ഇപ്പോൾ ഇങ്ങനെയൊരു അവിശ്വാസ പ്രമേയം വേണ്ടിയിരുന്നോ? പ്രതിപക്ഷ പാർട്ടികൾക്കിടയിൽ, പാർട്ടികൾക്കുള്ളിൽ തന്നെ അങ്ങനെ ചർച്ചയുണ്ടായിരുന്നു. നേർത്തതാണെങ്കിലും, ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ട്. സഖ്യകക്ഷികൾ തുണക്കാതിരിക്കില്ല. അതിനിടയിൽ പ്രതിപക്ഷത്തിെൻറ നില ശോഷിച്ചുപോയാൽ നാണക്കേടാവും. അതാണ് അവിശ്വാസപ്രമേയത്തിന് മുതിരേണ്ടതുണ്ടോ എന്ന ചർച്ചകൾക്ക് ആധാരം. വോെട്ടടുപ്പു കഴിഞ്ഞപ്പോൾ അതു പ്രതിഫലിക്കുകയും ചെയ്തു. 545 അംഗ ലോക്സഭയിൽ, വോെട്ടടുപ്പിൽ പെങ്കടുത്ത 451 പേരിൽ പ്രതിപക്ഷത്തിന് കിട്ടിയത് 126 വോട്ടാണെങ്കിൽ മോദിസർക്കാറിന് അനുകൂലമായി 325 പേർ വോട്ടു ചെയ്തു. പ്രതിപക്ഷത്തിന് കിട്ടിയതിനേക്കാൾ രണ്ടര ഇരട്ടിയോളം വോട്ടാണത്.
പക്ഷേ, ഇൗ അവിശ്വാസ പ്രമേയം അംഗബലത്തിെൻറ മാത്രം കാര്യമല്ലെന്നാണ്, നോട്ടീസ് നൽകിയ വിവിധ പ്രതിപക്ഷ പാർട്ടികൾ കണ്ടത്. അവിശ്വാസം പാസാകില്ലെന്ന് വ്യക്തം. എന്നാൽ, നാലു വർഷമായി ഭരിക്കുന്ന മോദി സർക്കാറിനോട് പാർലമെൻറിൽ പ്രതിപക്ഷപാർട്ടികൾ യോജിച്ചുനിന്ന് അവിശ്വാസം പ്രകടിപ്പിക്കുന്നത് ഒരു സന്ദേശമാണ്. നാലു വർഷത്തിനിടയിൽ ജനവിശ്വാസം ആർജിക്കാനല്ല, അവിശ്വാസം ആർജിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും കഴിഞ്ഞതെന്ന് പ്രമേയത്തിലൂടെ വിളിച്ചു പറയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. നാലു വർഷംകൊണ്ട് ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷം ഏറെ മാറിപ്പോയിരിക്കുന്നു.
ആൾക്കൂട്ട അതിക്രമവും അഭിപ്രായ സ്വാതന്ത്ര്യ വിലക്കുകളുമെല്ലാം ചേർന്ന് അസഹിഷ്ണുതയും ഭയപ്പാടും നിറഞ്ഞ ചുറ്റുപാട്. സമ്പദ്വ്യവസ്ഥയും ബാങ്കിങ് രംഗവും കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. മാന്ദ്യത്തിനൊപ്പം, സർക്കാറിെൻറ കൈത്താങ്ങു നഷ്ടപ്പെട്ട് കൃഷിയും ചെറുകിട വ്യവസായവുമെല്ലാം മുരടിച്ചുനിൽക്കുന്നു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്ന അവകാശവാദങ്ങൾ കേൾക്കാനില്ല. തളർച്ച ബാധിച്ച സമ്പദ്സ്ഥിതിയും അസമാധാനത്തിെൻറ അന്തരീക്ഷവുമാണ് നിലവിലെ സ്ഥിതി. പ്രധാനമന്ത്രി പരിവാരസമേതം നടത്തുന്ന പുരപ്പുറ പ്രസംഗങ്ങൾക്കിടയിലും യാഥാർഥ്യം പൊട്ടിയൊലിച്ച് പുറത്തുവരുന്നു.
രാഹുൽ ആശ്ലേഷിച്ചു. മോദി െകാഞ്ഞനം കുത്തി. രണ്ടും സൃഷ്ടിച്ച ആരവങ്ങളുടെ അകമ്പടിയോടെയാണ് 12 മണിക്കൂർ നീണ്ട അവിശ്വാസ പ്രമേയ ചർച്ച കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11 മണിക്കുശേഷം പാർലമെൻറ് പിരിഞ്ഞത്. ലോക്സഭയിലെ ഇൗ 12 മണിക്കൂറുകൾക്കിടയിൽ ഉയർന്നുവന്ന കാതലായ വിഷയങ്ങൾക്കൊന്നും യാഥാർഥ്യമുള്ള മറുപടികൾ പ്രധാനമന്ത്രിയിൽ നിന്നോ മറ്റു മന്ത്രിമാരിൽ നിന്നോ ഉണ്ടായില്ല. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി, ബാങ്ക് ക്രമക്കേട്, പോർവിമാന അഴിമതി, ആൾക്കൂട്ട അതിക്രമം, അസഹിഷ്ണുത തുടങ്ങി വിഷയങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിച്ചു. അതിൽനിന്നൊക്കെ തന്ത്രപൂർവം സർക്കാറിലുള്ളവർ ഒഴിഞ്ഞു മാറുകയും ചെയ്തു.
പ്രതിപക്ഷത്തിെൻറ അവിശ്വാസ പ്രമേയ നോട്ടീസുകളിൽ ആദ്യം കിട്ടിയ നോട്ടീസ് ടി.ഡി.പിയുടേതായതുകൊണ്ട് അവരാണ് അവിശ്വാസ ചർച്ചക്ക് തുടക്കമിട്ടത്. ആന്ധ്രപ്രദേശിനെ മുറിച്ച് രണ്ടു സംസ്ഥാനമാക്കിയശേഷം, പുതിയ തലസ്ഥാനവും അനുബന്ധ സൗകര്യങ്ങളും കെട്ടിപ്പടുക്കാനുള്ള പെടാപ്പാടിലാണ് വിഭജിത ആന്ധ്ര. പ്രത്യേക പദവി അനുവദിച്ചു വർധിച്ച കേന്ദ്രസഹായം ലഭ്യമാക്കാത്തതിലുള്ള തെലുഗുദേശം പാർട്ടിയുടെ നിവൃത്തികേടു നിറഞ്ഞ രോഷമാണ് അവിശ്വാസപ്രമേയത്തിൽ എത്തിനിൽക്കുന്നത്. ആന്ധ്രക്കൊപ്പമുണ്ടെന്ന് നെഞ്ചത്തു കൈവെച്ച് ആണയിട്ടതല്ലാതെ, അവിശ്വാസ ചർച്ചക്ക് തുടക്കമിട്ടവരുടെ വികസന സ്വപ്നങ്ങളോടുപോലും പ്രധാനമന്ത്രി ക്രിയാത്മകമായി പ്രതികരിച്ചില്ല. ചെറുകിട സംരംഭകരെയും കർഷകരെയുമൊക്കെ മറക്കുകയും കോർപറേറ്റുകൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയുമാണ് േമാദിസർക്കാറെന്ന ആക്ഷേപങ്ങൾ നിരർഥകമാണെന്ന് സ്ഥാപിക്കുന്ന കാമ്പുള്ള വിശദീകരണങ്ങളൊന്നും ഉണ്ടായില്ല. ആൾക്കൂട്ട അതിക്രമത്തെക്കുറിച്ചോ അസഹിഷ്ണുതയുടെ അന്തരീക്ഷത്തെക്കുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞില്ല. നീരവ് മോദിമാരുടെ ബാങ്ക് ക്രമക്കേട് അടക്കമുള്ള പ്രശ്നങ്ങൾക്കാകെട്ട, കഴിഞ്ഞ സർക്കാറുകളെ കുറ്റം ചാരുകയാണ് ഭരണപക്ഷം ചെയ്തത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആർപ്പുവിളിയാണ് അവിശ്വാസ ചർച്ചയിൽ പ്രതിപക്ഷവും ബി.ജെ.പിയും നടത്തിയത്. 2024ൽ വീണ്ടും അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷം മടിക്കരുതെന്ന ഉപദേശേത്താടെ, അടുത്ത ഭരണവും ബി.ജെ.പി തന്നെ പിടിക്കുമെന്ന വിശ്വാസമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. പക്ഷേ, അതുകേൾക്കാൻ സഖ്യകക്ഷിയായ ശിവസേന സഭയിൽ ഉണ്ടായിരുന്നില്ല. 2014ൽ പിന്താങ്ങിയ മുൻ സഖ്യകക്ഷി ടി.ഡി.പിയായിരുന്നു അവിശ്വാസ പ്രമേയ അവതാരകർ. ഭരണം കിട്ടിയ ശേഷം സഖ്യകക്ഷിയായി മാറിയ ജനതാദൾ^യു മോദിസർക്കാറിനെ പിന്താങ്ങാൻ വലിയ താൽപര്യമൊന്നും കാണിച്ചില്ല. ഇതൊക്കെയും ഒാരോ സന്ദേശങ്ങളാണ്. 25 ലോക്സഭ സീറ്റുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അർമാദിപ്പിനപ്പുറം, മറ്റിടങ്ങളിൽ പുതിയ സഖ്യകക്ഷികളെ വീശിപ്പിടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നിരിക്കേ തന്നെയാണ് നാലു വർഷങ്ങൾക്കിടയിൽ സർക്കാറിനോട് ഉണ്ടായ അവിശ്വാസം. സ്ഥിരം അപ്രഖ്യാപിത സാമന്തരായി കഴിയുന്ന എ.െഎ.എ.ഡിഎം.കെയുടെ വോട്ടുകൂടി കിട്ടിയതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തിനെതിരെ 325 പേരുടെ പിന്തുണ നേടാൻ മോദിസർക്കാറിന് സാധിച്ചത്.
എന്നാൽ, അത് പ്രതിപക്ഷ പാർട്ടികൾക്കുള്ള സമാശ്വാസമാകുന്നില്ല. മോദിസർക്കാർ വിശ്വാസ്യത ചോർന്നുനിൽക്കുന്ന വിഷയം ഉയർത്തിക്കാട്ടാനും രാഹുലിന് ആലിംഗന സ്കോർ നേടാനും കഴിഞ്ഞു. എങ്കിലും അവിശ്വാസ പ്രമേയത്തിന് കിട്ടിയത് വോട്ട് 126 മാത്രം. ഏഴെട്ടു മാസം മാത്രം അകലെ നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ഒരുപാട് ഹോംവർക്ക് ചെയ്യാൻ ബാക്കിയുണ്ടെന്നാണ് സാഹചര്യങ്ങൾ വിളിച്ചുപറയുന്നത്. അവിശ്വാസത്തെ അനുകൂലിക്കുേമ്പാൾ തന്നെ, പ്രാദേശിക വിഷയങ്ങൾ ഉയർത്താനാണ് പല പ്രാദേശിക പാർട്ടികളും ശ്രദ്ധിച്ചത്. ടി.ഡി.പി ആന്ധ്രയിലും തൃണമൂൽ പശ്ചിമ ബംഗാളിലും കേന്ദ്രീകരിച്ചു നിന്നത് ഉദാഹരണം. ഫെഡറൽ മുന്നണിക്ക് മുന്നിട്ടിറങ്ങിയ ചന്ദ്രശേഖരറാവുവിെൻറ തെലങ്കാന രാഷ്ട്രസമിതി വോെട്ടടുപ്പിൽ നിന്നു വിട്ടുനിൽക്കുകയാണ് ചെയ്തതത്. ഒഡിഷയിൽ ബി.ജെ.പിയുമായി നേർക്കുനേർ പോരാട്ടമാണ് വരുന്നതെങ്കിൽക്കൂടി, ബി.ജെ.പിയെ പിണക്കാതെ അവിശ്വാസ ചർച്ചയിൽ നിന്ന് തുടക്കത്തിലേ ഇറങ്ങിപ്പോവുകയായിരുന്നു ബിജു ജനതാദൾ. രാഹുലിെൻറ നേതൃത്വം ബി.െജ.പിയിതര പാർട്ടികൾ അംഗീകരിക്കണമെന്നു താൽപര്യപ്പെടുന്ന കോൺഗ്രസിനുള്ള സന്ദേശം കൂടി ഇതിലെല്ലാം അടങ്ങിയിട്ടുണ്ട്.
