‘ദേശദ്രോഹം’ വില്‍പനക്ക്

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുനാലു പ്രസംഗങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധേയമായി. സ്റ്റേജ് പ്രകടനത്തിന് പേരെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ പ്രസംഗവും അതില്‍ ഉള്‍പ്പെടും. എന്നാല്‍, കനയ്യ കുമാര്‍ എന്ന 29കാരനായ  ‘ദേശദ്രോഹി’യുടെ ജെ.എന്‍.യു കാമ്പസ് പ്രസംഗം 10-15 മണിക്കൂര്‍ കൊണ്ട് ഇന്‍റര്‍നെറ്റ് വഴി വീണ്ടും കേട്ടവര്‍ അഞ്ചു ലക്ഷത്തോളമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഇടവരുത്തിയ സര്‍ക്കാര്‍ ദലിത് വിരുദ്ധരല്ളെന്ന് സ്ഥാപിക്കുന്നതിന് മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും നടത്തിയ ക്രുദ്ധമായ പ്രസംഗമാണ് മറ്റൊന്ന്. അന്തര്‍മുഖത്വം വിട്ട് വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭരണചേരിയെ ആക്രമിക്കാനുള്ള കെല്‍പ് ലോക്സഭയില്‍ പ്രകടമാക്കിയതാണ് ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരു പ്രസംഗം. പ്രസംഗങ്ങള്‍ക്കപ്പുറം, ഇവ നാലും ദേശീയ രാഷ്ട്രീയത്തിന്‍െറ ദിശാസൂചിയാണ്.

ഭരണപക്ഷം ദേശഭക്തരും മറ്റുള്ളവര്‍ പൊതുവെ ദേശവിരുദ്ധരുമായി ചിത്രീകരിക്കപ്പെടുന്നതാണ് നിലവിലെ സാഹചര്യം. ഇന്ത്യയില്‍നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയിലെ സ്വാതന്ത്ര്യമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന വാക്കുകളിലൂടെ ഭരണകൂട സമീപനങ്ങളിലെ അപകടം വ്യക്തമാക്കാന്‍ ജയില്‍മോചിതനായ കനയ്യകുമാറിന്‍െറ ജെ.എന്‍.യു പ്രസംഗത്തിന് സാധിച്ചു. ഇന്ത്യയെന്നാല്‍ പ്രധാനമന്ത്രിയല്ളെന്ന് രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ ഓര്‍മിപ്പിച്ചു. നിയമനിര്‍മാണ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയിട്ട് പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസിന്‍െറയും ഇതര പ്രതിപക്ഷപാര്‍ട്ടികളുടെയും തടസ്സരാഷ്ട്രീയത്തെ മുന്‍കാല കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് നരേന്ദ്ര മോദി നേരിട്ടത്. രോഹിത് വെമുലയുടെ ആത്മഹത്യ, ജെ.എന്‍.യു വിവാദം എന്നിവയുടെ പശ്ചാത്തലത്തില്‍ ദേശീയതയുടെ വക്താക്കളായി ബി.ജെ.പിയെയും സംഘ്പരിവാറിനെയും അവതരിപ്പിച്ചു വിജയിപ്പിക്കാനുള്ള തീവ്രശ്രമമാണ് സ്മൃതി ഇറാനി നടത്തിയത്.

റെയില്‍വേ ബജറ്റ്, പൊതുബജറ്റ് എന്നിവ അവതരിപ്പിക്കപ്പെട്ട ദിവസങ്ങള്‍കൂടിയായിരുന്നെങ്കിലും ദേശീയതലത്തില്‍ ചര്‍ച്ച ദേശീയതയിലും ദേശദ്രോഹത്തിലും കുടുങ്ങിക്കിടന്നു. യഥാര്‍ഥത്തില്‍ ബി.ജെ.പി ആഗ്രഹിച്ചതും അതുതന്നെ. രാജ്യം കടുത്ത സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്കു നടുവിലാണ്. മാന്ദ്യം പിടിമുറുക്കിയിരിക്കുന്നു. കര്‍ഷകരും സാധാരണക്കാരും വ്യവസായികളുമെല്ലാം അതിന്‍െറ കെടുതി നേരിടുന്നു. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തിന് വിഭവസമാഹരണം നടത്തുന്നതില്‍ കേന്ദ്രീകരിക്കാനും പരിഹരിക്കാത്ത പ്രതിസന്ധികള്‍ക്ക് മറക്കുട പിടിക്കാനുമുള്ള ശ്രമമാണ് ബജറ്റുകളില്‍ തെളിഞ്ഞുകിടക്കുന്നത്. ഒത്തിരി വാഗ്ദാനങ്ങളുമായി വന്ന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോഴും വിവിധ ജനവിഭാഗങ്ങള്‍ക്ക് ഭരണകൂടത്തില്‍നിന്ന് സാന്ത്വനത്തിന്‍െറ സ്പര്‍ശമില്ല. നയപരമായ സ്തംഭനാവസ്ഥക്കിടയില്‍ കുറെ വികസന മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചതല്ലാതെ, നയപരമായ സ്തംഭനാവസ്ഥമൂലം മരവിപ്പിലാണ് സര്‍ക്കാര്‍. മോദിക്കമ്പം വിട്ട്, ഈ യാഥാര്‍ഥ്യമാണ് ജനങ്ങള്‍ ഇന്ന് ഏറ്റുവാങ്ങുന്നത്. ഇതിനെല്ലാമിടയിലാണ് പ്രസക്തവിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ഇനമായി ദേശീയതയുടെ കാപട്യങ്ങള്‍ തള്ളിക്കയറുന്നത്.

