അന്ധകാരം ദൂരീകരിക്കുക

അസത്യത്തിനും അന്ധകാരത്തിനും മരണത്തിനുമെതിരെയുള്ള വിജയമാണ് യേശുവിന്‍െറ ഉത്ഥാനം. യേശുക്രിസ്തു നേടിയെടുത്ത ഈ വിജയമാണ് ഉയിര്‍പ്പ് തിരുനാളിലൂടെ ആഘോഷിക്കുന്നത്. യേശുവിന്‍െറ ജനനവും ജീവിതവും പീഡാസഹനങ്ങളും ക്രൂശാരോഹണവും ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം അനുസ്മരിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍, യേശുവിന്‍െറ ഉത്ഥാനത്തെ ഒരു സത്യമായി അംഗീകരിക്കാന്‍ പലരും ബുദ്ധിമുട്ടുന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു എന്ന പരമാര്‍ഥം ക്രൈസ്തവര്‍ വിശ്വസിച്ചേ മതിയാകൂ. കാരണം, ക്രിസ്തുമതം നിലകൊള്ളുന്നത് ഉത്ഥാനമെന്ന അടിസ്ഥാനത്തിലാണ്. യേശു ഉയിര്‍ത്തെഴുന്നേറ്റത് സത്യമല്ളെങ്കില്‍, ക്രിസ്തുമതം എന്നത് കള്ളത്തരത്തില്‍ പണിതുയര്‍ത്തിയ ശീട്ടുകൊട്ടാരമാകും.
യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‍െറ സാക്ഷ്യം ഒഴിഞ്ഞകല്ലറയാണ്. യേശുവിന്‍െറ ശിഷ്യന്മാര്‍ വന്ന് യേശുവിന്‍െറ ശരീരം മോഷ്ടിച്ചുകൊണ്ടുപോയി എന്ന് പടയാളികളെക്കൊണ്ട് പറയിപ്പിച്ചവര്‍ക്ക് ആ കള്ളപ്രചാരണത്തിലെ മണ്ടത്തം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. യേശു ബന്ധിക്കപ്പെട്ടതോടെ ഓടിരക്ഷപ്പെട്ട് പടയാളികളെയും ജനങ്ങളെയും ഒരുപോലെ ഭയപ്പെട്ട് വാതിലുകളടച്ച് ഒളിച്ചിരുന്ന ശിഷ്യന്മാര്‍, ഒരു സൈന്യവ്യൂഹംതന്നെ കാവല്‍നില്‍ക്കുന്ന കല്ലറയില്‍ വന്ന് യേശുവിന്‍െറ ശരീരം മോഷ്ടിച്ചു എന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. മാത്രമല്ല, ക്രിസ്തുവിന്‍െറ ശരീരം മോഷ്ടിച്ചതാണെങ്കില്‍ ശിഷ്യന്മാര്‍ അത് മോഷ്ടിക്കുന്നത് കണ്ടിട്ടും എന്തുകൊണ്ട് പടയാളികള്‍ അവരെ പിടികൂടിയില്ല എന്ന ചോദ്യവും അവശേഷിക്കുന്നു.
ക്രിസ്തുവിന്‍െറ ഉത്ഥാനം സംബന്ധിച്ച മറ്റൊരു തെളിവ് അവിടത്തെ ശിഷ്യന്മാരാണ്. തങ്ങളുടെ ഗുരുവിനെ കുരിശില്‍ തറച്ചവരെ പേടിച്ച് വിറച്ചിരുന്ന പത്രോസെന്ന അക്ഷരാഭ്യാസമില്ലാത്ത മുക്കുവനും കൂട്ടുകാരും ഒരു സുപ്രഭാതത്തില്‍ ജനസഹസ്രങ്ങളുടെ മുന്നില്‍ ധൈര്യപൂര്‍വം നെഞ്ചും വിരിച്ചുനിന്ന് യേശുവിന്‍െറ ഉത്ഥാനത്തെപ്പറ്റി പ്രസംഗിച്ചെങ്കില്‍ അതിനവരെ ശക്തരാക്കിയത് യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ്.
