ഒരുമയുടെ ആഘോഷപ്പെരുന്നാള്‍

സ്വാമി സൂക്ഷ്മാനന്ദയുടെ ‘ധ്യാന സാഗരം’ എന്ന പുസ്തകത്തിന് മലയാള സാഹിത്യത്തിലെ എക്കാലത്തെയും വിസ്മയമായ ഒ.വി. വിജയന്‍ എഴുതിയ ശ്രദ്ധേയമായ അവതാരികയില്‍ വിവിധ കാലഘട്ടങ്ങളില്‍ സ്വാധീനശക്തിയായി സമൂഹത്തില്‍ രൂപപ്പെടുന്ന നായക പരിവേഷങ്ങളെ നിരീക്ഷിക്കുന്നുണ്ട്. വീരശൂരന്മാരായ യോദ്ധാക്കള്‍ക്ക് അപ്രമാദിത്വമുള്ള ഒരു കാലം ചിലപ്പോള്‍ മതപുരോഹിതര്‍ക്ക് വഴിമാറിക്കൊടുക്കാറുണ്ട്. അതുപോലെതന്നെ സാഹിത്യ പ്രമാണിമാര്‍ അധികാര ശക്തികളായിത്തീര്‍ന്ന കാലവും ചരിത്രത്തിലുണ്ട്.  ആഭിചാരക്രിയകൊണ്ട് അധീശത്വം സ്ഥാപിക്കുന്നവരുടെ കഥയും വേദപുസ്തകങ്ങള്‍ വിവരിക്കുന്നുണ്ട്. അങ്ങനെ അതതു കാലങ്ങളില്‍ ഉയിര്‍കൊള്ളുന്ന നായക പരിവേഷങ്ങളാണ് അവര്‍ക്ക് മേല്‍ക്കൈയുള്ള സാമൂഹിക ഘടന രൂപപ്പെടുത്തുന്നത്. അത്തരം ശക്തികളുടെ നിയന്ത്രണത്തിലുള്ള അധികാര ഘടനയെ അട്ടിമറിക്കുന്നവരെയാണ് വിപ്ളവകാരികളെന്ന് ചരിത്രം പരിചയപ്പെടുത്തുന്നത്. സാമൂഹികം, രാഷ്ട്രീയം, സാംസ്കാരികം, ആത്മീയം തുടങ്ങിയ രംഗത്തെല്ലാമുള്ള വിപ്ളവം സാധ്യമാക്കുന്നത് ഇത്തരം അധികാരഘടനയോട് കലഹിക്കുന്ന, അധികാര കേന്ദ്രങ്ങളോട് വിസമ്മതിക്കുന്ന വ്യക്തികളോ വ്യക്തികളുടെ കൂട്ടായ്മയോ വേറിട്ട ശബ്ദമായി സമൂഹത്തില്‍ ഇടപെടുമ്പോഴാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ ചരിത്ര ചിന്തകനായ തോമസ് കാര്‍ലൈല്‍ ‘ചരിത്രമെന്നാല്‍ മഹാമനീഷികളുടെ ജീവിതകഥയല്ലാതെ മറ്റൊന്നുമല്ല’ എന്ന് നിര്‍വചിച്ചത് ഈ വീക്ഷണത്തിലാണ്. മുഹമ്മദ് നബി ഉള്‍പ്പെടെയുള്ള ചരിത്ര പുരുഷന്മാരെ വിലയിരുത്തുന്ന അദ്ദേഹത്തിന്‍െറ ‘ഓണ്‍ ഹീറോസ്, ഹീറോ വര്‍ഷിപ് ആന്‍ഡ് ഹീറോയിക് ഇന്‍ ഹിസ്റ്ററി’ എന്ന പുസ്തകം ഈ കാഴ്ചപ്പാട് വിശദീകരിക്കുന്നുണ്ട്.

‘ഒരു ജനതതിയുടെ പിതാവ്’ എന്നര്‍ഥമുള്ള ബൈബ്ളിലെ അബ്രഹാം അഥവാ, ഖുര്‍ആന്‍ ഇബ്രാഹീം എന്ന് പരിചയപ്പെടുത്തുന്ന പ്രവാചകന്‍െറ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ കാര്‍ലൈല്‍ സിദ്ധാന്തത്തെ അംഗീകരിക്കേണ്ടിവരും.
