കുറ്റവിമുക്ത

ഒരുപകുതി പ്രജ്ഞയില്‍ നിഴലും നിലാവും മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും എന്ന നിലയിലായിരുന്നു കുറച്ചുനാളത്തെ ജീവിതം. ജയിലിന് അകത്തോ പുറത്തോ എന്ന് തീര്‍ച്ചയില്ലാത്ത എട്ടു വര്‍ഷങ്ങള്‍. സാധാരണ സന്യാസിനിമാര്‍ക്ക് വന്നുപെടാത്ത ദുര്യോഗമാണ് ഉണ്ടായത്. ഏഴുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെടുക. പല ആസാമിമാരും കേസില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും ഒരു സ്വാമിനി കുടുങ്ങുന്നത് ആദ്യമായാണ്. മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതോടെ പ്രജ്ഞയില്‍ കരിപൂശിയ വാവായി. കഴിഞ്ഞ എട്ടു വര്‍ഷമായി മനസ്സുനിറയെ അമാവാസിയായിരുന്നു. മറുപകുതി പ്രജ്ഞയില്‍ നിഴലും നിലാവും വന്നു നിറഞ്ഞത് മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണ്. ആ പ്രതീക്ഷ തെറ്റിയില്ല. ദേശീയ അന്വേഷണ ഏജന്‍സി കുറ്റാരോപണം പിന്‍വലിച്ചു. സാധ്വി പ്രജ്ഞ സിങ് ഠാകുറിന് ഇനി നിഷ്പ്രയാസം ജയിലില്‍നിന്നിറങ്ങി നടക്കാം.

തേജസ്സുറ്റ മുഖമാണ്. എപ്പോഴും കാവിയാണ് ധരിക്കുക. കാഴ്ചയില്‍ ഒരു കുറ്റവാളിയുടെ ലുക്കില്ല. പക്ഷേ, സൗമ്യയും സാത്വികയുമായ സ്വാമിനിയാണ് എന്നു വിചാരിക്കാന്‍ ഈ ക്ളീന്‍ചിറ്റ് മതിയാവില്ല. കാരണങ്ങളേറെയുണ്ട്. അതിനുമുമ്പ് പ്രശ്നത്തിന്‍െറ മറുവശം നോക്കാം. മാലേഗാവ് സ്ഫോടനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഒരു സംഘം മുസ്ലിം യുവാക്കളായിരുന്നു പ്രതികള്‍. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഏറ്റെടുത്തപ്പോള്‍ അന്വേഷണ ദിശമാറി. അഭിനവ് ഭാരത് എന്ന തീവ്രഹിന്ദുത്വ സംഘടനയാണ് സ്ഫോടനത്തിനുപിന്നിലെന്ന് എ.ടി.എസ് കണ്ടത്തെി. 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ച ഹേമന്ദ് കര്‍ക്കരെയായിരുന്നു അന്വേഷണത്തിന്‍െറ ചുക്കാന്‍ പിടിച്ചിരുന്നത്. 2011ല്‍ അന്വേഷണം എന്‍.ഐ.എക്കു കൈമാറി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പ്രതികള്‍ക്കെതിരെ മൃദുസമീപനം തുടങ്ങി. സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. എന്‍.ഐ.എയില്‍നിന്നായിരുന്നു ഈ സമ്മര്‍ദമുണ്ടായത്. ഇക്കാര്യം പറയാന്‍ വിളിച്ച എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ഫോണില്‍ ഒന്നുംപറയാന്‍ കൂട്ടാക്കാതെ നേരില്‍വന്ന് കാണുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ രോഹിണി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മാലേഗാവ് കേസില്‍ കുറ്റമുക്തരാക്കപ്പെട്ട മുസ്ലിംകളെപ്പോലെ പ്രജ്ഞയെ കാണാനാവില്ല. തെളിവില്ളെന്നു കണ്ട് പത്തു വര്‍ഷത്തിനുശേഷമാണ് ഒമ്പത് നിരപരാധികളെ മുംബൈ സെഷന്‍സ് കോടതി കുറ്റമുക്തരാക്കിയത്.

