ഡോക്ടറാവാന്‍ എന്തിനു ഭരതനാട്യം?

പണ്ടൊക്കെ യുവജനോത്സവം അടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശവും സന്തോഷവുമായിരുന്നു. ജന്മനാ അഭിരുചിയുള്ളത് പ്രകടിപ്പിക്കാനും വളര്‍ത്താനും സമ്മാനങ്ങള്‍ നേടാനും അതുവഴി അറിയപ്പെടാനും വഴിതുറക്കുന്നതിനുള്ള അവസരമായി രക്ഷിതാക്കളും കുട്ടികളും അതിനെ കണ്ടിരുന്നു.
എന്നാല്‍, ഇന്ന് കഥയാകെ മാറി. സ്വാധീനങ്ങളുടെ മത്സരവേദികളായി യുവജനമേളകള്‍ മാറിക്കഴിഞ്ഞു. പണവും അധികാരവും കൂടിയാട്ടം നടത്തി അരങ്ങുതകര്‍ക്കുകയാണ് എന്ന് തോന്നിപ്പോകുന്നു. അധികാര താണ്ഡവങ്ങളില്‍ അര്‍ഹരായ പാവപ്പെട്ട കുട്ടികളെ ചവിട്ടിമെതിക്കപ്പെടുന്നില്ളേ?
മത്സരസമയത്ത് പണക്കാരായ രക്ഷിതാക്കള്‍ ഗുരുക്കന്മാരോടൊപ്പം ഏതെങ്കിലും ന്യായവാദങ്ങളുമായി അപ്പീല്‍ സമ്പാദിക്കാന്‍  കറങ്ങി നടക്കുന്ന കാഴ്ച ഇപ്പോള്‍ പതിവായിരിക്കുന്നു. സബ്ജില്ലാതലം മുതല്‍ സംസ്ഥാനം വരെ കയറിപ്പറ്റാന്‍ എന്തൊക്കെ വേഷങ്ങളാണ്  ഇവര്‍ കെട്ടിയാടുന്നത്!
അപ്പീല്‍ നല്‍കിയവരില്‍ ആദ്യത്തെ ആറുപേരില്‍ ഉള്‍പ്പെട്ടവര്‍ക്കേ പരിഗണന ലഭിക്കുകയുള്ളൂ എന്നൊരു നിയമമുണ്ട്. ഇത് സര്‍ക്കാര്‍ നിയമമാണോ അതോ നടത്തിപ്പുകാരായ ചിലരുടെ താല്‍പര്യ തന്ത്രമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നിയമമുണ്ടെങ്കില്‍ അത് ന്യായമാണോ?
അപ്പീലപേക്ഷയില്‍ വിധികര്‍ത്താക്കളെ കുറ്റപ്പെടുത്താന്‍ പാടില്ല. പകരം, പന്തലിനെയോ സ്റ്റേജിനെയോ, താര്‍പ്പായയെയോ മൈക്കിനെയോ വെളിച്ചത്തെയോ ഒക്കെയാണ് കുറ്റപ്പെടുത്തേണ്ടത്.

പാട്ട്  സീഡി വലിഞ്ഞുപോയി, കളി തുടങ്ങുന്നതിന് മുമ്പ് കര്‍ട്ടന്‍ പൊന്തിപ്പോയി, താര്‍പ്പായ കാലില്‍ കുരുങ്ങി ഇങ്ങനെ  വിചിത്രമായ ചില പരാതികളേ എഴുതാവൂ. സ്വാഭാവികമായി ഇങ്ങനെ എല്ലാ കുട്ടികള്‍ക്കും സംഭവിക്കുമോ? അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ഇതിന്‍െറയെല്ലാം ചുമതല വഹിക്കുന്ന കമ്മിറ്റിക്ക് പരാതി നല്‍കുന്നില്ല? അവരുടെ പേരില്‍ ഒരു ശിക്ഷാനടപടിയും എടുക്കുന്നില്ല? വിധികര്‍ത്താക്കളുടെ പേരുകള്‍ വളരെ രഹസ്യമാക്കിവെക്കുകയും മത്സരസമയത്ത് ആദ്യം പ്രഖ്യാപിക്കുകയും മാത്രമാണ് ചെയ്യുക. പൊതുവെ യോഗ്യരായവരെയാണ് നിയമിക്കാറ്. എന്നാലും ചില വിധികര്‍ത്താക്കളെക്കുറിച്ച്  രേഖാമൂലമല്ലാത്ത പരാതികള്‍ ഉണ്ടാകാറുണ്ട്. ഇവിടെയും ചില മറിമായങ്ങള്‍ നടന്നെന്നിരിക്കും. പരാതികള്‍ ഇല്ലാതെ യുവജനോത്സവങ്ങള്‍ നടത്തണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഗ്രേസ് മാര്‍ക്ക് നിര്‍ത്തി ആസ്വാദനപ്രദര്‍ശനമായി മാറ്റുകയല്ളേ? യുവജനോത്സവത്തില്‍നിന്ന് കിട്ടുന്ന മാര്‍ക്ക് കലാരംഗത്തെ തുടര്‍പഠനത്തിന് മാത്രമായി നല്‍കണം. എല്ലാതരത്തിലുള്ള തുടര്‍പഠനത്തിനും കലാമത്സര മാര്‍ക്ക് പരിഗണിക്കപ്പെടരുത്.

ശാസ്ത്രരംഗത്തെ തുടര്‍പഠനത്തിന് ആ രംഗത്തെ മത്സരങ്ങളിലെ വ്യക്തിഗത മത്സരത്തില്‍നിന്ന് നേടുന്ന മാര്‍ക്ക് നല്‍കണം. ശാസ്ത്രമേളയില്‍ വിദ്യാര്‍ഥികളുടെ പേരില്‍ അധ്യാപകരും സാങ്കേതിക വിദഗ്ധരും നിര്‍മിക്കുന്ന വര്‍ക്കിങ് മോഡലും സ്റ്റില്‍ മോഡലും പ്രദര്‍ശിപ്പിക്കാതെ കുട്ടികളുടെ തത്സമയ മത്സരത്തില്‍നിന്ന് ഉണ്ടാകുന്ന സൃഷ്ടികള്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുക്കണം. പിന്നെ ചില സംശയങ്ങള്‍ -സംസ്ഥാനതലത്തില്‍ കലാമത്സരത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച എത്ര പേര്‍ അതുമായി ബന്ധപ്പെട്ട മേഖലയില്‍ തുടര്‍സംഭാവനകള്‍ നല്‍കുന്നു. പണവും പരിഗണനയും ഇല്ലാത്തതിന്‍െറ പേരില്‍ നൈസര്‍ഗികമായി കലാവാസനയുള്ള എത്ര പാവം കുട്ടികള്‍ പുറന്തള്ളപ്പെടുന്നു, നിരാശരായി കഴിയുന്നു. ഒന്നുകില്‍ എല്ലാ മത്സരങ്ങളും നിര്‍ത്തി ആസ്വാദന-പഠന പ്രദര്‍ശനമാക്കി മാറ്റുക. അല്ളെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ക്കുവേണ്ടി മത്സരരംഗത്ത് കൂടുതല്‍ സുതാര്യവും സത്യസന്ധതയും വിശ്വാസ്യതയും ഉറപ്പുവരുത്തുക. ഇതൊക്കെ നീതി ആഗ്രഹിക്കുന്നവരുടെ ചുമതലയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.