നാഗരികതയുടെ കളിത്തൊട്ടിലായ മെസപ്പൊട്ടേമിയ എന്നറിയപ്പെടുന്ന ഇന്നത്തെ ഇറാഖിലെ ഊര്‍ ദേശത്താണ് ഇബ്രാഹീം നബി പിറന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച ഗൂഢജ്ഞാനം അവകാശപ്പെടുന്ന ജ്യോതിഷികള്‍ക്ക് ഏറെ സ്വാധീനമുള്ള സാമൂഹിക ഘടനയാണ് അന്നുണ്ടായിരുന്നത്. ജ്യോതിഷം ഉടലെടുത്തതുതന്നെ ബാബിലോണിയയിലാണ് എന്ന് പറയപ്പെടുന്നു. അങ്ങനെ ജ്യോതിഷികളുടെ ഭാവനാവിലാസത്തിനനുസരിച്ച് ദേവീ ദേവന്മാരെ നിര്‍മിച്ച് ആരാധിച്ചിരുന്ന ഒരു സമൂഹം വിഗ്രഹ നിര്‍മാണം ഒരു വലിയ വ്യവസായമായി തഴച്ചുവളര്‍ന്ന സമൂഹത്തില്‍ നംറൂദ് എന്ന നാട്ടുപ്രമാണിയും ഒപ്പമുള്ള ജ്യോതിഷികളുമായിരുന്നു സമൂഹത്തിലെ മേലാളവര്‍ഗം. അവര്‍ക്കിടയില്‍ ഒരു വിപ്ളവം സാധ്യമാവണമെങ്കില്‍ അധികാരത്തിന്‍െറയും ചൂഷണത്തിന്‍െറയും ചിഹ്നമായിരുന്ന ഈ വിഗ്രഹങ്ങളെ തകര്‍ത്തുകൊണ്ടുമാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഭരണാധികാരിയായ നംറൂദിന്‍െറ കൊട്ടാര സദസ്സിലെ പ്രധാനി യായിരുന്ന ആസര്‍ എന്ന തന്‍െറ പിതാവിനെതിരെയാണ് ഇബ്രാഹീം വിപ്ളവം ആരംഭിച്ചത്. പിതാവിനോട് സംവദിച്ചുകൊണ്ട് പുതിയൊരു ആശയ വിപ്ളവത്തിന് തുടക്കം കുറിച്ച ഇബ്രാഹീം ജനങ്ങളോട് അവരുടെ ഭാഷയില്‍ ഏറെ നാടകീയമായി സംവദിക്കുന്ന രംഗം ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അങ്ങനെയാണ് സെമിറ്റിക് മതങ്ങളായ ജൂത, ക്രൈസ്തവ, ഇസ്ലാം സരണിയുടെ പിതാമഹനായ ഇബ്രാഹീം നബിയുടെ കഥ ആരംഭിക്കുന്നത്.

നാഗരികതകളുടെ ഉറവിടം

ഇബ്രാഹീം പ്രവാചകനും പിതാമഹനുമാണ്. പശ്ചിമേഷ്യയില്‍ രൂപംകൊണ്ട നാഗരികതകളുടെ ഉറവിടമാണ് അദ്ദേഹം.  പ്രവാചക പരമ്പരകളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഇസ്ലാമിക ദര്‍ശനം മനസ്സിലാക്കാനും അനുഭവിക്കാനും സാധിക്കൂ. ഇസ്ലാം ദര്‍ശനം ഇബ്രാഹീമി മില്ലത്ത് അഥവാ ഇബ്രാഹീമി സരണിയില്‍ അധിഷ്ഠിതമാണ്. മുന്‍കാല പ്രവാചകന്മാരെ അറിഞ്ഞതുകൊണ്ട് മാത്രമായില്ല. അവരില്‍ വിശ്വസിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് മുസ്ലിമാകാന്‍ കഴിയൂ. ഒ.വി. വിജയന്‍െറ ശൈലിയില്‍ പറഞ്ഞാല്‍ ആ ഗുരുപരമ്പരയിലെ തേജസ്വിയാണ് മുഹമ്മദ് നബി. തിരുനബി സഞ്ചരിച്ചത് ഇബ്രാഹീമി പാതയിലാണ്. വിശുദ്ധ ഖുര്‍ആന്‍െറ കല്‍പന ഇങ്ങനെ വായിക്കാം: ‘എന്നിട്ട് നാം നിനക്കു ബോധനം നല്‍കി. നീ ഋജുമാനസനായ ഇബ്രാഹീമിന്‍െറ മതത്തെ പിന്തുടരുക.  അദ്ദേഹം അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല (ഖുര്‍ആന്‍ 16:123).
അതുകൊണ്ടുതന്നെ ഓരോ മുസ്ലിമും ഇബ്രാഹീം നബിയുടെ ജീവിതത്തിലൂടെയുള്ള ആത്മീയവും ശാരീരികവുമായ സഞ്ചാരം വിശ്വാസപൂര്‍ത്തീകരണത്തിന്‍െറ അനിവാര്യതയായി നിശ്ചയിച്ചിരിക്കുന്നു. അതിനെയാണ് ഹജ്ജ് എന്നു വിളിക്കുന്നത്.

ത്യാഗാനുഭവങ്ങള്‍
ദൈവകല്‍പന അനുസരിച്ച് ഇബ്രാഹീം ഭാര്യ ഹാജറയെയും മകന്‍ ഇസ്മാഈലിനെയും മരുഭൂമിയിലെ വിജനതയില്‍ ഉപേക്ഷിച്ചു. ഭാര്യയെയും കുഞ്ഞിനെയും കാത്തുകൊള്ളണേ എന്ന ഇബ്രാഹീമിന്‍െറ പ്രാര്‍ഥന ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. പിഞ്ചുപൈതലിന്‍െറ ദാഹശമനത്തിന് ഒരിറ്റുവെള്ളം തേടി മക്കയിലെ കുന്നുകള്‍ക്കിടയില്‍ പരക്കംപാഞ്ഞ ഹാജറാ ഉമ്മയുടെ തേങ്ങലിന്‍െറ ശക്തി മരുഭൂമിയെപ്പോലും ആര്‍ദ്രമാക്കി. അങ്ങനെയാണ് ‘സംസം’ എന്ന ജലസ്രോതസ്സ് മരുഭൂമിയില്‍ ഉറവ പൊട്ടിയത്. മാതൃസ്നേഹം മണലാരണ്യത്തിന്‍െറ മരുത്വത്തെപ്പോലും മാറ്റിമറിക്കാന്‍ പോന്നതാണ് എന്നതിന്‍െറകൂടി സാക്ഷ്യമാണ് സംസം. ഹജ്ജനുഷ്ഠാനത്തിന്‍െറ ഭാഗമായി സഫ, മര്‍വ എന്നീ മലകള്‍ക്കിടയിലൂടെ ഓടുന്നവര്‍ ഹാജറ എന്ന ഉമ്മയുടെ മാതൃസ്നേഹത്തെ തൊട്ടറിയുന്നു. കേവലം ഒരു കുഞ്ഞിന്‍െറ പൈദാഹശമനത്തിനായുള്ള നെട്ടോട്ടം മാത്രമല്ല ഹാജറ നടത്തിയത്. സംസമിന് ചുറ്റും പിറക്കാനിരിക്കുന്ന ഒരു  നാഗരികതയുടെ പേറ്റുനോവുകൂടി ആ മാതാവില്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. സഫയും മര്‍വയും അല്ലാഹുവിന്‍െറ  അടയാളങ്ങളാണ് എന്ന ഖുര്‍ആന്‍െറ പ്രഖ്യാപനത്തിന് വിപുലമായ അര്‍ഥതലങ്ങളുണ്ട്.
