ഗള്‍ഫില്‍ സംഭവിക്കുന്നത്

അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി. 2018 ജനുവരി ഒന്നു മുതല്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ യു.എ.ഇ തീരുമാനിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഗള്‍ഫിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് നികുതി രഹിത സമ്പദ്വ്യവസ്ഥയാണ് ഈ രാജ്യങ്ങളില്‍ എന്നതാണ്. കിട്ടുന്ന ശമ്പളം അതുപോലെ കീശയിലിടാം. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരു വസ്തുവിനും സേവനത്തിനും വിലയില്‍ അധികമായി ഒന്നും നല്‍കേണ്ടതില്ല. പക്ഷേ, എണ്ണവിലയിലെ പിടിവിട്ട ഇറക്കം ഗള്‍ഫ് രാജ്യങ്ങളെ മാറ്റിച്ചിന്തിപ്പിക്കുകയാണ്. എണ്ണയെ ആശ്രയിച്ചുമാത്രം മുന്നോട്ടു പോകാനാവില്ളെന്ന തിരിച്ചറിവിലാണ് എല്ലാ ഗള്‍ഫ് ഭരണകൂടങ്ങളും ഇപ്പോള്‍.

 വരുമാന നികുതി ഉള്‍പ്പെടെ വ്യക്തിഗത നികുതികള്‍ ഉണ്ടാകില്ളെന്നും അഞ്ചു ശതമാനം വാറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കും ബാധകമാക്കില്ളെന്നും അതുകൊണ്ടു തന്നെ ജനജീവിതത്തെ കാര്യമായി ബാധിക്കില്ളെന്നും യു.എ.ഇ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.   യു.എ.ഇക്ക് പിന്നാലെ മറ്റു ഗള്‍ഫ് രാജ്യങ്ങളും വാറ്റ് നടപ്പാക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞയാഴ്ച അബൂദബിയില്‍ അറബ് നാണയനിധി (എ.എം.എഫ്) സംഘടിപ്പിച്ച രണ്ടു ദിവസത്തെ അറബ് സാമ്പത്തിക ഫോറത്തില്‍ ഇതു സംബന്ധിച്ച് പൊതുധാരണയുണ്ടാക്കിയിരുന്നു. നടപ്പാക്കുന്ന തീയതി ആദ്യം പ്രഖ്യാപിച്ചത് യു.എ.ഇയാണെന്നു മാത്രം. എണ്ണയെ ആശ്രയിക്കാതെ എങ്ങനെ മുന്നോട്ടുപോകാം എന്നു ചര്‍ച്ച ചെയ്യാന്‍ കൂടിയ സാമ്പത്തിക ഫോറത്തില്‍ അറബ് രാഷ്ട്രങ്ങളിലെ ധനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാമ്പത്തിക വിദഗ്ധര്‍, കേന്ദ്രബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അന്താരാഷ്ട്ര നാണയനിധി  (ഐ.എം.എഫ്) സബ്സിഡികള്‍ എടുത്തുകളയാനും നികുതികള്‍ ഏര്‍പ്പെടുത്താനും ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നു. അറബ് സാമ്പത്തിക ഫോറത്തില്‍ സംസാരിച്ച ഐ.എം.എഫ് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡ് ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. വാറ്റിന് പുറമെ കോര്‍പറേറ്റ് ആദായ നികുതി, എക്സൈസ് നികുതി, സ്വത്ത് നികുതി, വ്യക്തിഗത വരുമാനനികുതി എന്നിവ നടപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സമ്പദ്വ്യവസ്ഥയെ ശക്തമാക്കാനും ഇതേ വഴിയുള്ളൂവെന്നും ലഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെയാണ് വാറ്റ് നടപ്പാക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചത്.  വാറ്റ് വഴി ആദ്യ വര്‍ഷം മാത്രം 1000 കോടി മുതല്‍ 1200 കോടി വരെ ദിര്‍ഹം വരുമാനം ലഭിക്കുമെന്നാണ് യു.എ.ഇയുടെ കണക്കുകൂട്ടല്‍.

എണ്ണ കൈവിടുന്നു; എണ്ണയെയും
2014 ജൂണിനു ശേഷം ആഗോളവിപണിയില്‍  എണ്ണവിലയില്‍ 70 ശതമാനത്തിലേറെ ഇടിവുണ്ടായി. ഈ സാഹചര്യത്തില്‍ മറ്റു അറബ്രാജ്യങ്ങള്‍ യു.എ.ഇയെ ഉറ്റുനോക്കുകയാണ്. വരുമാനത്തിന്‍െറ 70 ശതമാനവും എണ്ണയിതര മേഖലയില്‍ നിന്ന് കണ്ടത്തെുന്ന യു.എ.ഇയുടെ കുതിപ്പിലാണ് അവര്‍ കണ്ണുവെക്കുന്നത്. 2002-03 ല്‍ 30 ശതമാനമായിരുന്നു യു.എ.ഇയുടെ എണ്ണയിതര വരുമാനം. അധികകാലം എണ്ണയെ ആശ്രയിക്കാനാവില്ളെന്ന് മനസ്സിലാക്കി യു.എ.ഇ ഭരണാധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെ സമ്പദ്ഘടനയെ വൈവിധ്യവത്കരിച്ചതിലൂടെയാണ് എണ്ണയിതര വരുമാനം 70 ശതമാനത്തിലത്തെിക്കാനായത്. ടൂറിസം, വ്യാപാരം, വ്യവസായ ഉല്‍പാദനം തുടങ്ങിയ മേഖലകളില്‍നിന്നാണ് ഇപ്പോള്‍ യു.എ.ഇയുടെ പ്രധാന വരുമാനം. സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍ എന്നിവയാണ് എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍.

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എണ്ണയെ ആശ്രയിക്കാതെ എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന് തെളിയിച്ച വിജയ സാക്ഷ്യമാണ്. ദുബൈയുടെ എണ്ണ വരുമാനം വെറും ആറു ശതമാനമാണ്. എണ്ണയില്ലാത്ത കാലം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം വളരെ മുമ്പുതന്നെ ആഹ്വാനംചെയ്തിരുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് രാജ്യം മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ശാസ്ത്രമേഖലക്ക് ഊന്നല്‍ നല്‍കി. സമ്പദ്ഘടനയെ മുന്നോട്ടു നയിക്കുന്നതിനുള്ള പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും വികസിപ്പിക്കാനായി പ്രത്യേക ഫണ്ട് രൂപവത്കരിച്ചു. പുതിയ ആശയങ്ങള്‍ കണ്ടത്തൊനായി പ്രത്യേക മന്ത്രിസഭാ, ഉന്നതതല സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നു.
അവസാന തുള്ളി എണ്ണയെ ആഘോഷത്തോടെ യാത്രയാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞെന്നാണ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍  പറഞ്ഞത്. അതായത്, എണ്ണ ഇനി അധികകാലം അപ്പം തരില്ളെന്ന് എല്ലാവരും തിരിച്ചറിയുന്നു.

ഇന്ധന സബ്സിഡി കഴിഞ്ഞ ആഗസ്റ്റില്‍തന്നെ യു.എ.ഇ എടുത്തുകളഞ്ഞിരുന്നു. ഇപ്പോള്‍  അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. തൊട്ടുപിന്നാലെ സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇന്ധനവില കൂട്ടുകയോ സബ്സിഡി എടുത്തുകളയുകയോ ചെയ്തു. കുവൈത്ത് മാത്രമാണ് ഇതുവരെ ഇന്ധന വില കൂട്ടാത്തത്. കുവൈത്തില്‍ എണ്ണവരുമാനം ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് പോലും തികയാത്ത സാഹചര്യത്തില്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില  രാജ്യങ്ങള്‍ ജല, വൈദ്യുതി നിരക്കുകള്‍ കൂട്ടിക്കഴിഞ്ഞു. മറ്റു ചിലര്‍ കൂട്ടാനൊരുങ്ങുന്നു. ബഹ്റൈനില്‍ മാംസ സബ്സിഡി എടുത്തുകളഞ്ഞു.  

