മെഹബൂബയുടെ വെല്ലുവിളികള്‍

വയോധികനായ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് ജനുവരി 27ന് അന്തരിച്ചപ്പോള്‍ പുത്രി മെഹബൂബ മുഫ്തി പിന്‍ഗാമിയായി അധികാരമേല്‍ക്കും എന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍, ആ ഭരണത്തുടര്‍ച്ച സംഭവിച്ചില്ല. അവര്‍ ദു$ഖാചരണവുമായി വിട്ടുനിന്നു. ഇപ്പോഴിതാ 80ലേറെ ദിവസങ്ങള്‍ക്കുശേഷം മെഹബൂബ സര്‍ക്കാര്‍ രൂപവത്കരണത്തിന് സന്നദ്ധത അറിയിച്ച് രാജ്ഭവനില്‍ കുറിപ്പ് നല്‍കിയിരിക്കുന്നു. ദിവസങ്ങള്‍ക്കകം അവര്‍ കശ്മീരിന്‍െറ പ്രഥമ വനിതാ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു പാര്‍ട്ടികള്‍- പി.ഡി.പി, ബി.ജെ.പി -തല്ലിക്കൂട്ടിയ രാഷ്ട്രീയ സഖ്യത്തിന്‍െറ രണ്ടാം ഭരണഘട്ടത്തിനും അതോടെ തുടക്കമാകും. ഒമ്പതു മാസം നീണ്ട പ്രഥമഘട്ടത്തിന് മുഫ്തി മുഹമ്മദ് സഈദിന്‍െറ ആകസ്മിക മരണത്തോടെ തിരശ്ശീല വീഴുകയായിരുന്നു. 2015 മാര്‍ച്ച് ഒന്നിന് അധികാരമേറ്റ മുഫ്തി പ്രധാനമന്ത്രി മോദിയോടൊപ്പം ‘അജണ്ട ഓഫ് അലയന്‍സ്’ എന്നൊരു മാര്‍ഗരേഖ തയാറാക്കി പ്രസിദ്ധീകരിച്ചത് ഓര്‍ക്കുക. സഖ്യ അജണ്ടയില്‍ വിശദീകരിക്കപ്പെട്ടത് പ്രക്ഷുബ്ധ സംസ്ഥാനം പിന്തുടരേണ്ട ഭരണമാതൃകകളും മാര്‍ഗനിര്‍ദേശങ്ങളുമായിരുന്നു.
കഴിഞ്ഞ 80 ദിവസങ്ങള്‍ക്കിടയില്‍ ഝലം നദിയിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ഗവര്‍ണര്‍ഭരണം പ്രഖ്യാപിച്ചതോടെ രാഷ്ട്രീയാകാംക്ഷകളിലും മാറ്റം സംഭവിച്ചു. പിതാവിന്‍െറ വിയോഗ ദു$ഖാചരണം കഴിഞ്ഞതോടെ മെഹബൂബ മുന്നണിയെ സംബന്ധിച്ച ആവലാതികളുടെ കെട്ടഴിക്കാന്‍ തുടങ്ങി. മുന്നണി പുന$സ്ഥാപിക്കുന്നതിനും ഭരണഭാരം ഏറ്റെടുക്കുന്നതിനും ചില വിശ്വാസവര്‍ധക നടപടികള്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും കൈക്കൊള്ളേണ്ടതാണെന്ന് അവര്‍ നിര്‍ദേശിച്ചു; സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും. പി.ഡി.പി ആദ്യം നിയമസഭാ കക്ഷി നേതാവിനെ കണ്ടത്തെട്ടെ എന്നായിരുന്നു ബി.ജെ.പിയുടെ നിര്‍ദേശം. ഒടുവില്‍ മാര്‍ച്ച് 24ന് മെഹബൂബ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിശ്വാസവര്‍ധക നടപടികള്‍ സ്വീകരിക്കപ്പെട്ടില്ളെങ്കിലും ഭരണസഖ്യം പുന$സ്ഥാപിക്കാന്‍ ഇരുപക്ഷവും ധാരണയിലത്തെി.
മോദിയുടെയും ബി.ജെ.പിയുടെയും പിന്തുണ ഉറപ്പായതോടെ വൈകാതെ മുഫ്തിയുടെ പുത്രി മന്ത്രിസഭക്ക് രൂപം നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബി.ജെ.പി-പി.ഡി.പി സഖ്യം അത്ര ജനപ്രിയമല്ളെന്ന് ഈയിടെ മെഹബൂബ വെളിപ്പെടുത്തിയിരുന്നെങ്കിലും മുഫ്തിയുടെ ധീര തീരുമാനമെന്ന് വാഴ്ത്തപ്പെട്ട ആ സാഹസികതക്ക് പ്രേരകമായ അന്തരീക്ഷത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒറ്റക്ക് പുതിയൊരു തെരഞ്ഞെടുപ്പിന് ഇറങ്ങിത്തിരിക്കാനുള്ള പ്രാപ്തിയും മെഹബൂബ കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ‘ഉത്തര-ദക്ഷിണ ധ്രുവങ്ങളെ’ ഒരുമിപ്പിക്കുന്ന രാഷ്ട്രീയ സഖ്യ പരീക്ഷണം തുടരാതെ വയ്യ. ബദ്ധവൈരികളായ നാഷനല്‍ കോണ്‍ഫറന്‍സുമായി മെഹബൂബ കൈകോര്‍ക്കില്ല.
