മരുന്ന് സംയുക്തങ്ങളെക്കുറിച്ച് വിവാദങ്ങളും ചര്‍ച്ചകളും അരങ്ങുതകര്‍ക്കുകയാണ് മാധ്യമങ്ങളിലും പൊതുസമൂഹത്തിലും. അക്കാദമികസംവാദം കൊണ്ട് ജനോപകാരപ്രദമാകേണ്ടതിന് പകരം, അര്‍ധജ്ഞാനംകൊണ്ടുള്ള വാദകോലാഹലങ്ങള്‍ പൊതുസമൂഹത്തെ ആശങ്കാകുലരാക്കുകയാണ്. എന്താണ് മരുന്ന് സംയുക്തങ്ങള്‍ അഥവാ എഫ്.ഡി.സി (ഫിക്സഡ് ഡ്രഗ് കോമ്പിനേഷന്‍)? എല്ലാ എഫ്.ഡി.സികളും നിരോധിക്കേണ്ടതാണോ? ഇത്രയധികം സംയുക്തങ്ങള്‍ ആവശ്യമാണോ?
ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ സാങ്കേതികപദത്തില്‍ രണ്ടോ അതിലധികമോ മരുന്നുകള്‍ ഒരൊറ്റ ഗുളികയായോ സിറപ്പ് രൂപത്തിലോ ലഭ്യമാക്കുന്നതിനെയാണ് എഫ്.ഡി.സി എന്നു പറയുക. ശാസ്ത്രീയവും അശാസ്ത്രീയവുമായ എഫ്.ഡി.സികളുണ്ട്. ശാസ്ത്രീയ മരുന്നുസംയുക്തങ്ങള്‍ രോഗികള്‍ക്ക് ഉപകാരപ്രദമാണ്. ഉദാഹരണത്തിന്, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വരാതിരിക്കാന്‍ മുന്‍കരുതലായെടുക്കുന്ന ആസ്പിരിന്‍-ക്ളോപിഡോഗ്രല്‍ കോമ്പിനേഷന്‍. രണ്ടു മരുന്നുകളും ദിവസം ഒരു നേരം കഴിച്ചാല്‍ മതി. സര്‍ക്കാര്‍ വിലനിയന്ത്രണമുള്ളപ്പോള്‍ അഞ്ചുരൂപക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍, ഇവ വെവ്വേറെയാണെങ്കില്‍ ചെലവ് എട്ടുരൂപക്ക് മുകളിലാകും.
രക്താദിസമ്മര്‍ദത്തിന് പ്രതിദിനം മൂന്ന് മരുന്നുകള്‍ ആവശ്യമുള്ള രോഗികളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നതും എഫ്.ഡി.സികള്‍ ഗുണകരമാണെന്നുതന്നെ. ആസ്ട്രേലിയയില്‍ 34,000 രോഗികള്‍ ഉള്‍പ്പെട്ട ഒരു മെറ്റ-അനാലിസിസില്‍ മൂന്നു ചേരുവകളും ഒരൊറ്റ മരുന്നായി കഴിക്കുന്ന രോഗികളില്‍, മൂന്നും വെവ്വേറെ കഴിക്കുന്നവരെക്കാള്‍ 25 ശതമാനം കോംപ്ളിയന്‍സ് കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗികള്‍ മരുന്നുകള്‍ എത്രത്തോളം കൃത്യമായി കഴിക്കുന്നു എന്നതിന്‍െറ അളവുകോലാണ് കോംപ്ളിയന്‍സ്. ദീര്‍ഘകാലം മരുന്ന് കഴിക്കേണ്ട പ്രമേഹം, രക്താദിസമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാത പ്രതിരോധം എന്നിവക്ക് എഫ്.ഡി.സികള്‍ ഗുണകരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.
എന്നാല്‍, നമ്മുടെ രാജ്യത്ത് ഇത്രയധികം എഫ്.ഡി.സികള്‍ ആവശ്യമാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അല്ല എന്നാണ് ഉത്തരം. ഹ്രസ്വകാല രോഗങ്ങള്‍ എന്നു വിളിക്കുന്ന പനി, ജലദോഷം, ചുമ എന്നിവയുടെ ചികിത്സക്ക് എഫ്.ഡി.സികള്‍ ആവശ്യമല്ല. എന്നിട്ടും എന്തുകൊണ്ട് ലോകത്തില്‍ ഏറ്റവുമധികം എഫ്.ഡി.സികള്‍ ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നതിന് ഉത്തരം പറയേണ്ടത് സര്‍ക്കാറും മരുന്ന് നിയന്ത്രണ അതോറിറ്റികളുമാണ്. വളരെ അയഞ്ഞ ഒരു മരുന്ന് നിയന്ത്രണസംവിധാനമാണ് ഇന്ത്യയിലുള്ളത്. ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ജലദോഷം, ചുമ തുടങ്ങിയവക്കുള്ള സാധാരണ മരുന്നുകള്‍പോലും നേരിട്ട് ഫാര്‍മസിയില്‍നിന്ന് ലഭിക്കില്ല. ഡിജിറ്റല്‍ കുറിപ്പടിയിലൂടെ മരുന്നുകള്‍ ആശുപത്രിയില്‍നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ.