മോദിസര്‍ക്കാറിന്‍െറ തുടക്കം മുതല്‍ അങ്ങനത്തെന്നെയായിരുന്നു. പള്ളി ആക്രമണങ്ങള്‍, ഘര്‍ വാപസി-മതപരിവര്‍ത്തന വിഷയങ്ങള്‍, ഗോമാംസം എന്നിവയെല്ലാം ഇതിനിടയില്‍ ഹിന്ദുത്വശക്തികള്‍ക്ക് ആവേശംപകരാനുള്ള ഇനങ്ങളായി കടന്നുവന്നു. വിവിധ ജാതികളായി വേറിട്ടുകിടക്കുന്ന ഹിന്ദുക്കളെ ഹിന്ദുത്വത്തിന്‍െറ ഒറ്റച്ചരടില്‍ കോര്‍ത്തെടുക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ പരീക്ഷണം പല സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കിയതിന്‍െറ തുടര്‍ച്ചകൂടിയായിരുന്നു അത്.  എന്നാല്‍, ഇത്തരം അജണ്ടകള്‍ തിരിച്ചടിക്കുകയാണ് ചെയ്തത്. മോദിയുടെ കോര്‍പറേറ്റ് താല്‍പര്യങ്ങളോട് സംഘ്പരിവാറില്‍നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ വെല്ലുവിളിയായിത്തീരുകയും ചെയ്തു. ഡല്‍ഹിക്കു പിന്നാലെ ബിഹാറിലും തോറ്റ മോദിക്കും സര്‍ക്കാറിനും, വിഷയങ്ങളില്‍നിന്ന് ഹിന്ദുത്വ ചിന്താഗതിക്കാര്‍ക്കിടയില്‍ ഉണര്‍വ് പകരാനും ‘ദേശീയത-ദേശദ്രോഹി’ ചര്‍ച്ച ഉപകരിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യവഴി യുവാക്കള്‍ക്കും ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും സര്‍ക്കാറിനോടുണ്ടായ രോഷം മറികടക്കാനുള്ള മറുമരുന്നുകൂടിയായി ദേശീയത പ്രയോഗിക്കപ്പെടുകയാണ്.

ജെ.എന്‍.യു ദേശദ്രോഹികളുടെ കാമ്പസായി വിശേഷിപ്പിച്ചുകൊണ്ട് ദേശീയതയുടെ സംഘ്പരിവാര്‍ വ്യാഖ്യാനങ്ങള്‍ മുന്നോട്ടുവെച്ച് വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കം കനയ്യ കുമാറിനു കിട്ടിയ പിന്തുണയോടെ അട്ടിമറിക്കപ്പെട്ടതായി കരുതുന്നത് തെറ്റ്. കലാശാലകളെ കാവിവത്കരിക്കാനും വിമതശബ്ദങ്ങളെ ക്രിമിനല്‍വത്കരിക്കാനും സമൂഹത്തെ സാമുദായികമായി ഭിന്നിപ്പിക്കാനും ഹിന്ദുത്വ ദേശീയതയെന്ന ആശയം മുന്നോട്ടുനീക്കാനുമുള്ള ശ്രമങ്ങളില്‍ ദേശദ്രോഹിച്ചര്‍ച്ച ഉപകരിക്കുമെന്ന കണക്കുകൂട്ടലില്‍തന്നെയാണ് ബി.ജെ.പി. സംഘ്പരിവാര്‍ അനുഭാവികള്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കാനും ഉപകരിക്കും. രോഹിത് വെമുലയുടെ ആത്മഹത്യ, ജെ.എന്‍.യു എന്നീ വിഷയങ്ങളെ മന്ത്രി സ്മൃതി ഇറാനി അതിവൈകാരികതയോടെ നേരിട്ടത് സംഘ്പരിവാറിന്‍െറ കണിശമായ തീരുമാനപ്രകാരമാണ്. പ്രതിപക്ഷത്തിനുനേരെയുള്ള മന്ത്രിയുടെ ക്രുദ്ധമായ പ്രസംഗത്തെ നരേന്ദ്ര മോദി അനുമോദിച്ചതും അതിന്‍െറ ബാക്കി. ഘര്‍ വാപസി, ഗോമാംസ വിഷയങ്ങള്‍ തിരിച്ചടിച്ചപ്പോള്‍, എങ്ങനെയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കാണിച്ച വ്യഗ്രതയല്ല, ചര്‍ച്ച ചൂടുപിടിക്കണമെന്ന താല്‍പര്യമാണ് ‘ദേശീയത’ പ്രശ്നത്തില്‍ സംഘ്പരിവാറിന്‍േറത്.

മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ പ്രചാരണം സവര്‍ണ യുവാക്കളെയും ഹിന്ദുത്വശക്തികളെയും ആവേശത്തില്‍ ആറാടിച്ചതാണ് ’90കളിലെ സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ കണ്ടത്. ദേശീയതയുടെ കാപട്യംകൊണ്ട് അപ്രഖ്യാപിത അടിയന്തരാവസ്ഥ സ്ഥിതി സൃഷ്ടിക്കുമ്പോഴും ഹിന്ദുത്വ ഐക്യമാണ് സംഘ്പരിവാര്‍ മുന്നില്‍കാണുന്നത്. അതിന്‍െറ ഇടക്കാല ലക്ഷ്യങ്ങളില്‍ യു.പി തെരഞ്ഞെടുപ്പുമുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യ യു.പിയില്‍ പിന്നാക്കനേതാവായ മായാവതിക്ക് പ്രചാരണായുധമാണെങ്കില്‍, ദേശീയത മായാവതിക്കെതിരായ ബി.ജെ.പിയുടെ ആയുധമാണ്. യു.പിയില്‍ പിന്നാക്ക വിഭാഗ വോട്ടുകള്‍ക്കൊപ്പം ബി.ജെ.പിയോട് മാനസികമായി അകന്നുനില്‍ക്കുന്ന മുന്നാക്ക വോട്ടുകളും മായാവതിയുടെ മുന്നേറ്റത്തില്‍ എക്കാലത്തും ഘടകമായിട്ടുണ്ട്. ഈ വോട്ടുകള്‍ മാത്രമല്ല, കോണ്‍ഗ്രസിലെയും സമാജ്വാദി പാര്‍ട്ടിയിലെയും മൃദുഹിന്ദുത്വ വോട്ടുകളെയും വൈകാരികമായി അടുപ്പിക്കാനുള്ള അടവുനയം ദേശീയതയുടെ അതിവൈകാരികതക്കു പിന്നിലുണ്ട്. മായാവതിക്കെതിരെ സ്മൃതി ഇറാനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി ഉദ്ദേശിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇതിനൊപ്പമാണ് ചേര്‍ത്തുവായിക്കേണ്ടത്.

രോഹിത് വെമുലയുടെ ആത്മഹത്യ വഴി രാജ്യത്തെ കാമ്പസുകളില്‍ ബി.ജെ.പിക്കെതിരെയുണ്ടായ വികാരം മറികടക്കാനുള്ള ഉപാധിയായി ദേശീയതാചര്‍ച്ചയെ ബി.ജെ.പി കാണുന്നു. യുവാക്കളുടെ അഭിലാഷമെന്ന നിലയില്‍ വോട്ടുപിടിച്ച മോദി ദേശീയതയും ഹിന്ദുത്വശക്തികളുടെ സംവരണ ലക്ഷ്യങ്ങളും കാമ്പസുകളില്‍ വില്‍പനക്കു വെച്ചിരിക്കുന്നു. അതുവഴിയൊരു ഐക്യവും മുന്നേറ്റവും സ്വപ്നംകാണുന്നു. അത് എത്രത്തോളം ലക്ഷ്യംകാണുമെന്നത് വേറെ കാര്യം. സംവരണ വിരുദ്ധ പ്രക്ഷോഭം പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരണത്തിലേക്ക് വഴിനടത്തിയെന്നാണ് ചരിത്രം. ജെ.എന്‍.യുവിലെ ‘ദേശദ്രോഹി’കളെ കൂട്ടിലടച്ച് കപടദേശീയതക്ക് വീര്യംകൂട്ടാനുള്ള ശ്രമങ്ങളെ പൊതുസമൂഹം എത്രമാത്രം തള്ളിപ്പറയുന്നുവെന്നാണ് കനയ്യക്കും കൂട്ടുകാര്‍ക്കും കിട്ടിയ അപാര പിന്തുണ വ്യക്തമാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT