മദ്യമുക്തി, അടിസ്ഥാന സൗകര്യവികസനം

യു.ഡി.എഫ് സര്‍ക്കാറിന്‍െറ നേട്ടപ്പട്ടികയില്‍ പ്രധാനമായി പറയാവുന്നത് മദ്യവിമുക്തിയിലേക്കുള്ള യാത്ര തുടങ്ങിയെന്നതാണ്. ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ച് മദ്യനിരോധമെന്ന ലക്ഷ്യം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നു എന്ന പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ബാര്‍ അടക്കല്‍. ഇത് ടൂറിസം മേഖലക്ക് പ്രതികൂലമാകുമെന്ന വിലയിരുത്തലുകള്‍ ഇപ്പോഴുമുണ്ട്. വ്യക്തമായ വിലയിരുത്തല്‍ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും ഇതുവരെയുള്ളത് നേട്ടത്തിന്‍െറ ഗ്രാഫാണ്. ആക്ഷേപങ്ങളും ആരോപണങ്ങളും നിരവധിയുണ്ടെങ്കിലും അടിസ്ഥാന സൗകര്യവികസനത്തിലും കായിക, ഫിഷറീസ് രംഗത്തും ഉണര്‍വിന്‍െറ വര്‍ഷങ്ങളാണ് കടന്നുപോയത്.

അവശേഷിക്കുന്നത് 27 ഫൈവ് സ്റ്റാര്‍ ബാര്‍
സംസ്ഥാനത്ത് അവശേഷിക്കുന്നത് 27 ഫൈവ് സ്റ്റാര്‍ ബാറുകളും ബാര്‍ലൈസന്‍സുള്ള 33 ക്ളബുകളും മാത്രമാണ്. സി.എ.ജി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തോടെയാണ് എക്സൈസ് വകുപ്പില്‍ നടപടികള്‍ക്ക് തുടക്കമാകുന്നത്. 2014 മാര്‍ച്ച് 31ന് 730 ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് അവസാനിച്ചു. ഇതില്‍ നിലവാരമില്ലാത്ത 418 എണ്ണത്തിന്‍െറ ലൈസന്‍സ് പുതുക്കേണ്ടതില്ളെന്നും 312 എണ്ണത്തിന്‍േറത് പുതുക്കാനും ധാരണയായി. ആഗസ്റ്റ് 22ന് ഫൈവ് സ്റ്റാര്‍ ഒഴികെ ബാറുകളെല്ലാം പൂട്ടാന്‍ തീരുമാനിച്ചു. ബാറുടമകളുടെ ഹരജിയില്‍ സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനാകില്ളെന്ന നിലപാടായിരുന്നു ഹൈകോടതിയുടേത്. തുടര്‍ന്ന് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈകോടതിയിലും സുപ്രീംകോടതിയിലും നടന്ന നിയമനടപടികള്‍ക്കൊടുവില്‍ പരമോന്നത നീതിപീഠം സംസ്ഥാനത്തിന്‍െറ മദ്യനയം അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമായി. ഇതൊപ്പം സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 384 ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് -വിപണനശാലകളുടെ എണ്ണം 306 ആയും കുറഞ്ഞു. സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഇതിടയാക്കിയെന്നത് വസ്തുത തന്നെയാണ്. 

വികസനത്തിന്‍െറപ്രധാന മേഖലയായി ടൂറിസം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ ഒമ്പത് ശതമാനം സംഭാവന ചെയ്തത് ടൂറിസം വകുപ്പാണ്. 2011-16 കാലയളവില്‍ സംസ്ഥാനത്തത്തെിയ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനും കഴിഞ്ഞു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍െറ ആഗോള പുരസ്കാരത്തിനും കേരളം അര്‍ഹമായി. പുതിയ ടൂറിസം നയവും പ്രഖ്യാപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന വികസനത്തിന്‍െറ പ്രധാന മേഖലയായി ടൂറിസത്തെ വളര്‍ത്തിയെടുക്കാന്‍ നടപടി പുരോഗമിക്കുകയാണ്. ടൂറിസം സാധ്യതകള്‍ക്ക് വേഗം പകര്‍ന്നേക്കാവുന്ന ‘വിറ്റ്സ് ‘ പദ്ധതിയും കെ.ടി.ഡി.സി സമര്‍പ്പിച്ചെങ്കിലും അത് ഉപേക്ഷിക്കപ്പെടുകയായിരുന്നു.  