മറ്റൊരു പ്രധാനചോദ്യം മരുന്ന് സംയുക്തങ്ങള്‍ ഉപദ്രവകരമാണോ എന്നാണ്. എഫ്.ഡി.സികളില്‍ ഉപയോഗിക്കുന്ന മിക്ക ചേരുവകളും മനുഷ്യര്‍ക്ക് ഉപയോഗിക്കുന്നതിന് അംഗീകരിക്കപ്പെട്ട സുരക്ഷാ അളവില്‍തന്നെയുള്ളതാണ്. ഇപ്പോള്‍ നിരോധിച്ച എഫ്.ഡി.സികള്‍ മിക്കവയും ചുമ, പനി, ജലദോഷം എന്നിവക്കുള്ള മരുന്നുകളാണ്. അവ ഒരൊറ്റ ഗുളികയായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് തെളിയിച്ചിട്ടുണ്ട് എന്ന് നിരോധ ഉത്തരവില്‍പോലും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട് എന്നുമാത്രമാണ് പറയുന്നത്. പനിക്കും ജലദോഷത്തിനുമുള്ള മരുന്ന്സംയുക്തങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ല.
എഫ്.ഡി.സികള്‍ ഉപദ്രവകരമാകുന്നത് പലതിലും ആരോഗ്യസാഹചര്യത്തെക്കാള്‍ അനാവശ്യഘടകങ്ങള്‍ രോഗി കഴിക്കേണ്ടിവരാം എന്നതാണ്. ചിലരെ സംബന്ധിച്ചിടത്തോളം മരുന്നുകളുടെ അനുപാതം പലപ്പോഴും കൃത്യമായിരിക്കണമെന്നുമില്ല. ഇത് ആന്‍റിബയോട്ടിക് പോലുള്ള ചില മരുന്നുകള്‍ ശരീരത്തില്‍ ഒൗഷധങ്ങള്‍ക്കെതിരായ പ്രതിരോധം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇതിന് പരിഹാരം പടിഞ്ഞാറന്‍ രാജ്യങ്ങളിലേതുപോലെ ഓരോ ഘടകവും വെവ്വേറെയായി രോഗിക്ക് നല്‍കി പ്രശ്നമില്ല എന്നുറപ്പിച്ചശേഷം മാത്രം കോമ്പിനേഷനിലേക്ക് മാറുക എന്നതാണ്.
ഫാര്‍മകുത്തകകളുടെ കൊള്ള ആരോഗ്യപ്രവര്‍ത്തകരും പൊതുസമൂഹവും ഒത്തുചേര്‍ന്ന് തോല്‍പിക്കേണ്ട വിഷയമാണ്. ആരോഗ്യമേഖലയിലെ ശുദ്ധീകരണത്തിനും വിശ്വാസ്യത വീണ്ടെടുക്കേണ്ടതിനും അത്യന്താപേക്ഷിതമാണത്. ഫാര്‍മസി രംഗത്തെ കോര്‍പറേറ്റുകളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ആര്‍ക്കും ഒരു സമ്മാനവും നല്‍കാത്ത, പാവപ്പെട്ട മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്കായി വാക്സിനുകള്‍ ഏറ്റവും കുറഞ്ഞ വിലക്ക് നിര്‍മിച്ചുനല്‍കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യപോലുള്ളവയെ കാണാതെ പോകരുത്. മരുന്ന് സംയുക്തങ്ങളുടെ നിര്‍മാണം ഫാര്‍മ കുത്തകകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ മാത്രമുള്ളതാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. ഇന്ത്യയില്‍ ലക്ഷം കോടി രൂപയുടെ ഇടപാട് നടക്കുന്ന വാര്‍ഷിക മരുന്നുവിപണിയില്‍ 4000 കോടി മാത്രമാണ് ഇപ്പോള്‍ നിരോധിച്ച എഫ്.ഡി.സികളുടെ പങ്ക്. ബാക്കി 96,000 കോടിയുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍ നിരോധത്തിന് പുറത്തുള്ള മരുന്നുകള്‍ വഴിയാണ്. മിക്ക എഫ്.ഡി.സികളും വെവ്വേറെ മരുന്ന് വാങ്ങുന്നതിനെക്കാള്‍ രോഗികള്‍ക്ക് ലാഭകരവുമാണ്.
