‘കൈ’പിടിച്ചോ, താമര?


ഒരു സ്വപ്നസാഫല്യത്തിനാണ് മേയ് 19 സാക്ഷിയായത്. കേരളത്തില്‍നിന്ന്  നിയമ നിര്‍മാണസഭയിലേക്ക് ജയിച്ചുകയറുക ബി.ജെ.പിയിലെ സാധാരണ അംഗം മുതല്‍ ദേശീയ പ്രസിഡന്‍റ് വരെയുള്ളവരുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അതിന് അവര്‍ നടത്താത്ത ശ്രമങ്ങളോ പ്രയോഗിക്കാത്ത തന്ത്രങ്ങളോ ബാക്കിയില്ല. എന്നാല്‍ , എന്നും മലയാളി അവയിലൊന്നും വീഴാതെ മുഖംതിരിച്ചുനിന്നു. പലപ്പോഴും ഇപ്പോള്‍ ജയിപ്പിച്ചു കളയും എന്ന മട്ട് കാണിച്ച്, കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം തട്ടിമാറ്റിയ സംഭവങ്ങളും ഉണ്ടായി. അര നൂറ്റാണ്ടോളമായി ഒരു നേര്‍ച്ചക്കോഴിയെപ്പോലെ ഇതിന് നിന്നുകൊടുത്തയാളാണ് ഒ. രാജഗോപാല്‍. ഇത് ‘പരാജയങ്ങളുടെ ഏട്ടന്‍’ എന്ന വിളിപ്പേരു പോലും അദ്ദേഹത്തിന് സമ്മാനിച്ചു. ആദ്യം ജനസംഘത്തിന്‍െറയും പിന്നീട് ബി.ജെ.പിയുടെയും പേരില്‍ 1967ല്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്‍െറ മത്സരം. അതിന് അടുത്ത വര്‍ഷം 50 തികയുകയുമാണ്. പരാജയത്തിന്‍െറ സുവര്‍ണജൂബിലി ആഘോഷത്തിന് അവസരം നല്‍കാതെ രാജഗോപാല്‍ എം.എല്‍.എയാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ നേമം നിയമസഭാ മണ്ഡലത്തിന്‍െറ ജനപ്രതിനിധി.ഇദ്ദേഹം മുമ്പും ജനപ്രതിനിധിയായിട്ടുണ്ട്  -1992ല്‍. പക്ഷേ, അത് മധ്യപ്രദേശില്‍നിന്നായിരുന്നു. അവിടെനിന്ന് രാജ്യസഭാംഗമായ അദ്ദേഹം വാജ്പേയി മന്ത്രിസഭയില്‍ സഹമന്ത്രിയുമായി. ഇപ്പോള്‍ കേരളത്തില്‍നിന്ന് മത്സരിച്ച് അവിടെനിന്ന് ജയിച്ച് അദ്ദേഹം കേരള നിയമസഭയില്‍ എത്തുന്നു. ഇക്കൊല്ലത്തെ വിജയം ഒരു രജതജൂബിലി വര്‍ഷത്തിലാണ്. 1991ലാണ് കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ബി.ജെ.പി-മുസ്ലിം ലീഗ് സഖ്യം ഉണ്ടായത്. അന്ന് മൂവരും പരസ്പര സഹായ സഹകരണ സംഘമായിട്ടാണ് പ്രവര്‍ത്തിച്ചത്. പക്ഷേ, അപ്പോഴും ബി.ജെ.പി ചതിക്കപ്പെട്ടുവെന്നാണ് ചരിത്രകാരന്മാരും ആത്മകഥാകാരന്മാരും രേഖപ്പെടുത്തിയത്. അത്തരത്തില്‍ ഒരു ജൂബിലിക്കു മുമ്പും മറ്റൊരു ജൂബിലിയിലും ബി.ജെ.പി അക്കൗണ്ട് തുറക്കുന്നു. അതേതെങ്കിലും ബാങ്കിലല്ല, നിയമസഭയില്‍ത്തന്നെ. ഇനി ആരുടേയും പാസ് വാങ്ങാതെ ഒ. രാജഗോപാലിന് നിയമസഭയില്‍ കയറാം, ചര്‍ച്ചയില്‍ പങ്കെടുക്കാം, പ്രസംഗിക്കാം. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി  ഒരു വിഷയത്തില്‍ ബി.ജെ.പിയുടെ അഭിപ്രായം നിയമസഭാ രേഖയില്‍ ഇടംപിടിക്കും. നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷിയുടെ പ്രതിനിധി എന്ന നിലയില്‍ സര്‍വകക്ഷി യോഗങ്ങളിലും പ്രതിനിധിസംഘങ്ങളിലും സ്ഥാനം നേടുകയും ചെയ്യും.

കോ-ലി-ബി സഖ്യത്തിന്‍െറ ജൂബിലിയില്‍ രാജഗോപാല്‍ നിയമസഭാംഗമാവുമ്പോള്‍, അത് ബി.ജെ.പിയുടെ മാത്രം അക്കൗണ്ടിലല്ല, ‘കോ-ബി’ സഖ്യത്തിലാണോയെന്നാണ് നേമത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഉയരുന്ന സംശയം. രാജഗോപാല്‍ 8671 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ നേമത്തുനിന്ന് നിയമസഭയിലേക്ക് ജയിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക്  2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്‍െറ പകുതിപോലും കിട്ടിയിട്ടില്ല. അതേസമയം, ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്ന രാജഗോപാലിന് അന്ന് കിട്ടിയതിനെക്കാള്‍ 17,128 വോട്ട് കൂടുതല്‍ കിട്ടുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 32,639 വോട്ടായിരുന്നു യു.ഡി.എഫിനെങ്കില്‍ ഇപ്പോള്‍ അത് 13,860 ആയി കുറഞ്ഞു. യു.ഡി.എഫിന്‍െറ ബാക്കി വോട്ട് എങ്ങോട്ടു പോയി, ആരു കൊണ്ടുപോയി എന്ന് നോക്കുമ്പോഴാണ് ‘കോ-ബി’ സഖ്യസംശയം ഉയരുന്നത്. അങ്ങനെ ഒന്നുണ്ടായിട്ടുണ്ടെങ്കില്‍, താമര വിരിഞ്ഞത് ബി.ജെ.പിയുടെ നേട്ടപ്പട്ടികയിലോ അവരുടെ വളര്‍ച്ചാ അക്കൗണ്ടിലോ പെടുത്താന്‍ പറ്റുമോയെന്ന ചോദ്യവും ഉയരും. നേമത്തെ തിരുവനന്തപുരം മണ്ഡലവുമായി ബന്ധിപ്പിച്ചുനോക്കുമ്പോഴും ഈ സഖ്യസംശയം ബലപ്പെടുകതന്നെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40,835 വോട്ട് നേടി ബി.ജെ.പി ഒന്നാം സ്ഥാനത്തു വന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചത് 34,764 വോട്ട് മാത്രമാണ്. ഇവിടെ കോണ്‍ഗ്രസിലെ വി.എസ്. ശിവകുമാര്‍ വിജയിച്ചത് 10,905 വോട്ടിനും.

തങ്ങള്‍ക്ക് 18 ശതമാനം വോട്ട് ലഭിച്ച സംസ്ഥാനങ്ങളില്‍ അക്കൗണ്ട് തുറക്കുമെന്നാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തിയറി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേടിയ 18 ശതമാനം വോട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നിയമസഭയില്‍ ഇത്തവണ വിജയം ഉണ്ടാകുമെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നത്. അന്ന് 28.5 ലക്ഷം വോട്ടാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 15 ആയി കുറഞ്ഞു. അതേസമയം, വോട്ടിന്‍െറ എണ്ണം 30.20 ലക്ഷമായി ഉയരുകയും ചെയ്തു. വോട്ടിങ് ശതമാനം 18ല്‍നിന്ന് കുറഞ്ഞിട്ടും അക്കൗണ്ട് തുറന്നു എന്ന പ്രത്യേകതയിലൂടെ പുതിയൊരു തെരഞ്ഞെടുപ്പ് സിദ്ധാന്തവും രൂപപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി ഭാഷയില്‍ ഹിന്ദു നാമധാരികളായ ഹിന്ദുക്കളുടെ പാര്‍ട്ടിയാണ് സി.പി.എം. അതിനാല്‍, അവരുടെ തളര്‍ച്ചയിലൂടെ മാത്രമേ തങ്ങള്‍ക്ക് കേരളത്തില്‍ വളരാനാവൂ എന്ന തിരിച്ചറിവിലാണ് അവരുടെ അടിസ്ഥാന വോട്ട്ബാങ്കായി പ്രവര്‍ത്തിക്കുന്ന ഈഴവസമുദായത്തെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച സോഷ്യല്‍ എന്‍ജിനീയറിങ്ങിന്‍െറ ഭാഗമായിരുന്നു ഇത്. അതിനാണ് ഇവിടത്തെ ഏറ്റവും വലിയ സമുദായമായ ഈഴവരുടെ ഏക സംഘടനയായ എസ്.എന്‍.ഡി.പി യോഗത്തെ കൂടെക്കൂട്ടാന്‍ നീക്കം തുടങ്ങിയത്. അതിനൊപ്പം കേരള പുലയര്‍ മഹാസഭയുടെ ഒരു വിഭാഗത്തെയും  ഒടുവില്‍ ആദിവാസി മേഖലയില്‍നിന്ന് സി.കെ. ജാനുവിനെയും വരെ ചേര്‍ത്തായിരുന്നു പരീക്ഷണം. മുമ്പും ആര്‍. ശങ്കര്‍ മുതല്‍ എം.കെ. രാഘവനും എന്‍.  ശ്രീനിവാസനും വരെയുള്ള എസ്.എന്‍.ഡി.പി യോഗ നേതാക്കള്‍ സി.പി.എം അനുകൂലികളോ അനുഭാവികളോ പോലുമല്ലായിരുന്നു. അവര്‍  യോഗം ഭാരവാഹികളായിരിക്കത്തെന്നെ കോണ്‍ഗ്രസിന്‍െറയും എസ്.ആര്‍.പിയുടെയുമൊക്കെ ലേബലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്. എന്നാല്‍, അപ്പോഴും സമുദായാംഗങ്ങളില്‍ ഭൂരിപക്ഷവും ഇടതുപക്ഷ ആഭിമുഖ്യം തുടര്‍ന്നു. ഇവരില്‍ പലരും യൂനിയന്‍, ശാഖാ ഭാരവാഹികളുമായിരുന്നു. വെള്ളാപ്പള്ളിയുടെ മൈക്രോ ഫിനാന്‍സ് സംരംഭങ്ങളിലൂടെയും മറ്റും ഇതില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളി ബി.ജെ.പി ബന്ധം തുടങ്ങിയിരുന്നില്ളെങ്കിലും അരുവിക്കരയില്‍ ഈഴവരുടെ ഹിന്ദുത്വ അനുഭാവം പ്രകടമായി. ഇത് മുതലെടുത്താണ് ബി.ജെ.