ഭോപാലിലെ പണ്ഡിറ്റ് ഖുശിലാല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. കസ്റ്റഡിയിലിരിക്കെ പൊലീസ് നട്ടെല്ല് അടിച്ചൊടിച്ചതുകൊണ്ട് ബാത്റൂമില്‍പോലും പോവാനാവില്ളെന്നാണ് സഹോദരി പറയുന്നത്. തടവില്‍കിടക്കുന്ന കാലത്ത് സ്തനാര്‍ബുദം പിടിപെട്ടു. മൂന്നാംഘട്ടത്തിലത്തെിയതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്നും നട്ടെല്ലിന്‍െറ വേദനക്ക് ഫിസിയോതെറപ്പി ചെയ്യണമെന്നും സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്.  എല്ലാ ഭൗതിക സുഖഭോഗങ്ങളും വെടിഞ്ഞ് എല്ലാം ഈശ്വരനിലര്‍പ്പിച്ചു കഴിയുന്നവരാണല്ളോ യോഗിനിമാര്‍. അത്തരമൊരു സ്വാമിനിയാണെന്നാണ് വെപ്പ്. പക്ഷേ, ഒരു ബൈക്ക് സ്വന്തമായുണ്ടായിരുന്നു. പഴയകാല സന്യാസിനിമാരെപ്പോലെ തപോവനങ്ങളില്‍ മരവുരിയും പുലിത്തോലും കമണ്ഡലവുമായി കഴിയുന്ന ആളല്ലല്ളോ. സ്ഫോടനത്തിന് ഈ ബൈക്ക് ഉപയോഗിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍, സ്ഫോടനത്തിന് രണ്ടുവര്‍ഷം മുമ്പുതന്നെ താന്‍ ബൈക്ക് വിറ്റുകളഞ്ഞിരുന്നുവെന്നു പറഞ്ഞ് ആ കുറ്റാരോപണം പ്രജ്ഞ തള്ളിക്കളഞ്ഞു.

പ്രജ്ഞയുടെയും ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന്‍െറയും സ്വാമി അസീമാനന്ദയുടെയും അറസ്റ്റ് കാവിഭീകരതയുടെ വ്യാപ്തി വെളിവാക്കിയതാണ്. മാലേഗാവ്, മക്കാ മസ്ജിദ്, സംഝോത എക്സ്പ്രസ്, അജ്മീര്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്ന് അസീമാനന്ദ കുറ്റസമ്മതം നടത്തുകയുംചെയ്തു. ഈ ആസാമിയുടെ കുറ്റസമ്മതം തെഹല്‍ക 2011ല്‍ മുഴുവനായും പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ ആര്‍.എസ്.എസുകാരനായിരുന്ന അസീമാനന്ദ 2011ല്‍ കാരവന്‍ മാസികയോട് വെളിപ്പെടുത്തിയത് ഇന്ത്യയിലെ പല ഭീകരാക്രമണങ്ങള്‍ക്കും അനുമതിനല്‍കുന്നത് ആര്‍.എസ്.എസും മോഹന്‍ ഭാഗവതുമാണ് എന്നായിരുന്നു. മാലേഗാവ് കേസില്‍ പ്രജ്ഞക്കും മറ്റു അഞ്ചുപേര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ എന്‍.ഐ.എ പിന്‍വലിച്ചതിനാല്‍ പൊലീസിനു മുമ്പാകെ അവര്‍ നടത്തിയ കുറ്റസമ്മതങ്ങള്‍ തെളിവായി പരിഗണിക്കാന്‍ കോടതിക്കു കഴിയില്ല.