‘ബക്ക’യെന്നാണ് മക്കയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത് (‘ജനങ്ങള്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ പ്രാര്‍ഥനാമന്ദിരമാണ് ബക്കയിലുള്ളത്, അത് അനുഗൃഹീതവുമാണ്, ലോകര്‍ക്കാകെ വഴികാട്ടിയും’). ഇബ്രാഹീമും മകന്‍ ഇസ്മാഈലും ചേര്‍ന്ന് പുനര്‍നിര്‍മിച്ച ഈ ദൈവിക ഗേഹമാണ് മുസ്ലിംകളുടെ പ്രാര്‍ഥനാ ദിശ.  കഅ്ബയുടെ അടുത്തായി ഹിജ്ര്‍ ഇസ്മാഈല്‍ എന്ന ഇബ്രാഹീം കുടുംബത്തിന്‍െറ വീടിരുന്ന സ്ഥലമുള്‍പ്പെടെയാണ് ഓരോ വിശ്വാസിയും ത്വവാഫ് (കഅ്ബ പ്രദക്ഷിണം) നിര്‍വഹിക്കേണ്ടത്. ഇബ്രാഹീം കുടുംബത്തിന്‍െറ ജീവിതത്തിന്‍െറ ഒരു പുനരാവിഷ്കാരമാണ് ഹജ്ജ്.  അത് ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും  കര്‍മമാണ്. ഏകനായ ദൈവത്തിങ്കലേക്ക് ഒരേ മനസ്സോടെ, ഒരേ വേഷത്തില്‍ വലുപ്പച്ചെറുപ്പമില്ലാതെ അനുഷ്ഠിക്കുന്ന ഒരു ആരാധന.
ഹജ്ജനുഭവങ്ങളുടെ ആഴമുള്ള നിരവധി കഥകള്‍ നമ്മുടെ പഴമക്കാര്‍ക്ക് പറയാനുണ്ട്. കൊല്ലം ജില്ലയിലെ കുമ്മിള്‍ എന്ന എന്‍െറ ഗ്രാമത്തിലെ സി.പി. മുസ്ലിയാരുടെ ഹജ്ജ് യാത്ര അവിശ്വസനീയമായി തോന്നാം. ആലപ്പുഴയിലെ പുരാതന മേനോന്‍ തറവാട്ടില്‍ ജനിച്ച അദ്ദേഹത്തിന്‍െറ ആത്മീയന്വേഷണ യാത്ര ചെന്നത്തെിയത് ഇസ്ലാമിലായിരുന്നു.  ഒരു അവധൂതനെപ്പോലെ അലഞ്ഞ അദ്ദേഹം ഇവിടെനിന്ന് കാല്‍നടയായാണ് ഹജ്ജിന് പോയത്. പാസ്പോര്‍ട്ടും വിസയുമില്ലാതെ അതിര്‍ത്തി കടക്കാന്‍ ഭ്രാന്തനായി അഭിനയിച്ച് പുണ്യഭൂമിയിലത്തെിയ സി.പി. മുസ്ലിയാര്‍ ഹജ്ജ് കഴിഞ്ഞ് നാട്ടിലത്തൊന്‍ മൂന്നു വര്‍ഷത്തോളമെടുത്തു. ഏതാണ്ട് ലിയോ പോള്‍ഡ് വെയ്സ് എന്ന മുഹമ്മദ് അസദിന്‍െറ മക്കയിലേക്കുള്ള  യാത്ര പോലെയാണ് ഇതെന്നു പറയാം. മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ഹജ്ജ് റിസര്‍ച് സെന്‍ററിന്‍െറ സ്ഥാപക മേധാവിയായിരുന്ന സിയാവുദ്ദീന്‍ സര്‍ദാര്‍ കഴുതപ്പുറത്തും കാല്‍നടയായും  നടത്തിയ തന്‍െറ ഹജ്ജനുഭവം ‘മക്ക ദ  സേക്രഡ് സിറ്റി’യില്‍ വിവരിച്ചിട്ടുണ്ട്. ഹജ്ജ് ആത്മത്തെ സ്പര്‍ശിക്കണമെങ്കില്‍, സത്യാനുഭവത്തിലേക്കുള്ള തീര്‍ഥയാത്ര ആവണമെങ്കില്‍ ക്ളേശം അതിന്‍െറ അവിഭാജ്യഘടകമാണെന്ന് ഇവരെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹജ്ജ് തീര്‍ഥാടനത്തിന്‍െറ സ്ഥാനത്തുനിന്ന് ടൂര്‍ പാക്കേജായി മാറിയപ്പോള്‍ അതിന്‍െറ വിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു.