വര്‍ഷങ്ങളോളം ഉത്ഥാനതിരുന്നാള്‍ ആഘോഷത്തില്‍ ഭക്തിപൂര്‍വം പങ്കുകൊള്ളുന്ന നമ്മില്‍ ഒരു സത്യം എത്രമാത്രം സ്വാധീനംചെലുത്തുന്നുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. നമ്മുടെ ജീവിതത്തില്‍ ഒരു ഉത്ഥാന അനുഭവമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ അസത്യത്തിനും അന്ധകാരത്തിനും മരണത്തിനും മേല്‍ യേശു നേടിയ വിജയമാണ് ഉത്ഥാനാനുഭവം. അസത്യത്തില്‍നിന്ന് സത്യത്തിലേക്കും അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കും മരണത്തില്‍നിന്ന് അമര്‍ത്യതയിലേക്കും ഞങ്ങളെ നയിക്കേണമേ എന്ന മാമുനിമാരുടെ മന്ത്രണത്തിന്‍െറ സാക്ഷാത്കാരമാണ് യേശുവിന്‍െറ ഉയിര്‍പ്പ്.
നാമിന്ന് ജീവിക്കുന്നത് ഒരു മരണസംസ്കാരത്തിലാണ്. ദിനംപ്രതി ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും അപകടമരണങ്ങളുടെയും എണ്ണം ഏറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍െറ സ്വാര്‍ഥത ഇന്നിന്‍െറ ലോകത്തെ ഒരു മരണസംസ്കാരത്തില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
മരണസംസ്കാരത്തിനെതിരെ ഉണരുന്നതോടൊപ്പം അസത്യത്തിനെതിരെയും അന്ധകാരത്തിനെതിരെയും യേശു നേടിയ വിജയം നമ്മില്‍ യാഥാര്‍ഥ്യമാകണം. നമ്മിലുള്ള അസത്യത്തിന്‍െറ കണികകള്‍ ഇല്ലാതാക്കാന്‍ കഴിയണം. പലപ്പോഴും നാം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നമ്മെ സംബന്ധിച്ചിടത്തോളം സത്യമായിട്ട് നമുക്കു തോന്നാം. എന്നാല്‍, ആ സത്യങ്ങള്‍ സമൂഹത്തില്‍ ആര്‍ക്കെങ്കിലും വേദന സമ്മാനിക്കുന്നുണ്ടെങ്കില്‍, അതിന് എന്തോ അപാകതയുണ്ടെന്ന് നാം തിരിച്ചറിയണം. അതോടൊപ്പം മനുഷ്യമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പലതരത്തിലുള്ള അന്ധകാര ശക്തികള്‍, അഹങ്കാരം, ധനാസക്തി, സ്വാര്‍ഥത, ജഡികാസക്തി, മദ്യപാസക്തി മുതലായവ നമ്മിലും നമ്മുടെ സമൂഹത്തിലും അന്ധകാരം പരത്തുമെന്നത് യാഥാര്‍ഥ്യമാണ്. ഈ ഉത്ഥാന തിരുനാള്‍ ആഘോഷത്തിലൂടെ നമ്മിലുള്ള ഏതെങ്കിലും ഒരു അന്ധകാരശക്തിയെ എങ്കിലും ദൂരീകരിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഈ ആഘോഷം സാര്‍ഥകമാകും. ഈസ്റ്റര്‍ തിരുനാള്‍ യാഥാര്‍ഥ്യമാകുന്നതിന് നമ്മുടെ ജീവിതമാകുന്ന കല്ലറയെ മൂടിയിരിക്കുന്ന അസത്യമാകുന്ന, അന്ധകാരമാകുന്ന, മരണസംസ്കാരമാകുന്ന കല്ലിനെ നമുക്കെടുത്തുമാറ്റാം. അതിനായി കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT