ലക്ഷ്യ സാക്ഷാത്കാരത്തിന്‍െറ നൂറു ദിനങ്ങള്‍

മനുഷ്യരെല്ലാം ഭേദചിന്തകളില്ലാതെ സമഭാവനയില്‍ ഒരുമയോടെ കഴിഞ്ഞ കാലത്തിന്‍െറ ഓര്‍മ പുതുക്കുന്ന ഓണവും സ്നേഹ സാഹോദര്യങ്ങളുടെയും വിശിഷ്ടമായ ത്യാഗത്തിന്‍െറയും ഓര്‍മകളുണര്‍ത്തുന്ന ബക്രീദും വീണ്ടുമത്തെി. ഈ സന്തോഷ സന്ദര്‍ഭത്തില്‍തന്നെയാണ് ഇടതു ജനാധിപത്യമുന്നണി സര്‍ക്കാര്‍ 100ാം ദിനത്തിലേക്ക് കടക്കുന്നതും.

നാടിന്‍െറ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോവുകയാണ് സര്‍ക്കാറിന്‍െറ ഉദ്ദേശ്യം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും അത് ഇതിനു രണ്ടിനും തടസ്സമായിക്കൂടാ. ധനശേഷി ആര്‍ജിച്ചശേഷം വികസനം എന്ന് കരുതിയിരുന്നാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കും. അതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധന നിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കെ.ഐ.ഐ.എഫ്.ബി) കൂടുതല്‍ അധികാരത്തോടെ രൂപവത്കരിച്ചതും കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും. അഞ്ചുവര്‍ഷംകൊണ്ട് അമ്പതിനായിരം കോടി രൂപയുടെ വരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയതും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതുമാണ് മറ്റു ചുവടുവെപ്പുകള്‍.

പരിസ്ഥിതി സൗഹൃദ നയം

പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാറിന്‍െറ നയം.  സുന്ദരമായ നമ്മുടെ നാട് വൃത്തിയുള്ളതുകൂടിയാകണം. അഞ്ചുവര്‍ഷംകൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വരുന്ന കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തും. 30,000ത്തിലധികം കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മിച്ച് നല്‍കി. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസര്‍ജന മുക്ത സംസ്ഥാനമാകുകയാണ് കേരളം.

 ഏറ്റവും വലിയ വിമാനത്താവളമാകാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നു.  45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാന-ജില്ലാ പാതകളുടെ പുതുക്കല്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, സ്മാര്‍ട്ട് റോഡ് പദ്ധതി എന്നിവ കാലതാമസമില്ലാതെ നടപ്പാക്കും.
താരതമ്യേന ചെലവുകുറഞ്ഞതും മാലിന്യമുക്തവും അപകടസാധ്യത ഇല്ലാത്തതുമായ ജലഗതാഗത മേഖലയുടെ വികസനംകൂടി ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്‍.എന്‍.ജി വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും. രണ്ടരലക്ഷം വീടുകള്‍ കേരളത്തിലിപ്പോഴും വൈദ്യുതിയില്ല. ആ വീടുകളിലേക്കും വെളിച്ചമത്തെിക്കുക പുരോഗമന സര്‍ക്കാറിന്‍െറ കടമയായി ഏറ്റെടുക്കുകയാണ്. അടുത്തവര്‍ഷം മാര്‍ച്ചോടെ കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.

സംരംഭകത്വ പദ്ധതി

ആധുനികശാസ്ത്രം തുറന്നിട്ടുതന്ന സാധ്യതകളെ ആര്‍ജവത്തോടെ ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ പുതുതലമുറക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സര്‍ക്കാറിനുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലുള്ളതാണ്, യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം  പ്രോത്സാഹിപ്പിക്കാന്‍ ആയിരത്തഞ്ഞൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന പദ്ധതി. വന്‍കിട ഐ.ടി കമ്പനികളെ കൊണ്ടുവരാന്‍ ശ്രമമാരംഭിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 150 കോടി രൂപയാണ് നീക്കിവെച്ചത്. നമ്മുടെ ഐ.ടി പാര്‍ക്കുകളുടെ കെട്ടിട വിസ്തൃതി നിലവിലുള്ളതില്‍നിന്ന് ഒരുകോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ ഐ.ടി പാര്‍ക്കുകളെയും വികസിപ്പിക്കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ  ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുകയാണ്. ഇതിനു പുറമെയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാനുള്ള നടപടി. എഫ്.എ.സി.ടിയില്‍ പൂട്ടിക്കിടന്ന യൂറിയ പ്ളാന്‍റ് നവീകരിച്ച് തുറക്കാനുള്ള നടപടി  സ്വീകരിച്ചു. കേന്ദ്രം പൂട്ടാന്‍ തീരുമാനിച്ച ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന്‍െറ പാലക്കാട് യൂനിറ്റിനെ അടച്ചുപൂട്ടലില്‍നിന്ന് രക്ഷപ്പെടുത്തി.  ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്‍െറ കൊച്ചി യൂനിറ്റിന്‍െറ കാര്യത്തിലും നടപടി സ്വീകരിച്ചു.

 വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്താന്‍ 75  കോടി രൂപയുടെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലി സ്റ്റോറുകളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വില കൂട്ടില്ളെന്ന് ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. എല്ലാവര്‍ക്കും സമൃദ്ധിയായി ആഘോഷിക്കാനുള്ളതാണ് ഉത്സവങ്ങള്‍ എന്ന തിരിച്ചറിവിന്‍െറ അടിസ്ഥാനത്തില്‍ ഓണം-ബക്രീദ് ന്യായവില ചന്തകള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. സപൈ്ളക്കോക്ക് 80 കോടിയിലധികം രൂപ ഈയവസരത്തില്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ നേരത്തേ പ്രഖ്യാപിച്ചപോലെ ചിങ്ങം ഒന്നിനുതന്നെ തുറന്ന്, 18000ത്തോളം കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ഥരാണ്. കേരളത്തില്‍ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. വര്‍ഷം തോറും 1000 കോടി രൂപക്ക് തത്തുല്യമായ തൊഴില്‍ദിനങ്ങള്‍ എന്‍.ആര്‍.ഇ.ജി.എയിലൂടെ നല്‍കാനുള്ള നടപടി കൈക്കൊണ്ടു.

കടാശ്വാസപദ്ധതി

ആലംബഹീനരും അവശതയനുഭവിക്കുന്നവരുമായ ആളുകള്‍ക്കുള്ള സമൂഹത്തിന്‍െറ കരുതലാണ് സാമൂഹികക്ഷേമ പെന്‍ഷനുകള്‍. എല്ലാ ക്ഷേമപെന്‍ഷനുകളും 1000 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയടക്കം വീടുകളിലത്തെിച്ചു തുടങ്ങി. അഞ്ചിനം ക്ഷേമപെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 2016 ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ 3100 കോടി രൂപയാണ് ഓണത്തിന് മുമ്പായി വീടുകളിലത്തെിക്കുന്നത്. കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 50 കോടി രൂപ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 13,000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയര്‍ത്തി ഖാദി ഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് കടക്കെണിയിലായവരെ കണ്ടില്ളെന്ന് നടിക്കാന്‍ മന$സാക്ഷിയുള്ള സര്‍ക്കാറിനു കഴിയില്ല. അവര്‍ക്കായി സമഗ്ര കടാശ്വാസപദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടുവെക്കാനുള്ള സ്ഥലം വാങ്ങാന്‍  തീരുമാനിച്ചിട്ടുണ്ട്. 500 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണവും 10,000 പട്ടികജാതിക്കാര്‍ക്ക് വിവാഹ ധനസഹായവും ലക്ഷ്യമിടുന്നു.
പൗരാവകാശ സംരക്ഷണം

പൗരാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ഒന്നാമത്തെ പരിഗണനയാണ് നല്‍കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. വര്‍ഗീയതയും സാമുദായിക സ്പര്‍ധയും വളര്‍ത്തുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. സ്ത്രീസുരക്ഷ സര്‍ക്കാറിന്‍െറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവഗൗരവത്തോടെ കാണുകയും കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യാന്‍ സാധിച്ച സര്‍ക്കാറാണിത്. പെരുമ്പാവൂരിലെ ജിഷയെ കൊന്നിട്ട് രക്ഷപ്പെട്ടെന്ന് കരുതി നടന്ന പ്രതിയെ ശാസ്ത്രീയ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്തത് അടക്കമുള്ള ഉദാഹരണങ്ങള്‍ സമൂഹത്തില്‍ പൊതുവെയും സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും വലിയൊരളവില്‍ സുരക്ഷാബോധമുണ്ടാക്കിയിട്ടുണ്ട്. സുരക്ഷാബോധമുള്ള സ്ത്രീസമൂഹമാണ് ഒരു നാടിന്‍െറ സംസ്കാരത്തിന്‍െറ ഏറ്റവും വലിയ അളവുകോല്‍ എന്നത് എടുത്തുപറയേണ്ടതില്ലല്ളോ. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കാന്‍ തീരുമാനമെടുത്തതും ഇത്തരത്തിലുള്ള പ്രത്യേക കരുതലിന്‍െറ ഭാഗമായാണ്.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതില്‍ വിട്ടുവീഴ്ച ചെയ്യില്ളെന്ന് ഉറപ്പുതരുന്നു. പൊലീസിനും വിജിലന്‍സിനും ഭരണഘടനാനുസൃതമായ സര്‍വസ്വാതന്ത്ര്യവും പുന$സ്ഥാപിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ സ്വതന്ത്രമായും സത്യസന്ധമായും ജോലിചെയ്യുന്നുവെന്നതും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം കുറ്റകൃത്യങ്ങള്‍ പെട്ടെന്ന് തെളിയിക്കപ്പെടുന്നതും കാലതാമസമില്ലാതെ കുറ്റവാളികള്‍ പിടിയിലാകുന്നതും ഇത്തരത്തിലുള്ള നയങ്ങളുടെകൂടി ഫലമായാണ്. വലിയ സാങ്കേതിക ആസൂത്രണത്തിലൂടെ നടത്തിയ എ.ടി.എം തട്ടിപ്പുപോലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ശാസ്ത്രീയമായി അന്വേഷിച്ച് പ്രതിയെ പിടിക്കാനായത് കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും അഭിമാനകരമാണ്. ഭരണപരിഷ്കാര കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കിയും ഇ-ഗവേണന്‍സ് ഫലപ്രദമാക്കിയും അഴിമതി നിര്‍മാര്‍ജനത്തിനുള്ള ശ്രമംതുടരും.
വ്യവസായമേഖലയുടെ നവീകരണത്തിനൊ പ്പം, കര്‍ഷകരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്‍ഷികസംസ്കാരം രൂപപ്പെടുത്തേണ്ടതുമുണ്ട്. കൈയേറിയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുന്നതിനും കൈയേറ്റം തടയുന്നതിനും നടപടി സ്വീകരിക്കും.

കാര്‍ഷികപ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകി അവരുടെ കടബാധ്യതക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വിഷമില്ലാത്ത പച്ചക്കറി യഥേഷ്ടം ലഭിക്കാന്‍ ജനകീയ പങ്കാളിത്തത്തിലൂടെ ഉല്‍പാദന വര്‍ധനക്കുള്ള ശ്രമമാരംഭിച്ചു. തണ്ണീര്‍ത്തട സംരക്ഷണനിയമം ശക്തമായി നടപ്പാക്കാനും പ്രകൃതിസമ്പത്തുകള്‍ വിറ്റുതുലക്കുന്ന രീതി അവസാനിപ്പിച്ച് കൃഷിയോഗ്യമായ തരിശുനിലങ്ങളില്‍ നെല്‍കൃഷി ചെയ്യാനും തീരുമാനിച്ചു. കര്‍ഷകരെ സഹായിക്കാന്‍ 385 കോടി രൂപ ചെലവില്‍ നെല്ല് സംഭരിക്കും. നേരത്തേയുള്ള നെല്ലുസംഭരണ കുടിശ്ശിക 170 കോടി രൂപ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. അടച്ചുപൂട്ടാന്‍ തീരുമാനമായ നാല് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിച്ചു. കേരളീയ സമ്പദ്വ്യവസ്ഥയുടെ നിലനില്‍പിന് അതിശക്തമായ പിന്തുണ നല്‍കുന്നവരാണ് നമ്മുടെ പ്രവാസികള്‍. ഗള്‍ഫ് നാടുകളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെവരുന്ന നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസം സര്‍ക്കാറിന്‍െറകൂടി ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്. അവരുടെയും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.