എത്ര ഗോപാല്‍ ഷെട്ടെയമാരുണ്ട് നമ്മുടെ നഗരങ്ങളില്‍?

അനധികൃതമായി എ.കെ 56 തോക്ക് കൈവശംവെക്കുകയും പിന്നീട് തെളിവില്ലാതാക്കുകയും ചെയ്ത കേസില്‍ സഞ്ജയ് ദത്തിനും, മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടായി ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ സല്‍മാന്‍ ഖാനും നിയമ വ്യവസ്ഥകളില്‍ ആനുകൂല്യവും പരിഗണനയും ലഭിച്ചത് ഉളവാക്കിയ നീരസം  അവരോടുള്ള താരസ്നേഹത്താല്‍ അവഗണിക്കപ്പെടുകയായിരുന്നു. എന്നാല്‍, ബലാത്സംഗ കേസ് പ്രതിയായി ഏഴുവര്‍ഷം തടവില്‍ കഴിയേണ്ടിവന്ന് ജീവിതം കീഴ്മേല്‍ മറിഞ്ഞ നാല്‍പതുകാരനായ ഗോപാല്‍ ഷെട്ടെയയുടെ ജീവിതപ്രതിസന്ധി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നമുക്ക് അവഗണിക്കാനാവില്ല. യഥാര്‍ഥ പ്രതിയല്ളെന്ന് മേല്‍ക്കോടതി വിധി പറയുമ്പോഴേക്കും ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിനുള്ളില്‍ ഏഴു വര്‍ഷം തള്ളിനീക്കിക്കഴിഞ്ഞിരുന്നു ഗോപാല്‍ ഷെട്ടെയ. ജയിലില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ തെരുവും സന്നദ്ധസംഘടനയും മാത്രമായിരുന്നു അഭയം. അച്ഛന്‍ മരിച്ചു. തന്‍െറ അനുമതിയോടെ ആണെങ്കിലും രണ്ടു കുട്ടികളെ അനാഥാലയത്തിലാക്കി ഭാര്യ മറ്റൊരാളെ വിവാഹംചെയ്തു. ആരുമില്ലാതായ അമ്മ നാടായ നാഗ്പുരിലെ നര്‍കേഡ് ഗ്രാമത്തിലേക്ക് തിരിച്ചുപോയി. മിച്ചം വന്നത് ജയില്‍വാസത്തിനിടെ പിടികൂടിയ ക്ഷയരോഗം മാത്രം. ആസാദ് മൈതാനത്ത് ഇരുന്ന് നീതിന്യായ വ്യവസ്ഥയോടും ഭരണകൂടത്തോടും അദ്ദേഹം ചോദിക്കുന്നു ‘നഷ്ടപ്പെട്ട ഏഴുവര്‍ഷവും കുടുംബജീവിതവും എനിക്കാര് തിരിച്ചുതരും?’
കോടതികളും ജയിലും, സല്‍മാന്‍ ഖാനും സഞ്ജയ് ദത്തിനും സിനിമാ ജീവിത തിരക്കിനിടയിലെ ഇടവേള മാത്രമായിരുന്നു. എന്നാല്‍, ഗോപാല്‍ ഷെട്ടെയക്ക് അതങ്ങനെയായിരുന്നില്ല. നിയമപോരാട്ടം നടത്താന്‍ ശേഷിയില്ല. മരുന്നിനും ഭക്ഷണത്തിനുമിടയില്‍ പിശുക്ക് കാട്ടാന്‍ പോലും പണമില്ല. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സല്‍മാനും ദത്തും ഗോപാല്‍ ഷെട്ടെയയുമല്ല. നീതിവ്യവസ്ഥയെ കൈകാര്യംചെയ്യുന്നവരാണ്. നിയമം കൈകാര്യംചെയ്യുന്നിടത്തെ മാനുഷിക പരിഗണനയിലെ ഏറ്റക്കുറച്ചിലുകളാണ്. ഒന്ന് അടിവരയിട്ടു പറയാം. സല്‍മാന് സെഷന്‍സ് കോടതി വിധിച്ച അഞ്ചുവര്‍ഷം തടവ് മരവിപ്പിച്ച ബോംബെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് അഭയ് എം. തിപ്സെ തന്നെയാണ് ഗോപാല്‍ ഷെട്ടെയ ആളുമാറി ശിക്ഷിക്കപ്പെട്ടവനാണെന്ന് വിധിയെഴുതിയതും. ശിക്ഷ വിധിച്ച് മണിക്കൂറുകള്‍ക്കകം സല്‍മാന് ജാമ്യം നല്‍കുകയും അടുത്ത ദിവസം ശിക്ഷ മരവിപ്പിക്കുകയും ചെയ്ത ജസ്റ്റിസ് അഭയ് തിപ്സെ വ്യക്തമാക്കിയ കാര്യമുണ്ട്. ഇതിനെല്ലാം നിയമവ്യവസ്ഥയില്‍ വകുപ്പുകള്‍ ഉണ്ടെന്നും അത് ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് ആളും അര്‍ഥവുമില്ല എന്നതിനാല്‍ നിയമമറിഞ്ഞ് ഉപയോഗിക്കുന്നവര്‍ക്ക് അത് നിഷേധിക്കാന്‍ കഴിയില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. കേസില്‍ വാദം കേള്‍ക്കുമ്പോഴും തെളിവുകള്‍ പരിശോധിക്കുമ്പോഴും മാനുഷിക പരിഗണന നല്‍കുന്ന ജഡ്ജിയെന്ന് ഖ്യാതിനേടിയ വ്യക്തിയാണ് ജസ്റ്റിസ് അഭയ് തിപ്സെ. ചെസ് മാസ്റ്റര്‍ കൂടിയായ അഭയ് തിപ്സെ കൈകാര്യംചെയ്ത കേസുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ അത് വ്യക്തമാകും.