245 പാലങ്ങള്‍, 1500 കെട്ടിടങ്ങളുടെ നിര്‍മാണം, ബൈപാസുകള്‍
അടിസ്ഥാന സൗകര്യവികസനത്തിന്‍െറ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ്  6000 കോടി രൂപ ചെലവില്‍ 11,776 കിലോമീറ്റര്‍ റോഡുകളുടെ ഉപരിതലം പുതുക്കി (കോര്‍പറേഷന്‍ റോഡുകളും ആയിരക്കണക്കിന് ഗ്രാമീണ റോഡുകളും ഉള്‍പ്പെടെ). 5000 റോഡുകള്‍  നന്നാക്കി. 2000 കോടി രൂപ ചെലവില്‍ 245 പാലങ്ങള്‍ പൂര്‍ത്തിയാക്കി. 1500 കെട്ടിടങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു. പദ്ധതി വിഹിതത്തെക്കാള്‍ 300 ശതമാനം ചെലവാക്കുകയും ചെയ്തു. നിലവില്‍ 10,700 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 

നേട്ടങ്ങളുടെ പട്ടിക നീളുമ്പോള്‍ വകുപ്പും മന്ത്രിയും നേരിട്ട ആരോപണങ്ങളും ആക്ഷേപങ്ങളും നിരവധി. കേരളചരിത്രത്തില്‍ ആദ്യമായി ഒരുമന്ത്രിക്കെതിരെ ഭരണകക്ഷി എം.എല്‍.എ അഴിമതി ആരോപിച്ചത് ഈ കാലയളവിലാണ്. വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ രൂക്ഷമായിരുന്നു. ഗണേഷ് കുമാറിനെതിരെ മന്ത്രിയും പേഴ്സനല്‍ സ്റ്റാഫും നടപടിയുമായി മുന്നോട്ടുപോവുകയാണ്.  
സംസ്ഥാനത്ത് ആദ്യമായി ഇ-ടെന്‍ഡറിങ്ങും ഇ-പേമെന്‍റും സമ്പൂര്‍ണമായി നടപ്പാക്കിയ വകുപ്പായി മാറാനുമായി. 1870 കോടി രൂപയുടെ അഞ്ച് ബൈപാസുകളുടെ പണിയാണ് തുടങ്ങിയത്. കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ നിര്‍മാണം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ചെലവും (152.75 കോടി) വഹിച്ചു നിര്‍മിച്ച ആദ്യത്തെ ദേശീയപാത ബൈപാസാണ് കോഴിക്കോട്ടേത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ മുക്കോല വരെയുളള ബൈപാസ് പ്രത്യേക പാക്കേജായി നടപ്പാക്കാന്‍ ദേശീയപാത അതോറിറ്റി അനുവാദം നല്‍കി. തലശ്ശേരി - മാഹി ബൈപാസും നിര്‍മാണം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. 

മത്സ്യമേഖലയില്‍ 800 കോടി ചെലവില്‍ 15,000 വീടുകള്‍
മത്സ്യ- തുറമുഖ മേഖലയില്‍ വന്‍ വികസനം സാധ്യമാക്കിയെന്നാണ് അവകാശവാദം. എന്നാല്‍, പല പദ്ധതികളും ശൈശവ ദശയിലാണ്. അതേസമയം ആശ്വാസ, ക്ഷേമപദ്ധതികള്‍ ഏറെയും ഫലം കണ്ടു. ഇതുവരെ 800 കോടി ചെലവില്‍ 15,000 വീടുകളാണ് നിര്‍മിച്ചു നല്‍കിയത്. ഭൂരഹിതരും ഭവനരഹിതരുമായ 450 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 48.75 കോടി രൂപയുടെ ഫ്ളാറ്റ് പദ്ധതിക്ക് പുറമെ, ഭവന നിര്‍മാണ ധനസഹായം 50,000ല്‍ നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. സബ്സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം സര്‍വകാല റെക്കോഡിട്ടു. 
മത്സ്യവിത്ത് നിയമം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരിശീലനം, പ്ളസ് ടു കഴിഞ്ഞ 50 വിദ്യാര്‍
ഥികള്‍ക്ക് സൗജന്യമായി ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് പരിശീലനം, അഭ്യസ്തവിദ്യരായ യുവതികള്‍ക്കായി വേമ്പനാട്ട് ഫിനിഷിങ് സ്കൂള്‍ പദ്ധതി, കുടുംബങ്ങള്‍ക്ക് സ്വന്തമായി ടോയ്ലറ്റുകള്‍, 30 കോടി രൂപ ചെലവില്‍ പ്രതിവര്‍ഷം 525 ടണ്‍ ഉല്‍പാദനശേഷിയുളള വല നിര്‍മാണശാല, സമ്പാദ്യ സമാശ്വാസ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതിയായ ആം ആദ്മി ബീമ യോജന, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമായി നടപ്പാക്കിയ തണല്‍ പദ്ധതി, 19 ഹൈടെക് മത്സ്യമാര്‍ക്കറ്റുകള്‍, ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 9.10 കോടി രൂപ ചെലവില്‍ കടല്‍ സുരക്ഷാ പദ്ധതി, മത്സ്യസങ്കേതങ്ങള്‍ എന്നിവയും  നേട്ടപ്പട്ടികയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി 84.06 കോടി രൂപ നല്‍കി. ആറ് സ്ഥലങ്ങളില്‍ പുതുതായി മത്സ്യബന്ധന തുറമുഖം ആരംഭിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ഫിഷറീസ്- സമുദ്ര പഠന സര്‍വകലാശാലയില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചു.

