സ്ത്രീപക്ഷ മാനിഫെസ്റ്റോ കാത്ത്

കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ മുന്‍നിരയില്‍ നില്‍ക്കുന്നവരാരും സ്ത്രീവിരുദ്ധരോ സ്ത്രീ വിരുദ്ധ പക്ഷക്കാരോ അല്ല. അതിനപ്പുറം സ്ത്രീകളുടെ കഴിവുകളെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍, അവര്‍ കൂട്ടായ തീരുമാനമെടുക്കേണ്ട നിയമസഭയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെടുമ്പോള്‍ കടുത്ത സ്ത്രീവിരുദ്ധരും പിന്തിരിപ്പന്മാരുമാണെന്ന്  പറയേണ്ടിവരുന്നു എന്നത് ഖേദകരമാണ്.
നമ്മുടെ സംസ്ഥാനം രൂപപ്പെട്ടതുമുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീപ്രതിനിധികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകും. ആദ്യകാലത്ത് സ്ത്രീജനങ്ങളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ കുറവായിട്ടും നിയമസഭാംഗങ്ങളുടെ എണ്ണം കുറവായിട്ടും വനിതാ എം.എല്‍.എമാരുടെ എണ്ണം ഇന്നത്തേതിലും കൂടുതലായിരുന്നു.
1957ല്‍ സംസ്ഥാനത്തെ ജനസംഖ്യ ഒരു കോടിയും ആകെ നിയമസഭാ സാമാജികരുടെ എണ്ണം 114ഉം ആയിരുന്നു. അന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ ആറു പേരാണ്. അവരില്‍ കായംകുളത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിശബായ് സഭയില്‍ ഡെപ്യൂട്ടി സ്പീക്കറാവുകയും ചെയ്തു. പിന്നീട് 1960ല്‍ ഏഴു വനിത എം.എല്‍.എമാരില്‍ ആലപ്പുഴയില്‍നിന്ന് ജയിച്ചുവന്ന നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കര്‍ ആയി. 1965ല്‍  എം.എല്‍.എമാരുടെ എണ്ണം 113 ആയി ഉയര്‍ത്തിയപ്പോള്‍ മൂന്നുപേരാണ് വനിത എം.എല്‍.എമാരായി ഉണ്ടായിരുന്നത്. നാലാം കേരള നിയമസഭയില്‍ 133ല്‍ ഒറ്റ വനിതമാത്രം - ഗൗരിയമ്മ.
1970ലെ തെരഞ്ഞെടുപ്പില്‍ രണ്ടു സ്ത്രീകള്‍ എം.എല്‍.എമാരായപ്പോള്‍, 1977ല്‍ നിയമസഭ അംഗങ്ങളുടെ എണ്ണം 140 ആക്കി ഉയര്‍ത്തിയെങ്കിലും സ്ത്രീപ്രാതിനിധ്യം ഒന്നായി ചുരുങ്ങി. സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലായതും പോളിങ്നിരക്കില്‍ സ്ത്രീകള്‍ മുന്‍പന്തിയില്‍ വന്നതും  ആ തെരഞ്ഞെടുപ്പിലായിരുന്നു.