സാമ്പത്തിക മാന്ദ്യമുണ്ടോ?
ലോകത്തെ പിടിച്ചുകുലുക്കിയ 2008ലെ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് വിഭിന്നമാണ് നിലവിലെ സാഹചര്യമെന്ന് ദുബൈയിലെ പ്രമുഖ സാമ്പത്തിക പത്രപ്രവര്‍ത്തകനായ ഭാസ്കര്‍രാജ് പറയുന്നു. അന്ന് അമേരിക്കയില്‍ ഭവനമേഖലയിലുണ്ടായ പണയ പ്രതിസന്ധിയാണ് മാന്ദ്യത്തിന് കാരണമായത്. വിദേശനിക്ഷേപത്തിന്‍െറ വരവ് കുറഞ്ഞു എന്നല്ലാതെ അത് ഗള്‍ഫ് മേഖലയെ കാര്യമായി ബാധിച്ചിരുന്നില്ല. ഇപ്പോള്‍ എണ്ണവിലയിടിവാണ് പ്രതിസന്ധിയുടെ കാരണം. അതുകൊണ്ടാണ് വരുമാനം കൂട്ടാനായി നികുതിയും മറ്റും നടപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. എണ്ണവില ഉയരത്തിലത്തെിയ കാലത്തെ കരുതല്‍ ധനശേഖരമുള്ളതുകൊണ്ടാണ് പല രാജ്യങ്ങളും പിടിച്ചുനില്‍ക്കുന്നത് - അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍തന്നെ സാമ്പത്തികമാന്ദ്യം പ്രകടമാണ്. റഷ്യയും ബ്രസീലും മാന്ദ്യത്തിലാണെന്ന് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി രണ്ടോ അതിലധികമോ പാദവര്‍ഷത്തില്‍ രാജ്യത്തിന്‍െറ  വളര്‍ച്ചനിരക്ക് നെഗറ്റിവ് പ്രവണത കാണിക്കുന്നതിനെയാണ് സാമ്പത്തിക മാന്ദ്യം എന്നുപറയുന്നത്.

പ്രവാസികളുടെ ആശങ്ക
ഗള്‍ഫ് സര്‍ക്കാറുകള്‍ കൈക്കൊള്ളുന്ന ചെലവുചുരുക്കല്‍-വരുമാനം കൂട്ടല്‍ നടപടികള്‍ പ്രവാസികളുടെയും ജീവിതച്ചെലവ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. എണ്ണവില മൂക്കുകുത്താന്‍ തുടങ്ങിയതു മുതല്‍ പ്രവാസികളില്‍ ആശങ്ക വിത്തിട്ടിരുന്നു. നികുതി വരുന്നതോ ജീവിതച്ചെലവ് കൂടുന്നതോ മാത്രമല്ല അവരെ അലട്ടുന്നത്. പണിതന്നെ പോകുമോയെന്ന ഭീതിയാണത്. 2008ലെ ആഗോള മാന്ദ്യമുണ്ടാക്കിയ വിപത്ത് അനുഭവിച്ച സര്‍ക്കാറുകളും കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ നേരിടാനുള്ള മുന്‍കരുതലെടുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ചെലവ് ചുരുക്കുകയാണ് അതില്‍ പ്രധാനം. അതുകൊണ്ടുതന്നെ അത്യാവശ്യമില്ലാത്ത തസ്തികകളിലെ ജീവനക്കാരെ പിരിച്ചുവിടുന്നു. സ്വഭാവികമായും വലിയ ശമ്പളം പറ്റുന്നവര്‍ക്കാണ് ആദ്യം ജോലി പോവുക.

ഗള്‍ഫ് മേഖലയില്‍നിന്ന് വലിയൊരു മടങ്ങിവരവിന്‍െറ സൂചനകള്‍  ഇപ്പോള്‍ കാണുന്നില്ളെ്ളങ്കിലും അങ്ങനെയൊരു സാഹചര്യം നേരിടാന്‍ നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.  വൈദഗ്ധ്യമുള്ളവരെ വാര്‍ത്തെടുക്കുകയാണ് തൊഴില്‍വിപണിയിലെ മാന്ദ്യം നേരിടാനുള്ള വഴി. പ്രവാസികള്‍ക്ക് നാട്ടില്‍ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കാനുള്ള അവസരമുണ്ടാക്കിയാല്‍ അവരുടെ തിരിച്ചുവരവ് സര്‍ക്കാറിന് ബാധ്യതയാകില്ല. മടങ്ങിവരാന്‍ സാധ്യതയുള്ള സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. ഫിലിപ്പീന്‍സ് പോലുള്ള, പ്രവാസികള്‍ ഏറെയുള്ള മറ്റു രാജ്യങ്ങള്‍ ഈ രീതിയില്‍ ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.