യു.എസ് രക്ഷക്ക് ഒബാമയുടെ വീറ്റോ

‘ഗൂഗ്ള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവ തീര്‍ച്ചയായും അമേരിക്കയുടെ ഉപകരണങ്ങള്‍ ആണെന്ന കാര്യം എനിക്കറിയാം. എന്നാല്‍, പരമാധികാര രാഷ്ട്രങ്ങള്‍ക്കുള്ള നിയമപരിരക്ഷാനിയമം റദ്ദാക്കുന്നപക്ഷം വിദേശരാജ്യങ്ങളിലെ അന്യായക്കാര്‍ നിസ്സാര കാര്യങ്ങള്‍ക്കുവരെ അമേരിക്കക്കെതിരെ വിചാരണയും നഷ്ടപരിഹാര വ്യവഹാരവും ആവശ്യപ്പെടില്ളേ? അത് അമേരിക്കയുടെ നില മറ്റ് ഏതു രാജ്യത്തേക്കാളും വഷളാക്കാനും ഇടയാക്കും’ -യു.എന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ബോള്‍ട്ടന്‍െറ ഈ വാക്കുകള്‍ക്ക് യു.എസിലെ പുതിയ നിയമനിര്‍മാണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തി കൈവരുകയാണ്.

രാഷ്ട്രീയലാക്കോടെയുള്ള നിയമവ്യവഹാരങ്ങള്‍ ഇരുതലമൂര്‍ച്ചയുള്ള ഖഡ്ഗമാണ്. ഒരു രാജ്യത്തിന്‍െറ ഭീകരന്‍ മറ്റൊരു രാജ്യത്തിന്‍െറ സ്വാതന്ത്ര്യപോരാളിയാകാന്‍ ഒറ്റ പ്രസ്താവന വഴി സാധിക്കും. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ഒത്താശ നല്‍കിയ രാഷ്ട്രങ്ങള്‍ക്കെതിരെ ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യാന്‍ അവകാശം നല്‍കുന്ന ബില്‍ ഈയിടെയാണ് യു.എസ് ജനപ്രതിനിധിസഭ ഐകകണ്ഠ്യേന പാസാക്കിയത്. നേരത്തേ സെനറ്റും ഇത് പാസാക്കിയിരുന്നതിനാല്‍ ബില്‍ നിയമമാകാനിടയുള്ള സാഹചര്യത്തില്‍ ബില്ലിനെ വീറ്റോ ചെയ്യുമെന്ന തീരുമാനമാണ് പ്രസിഡന്‍റ് ബറാക് ഒബാമ അവസാനമായി കൈക്കൊണ്ടിരിക്കുന്നത്.

ഭീകരതക്ക് ഒത്താശ നല്‍കുന്നവരില്‍നിന്ന് നീതി (ജസ്റ്റിസ് എഗന്‍സ്റ്റ് സ്പോണ്‍സേഴ്സ് ഓഫ് ടെററിസം-ജസ്റ്റ) എന്ന പേരിലറിയപ്പെടുന്ന ബില്‍ കഴിഞ്ഞ മേയില്‍ സെനറ്റ് പാസാക്കിയ ഘട്ടത്തില്‍ ഇത്തരമൊരു ചട്ടം ആവിഷ്കരിച്ചാല്‍ സംഭവിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് സൗദി മന്ത്രിയെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് വൈറ്റ്ഹൗസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യയുടെ അമേരിക്കയിലെ ആസ്തികള്‍ പിന്‍വലിക്കുമെന്നായിരുന്നു ന്യൂയോര്‍ക് ടൈംസിന്‍െറ വെളിപ്പെടുത്തല്‍.

അതേസമയം, 9/11 ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ കമീഷന്‍ 9/11 സംഭവത്തില്‍ സൗദി അധികൃതരോ സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങളോ പങ്കുവഹിക്കുകയുണ്ടായില്ല എന്ന റിപ്പോര്‍ട്ടാണ് വൈറ്റ്ഹൗസിന് നല്‍കിയത്. എന്നാല്‍, പിന്നീട് രഹസ്യസ്വഭാവം നീക്കി പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകളില്‍ 28 പേജുകളില്‍ നേരിയ തെളിവുകള്‍ ഉണ്ടെന്ന വാദങ്ങള്‍ ഉയര്‍ന്നു.