പ്രവേശത്തിന് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരണം ഏര്‍പ്പെടുത്തി. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്വേറിയം സര്‍വകലാശാല ആസ്ഥാനത്ത് (പനങ്ങാട്) സ്ഥാപിച്ചു. പ്ളാന്‍ ഫണ്ടിനത്തില്‍ ഇതുവരെ സര്‍ക്കാര്‍ 60 കോടി രൂപ സര്‍വകലാശാലക്ക് നല്‍കി. ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് 6.42 കോടി രൂപ സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ചു. മിനി ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പ്രാവര്‍ത്തികമായില്ല. കടല്‍ സുരക്ഷാ പദ്ധതി, വാട്ടര്‍ ആംബുലന്‍സ്, പൈതൃക മത്സ്യഗ്രാമം പദ്ധതി, തുറമുഖങ്ങള്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്, പുലിമുട്ടുകളുടെ നിര്‍മാണം തുടങ്ങിയവയും പൂര്‍ണതയിലായില്ല.‘ഡ്രിഷ് കേരള’ ഫിഷ്മെയ്ഡ് പദ്ധതി പൂര്‍ണമായും നടപ്പായിട്ടില്ല.

ദേശീയ ഗെയിംസ് കൊണ്ടുവന്ന നേട്ടങ്ങള്‍
ദേശീയ കായിക ഭൂപടത്തില്‍ കായിക കേരളത്തിന് അഭിമാനിക്കാവുന്നവയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍. വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം അടിസ്ഥാന സൗകര്യങ്ങള്‍ക്കടക്കം ഊന്നല്‍ നല്‍കാന്‍ കായിക വകുപ്പ് മന്ത്രിമാരായ ഗണേഷ് കുമാറിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിഞ്ഞു. ദേശീയ ഗെയിംസിന് വേദിയാകാന്‍ കഴിഞ്ഞതു കൊണ്ടാണെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമടക്കം മികച്ച സൗകര്യങ്ങളുള്ള നിരവധി സിന്തറ്റിക് ട്രാക്കുകളും നീന്തല്‍കുളങ്ങളും കോര്‍ട്ടുകളും മികച്ച കായിക ഉപകരണങ്ങളും നമ്മുടെ കായികതാരങ്ങള്‍ കണ്ടുതുടങ്ങിയത് ഈ കാലത്താണ്. ദേശീയ സ്കൂള്‍ മീറ്റ് വിജയകരമായി നടപ്പാക്കുകയും ചെയ്തു. കായിക മേഖലക്ക് ഉണര്‍വ് നല്‍കിയത് ദേശീയ ഗെയിംസ് തന്നെയായിരുന്നു. അതേസമയം, ഇതില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തലവേദനയായി. ഗെയിംസ് നടത്തിപ്പില്‍ 25 കോടിയുടെ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോര്‍ട്ടായിരുന്നു അതില്‍ പ്രധാനം. വേദികളുടെ നിര്‍മാണത്തിലും പുനരുദ്ധാരണത്തിനുമായി 2.18 കോടിയുടെ നഷ്ടവും 10.37 കോടിയുടെ പാഴ്ചെലവും 5.06 കോടി രൂപയുടെ അധിക ചെലവും ഉണ്ടായി. ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിന് വേണ്ടി മെഡല്‍ നേടിയ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ ജോലിയെന്ന ഉറപ്പ് എങ്ങുമത്തൊതെ നില്‍ക്കുകയാണ്. കേരള സ്പോര്‍ട്സ് നിയമത്തിനു പകരം കേരള സ്പോര്‍ട് (ഭേദഗതി) നിയമം കൊണ്ടുവന്നത് വിമര്‍ശങ്ങള്‍ക്കും കൈയടിക്കും ഇടയാക്കി.


നാളെ: പാതിയായ മെഡി. കോളജുകള്‍, മൂന്നായ തദ്ദേശം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.