അപ്പോള്‍ എന്തിനായിരുന്നു ഈ 80 ദിവസത്തെ കാത്തുനില്‍പ്? ‘മന്ത്രിസഭാ രൂപവത്കരണം എന്തിന് ഇത്ര വൈകിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരം ജനങ്ങളെ ബോധിപ്പിക്കാന്‍ ബാധ്യസ്ഥയാണ് മെഹബൂബ. അതുതന്നെയാണ് പുതിയ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്ന പ്രഥമ വെല്ലുവിളിയും. മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന അവരുടെ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ആഹ്ളാദാരവങ്ങളൊന്നും ഉയര്‍ത്തുകയുണ്ടായില്ല. ബി.ജെ.പി-പി.ഡി.പി സഖ്യത്തോടുള്ള ജനങ്ങളുടെ നീരസം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗവര്‍ണര്‍ ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ നേട്ടമായി വിലയിരുത്തുന്നത് മെഹബൂബക്ക് അലോസരം പകരാതിരിക്കില്ല. രാഷ്ട്രീയ കക്ഷികള്‍ ഭരണത്തിലിരിക്കെ സ്വീകരിക്കാത്ത അതിവേഗ നടപടികളായിരുന്നു ഗവര്‍ണര്‍ എന്‍.എന്‍. വോറ പ്രഖ്യാപിച്ചത്. പ്രളയത്തിന് കേന്ദ്രം നല്‍കിയ കോടികള്‍ യഥാസമയം വിതരണം ചെയ്യപ്പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വോറ പിരിച്ചുവിട്ടു. ഭക്ഷ്യസുരക്ഷാ ചട്ടത്തില്‍ ഉള്‍പ്പെടുത്തി നിരവധി പേര്‍ക്ക് സൗജന്യ അരിയും ധാന്യങ്ങളും അനുവദിച്ചു. ദശകങ്ങളായി ശ്രീനഗര്‍, കാര്‍ഗില്‍, അനന്ത്നാഗ്, ജമ്മു തുടങ്ങിയ സ്ഥലങ്ങളില്‍ സൈന്യം കൈവശംവെച്ചുവരുന്ന ഭൂമികള്‍ പൊതു ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു. രാഷ്ട്രീയ ഭരണകര്‍ത്താക്കള്‍ കൈക്കൊള്ളാന്‍ മടിച്ചുനില്‍ക്കുന്ന ഇത്തരം വിഷയങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിച്ച അടിയന്തര നടപടികള്‍ ജനങ്ങളില്‍ പുതിയ പ്രതീക്ഷകള്‍ വളര്‍ത്തുന്നു.
സാധാരണ ജനങ്ങളുടെ ക്ളേശങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നേതാവാണ് മെഹബൂബ. സംസ്ഥാനത്തെ കടുത്ത മനുഷ്യാവകാശധ്വംസനങ്ങളെ അവര്‍ തുറന്ന് അപലപിക്കാറുമുണ്ട്. യഥാര്‍ഥത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സ് ഭരണവും കേന്ദ്ര സര്‍ക്കാറും സമ്മാനിച്ച ജനകീയ നൈരാശ്യങ്ങള്‍ മുഫ്തിയുടെയും മെഹബൂബയുടെയും പി.ഡി.പിക്ക് അവസരമൊരുക്കുകയായിരുന്നു. പാകിസ്താനുമായും വിഘടനവാദികളുമായും സംഭാഷണം ആരംഭിക്കണമെന്ന് പി.ഡി.പി മോദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പ്രോത്സാഹജനകമായിരുന്നില്ല പ്രതികരണങ്ങള്‍. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ അതേപടി നിലനില്‍ക്കെ ഭരണസഖ്യം പുന$സ്ഥാപിക്കുന്നതുകൊണ്ട് മാത്രം മെഹബൂബക്ക് മുന്നേറാനാകില്ല. ഗവര്‍ണര്‍ തുടക്കംകുറിച്ച വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ട ദൗത്യം അവര്‍ നിര്‍വഹിക്കുന്നപക്ഷം അവര്‍ക്ക് ജനഹൃദയങ്ങളില്‍ ഇടം ലഭിച്ചേക്കും.                          

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.