1980-82 തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം അഞ്ചും മൂന്നും സ്ത്രീകളാണ് സഭയിലത്തെിയത്. 1982നു ശേഷം നടന്ന ഒരു ഉപ തെരഞ്ഞെടുപ്പില്‍ ഒരു വനിത കൂടി ജയിച്ചുവന്നതോടെ എണ്ണം നാലായി. 1987ലും 1991ലും സഭയിലത്തെിയ വനിത പ്രതിനിധികളുടെ എണ്ണം എട്ടുവീതമാണ്. എന്നാല്‍, 1996ല്‍ കേരളം ഇന്നേവരെ കണ്ടതില്‍ ഏറ്റവുമധികം വനിതകള്‍ സഭയിലത്തെി. 13 മഹിളകളെയാണ് എം.എല്‍.എമാരാക്കിയത്. 2001ലെ തെരഞ്ഞെടുപ്പില്‍ എട്ടും 2006ലും 2011ലും ഏഴു വനിതകള്‍ വീതവും നിയമസഭയിലത്തെി. ആകെ നിയമസഭാംഗങ്ങളുടെ എണ്ണത്തിന്‍െറ വെറും അഞ്ചു ശതമാനം മാത്രം.  ഇപ്പോള്‍ സംസ്ഥാന ജനസംഖ്യയില്‍ പകുതിയിലധികവും സ്ത്രീകളാണ്. കൃത്യമായി പറഞ്ഞാല്‍ 2001ലെ കണക്കനുസരിച്ച് 1,60,21,290 പുരുഷന്മാരും 1,73,66,387 സ്ത്രീകളും സംസ്ഥാനത്തുണ്ട്. നിയമ നിര്‍മാണസഭയിലെ സ്ത്രീസാന്നിധ്യത്തിന്‍െറ കണക്ക് നമ്മള്‍ കണ്ടുകഴിഞ്ഞു.
ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന സ്ത്രീവിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍, രാജ്യത്തെ മികച്ച ഭരണസംവിധാനം എന്നിങ്ങനെ ഇതരസംസ്ഥാനങ്ങളെ പിന്നിലാക്കി പലതിലും നാം ഒന്നാമതത്തെി. എന്നാല്‍, നിയമനിര്‍മാണസഭയില്‍ സ്ത്രീപ്രാതിനിധ്യത്തിന്‍െറ കാര്യത്തില്‍ മറ്റുപല സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം വളരെ പിറകിലാണ്. ഹരിയാനപോലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീപ്രാതിനിധ്യം 14 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് നാം വെറും അഞ്ചു ശതമാനത്തില്‍ കുറ്റിയടിച്ചിരിക്കുന്നത്. തീര്‍ച്ചയായും മാറ്റത്തിന് സമയമായിരിക്കുന്നു.
സ്ത്രീ ജനപ്രതിനിധികള്‍ അവരുടെ  പുരുഷ കൗണ്ടര്‍ പാര്‍ട്ടുകളെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ് എന്ന് അനുഭവങ്ങള്‍ വഴി തെളിയിക്കപ്പെട്ടതു കൊണ്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതസംവരണം 33 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തിയത്.  അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീ ജനപ്രതിനിധികള്‍ക്കിടയില്‍ വളരെ കുറവാണ്.  നിയമസഭയില്‍ കഴിഞ്ഞ 13 പ്രാവശ്യവുമത്തെിയ ഓരോ സാമാജികര്‍ക്കും ലഭിച്ച വോട്ടുകളുടെ ഓഹരിയില്‍ സ്ത്രീകളുടെ പങ്ക് വലുതാണ്. സ്ത്രീകള്‍ വെറും വോട്ടുയന്ത്രങ്ങള്‍ മാത്രമായാല്‍ മതി എന്ന സമീപനം രാഷ്ട്രീയപാര്‍ട്ടികള്‍ ഉപേക്ഷിക്കണം.
 2013ലെ അന്തര്‍ദേശീയ വനിതദിനത്തില്‍  യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്‍റിലും നിയമസഭകളിലും 33 ശതമാനം സംവരണം നല്‍കണമെന്ന് ബില്‍ അവതരിപ്പിച്ചു. ഉത്തരേന്ത്യയിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍  അതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍, കേരളത്തിലെ പ്രബല രാഷ്ട്രീയപാര്‍ട്ടികളായ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.ഐ, മാണി കേരളാ കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവരൊക്കെ ആ ബില്ലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ആ പാര്‍ട്ടികള്‍ക്ക് അത് നടപ്പാക്കാന്‍ സംസ്ഥാനത്ത് ഒരവസരം കൈവന്നിരിക്കുകയാണ്. 33 ശതമാനം വേണ്ട, ചുരുങ്ങിയപക്ഷം 20 ശതമാനമെങ്കിലും അതത് പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍ സ്ത്രീകള്‍ക്ക് മാറ്റിവെക്കാന്‍ തയാറായി ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാവണം.
തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് വിജയസാധ്യതക്കുതന്നെ. സ്ത്രീകളെ മത്സരിപ്പിക്കാന്‍ ഭയക്കുന്നതും ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. എന്നാല്‍, പ്രബുദ്ധ സംസ്ഥാനമായ കേരളത്തിലെ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ ധാരണ മിഥ്യയാണെന്ന് ബോധ്യമാകും.  മികച്ച രാഷ്ട്രീയവിദ്യാഭ്യാസം നല്‍കി ഇത്തരം ധാരണകളെ  മറികടക്കേണ്ടതുണ്ട്.  നിയമ നിര്‍മാണരംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം എന്നുപറയുമ്പോള്‍ അവര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതോടൊപ്പം ഭരണഘടന വിഭാവനം ചെയ്യുന്ന പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍ കൃത്യമായി അവര്‍ക്കത്തെിക്കുക എന്ന ലക്ഷ്യംകൂടി സഫലമാകും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം, ഉന്നത പൊലീസ് ഓഫിസര്‍മാര്‍, ഗവണ്‍മെന്‍റ് തല സെക്രട്ടറിമാര്‍ തുടങ്ങിയ മേഖലകളില്‍ പരിശോധിച്ചാല്‍ സ്ത്രീപ്രാതിനിധ്യം നിരാശയുളവാക്കുന്നതാണ്. സംസ്ഥാനത്ത് ആദ്യമായി ഒരു വനിതയെ വൈസ് ചാന്‍സലറായി നിയമിച്ചത് 2006ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്. ഈ സര്‍ക്കാര്‍ വനിതാ വൈസ് ചാന്‍സലര്‍മാരുടെ പ്രാതിനിധ്യം രണ്ടാക്കി ഉയര്‍ത്തി. കൂടാതെ രണ്ടു വനിതകളെ പി.വി.സിമാരുമാക്കി. യഥാര്‍ഥത്തില്‍ ഐക്യരാഷ്ട്രസഭ ഇതുസംബന്ധമായി നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ലൈംഗിക അതിക്രമം തടയുന്നതിനും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ്. ഈ പശ്ചാത്തലത്തില്‍ അടുത്ത അര്‍ക്കാര്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതിവരുത്തണം. അതുപോലെ ഗവണ്‍മെന്‍റ് സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍മാര്‍, ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഓഫിസര്‍മാര്‍ എന്നീ തസ്തികകളിലും ഒരു നിശ്ചിതശതമാനം സ്ത്രീസാന്നിധ്യം ഉറപ്പുവരുത്തേണ്ടതാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം പരിശോധിച്ചാല്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ 74 ശതമാനമാണെന്ന് കാണാം. എന്നാല്‍, അവരില്‍ ജോലി ലഭിക്കുന്നത് വെറും 24.2 ശതമാനംപേര്‍ക്ക് മാത്രമാകും. ഈ വൈരുധ്യത്തിന് പരിഹാരം കാണേണ്ടതുണ്ട്.  ചാരായനിരോധവും ബാര്‍ അടച്ചുപൂട്ടല്‍, ഷീ ടാക്സി, ജന്‍ഡര്‍ പാര്‍ക്ക് തുടങ്ങി സ്ത്രീ ശാക്തീകരണത്തിന് വലിയ ഊന്നല്‍ നല്‍കുന്ന വര്‍ത്തമാനസാഹചര്യത്തില്‍ ഒരു സ്ത്രീപക്ഷ മാനിഫെസ്റ്റോ കേരളം പ്രതീക്ഷിക്കുകയാണ്.

(കോട്ടയം മഹാത്മ ഗാന്ധി സര്‍വകലാശാല പി.വി.സിയാണ് ലേഖിക)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.