നിസ്വാര്‍ഥതയുടെ മുഖം

കേരളരാഷ്ട്രീയത്തിന് നിഷ്കളങ്കതയുടെയും നിസ്വാര്‍ഥതയുടെയും മുഖം നല്‍കിയ ശുദ്ധാത്മാക്കളില്‍ ഒരാള്‍കൂടി ലോകത്തോട് വിടപറഞ്ഞു. വടക്കേ മലബാറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമാദരണീയ നേതൃത്വം വഹിച്ചുപോരുകയും അഞ്ചുവര്‍ഷം കരുണാകര മന്ത്രിസഭയില്‍ വനംമന്ത്രിയാവുകയും ചെയ്ത കെ.പി. നൂറുദ്ദീന്‍ സാഹിബിന്‍െറ നിര്യാണം രാഷ്ട്രീയ-സാമൂഹികമേഖലയില്‍ സൃഷ്ടിച്ച ശൂന്യത വളരെ വലുതാണ്. നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും സാഹിബ് എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന ആ വ്യക്തിത്വം അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് മലീമസമായ ഇന്നത്തെ രാഷ്ട്രീയഭൂമിയില്‍ വ്യതിരിക്തത നിലനിര്‍ത്തിയാണ് വിടപറഞ്ഞത്.

മതാനുഷ്ഠാന കര്‍മങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്നതോടൊപ്പം പാര്‍ട്ടിയോടും ജനസമൂഹത്തോടും പ്രതിബദ്ധത നിലനിര്‍ത്തുന്നതില്‍ അദ്ദേഹം നിഷ്കര്‍ഷത പുലര്‍ത്തിയിരുന്നു. മലബാറിന്‍െറ വികസനം അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമേഖലയുടെ മുഖ്യലക്ഷ്യമായിരുന്നു. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തിയ നോര്‍ത് മലബാര്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ചെയര്‍മാനായും ഇരിട്ടി മഹാത്മാഗാന്ധി കോളജിന്‍െറ മുഖ്യ സാരഥിയായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പഴയങ്ങാടിയിലെ വാദിഹുദാ സ്ഥാപനങ്ങളുടെ പുരോഗതിയില്‍ ഗണ്യമായ പങ്കുവഹിച്ചതോടൊപ്പം പയ്യന്നൂര്‍, മാടായി, പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ തുടങ്ങിയ പ്രദേശങ്ങളുടെ വികസനകാര്യത്തില്‍ അദ്ദേഹം സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

കുറ്റൂര്‍ സ്വദേശിയായ നൂറുദ്ദീന്‍ സാഹിബ് മന്ത്രിയായിരിക്കെ പുതിയങ്ങാടിയിലെ സ്വന്തം ഭവനത്തിലത്തെുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ക്കുപോലും ഒരു തടസ്സവുമില്ലാതെ അദ്ദേഹത്തെ കണ്ട് പ്രയാസങ്ങള്‍ നേരില്‍ പറഞ്ഞ് പരിഹാരംനേടാനുള്ള അനുവാദമുണ്ടായിരുന്നു. പലപ്പോഴും അകമ്പടിവാഹനവും സെക്യൂരിറ്റിക്കാരുമില്ലാതെയായിരുന്നു അദ്ദേഹത്തിന്‍െറ യാത്ര. കുറ്റൂര്‍ കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്നപ്പോഴും ജനഹൃദയങ്ങളില്‍ കക്ഷി ഭേദമന്യേ അദ്ദേഹം ഇടം നേടിയിരുന്നു. സത്യസന്ധതയും നിഷ്കളങ്കതയും അര്‍പ്പണബോധവുമാണ് അദ്ദേഹത്തെ ഉന്നതനാക്കിയത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനുശേഷം കോണ്‍ഗ്രസില്‍ ‘സാഹിബ്’ എന്ന ആദരവ് നിറഞ്ഞ പേര് നേടിയത് ഈ സവിശേഷത കൊണ്ടുതന്നെയാണ്.

തന്‍െറ മക്കള്‍ പഠിച്ച സ്ഥാപനമെന്നനിലക്ക് വാദിഹുദായുടെ കീഴില്‍ നടത്തുന്ന ‘വിറാസി’ന്‍െറ മുഖ്യ കെട്ടിടത്തിന്‍െറ ശിലാസ്ഥാപന ചടങ്ങില്‍ അനാരോഗ്യം അവഗണിച്ചും അദ്ദേഹം പങ്കെടുത്തു. മന്ത്രിയായിരുന്നപ്പോഴും വീട്ടിലെ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അദ്ദേഹത്തിന്‍െറ ഭാര്യ അസ്മാബിയുടെ ബന്ധുക്കളായിരുന്നുവെന്ന് അടുത്തുള്ളവര്‍ക്കറിയാം. അഴിമതി നടത്താതെ അഞ്ചുവര്‍ഷം വനംവകുപ്പ് കൈകാര്യം ചെയ്തതും വനവത്കരണയജ്ഞത്തിന്‍െറ ഭാഗമായി കേരളത്തില്‍ പലയിടങ്ങളിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയതും അദ്ദേഹത്തിന്‍െറ പ്രകൃതിസ്നേഹത്തിന്‍െറയും ജീവിതവിശുദ്ധിയുടെയും നിദര്‍ശനമായി ഇന്നും അവശേഷിക്കുന്നു.

ശാന്തപ്രകൃതവും കരുണനിറഞ്ഞ മുഖവുമായി കാണുമ്പോഴൊക്കെ സ്നേഹത്തിന്‍െറ നിറകുടമായി വര്‍ത്തിച്ചിരുന്ന ആ വ്യക്തി ഇനി ഓര്‍മ. ദൈവഭക്തിയും മതനിഷ്ഠയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകാമെന്നുകാണിച്ച് കാലയവനികക്കുപിന്നില്‍ മറഞ്ഞ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പിന്തുടര്‍ന്ന് നൂറുദ്ദീന്‍ സാഹിബും യവനികക്കുപിന്നില്‍ മറഞ്ഞു. അദ്ദേഹത്തിന് പാരത്രികമോക്ഷവും സ്വര്‍ഗപ്രാപ്തിയും ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം സന്തപ്ത കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.