വിശ്വാസവും വിശ്വാസികളും: സമീപനത്തിലെ അന്തരം

സെപ്റ്റംബര്‍ 19ന് ‘മാധ്യമം’ ദിനപത്രത്തില്‍ രാധാകൃഷ്ണന്‍ എം.ജി. എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് പ്രേരകം. ഈ ഓണക്കാലത്ത് മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ വെള്ളിയാഴ്ച പ്രഭാഷണവും പ്രാര്‍ഥനയും കഴിഞ്ഞ് നേരെ പോയത് ഓണസദ്യ കഴിക്കാനാണ്. പിന്നെയും ഒന്നിലേറെ ഓണസദ്യകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. നീണ്ട 33 വര്‍ഷത്തിനുശേഷം ഓണവും ബലിപെരുന്നാളും ഒരുമിച്ചുവന്ന ഇക്കൊല്ലം സംഘടിപ്പിക്കപ്പെട്ട നാല് ഓണം-പെരുന്നാള്‍ സൗഹൃദസംഗമങ്ങളില്‍ സംസാരിച്ചു.

ലേഖകന്‍ പറഞ്ഞ സ്ത്രീകളുടെ പള്ളിപ്രവേശ സ്വാതന്ത്ര്യത്തിനായി കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. മുത്ത്വലാഖിനെതിരെ നിരവധി ലേഖനങ്ങള്‍ മാത്രമല്ല പുസ്തകവും രചിച്ചിട്ടുണ്ട്. ഇതര സമൂഹങ്ങളുടെ വിശ്വാസ, ആചാര, ആരാധനാനുഷ്ഠാനങ്ങളോടും സംസ്കാര-നാഗരികതകളോടുമുള്ള ഇസ്ലാമിന്‍െറ സമീപനം അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിലും പ്രവാചകചര്യയിലും വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 14 നൂറ്റാണ്ടു കാലത്തെ ചരിത്രാനുഭവം അതിന് സാക്ഷിയുമാണ്.

ഏകദൈവവിശ്വാസവും ഏകദൈവാരാധനയും ഇസ്ലാമിന്‍െറ അടിസ്ഥാന ദര്‍ശനമാണ്. അതിനു വിരുദ്ധമായ ഒന്നും മുസ്ലിമിനു പാടില്ല. എന്നാല്‍, ആര്‍ക്കും ഏതു വിശ്വാസവും സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന ശാഠ്യവും അതിനുണ്ട്. ബഹുസ്വരതയെ അത് ദൈവനിശ്ചിതമായ പ്രകൃതിനിയമത്തിന്‍െറ ഭാഗമാണെന്നും അതിനാല്‍, എല്ലാവരും ഒരേ വിശ്വാസക്കാരും മതക്കാരുമാവുകയെന്നത് ദൈവേച്ഛയില്‍ പെട്ടതല്ളെന്നും ഖുര്‍ആന്‍തന്നെ വ്യക്തമാക്കുന്നു (അധ്യായം: 10, സൂക്തം: 99).

ദൈവേതര ആരാധ്യവസ്തുക്കളെ പരിഹസിക്കുകയോ ചീത്തപറയുകയോ അരുതെന്ന് കല്‍പിക്കുന്ന ഖുര്‍ആന്‍ എല്ലാ വിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ സംരക്ഷണം ഇസ്ലാമിക രാഷ്ട്രത്തിന്‍െറ ബാധ്യതയായി നിശ്ചയിക്കുന്നു. മക്കയില്‍ നിഷിദ്ധമായിരുന്ന യുദ്ധം മദീനയില്‍ അനുവദിക്കപ്പെട്ടതിന്‍െറ ലക്ഷ്യങ്ങളിലൊന്ന്, ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്ലിംപള്ളികളും ക്രൈസ്തവ ചര്‍ച്ചുകളും ജൂത സിനഗോഗുകളും സന്യാസി മഠങ്ങളും സംരക്ഷിക്കലാണ് (ഖുര്‍ആന്‍ 22: 39, 40).

ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ സുരക്ഷിതമായിരിക്കണമെന്ന നിര്‍ബന്ധം മുസ്ലിം ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. ഒന്നാം ഖലീഫയായ അബൂബക്കര്‍ സിദ്ദീഖിനോട് ക്രൈസ്തവ വിശ്വാസികള്‍ പുതുതായി നിര്‍മിച്ച ചര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘അങ്ങയുടെ മതാചാരപ്രകാരം നമസ്കാരം നിര്‍വഹിച്ച് തുടക്കംകുറിച്ചാല്‍ മതിയെന്ന്’ പ്രത്യേകം പറയുകയും ചെയ്തു. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: ‘ഞാനതില്‍ നമസ്കരിച്ചാല്‍ എന്‍െറ കാലശേഷം കാര്യമറിയാത്ത ആരെങ്കിലും ഞങ്ങളുടെ ഖലീഫ നമസ്കരിച്ച സ്ഥലമാണെന്നു പറഞ്ഞ് അതിന്മേല്‍ അവകാശവാദമുന്നയിക്കാനിടയുണ്ട്; അത് കുഴപ്പങ്ങള്‍ക്ക് ഇടവരുത്തിയേക്കാം.’ ഖലീഫയുടെ ആശങ്ക പരിഗണനീയമാണെന്ന് ബോധ്യമായ ക്രൈസ്തവ വിശ്വാസികള്‍ അതംഗീകരിച്ചു.

ഫലസ്തീന്‍ സന്ദര്‍ശിക്കവെ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിനോട് അവിടത്തെ ക്രൈസ്തവ പുരോഹിതന്‍ സഫര്‍നിയൂസ് മധ്യാഹ്നനമസ്കാര സമയമായപ്പോള്‍ തങ്ങളുടെ ചര്‍ച്ചില്‍വെച്ച് അത് നിര്‍വഹിക്കാനാവശ്യപ്പെട്ടു. രണ്ടാം ഖലീഫ അങ്ങനെ ചെയ്താല്‍ ഉണ്ടായേക്കാവുന്ന അപകടത്തെ സംബന്ധിച്ച് അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞതുതന്നെ ആവര്‍ത്തിക്കുകയാണുണ്ടായത്. താലിബാന്‍കാര്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിനെക്കുറിച്ച് രാധാകൃഷ്ണന്‍ പറയുന്നുണ്ട്. അതും ഐ.എസിന്‍െറ അത്തരം ചെയ്തികളുമൊക്കെ ഇസ്ലാമികവിരുദ്ധവും അതിന്‍െറ മഹിതമായ പാരമ്പര്യത്തിന് തീരേ നിരക്കാത്തതുമാണ്. 14 നൂറ്റാണ്ടു മുമ്പുതന്നെ അഫ്ഗാനിസ്താന്‍ ഇസ്ലാമികരാഷ്ട്രത്തിന്‍െറ ഭാഗമായിട്ടുണ്ട്. എന്നിട്ടും താലിബാന്‍കാര്‍ അവിവേകം കാണിക്കുന്നതുവരെ മുസ്ലിം സമൂഹമോ രാഷ്ട്രമോ ബാമിയാന്‍ പ്രതിമകള്‍ക്ക് ഒരു പോറലും ഏല്‍പിച്ചിട്ടില്ളെന്നു മാത്രമല്ല; അവയെ ഭരണകൂടം സംരക്ഷിക്കുകയാണുണ്ടായത്. ബുദ്ധമതക്കാരും ഹിന്ദുക്കളും സിഖുകാരും യഹൂദന്മാരും ഉള്‍പ്പെടെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമായിരുന്നിട്ടും ബുദ്ധവിഗ്രഹങ്ങളിലൊന്നുപോലും മുസ്ലിംകള്‍ തകര്‍ത്തിരുന്നില്ളെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

മുസ്ലിംകള്‍ 14 നൂറ്റാണ്ട് ഭരിച്ച ശേഷവും ഈജിപ്തില്‍ ഒമ്പതു ശതമാനം കോപ്റ്റിക് ക്രിസ്ത്യാനികളും അഞ്ഞൂറിലേറെ ചര്‍ച്ചുകളുമുണ്ട്. ഇറാഖ് ഇപ്പോഴും ഒരു ക്രൈസ്ത വിഭാഗത്തിന്‍െറ ആസ്ഥാനമാണ്. 14  നൂറ്റാണ്ടിനുശേഷവും ലബനാനില്‍ 40 ശതമാനത്തിലേറെ ക്രൈസ്തവ വിശ്വാസികളാണ്. ഇസ്രായേല്‍ കഴിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യഹൂദരുള്ളത് ഇറാനിലാണ്. മറ്റു മുസ്ലിംനാടുകളിലും വിവിധ ജനവിഭാഗങ്ങള്‍ സര്‍വവിധ സ്വാതന്ത്ര്യവും അനുഭവിച്ച് കഴിഞ്ഞുപോരുന്നു.

സാംസ്കാരിക-നാഗരികാവശിഷ്ടങ്ങളുടെ നേരെയുള്ള ഇസ്ലാമിന്‍െറ സമീപനവും ഇവ്വിധം ഉദാരംതന്നെ. ലോകമഹാദ്ഭുതങ്ങളിലൊന്ന് ഈജിപ്തിലെ പിരമിഡുകളാണല്ളോ. അവ ഏകാധിപതികളും ബഹുദൈവവിശ്വാസികളുമായ ഫറോവമാരുടെ ശവകുടീരങ്ങളാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ ശവക്കല്ലറകള്‍ കെട്ടിപ്പൊക്കുന്നതും അവയുടെ മുകളില്‍ കെട്ടിടമുണ്ടാക്കുന്നതും നിഷിദ്ധമാണ്. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്‍െറ കാലത്ത് ഈജിപ്ത് ഇസ്ലാമിക രാഷ്ട്രത്തിന്‍െറ ഭാഗമായിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ 14 നൂറ്റാണ്ടുകളായി മുസ്ലിം സമൂഹവും ഭരണകൂടവും അവയെ സംരക്ഷിക്കുകയാണ് ചെയ്തത്. ചരിത്രത്തില്‍ മുമ്പൊരിക്കലും ഐ.എസുകാരെയും താലിബാന്‍കാരെയുംപോലുള്ളവര്‍ അവിടെയുണ്ടായിട്ടില്ളെന്നതാണ് ഇതിനു കാരണം.

ബഹുദൈവ വിശ്വാസപരവും ആരാധനാപരവും ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഒന്നും അവരുടെ ഭാഗത്തുനിന്നുണ്ടാവില്ല. അതിനാല്‍, ലോക ഇസ്ലാമിക പണ്ഡിത സംഘടനയുടെ ഉത്തരവാദപ്പെട്ടവര്‍ അഭിപ്രായപ്പെട്ടതുപോലെ ക്രിസ്മസിന് ആശംസകളര്‍പ്പിക്കാം. എന്നാല്‍, യേശുവിന്‍െറ പ്രതിമയുടെ മുന്നില്‍ മെഴുകുതിരി കൊളുത്തിവെക്കുകയില്ല. ഓണാഘോഷങ്ങളില്‍ പങ്കെടുക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്യാം. എന്നാല്‍, തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട ആരാധന, ആചാര അനുഷ്ഠാനങ്ങളില്‍ പങ്കാളിയാകാന്‍ സാധ്യമല്ല. ഓണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഐതിഹ്യങ്ങളായാണ് മുസ്ലിംകള്‍ പരിഗണിക്കുന്നത്. കല, സാഹിത്യ, സാംസ്കാരികകാര്യങ്ങളിലും ഇസ്ലാമിന്‍െറ നിലപാടും ഇതുതന്നെ. നിലവിളക്കിന്‍െറ കാര്യത്തിലും അതു കൊളുത്തുന്നത് ആരാധനയുടെ ഭാഗമായതുകൊണ്ടാണ് മുസ്ലിംകള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

സമുദായത്തില്‍ അംഗീകാരവും ആദരവുമുള്ള മുസ്ലിം നേതാക്കള്‍ അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ എതിര്‍ക്കുന്നത്, അനുയായികളില്‍ ആശയക്കുഴപ്പവും വ്യതിയാനവും സംഭവിക്കാനിടവരുത്തും എന്നതിനാലാണ്. ഹിന്ദുത്വശക്തികള്‍ തങ്ങളുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളെ ദേശീയതയുടെയും മറ്റും പേരില്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാനും ഭരണ, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സമ്മര്‍ദത്തിലൂടെ അംഗീകരിപ്പിക്കാനും അങ്ങനെ ഏക സംസ്കാരം നടപ്പാക്കാനും ശ്രമിക്കുമ്പോള്‍ ഇടതുപക്ഷംപോലുള്ള മതേതര സമൂഹം സ്വീകരിക്കേണ്ട സമീപനമെന്തെന്നതും പരിശോധനയര്‍ഹിക്കുന്നു. ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ദീപാരാധനയും സൂര്യനമസ്കാരവുമൊക്കെ ഏറ്റെടുത്ത് നടത്തുമ്പോള്‍ തങ്ങളും ഏക സംസ്കാരം നടപ്പാക്കുന്നതില്‍ പങ്കാളികളാവുകയും ഹിന്ദുത്വശക്തികള്‍ക്ക് കരുത്തുപകരുകയുമല്ളേ ചെയ്യുന്നതെന്ന് അവരും ആലോചിക്കേണ്ടതുണ്ട്.

രാധാകൃഷ്ണന്‍ ലേഖനത്തില്‍ പരാമര്‍ശിച്ച പണ്ഡിതനെ കേരളത്തിലെ ഒരു മുസ്ലിം സംഘടനയും പിന്തുണച്ചിട്ടില്ല. ഇതര ജനവിഭാഗങ്ങളോടുള്ള സമീപനത്തെ സംബന്ധിച്ച് പറഞ്ഞതെല്ലാം ഇസ്ലാമികവിരുദ്ധമാണ് എന്നതാണതിനു കാരണം. പരമരഹസ്യമായി നിര്‍വഹിക്കപ്പെട്ട ഹിജ്റയില്‍ പ്രവാചകന്‍െറ വഴികാട്ടി ബഹുദൈവവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉറൈഖിത്വ് ആയിരുന്നു. വിയോഗവേളയില്‍ പ്രവാചകന്‍െറ പടയങ്കി ഒരു ജൂതന്‍െറ വശമാണ് പണയത്തിലുണ്ടായിരുന്നത്. പ്രവാചകന്‍െറ ഇത്യോപ്യന്‍ ഗവര്‍ണര്‍ അംറുബ്നു ഉമയ്യതദ്ദംരി മുസ്ലിമായിരുന്നില്ല. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്‍െറ ചീഫ് അക്കൗണ്ടന്‍റ് ക്രൈസ്തവ വിശ്വാസിയായിരുന്നു.

അതിനാല്‍, ബഹുദൈവവിശ്വാസികളുള്‍പ്പെടെ ഇതര മതവിശ്വാസികളോടുള്ള സമീപനം അത്യുദാരവും തീര്‍ത്തും സഹിഷ്ണുതാപരവും സൗഹാര്‍ദപരവും സഹകരണാത്മകവുമാണ്. എന്നാല്‍, പ്രത്യക്ഷമായോ പരോക്ഷമായോ ഏക സംസ്കാരം നടപ്പാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ മത ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കാന്‍ മതേതര സമൂഹം ബാധ്യസ്ഥമാണെന്ന കാര്യവും വിസ്മരിക്കാവതല്ല.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.