വ്യക്തമായ പഠനങ്ങളില്ലാതെ മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അശാസ്ത്രീയ കാര്യങ്ങള്‍ പറയുന്നത് കുറച്ചുകാലമായി കേരളത്തിലെ ജനങ്ങളില്‍ വൈദ്യശാസ്ത്രത്തോട് ഭീതിയുള്ള മനസ്സ് രൂപപ്പെടുന്നതിനും ചികിത്സയോട് വൈമുഖ്യമുണ്ടാക്കാനും കാരണമായിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും വലിയ അളവില്‍ വഴിവെക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും മനുഷ്യവിരുദ്ധ പ്രവണതകളും സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ പാടില്ല എന്നല്ല. ഗൗരവമായ സംവാദങ്ങളും ചര്‍ച്ചകളും നടത്തേണ്ടത് ശാസ്ത്രവിദഗ്ധരടങ്ങിയവരാകണം. വാക്സിനെക്കുറിച്ച് ആധികാരികമായി പറയേണ്ടത് കമ്യൂണിറ്റി മെഡിസിന്‍, പീഡിയാട്രിക് സ്പെഷാലിറ്റിയില്‍ ഉള്ളവരാണ്. അതിന് പകരം ഒരു ഗൈനക്കോളജിസ്റ്റിനെ വാക്സിന്‍ വിദഗ്ധയായി എഴുന്നള്ളിക്കുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, മുറിവൈദ്യന്മാരും ഗൂഗ്ള്‍ വിവരാന്വേഷണത്തിലൂടെ കണ്ടത്തെുന്ന അശാസ്ത്രീയ പഠനങ്ങളോ അല്‍പജ്ഞാനവും അസത്യവും കൂട്ടിക്കലര്‍ത്തിയ പഠനങ്ങളോ മുന്നില്‍വെച്ച് വസ്തുതകളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ വൈദഗ്ധ്യം ചമഞ്ഞ് സൃഷ്ടിക്കുന്ന അപകടങ്ങള്‍ കാരണം സമൂഹത്തില്‍ മരണങ്ങള്‍ അടക്കമുള്ള ദുരന്തങ്ങള്‍ പെരുകുമ്പോള്‍ നൈതിക വൈദ്യശാസ്ത്രത്തിന്‍െറ ആളുകള്‍ക്കുപോലും മോഡേണ്‍ മെഡിസിനുകളെയും ഡോക്ടര്‍മാരെയും പ്രതിരോധിക്കാന്‍ ഇറങ്ങേണ്ടിവരുന്നു. ശാസ്ത്രവിരുദ്ധ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആധികാരികത ഉറപ്പുവരുത്താനോ മറുവശം വ്യക്തമാക്കാനോ ഒള്ള മാധ്യമധാര്‍മികത പലപ്പോഴും പാലിക്കപ്പെടാറില്ല. ‘മാധ്യമം’ പത്രത്തില്‍ വാക്സിന് അനുകൂലമായി നല്‍കിയ ഒറ്റ ലേഖനംകൊണ്ടുമാത്രം വാക്സിന്‍ എടുക്കാന്‍ തയാറായ എത്രയോ കുടുംബങ്ങളെ ചൂണ്ടിക്കാണിക്കാന്‍ പറ്റും; വാക്സിന്‍വിരുദ്ധ ലേഖനംകൊണ്ട് എടുക്കാത്ത കുടുംബങ്ങളെയും.
മാധ്യമങ്ങളില്‍ ആരോഗ്യമേഖല കൈകാര്യംചെയ്യുന്നവര്‍ കുറച്ചുകൂടി ശാസ്ത്രസാക്ഷരത നേടിയേ തീരൂ. ശാസ്ത്രമേഖലയിലെ വിദഗ്ധരുമായി അവര്‍ സംവദിക്കട്ടെ പ്രത്യേകിച്ചും, എഫ്.ഡി.സികള്‍ ഉണ്ടാക്കുന്നതിനെക്കാള്‍ മരണങ്ങളും മറ്റു ദൂഷ്യഫലങ്ങളും പത്രപ്രവര്‍ത്തകരുടെ ശാസ്ത്രനിരക്ഷത നിമിത്തം സംഭവിച്ചിട്ടുണ്ട് എന്ന് വൈദ്യമേഖല ഉറച്ചുവിശ്വസിക്കുമ്പോള്‍.
(ലേഖകന്‍ എത്തിക്കല്‍ ഫോറം പ്രസിഡന്‍റും എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് വിഭാഗം അസി. പ്രഫസറുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.