ത്യാഗവും സ്നേഹവും സമര്‍പ്പണവും വിളംബരം ചെയ്യുന്ന ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തി നവജാതശിശുവിനെപ്പോലെ പരിശുദ്ധനും പാപമുക്തനുമായിത്തീരുമെന്നാണ് ഇസ്ലാം പറയുന്നത്. അങ്ങനെ നിര്‍മലവും കളങ്കരഹിതവുമായ മനസ്സുമായി പുണ്യഭൂമിയില്‍നിന്ന് യാത്രയാവുന്ന വിശ്വാസി തന്നിലെ പൈശാചികതയെ കുടഞ്ഞുകളഞ്ഞിട്ടാണ് തിരിച്ചെത്തേണ്ടത്.  അങ്ങനെ ആത്മീയ തേജസ്സോടെ നാടുകളിലേക്ക്  മടങ്ങിയത്തെുന്ന ഓരോ ഹാജിയും ഇബ്രാഹീമി മില്ലത്തിന്‍െറ സന്ദേശ വാഹകനും മദീനയുടെ വെളിച്ചത്തിന്‍െറ പ്രതിബിംബങ്ങളുമായിരിക്കണം. അങ്ങനെയുള്ള ഹജ്ജ് അനുഷ്ഠിച്ചവന് അയല്‍വാസിയോടുള്ള കടമ നിര്‍വഹിക്കാതിരിക്കാന്‍ കഴിയില്ല. അത്തരം ഹാജിമാരുടെ സാമീപ്യവും ദര്‍ശനവും ഓരോ നാടിനും  സമാധാനവും ആത്മീയ ചൈതന്യവും പകര്‍ന്നുനല്‍കും.

സൗഹൃദം പൂവണിയട്ടെ

ഇത്തവണ മലയാളികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് ഓണത്തോടൊപ്പമാണ്. ഓരോ ആഘോഷത്തിനും ആധാരമായ മിത്തുകളും വിശ്വാസങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. അതില്‍ ചിലതെല്ലാം വിശ്വാസത്തെ സംബന്ധിച്ചുമാണ്. മാവേലിയെയും വാമനനെയും നായക / വില്ലന്‍ റോളുകളില്‍ മാറിമാറി പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഐതിഹ്യ വിവരണങ്ങള്‍ പലതും പ്രചാരത്തിലുണ്ട്. അതില്‍ ചിലതെല്ലാം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണു താനും. എന്നാല്‍, ഒരു ശരാശരി മലയാളിക്ക്  ഓണം ഒരുമയുടെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്‍െറയുമാണ്. പട്ടിണിപ്പാവങ്ങള്‍വരെ ആഹ്ളാദത്തോടെ ജീവിതത്തെ കാണുന്ന അപൂര്‍വം വേളകളിലൊന്ന്. അങ്ങനെ നാടും സമൂഹവും സന്തോഷിക്കുന്ന വേളയില്‍ പരസ്പരം പങ്കിടാനുള്ള മനസ്സ് ഉണ്ടാവുകയെന്നത് മാനുഷികമായ ഗുണമാണ്. അതില്‍ കല്ലുകടിയുണ്ടാക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ആശാസ്യമല്ല. പെരുന്നാളിന്‍െറ സുദിനങ്ങളില്‍ ബന്ധുജനങ്ങളെയും അയല്‍ക്കാരെയും സുഹൃത്തുക്കളെയും വീട്ടിലേക്ക് ക്ഷണിക്കുക -അതുപോലെ ഓണാഘോഷത്തിന്‍െറ ഭാഗമായി അങ്ങോട്ടു സൗഹൃദത്തിന്‍െറ കൈ നീട്ടുക. അങ്ങനെ സന്തോഷത്തിന്‍െറ  ഒരായിരം പൂക്കള്‍ വിരിയുന്ന മാനവികതയുടെ സന്ദേശം പുലരുന്ന പെരുന്നാള്‍-ഓണ ആഘോഷങ്ങള്‍ക്കായുള്ള വേളയായി ഈ അവസരം ഉപയോഗപ്പെടുത്താം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.