എട്ടുവര്‍ഷം മുമ്പ് ബി.ജെ.പി അധ്യക്ഷനായിരുന്ന കാലത്ത് രാജ്നാഥ് സിങ് പ്രജ്ഞക്ക് പിന്തുണനല്‍കിയിരുന്നു. അന്ന് എന്‍.ഡി.ടി.വിയുടെ വാക് ദ ടോക്കില്‍ ശേഖര്‍ ഗുപ്തയോട് രാജ്നാഥ് സിങ് പറഞ്ഞത്, പ്രജ്ഞയുടെ അറസ്റ്റ് കോണ്‍ഗ്രസിന്‍െറ ഗൂഢാലോചനയുടെ ഫലമാണ് എന്നായിരുന്നു. ആ രാജ്നാഥ് ഇപ്പോള്‍ ആഭ്യന്തരമന്ത്രിയാണ്. എന്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആഭ്യന്തരമന്ത്രിക്കാണ്. തനിക്കുവേണ്ടി പൊരുതുമെന്ന രാജ്നാഥിന്‍െറ വാഗ്ദാനം പാലിക്കപ്പെട്ടില്ളെന്ന് കഴിഞ്ഞവര്‍ഷം അമ്മയെ കാണാന്‍ പരോളിലിറങ്ങി ഭോപാലിലെ സ്വകാര്യ ആശുപത്രിയിലത്തെിയ പ്രജ്ഞ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മോദിയിലാണ് ഇനി പ്രതീക്ഷയെന്നായിരുന്നു അന്ന് പ്രജ്ഞയുടെ പ്രതികരണം. ഇവിടെ മോദി പ്രജ്ഞയുടെ പ്രതീക്ഷക്കൊത്തുയര്‍ന്നതോ രാജ്നാഥ് പഴയ വാഗ്ദാനം പാലിച്ചതോ എന്ന കാര്യം വ്യക്തമല്ല.

മധ്യപ്രദേശിലെ ഭിന്ദ് എന്ന ചെറുപട്ടണത്തില്‍ ജനനം. പിതാവ് ചന്ദ്രപാല്‍ സിങ് ആയുര്‍വേദ ഡോക്ടര്‍. ലഹര്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം. കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ എ.ബി.വി.പി പ്രവര്‍ത്തകയായിരുന്നു. ബൈക്കോടിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. 1993 മുതല്‍ 2002 വരെ എ.ബി.വി.പിയില്‍. പിന്നീട് സംഘ്പരിവാറിലെ സ്ത്രീസംഘടനകളിലൊന്നായ ദുര്‍ഗാവാഹിനിയില്‍ ചേര്‍ന്നു. ഓടിനടന്ന് തീപ്പൊരി പ്രസംഗം നടത്തുമായിരുന്നു. 2007ല്‍ ആര്‍.എസ്.എസ് നേതാവ് സുനില്‍ ജോഷി കൊല്ലപ്പെട്ട കേസിലും പ്രജ്ഞ പ്രതിയായിരുന്നു. ഹിന്ദു ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്നു കരുതിയാണ് സുനില്‍ ജോഷിയെ കൊന്നത് എന്ന് യു.പി.എ ഭരണകാലത്ത് എന്‍.ഐ.എ പറഞ്ഞു. പ്രജ്ഞയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‍െറ പേരിലാണ് സുനില്‍ ജോഷി കൊല്ലപ്പെട്ടതെന്ന് എന്‍.ഡി.എ ഭരണത്തിലേറിയപ്പോള്‍ പറഞ്ഞു.

കേസുകളിലെ ഈ മലക്കംമറിച്ചിലുകള്‍, ഈ യൂടേണ്‍ തിരിച്ചിലുകള്‍ ഏതായാലും ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ അന്വേഷണ ഏജന്‍സികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അത് മനസ്സിലാക്കിത്തരുന്നു. ദേശീയസുരക്ഷ പോലുള്ള സുപ്രധാനമായ കാര്യങ്ങളില്‍ രാഷ്ട്രീയ യജമാനന്മാരുടേതാണ് തീരുമാനങ്ങള്‍. അന്വേഷണ ഏജന്‍സികള്‍ക്ക് മതിയായ സ്വാതന്ത്ര്യമില്ല. അവ കൂട്ടിലടക്കപ്പെട്ട തത്തകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT