിരുപത് കേസുകളാണ് ഹൈകോടതിയിലുണ്ടായിരുന്നത്. പൊലീസിന്‍െറയും ജുഡീഷ്യറിയുടെയും നിസ്സഹകരണം, സര്‍ക്കാര്‍ വേണ്ടത്ര പ്രവര്‍ത്തനഫണ്ട് നല്‍കാതിരിക്കുക, വനിതാകമീഷന് നിയമപ്രകാരം സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ ഇല്ലാതിരിക്കുക എന്നീ തടസ്സങ്ങള്‍ക്ക് പുറമെ പ്രശ്നങ്ങളില്‍ വിശാലമായ സ്ത്രീതാല്‍പര്യങ്ങളോടുള്ള പ്രതിബദ്ധതക്ക് പകരം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കുന്ന കമീഷന്‍ അംഗങ്ങള്‍- ഇത്തരം സാഹചര്യങ്ങളൊക്കെയും പിറകോട്ടുവലിച്ച കമീഷന് സ്ത്രീസമൂഹത്തിന്‍െറ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ഐസ്ക്രീം പാര്‍ലര്‍ കേസിലെ അനുഭവങ്ങള്‍മാത്രം ഒരുദാഹരണമായെടുക്കാം. ആവശ്യമായ തെളിവുകള്‍ ശേഖരിച്ച് ഈ കേസന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന പ്രമേയം കമീഷനില്‍ വോട്ടിനിട്ടപ്പോള്‍ അധ്യക്ഷയുടെ ഒരൊറ്റ വോട്ടുകൊണ്ടുമാത്രമാണ് പാസായത്. തുടര്‍ന്ന് മുഖ്യമന്ത്രി നായനാരെ ടീച്ചര്‍ നേരിട്ടുകണ്ട് ഈ പ്രമേയം കൊടുത്തുവെങ്കിലും അതിനൊരു പ്രതികരണവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ല.

സര്‍ക്കാറുകള്‍ മാറിമാറിവരുമ്പോള്‍ കമീഷന്‍െറ ഘടനമാറുന്നു. കമീഷന്‍െറ തലപ്പത്ത് പിന്നീടുവന്ന അധ്യക്ഷമാര്‍ ഒരാളൊഴികെ എല്ലാവരും രാഷ്ട്രീയനേതാക്കളായിരുന്നു. അംഗങ്ങളും അധ്യക്ഷയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളാകുമ്പോള്‍ അവരുടെ നേതാക്കള്‍ പ്രതികളാക്കപ്പെടേണ്ട കേസുകളില്‍ എങ്ങനെ അവര്‍ക്ക് നീതിപൂര്‍വമായ, ഇരകള്‍ക്കുവേണ്ടിയുള്ള നിലപാടെടുക്കാനാകും?
വനിതാകമീഷന്‍ ശിപാര്‍ശ പ്രകാരം സ്ത്രീപീഡനങ്ങള്‍ ഗ്രാമങ്ങളില്‍ തടയാന്‍ പഞ്ചായത്തുകള്‍തോറും ജാഗ്രതാസമിതികള്‍ രൂപവത്കരിക്കപ്പെട്ടിട്ടും ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ജാഗ്രതാസമിതികളെ സ്ത്രീപ്രശ്നങ്ങളെക്കുറിച്ചും സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളെക്കുറിച്ചും ബോധവത്കരിക്കാന്‍ ചില പരിശീലനപരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും ജാഗ്രതാസമിതികള്‍ ഒന്നുംതന്നെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ളെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. അടുത്തകാലത്ത് ജാഗ്രതാസമിതികള്‍ നിര്‍ബന്ധമായും വാര്‍ഡ് തലത്തില്‍ രൂപവത്കരിക്കണമെന്ന് പഴയ സര്‍ക്കാറിന്‍െറ ഓര്‍ഡിനന്‍സ് ഉണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ എത്രത്തോളം മുന്നോട്ടുപോയെന്ന് കണ്ടുതന്നെ അറിയണം.

ഉന്നയിക്കുന്ന ആവശ്യങ്ങള്‍
 പുതിയ സര്‍ക്കാര്‍വന്ന പശ്ചാത്തലത്തില്‍  വനിതാകമീഷന്‍ ഫലപ്രദമായി ഇടപെടല്‍ നടത്തണമെങ്കില്‍ കേരള സ്ത്രീവേദി എല്ലാകാലവും ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ ഞാന്‍ ഇവിടെ ഊന്നിപ്പറയുന്നു.
1. കേരള വനിതാകമീഷന്‍ അധ്യക്ഷ ഒരിക്കലും ഒരു പാര്‍ട്ടി പ്രവര്‍ത്തകയായിരിക്കാന്‍ പാടില്ല. സ്ത്രീപ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് വര്‍ഷങ്ങളോളം അനുഭവങ്ങള്‍ ഉണ്ടാവുകയും സ്ത്രീ പ്രശ്നങ്ങളില്‍ നീതിപൂര്‍വം നിലപാടുകളെടുക്കാന്‍ സന്നദ്ധതയുമുള്ള സ്ത്രീ ആയിരിക്കണം.
2. വനിതാകമീഷന്‍ അംഗങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ അതത് പാര്‍ട്ടികളിലെ ഭാരവാഹിത്വത്തില്‍നിന്ന് കമീഷനില്‍ അംഗമായിരിക്കുന്നിടത്തോളം മാറിനില്‍ക്കേണ്ടതുണ്ട്.
3. വനിതാകമീഷന് സ്റ്റാറ്റ്യൂട്ടറി അധികാരം കൊടുക്കണം.
4. വനിതാകമീഷന് പ്രവര്‍ത്തനഫണ്ട് സര്‍ക്കാര്‍ നല്‍കുന്നതോടൊപ്പം സര്‍ക്കാറോ ഭരണമുന്നണിയോ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനോ സ്വാധീനിക്കാനോ പാടില്ല. കേസുകളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താനുള്ള അധികാരം വനിതാകമീഷനുണ്ടാവണം.
യഥാര്‍ഥ ജനാധിപത്യസത്ത ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ വനിതാകമീഷനെ പുന:സംഘടിപ്പിക്കാതെ പഴയതുപോലെ പര്‍ട്ടിക്കാര്‍മാത്രം അടങ്ങുന്ന കമ്മിറ്റിതന്നെയാണ് വരുന്നതെങ്കില്‍ അത്തരം വനിതാകമീഷന്‍കൊണ്ട് സ്ത്രീകള്‍ക്കെന്ത് പ്രയോജനം?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.