അവര്‍ സെല്‍ഫി പിടിക്കട്ടെ; നാം സ്വാഭിമാനം തിരിച്ചുപിടിക്കുക

‘നിങ്ങള്‍ ചിത്രീകരിച്ചതു മുഴുവന്‍ ഡിലീറ്റു ചെയ്യുക, അല്ളെങ്കില്‍ ഞങ്ങളാ കാമറ പൊട്ടിക്കും, നിങ്ങളുടെ എല്ലുകളും’-  എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായ സോനല്‍ മെഹ്റോത്രക്ക് ഈ ഭീഷണി കേള്‍ക്കേണ്ടി വന്നത് ഏതെങ്കിലും കലാപബാധിത ഗ്രാമത്തില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യുമ്പോഴല്ല, ഡല്‍ഹിയിലെ കോടതിക്കുള്ളില്‍ വെച്ചാണ്.  നീതിയും ന്യായവും  വിധിക്കുന്ന ആ മുറിക്കുള്ളില്‍ ആള്‍ക്കൂട്ടം തനിക്കു ശിക്ഷ വിധിക്കുമെന്നും ഇനി നിമിഷങ്ങളുടെ ആയുസ്സു മാത്രമേ തനിക്ക് ബാക്കിയുള്ളൂവെന്നും തോന്നിപ്പോയെന്നാണ് ഫെബ്രുവരി 15ന് പട്യാല ഹൗസ് കോടതിയില്‍ നടന്ന അക്രമം വിവരിക്കവെ സോനല്‍ പറഞ്ഞത്. കൈരളി ചാനലിലെ മനുശങ്കറിന് മുന്നറിയിപ്പൊന്നും നല്‍കിയില്ല, അടിച്ചു പൊട്ടിച്ചു, ഏഷ്യാനെറ്റിലെ സാവിത്രിയെ കൈയേറ്റം ചെയ്ത് വിസയും കൊടുത്തു-പാകിസ്താനിലേക്ക് പോകാന്‍. രാജ്യമാകെ ചര്‍ച്ചയായ ജെ.എന്‍.യു സംഭവങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി എന്നതാണ് അവരെല്ലാം ചെയ്ത അപരാധം. ജെ.എന്‍.യുവിന്‍െറ തുടര്‍വാര്‍ത്തകള്‍ കൈകാര്യം ചെയ്ത ബര്‍ഖ ദത്തിനും സിന്ധു സൂര്യകുമാറിനും തെറിവിളികളും വധഭീഷണികളുമത്തെി. സ്ത്രീകളെ മാനിക്കാത്ത രാജ്യം ഒരുകാലത്തും ഉന്നതി പ്രാപിക്കില്ളെന്ന   സ്വാമി വിവേകാനന്ദ വചനം ഓര്‍ത്തുപോയി- അവര്‍ തെരുവില്‍ മാത്രമല്ല, കോടതി മുറിക്കുള്ളില്‍ പോലും സുരക്ഷിതരല്ലല്ളോ സ്വാമിജീ നമ്മുടെ രാജ്യത്ത്.  

സോനലും  സാവിത്രിയും ആക്രമിക്കപ്പെട്ടത് രാജ്യതലസ്ഥാനത്താകയാല്‍ പുറം ലോകമറിഞ്ഞു. രാജ്ദീപ് സര്‍ദേശായി, ബര്‍ഖ ദത്ത്, സിദ്ധാര്‍ഥ് വരദരാജന്‍ തുടങ്ങിയ മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ നീതിതേടി സുപ്രീംകോടതിയിലേക്ക് മാര്‍ച്ചു ചെയ്തു. രാഷ്ട്രപതിക്കു മുന്നില്‍ നിവേദനം സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍, സോനലിനോളം ഭാഗ്യമില്ല സോമാരു നാഗ് എന്ന ആദിവാസി മാധ്യമപ്രവര്‍ത്തകന്. മാവോവാദി സാന്നിധ്യം ശക്തമായ ഛത്തിസ്ഗഢിലാണ് അദ്ദേഹം ജോലി ചെയ്തുവന്നിരുന്നത്, കഴിഞ്ഞ ജൂലൈ 16ന് അറസ്റ്റിലാകും വരെ. അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും ഇരയാവുന്ന സമൂഹത്തിന്‍െറ കഥ പുറംലോകത്തോടു പറഞ്ഞു എന്നാണ് ഇദ്ദേഹം ചെയ്ത തെറ്റ്. രാജ്യത്ത് ഏറ്റവുമധികം അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന വിഭാഗത്തിന്‍െറ പ്രതിനിധിക്ക് അക്കാര്യം വിളിച്ചു പറയാന്‍ പോലും അവകാശമില്ലാതാവുന്നു. സന്തോഷ് യാദവ് എന്ന മറ്റൊരു ലേഖകനും ജയിലിലാണ്. ബി.ബി.സിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന അലോക് പ്രകാശിനും സ്ക്രോളിനു വേണ്ടി എഴുതുന്ന മാലിനി സുബ്രഹ്മണ്യത്തിനും  അവിടം വിടേണ്ടിവന്നു.

ഈ കുറിപ്പുകാരന്‍െറ കേരളത്തിലെ വീട്ടില്‍ ഏതാനും മാസം മുമ്പ് ഒരു സ്പെഷല്‍ ബ്രാഞ്ച് പൊലീസുദ്യോഗസ്ഥന്‍ തിരക്കി വന്നു. ഒരു നക്സലുമായി ഫോണില്‍ സംസാരിച്ചിരുന്നോ എന്നന്വേഷിച്ചാണ് എത്തിയത്. രാജ്യത്ത് പടരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കുന്നതിനു തുടക്കമിട്ട പ്രമുഖ സാഹിത്യകാരന്‍ പ്രഫ. ഉദയ്പ്രകാശുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നതിന്‍െറ പിന്നാലെയാണ് ഈ അന്വേഷണമുണ്ടായത്. പരിസ്ഥിതി ചൂഷണവും ആദിവാസി വേട്ടയും ബാലമരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ ഫോണ്‍ ചോര്‍ത്താനും ദേശവിരുദ്ധരായി മുദ്രകുത്താനും നടത്തുന്ന പരിശ്രമങ്ങളുടെ പകുതിപ്രയത്നം മതി ആ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍.

ഡല്‍ഹിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്കു നടന്ന വിദ്യാര്‍ഥി മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറ്റു ക്രൂരമര്‍ദനം. അവരുടെ കാമറകള്‍ തച്ചുടക്കപ്പെട്ടു. ഭരണകൂടത്തിനും അടുപ്പക്കാര്‍ക്കും അനിഷ്ടകരമായ വാര്‍ത്തകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടവയല്ല എന്ന സന്ദേശമല്ളേ ഈ സംഭവങ്ങളെല്ലാം കൈമാറുന്നത്.  സംവാദങ്ങളും എതിരഭിപ്രായങ്ങളുമില്ലാതെ നമ്മുടെ ജനാധിപത്യ സംവിധാനം ശക്തിപ്രാപിക്കില്ളെന്ന് ആരാണ് ഈ പണ്ഡിറ്റുകളെ പറഞ്ഞു ബോധ്യപ്പെടുത്തുക. മുന്‍ സര്‍ക്കാറുകള്‍ നടപ്പാക്കിയ പല പദ്ധതികളും പരിഷ്കരിച്ച് അവതരിപ്പിക്കുന്നു എന്നൊരാക്ഷേപം കേന്ദ്രസര്‍ക്കാറിനെതിരെയുണ്ട്. ഓരോ പദ്ധതി പ്രഖ്യാപിക്കുമ്പോഴും കോണ്‍ഗ്രസ് അവകാശവാദം മുഴക്കാറുമുണ്ട്. എന്നാല്‍, പണ്ടൊരു കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥയാണ് കേന്ദ്രമിപ്പോള്‍ പ്രഖ്യാപനം പോലുമില്ലാതെ നടപ്പില്‍ വരുത്തുന്നത്.

മാധ്യമങ്ങളാല്‍ ഒരുകാലത്ത് ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടയാളാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ മാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും പൊതു തെരഞ്ഞെടുപ്പിനു മുമ്പും വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറി കുറച്ചു നാളത്തേക്കും ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍, ഒരു വ്യക്തിക്കുവേണ്ടിയല്ല, രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള പിന്തുണയാണു അവര്‍ നല്‍കിയതെന്ന് അദ്ദേഹത്തിനു തിരിച്ചറിയാനായില്ല. വ്യവസായ താല്‍പര്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാറിനെ നെറികെട്ട വഴികളിലൂടെ നടത്താന്‍ താല്‍പര്യം കാട്ടുന്ന, വിരുന്നു സല്‍ക്കാരത്തില്‍ ഒപ്പം സെല്‍ഫിയെടുക്കാന്‍ തിക്കിത്തിരക്കുന്ന മാധ്യമപ്രവര്‍ത്തകരെയാണ് ഭരണാധിപരും നേതാക്കളും കാണുന്നുണ്ടാവുക. പക്ഷേ , അത്തരം സല്‍ക്കാരങ്ങളിലേക്കൊന്നും ക്ഷണിക്കപ്പെടാത്ത, വിളിച്ചാലും വരാന്‍ താല്‍പര്യമില്ലാത്ത നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരുണ്ട് ഈ രാജ്യത്ത്. അവര്‍ പട്ടിണിമരണങ്ങളെക്കുറിച്ച് എഴുതുന്നത് രാജ്യത്തെ നാണംകെടുത്താനല്ല, വംശഹത്യയില്‍നിന്ന് രക്ഷിക്കാനാണ്. അവര്‍ പരിസ്ഥിതിയെക്കുറിച്ച് പറയുന്നത് വിദേശ വ്യവസായികളെ ആട്ടിയകറ്റാനല്ല, പ്രകൃതിയെ നോവിക്കാതെയുള്ള വികസനത്തിനു വേണ്ടിയാണ്. അവര്‍ക്കു കമ്പം രാഷ്ട്രത്തലവനുമൊത്ത സെല്‍ഫിയിലല്ല, ഓരോ മനുഷ്യനും സെല്‍ഫ് റെസ്പെക്റ്റോടെ ജീവിക്കാനുതകുന്ന രാജ്യം കെട്ടിപ്പടുക്കാനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.