പി വെള്ളാപ്പള്ളിയെ പ്രലോഭിപ്പിച്ചത്. ഇതില്‍ വീണ അദ്ദേഹം മകന്‍െറ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിക്ക് രൂപംനല്‍കി. യോഗ നേതൃത്വത്തെ പാട്ടിലാക്കിയാല്‍ ഈഴവരില്‍ മുഴുവനല്ളെങ്കിലും വലിയൊരളവിനെ ഒപ്പംകൂട്ടാമെന്നായിരുന്നു കരുതിയത്. എന്നാല്‍, അരുവിക്കരയില്‍നിന്ന് പാഠംപഠിച്ച സി.പി.എം അവസരത്തിനൊത്തുയരുകയും അണികളുടെ ചോര്‍ച്ച തടയുകയും ചെയ്തു. അതോടെ നേതൃത്വം ബി.ജെ.പിയും അണികള്‍ അവരുടെ നിലപാടുമെന്ന പഴയ അവസ്ഥയിലേക്ക് ഈഴവ സമുദായം എത്തിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. എന്നാല്‍, ബി.ഡി.ജെ.എസ് പിടിച്ച എട്ടുലക്ഷത്തോളം വോട്ടില്‍ നല്ളൊരു പങ്ക് ഈഴവ സമുദായത്തിന്‍േറതാണെന്നും കാണാതിരുന്നു കൂടാ. എന്നാല്‍, ആ ചോര്‍ച്ച ഇടതുപക്ഷത്തെ കാര്യമായി ബാധിച്ചില്ളെന്നാണ് എസ്.എന്‍.ഡി.പി ശക്തികേന്ദ്രങ്ങളിലെ ഇടതു  വിജയം തെളിയിക്കുന്നത്. അതേസമയം, തങ്ങള്‍ക്ക് ഇതൊന്നും ബാധകമാവില്ളെന്നു കരുതി കുറച്ച് വോട്ട് മറിക്കലും മറ്റുമൊക്കെയായി ഇരുന്ന യു.ഡി.എഫില്‍നിന്ന് നല്ലരീതിയില്‍ വോട്ട് ചോരുകയും ചെയ്തു. അതുമാത്രമല്ല, തങ്ങളല്ളെങ്കില്‍ ‘ഓപ്ഷന്‍’ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ്തന്നെ വഴികാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് തലസ്ഥാന ജില്ലയിലെങ്കിലും ഭാവിയില്‍ കോണ്‍ഗ്രസിന്‍െറ വോട്ട് ബി.ജെ.പിയിലേക്ക് പോകാനുള്ള സാധ്യത സൃഷ്ടിക്കുന്നു.

ഒരിടത്ത് ജയിച്ച ബി.ജെ.പി ഏഴിടത്ത് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്‍.ഡി.എക്ക് 27 മണ്ഡലങ്ങളില്‍ 30,000ത്തിലധികം വോട്ട് നേടാനായി. അതുമാത്രമല്ല, മൂന്നിടത്ത് അരലക്ഷത്തിനു മുകളിലാണ് വോട്ട്. ശതമാനക്കുറവുണ്ടായെങ്കിലും എന്‍.ഡി.എക്ക് കിട്ടിയ 30 ലക്ഷം വോട്ട് ചെറിയ കാര്യമല്ല. അതില്‍ 21 ലക്ഷവും ബി.ജെ.പിയുടേതുമാണ്. നിയമസഭയില്‍ കയറുന്നുവെന്ന് മാത്രമല്ല, നേമം എന്ന മണ്ഡലവും ബി.ജെ.പിയുടെ കൈയിലാവുകയാണ്. കേന്ദ്രഭരണത്തിന്‍െറ പിന്‍ബലത്തില്‍ അവിടെ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് നടത്താനുമാവും. ‘ഇതാ, ഞങ്ങളുടെ വികസന, ക്ഷേമ മാതൃക’ എന്ന് കാട്ടിക്കൊടുക്കാനുള്ള അവസരമാണ് ബി.ജെ.പിക്ക് വന്നുചേരുന്നത്. അതിനാല്‍, അടച്ച ചോര്‍ച്ച വീണ്ടും തുറക്കാതിരിക്കാന്‍ ഇടതുപക്ഷവും ചോര്‍ന്നും ചോര്‍ത്തിയും കൊടുത്തത് ഇനിയുമുണ്ടാവാതിരിക്കാന്‍ യു.ഡി.എഫും ശ്രമിച്ചില്ളെങ്കില്‍ ബി.ജെ.പി അക്കൗണ്ടില്‍ സീറ്റുകള്‍ കൂടുന്നതാവും കാണേണ്ടിവരുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.