ഗോപാല്‍ ഷെട്ടെയയുടെ ജീവിതത്തിലേക്ക് പോകാം. നാഗ്പുരുകാരനായ അദ്ദേഹം ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദദാരിയാണ്. മുംബൈ ഗാഡ്കൂപ്പറിലെ റസ്റ്റാറന്‍റില്‍ പ്രധാന പാചകക്കാരനായിരുന്നു. കുടുംബത്തെ നെഞ്ചോട് ചേര്‍ത്തുവെച്ചായിരുന്നു ജീവിതം. മക്കളുടെ പഠിത്തത്തിലായിരുന്നു കൂടുതലും ശ്രദ്ധ. എന്നാല്‍, 2009 ജൂലൈ 29ന് എല്ലാം തകര്‍ന്നു. കുര്‍ള റെയിവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടിയ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് കുര്‍ള റെയില്‍വേ പൊലീസിലെ വനിതാ ഇന്‍സ്പെക്ടര്‍ ഗോപാല്‍ ഷെട്ടെയയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2008ല്‍ ഒൗറംഗാബാദില്‍നിന്ന് മുംബൈയില്‍ ജോലി തേടി എത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യം കല്യാണില്‍ വീട്ടുവേലക്കാരിയായി ജോലിയിലേര്‍പ്പെട്ട പെണ്‍കുട്ടി പിന്നെ ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് പുറപ്പെട്ടു. വിശപ്പു സഹിക്കവയ്യാതെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് അവിടെ ഭിക്ഷ യാചിച്ചായിരുന്നു ജീവിതം. 2009 ജൂലൈ 18ന് പുലര്‍ച്ചെ രണ്ടരക്കാണ് മാനഭംഗത്തിന് ഇരയാകുന്നത്. തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഗോപി എന്നയാള്‍ അടുത്തുകൂടിയെന്നും റെയില്‍വേ പ്ളാറ്റ്ഫോമില്‍നിന്ന് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.
പീഡന ശേഷം പെണ്‍കുട്ടി പൊലീസിനെ സമീപിച്ച് പരാതിപ്പെട്ടതല്ല. പീഡനത്തിനിടെ പരിക്കേറ്റ പെണ്‍കുട്ടിയെ ഗോപിയെന്നയാള്‍തന്നെ ഓട്ടോയില്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ചികിത്സ നേടുന്നതിനിടെ പൊലീസിനെ കണ്ട് ഗോപി എന്നയാള്‍ മുങ്ങുകയായിരുന്നു വത്രെ. ഗോപി എന്നു കരുതിയാണ് ഗോപാല്‍ ഷെട്ടെയയെ വനിതാ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്ത്. ‘ഗോപി ’ എന്ന പേരൊഴിച്ച് പെണ്‍കുട്ടിക്ക് ആളെ അറിയില്ല. ഗോപാല്‍ ഷെട്ടെയെയെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്താതെ നേരിട്ട് അദ്ദേഹത്തെ പെണ്‍കുട്ടിയുടെ മുന്നില്‍ നിര്‍ത്തുകയാണ് ചെയ്തത്. കുര്‍ള റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട ആളിന്‍െറ രൂപമാണ് ഗോപാല്‍ ഷെട്ടെയക്കെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, ആ സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജറാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ ഓട്ടോയുടെ ഡ്രൈവറെയോ ഡോക്ടര്‍മാരെയോ ആശുപത്രി ജീവനക്കാരെയോ സാക്ഷികളാക്കിയതുമില്ല. ഇതൊന്നും പരിഗണിക്കാതെ ശെവ്രി അതിവേഗ കോടതി ഗോപാല്‍ ഷെട്ടെയക്ക് ഏഴു വര്‍ഷം തടവു വിധിക്കുകയായിരുന്നു.
2010ലാണ് ഗോപാല്‍ ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണ്‍ 10ന് ബോംബെ ഹൈകോടതി ജസ്റ്റിസ് അഭയ് എം. തിപ്സെ ഗോപാല്‍ ഷെട്ടെയ കുറ്റം ചെയ്തിട്ടില്ളെന്ന് വിധി പറയുമ്പോഴേക്കും ശിക്ഷയുടെ ഏഴു വര്‍ഷം കഴിഞ്ഞിരുന്നു. പെണ്‍കുട്ടി ആളെ തിരിച്ചറിഞ്ഞു എന്നതൊഴിച്ചാല്‍ മറ്റൊരു തെളിവും ഗോപാല്‍ ഷെട്ടെയക്ക് എതിരെ പൊലീസിന് ഹാജറാക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യമായി കണ്ടയാളെ നിരക്ഷരയായ ഇര തിരിച്ചറിഞ്ഞു എന്നതിലെ യുക്തി ചോദ്യംചെയ്താണ് ഹൈകോടതി വിധി. ശിക്ഷക്കിടെ പലകുറി ജാമ്യത്തിനായി ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു ഗോപാല്‍ ഷെട്ടെയ. അതിനിടയില്‍ അദ്ദേഹത്തിന് എല്ലാം നഷ്പ്പെട്ടുകഴിഞ്ഞിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഗോപാല്‍ ഷെട്ടെയ അനാഥാലയത്തില്‍ ചെന്ന് മക്കളെ കണ്ടെങ്കിലും അവരെ ഒപ്പം കൂട്ടാന്‍ കഴിയാത്ത നെഞ്ചുരുക്കത്തിലാണ്. ഇനി അവര്‍ക്ക് കൊടുക്കാന്‍ തന്‍െറ കൈയില്‍ ഒന്നുമില്ളെന്ന് അദ്ദേഹം പറയുന്നു. ക്ഷയരോഗവും ബലാത്സംഗ കേസ് പ്രതിയെന്ന മുദ്രയും ജീവിതത്തിനു മുന്നില്‍ വിഘ്നമായി നില്‍ക്കുന്നു. ഇപ്പോള്‍ ഒരാവശ്യമേയുള്ളൂ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കാണണം. മറ്റൊന്നിനുമല്ല; നഷ്ടപ്പെട്ട ആ ഏഴു വര്‍ഷങ്ങള്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെടാന്‍. കാണാന്‍ കൂട്ടാക്കാത്ത മുഖ്യന്‍െറ മനസ്സുമാറ്റാന്‍ ആസാദ് മൈതാനത്ത് സമരത്തിലാണ് ഗോപാല്‍ ഷെട്ടെയ. ഇനി നാട്ടുകാരനായ ഗോപാല്‍ ഷെട്ടെയയെ  കാണാന്‍ മുഖ്യന്‍ തയാറായാലും എങ്ങനെയാണ് അദ്ദേഹത്തിന് ഉത്തരം നല്‍കാനാവുക.
കുറ്റമുക്തനാക്കപ്പെട്ട ശേഷം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയ സല്‍മാന്‍ ഖാനും ഒരു വര്‍ഷത്തെ ആനുകൂല്യങ്ങളും ഇളവുകളും തുണയായി ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്നിറങ്ങിയ സഞ്ജയ് ദത്തിനും രാജകീയ സ്വീകരണങ്ങളാണ് വീട്ടുമുറ്റത്ത് ആരാധകര്‍ നല്‍കിയത്. ഗോപാല്‍ ഷെട്ടെയക്കു മുന്നിലും സ്വാതന്ത്ര്യത്തിലേക്കാണ് ജയില്‍ കവാടം തുറന്നത്. എന്നാല്‍, ഗോപാല്‍ ഷെട്ടെയക്കു മുന്നില്‍ മാത്രം ജീവിതമുണ്ടായിരുന്നില്ല. ഇങ്ങനെ വിവരാവകാശത്തിന് പോലും എണ്ണമെടുക്കാന്‍ കഴിയാത്ത എത്ര ഗോപാല്‍ ഷെട്ടെയമാരുണ്ടാകാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.