ഇരകള്‍ക്ക് നീതി ലഭ്യമാക്കാനെന്ന പേരില്‍ വിവിധ അഭിഭാഷകര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ ഓരോന്നും വിവിധ യു.എസ് കോടതികള്‍ തള്ളിക്കളയുകയായിരുന്നു. അമേരിക്കയില്‍ അരങ്ങേറിയ സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏതെങ്കിലും വിദേശ പരമാധികാര രാജ്യത്തിന്‍െറ തലയില്‍ കെട്ടിവെക്കാന്‍ വയ്യെന്ന നിലപാടാണ് കോടതികള്‍ ആവര്‍ത്തിച്ചത്. വിദേശ പരമാധികാര സുരക്ഷാചട്ടം (ഫോറിന്‍ സോവറിന്‍ ഇമ്യൂണിറ്റി ആക്ട്-എഫ്.എസ്.ഐ.എ), ഭീകരവിരുദ്ധചട്ടം (എ.ടി.എ), അന്താരാഷ്ട്ര പ്രമാണങ്ങള്‍ എന്നിവ ഉദ്ധരിച്ചായിരുന്നു കോടതികള്‍ ഇത്തരം ഹരജികള്‍ നിരാകരിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലുകളില്‍ ഭീകരപ്രവര്‍ത്തനത്തിന് ഒത്താശ നല്‍കുന്ന രാജ്യം എന്ന പഴുത് ആധാരമാക്കി നടത്തിയ വ്യവഹാരങ്ങള്‍ക്കും കോടതികള്‍ തടസ്സവാദങ്ങള്‍ ഉയര്‍ത്തിയതോടെ ‘ജസ്റ്റ’ ചട്ടം ആവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ ജനപ്രതിനിധികള്‍ ഊര്‍ജിതപ്പെടുത്തുകയായിരുന്നു. വിധ്വംസക സംഭവങ്ങളില്‍ വിദേശ പരമാധികാര രാഷ്ട്രങ്ങളെയോ അവയുടെ സംവിധാനങ്ങളെയോ ഉപവിഭാഗങ്ങളെയോ കോടതി കയറ്റുമ്പോള്‍ പാലിക്കേണ്ട ഉപാധികള്‍ നിര്‍ണയിക്കുന്ന എഫ്.എസ്.ഐ.എ ചട്ടം 1976ല്‍ ജെറാള്‍ഡ് ഫോര്‍ഡ് പ്രസിഡന്‍റായിരിക്കെയാണ് പ്രാബല്യത്തില്‍ വരുത്തിയത്.

എന്നാല്‍, ഈ ചട്ടത്തിന്‍െറയും ഭീകരതാവിരുദ്ധ ചട്ടത്തിന്‍െറയും പരിമിതികളെയും കോടതികളുടെ തീര്‍പ്പുകളെയും മറികടന്ന് ‘ജസ്റ്റ’ ചട്ടം നടപ്പാക്കാനുള്ള തന്ത്രം പ്രത്യക്ഷത്തില്‍ നീതിബോധത്തെ ആധാരമാക്കുന്നത് എന്ന പ്രതീതിയാണ് ഉളവാക്കുക. എന്നാല്‍, വിദേശബന്ധങ്ങളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന ‘ജസ്റ്റ’ക്കെതിരെ ഒബാമയുടെ ഉപദേഷ്ടാക്കള്‍ മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. അന്യരാഷ്ട്രങ്ങളുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഇത്തരം ചട്ടങ്ങള്‍ അന്താരാഷ്ട്ര കീഴ്വഴക്കങ്ങളെയാണ് തകിടംമറിക്കുക.

എല്ലാ പരമാധികാര രാജ്യങ്ങള്‍ക്കും ഇതര രാജ്യങ്ങളിലെ കോടതികളില്‍ വിസ്തരിക്കപ്പെടുന്നതില്‍നിന്ന് നിയമപരിരക്ഷ അനുഭവിക്കാം എന്നത് സാര്‍വദേശീയ ചട്ടങ്ങളിലെ സാമാന്യ നിയമം മാത്രമാണ്. പക്ഷേ, പുതിയ ലോകക്രമത്തിന്‍െറ ഭാഗമായി സംജാതമായ പരമാധികാരത്തിന്‍െറ പരിമിതീകരണം ലോക പ്രവണതയായി മാറിയ പഴുതിലൂടെ സെപ്റ്റംബര്‍ 11ലെ ഇരകള്‍ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളെ പ്രതിക്കൂട്ടിലാക്കി നഷ്ടപരിഹാരം വസൂലാക്കാന്‍ ഉന്നമിടുകയാണ് ‘ജസ്റ്റ’ ബില്‍. ഇത്തരമൊരു ചട്ടം സൃഷ്ടിക്കുന്ന തിരിച്ചടികളെ സംബന്ധിച്ച് മുന്‍ യു.എസ് അസിസ്റ്റന്‍റ് അറ്റോണി ജനറല്‍ നല്‍കുന്ന മുന്നറിയിപ്പ് നോക്കുക:

‘ഇതര രാജ്യങ്ങള്‍ക്ക് കല്‍പിച്ചിരുന്ന പരമാധികാരാവകാശം വെട്ടിക്കുറക്കാന്‍ അമേരിക്ക തീരുമാനിക്കുന്നപക്ഷം അമേരിക്ക അനുഭവിച്ചുവരുന്ന പരമാധികാരത്തില്‍ കുറവ് വരുത്താന്‍ വിദേശരാജ്യങ്ങളും മുതിരാതിരിക്കില്ല.’ ബില്‍ വീറ്റോ ചെയ്യുമെന്ന ഒബാമയുടെ പ്രഖ്യാപനത്തില്‍ മാറ്റം സംഭവിക്കാനിടയില്ല. കാരണം, വിദേശ പരമാധികാര പരിരക്ഷ നിലനില്‍ക്കുന്നത് ഏതൊരു രാജ്യത്തേക്കാളും ഉപകാരപ്രദമായിത്തീരുക അമേരിക്കക്കുതന്നെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.