സർക്കാറിെൻറ നേട്ടം സംബന്ധിച്ച അവകാശവാദങ്ങളും വർഗീയതയിൽ ചാലിച്ച കപട ദേശീയതയുടെ പ്രകടനങ്ങളും അടുത്ത തെരഞ്ഞെടുപ്പിൽ മോദിയുടെ സ്റ്റേജിനങ്ങൾ തന്നെ. മുൻകാല കോൺഗ്രസ് സർക്കാറുകളുടെ പിഴവുകളും രാഹുൽ ഗാന്ധിയിൽ ആരോപിക്കുന്ന ‘കുട്ടിത്ത’വും അതിന് രസക്കൂട്ടാകും. ലോക്സഭയിലെ മോദിയുടെ പ്രകടനം വ്യക്തമാക്കുന്നത് അതാണ്. അങ്ങനെ അർമാദിക്കുന്നവർക്കിടയിൽ, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ അഹിംസയുടെ ഗാന്ധിയൻ സന്ദേശവാഹകനായി സ്വയം അവതരിപ്പിക്കുകയാണ് രാഹുൽ ഗാന്ധി. നാലു വർഷത്തെ മോദിസർക്കാറിെൻറ ഭരണം സൃഷ്ടിച്ച കെടുതികൾക്കിടയിൽ ആ രാഷ്ട്രീയത്തിന് സ്വീകാര്യതയും വിശ്വാസ്യതയും നേടാമെന്നാണ് പ്രതീക്ഷ.
എന്നാൽ, പ്രതിപക്ഷത്തിെൻറ പൊതു പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ അംഗീകരിക്കപ്പെടാതിരിക്കുക എന്നതിലാണ് നരേന്ദ്ര മോദി ശ്രദ്ധിക്കുന്നതെന്ന് അവിശ്വാസ ചർച്ചാവേളയിലെ പ്രസംഗത്തിൽ നിന്ന് മനസ്സിലാക്കാം. കോൺഗ്രസിനും രാഹുലിനും പ്രതിപക്ഷത്തെ കൂട്ടിയിണക്കാനുള്ള കെൽപിനെക്കുറിച്ച് അവിശ്വാസം പടർത്താനായിരുന്നു അവിശ്വാസ ചർച്ചയിൽ മോദി നൽകിയ ഉൗന്നൽ. സർക്കാറിനെതിരെ അവിശ്വാസം കൊണ്ടുവരുകയല്ല, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കോൺഗ്രസ് വിശ്വാസവോട്ടു തേടുകയാണ് ചെയ്തതെന്ന് അദ്ദേഹം വാദിച്ചു. നേതൃത്വത്തെക്കുറിച്ച് ചർച്ച തുടങ്ങുേമ്പാൾ പ്രതിപക്ഷ െഎക്യം തകരുമെന്ന കാഴ്ചപ്പാടു വളർത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. ആ പ്രതീതി മാറ്റാൻ കോൺഗ്രസിനും മറ്റു ബി.ജെ.പി വിരുദ്ധ പാർട്ടികൾക്കും ഇനിയെങ്കിലും കഴിഞ്ഞില്ലെങ്കിൽ, മോദി പറഞ്ഞതു ശരിയാകും: ‘‘2024ൽ മോദിസർക്കാറിനെതിരെ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് പ്രതിപക്ഷ പാർട്ടികൾക്ക് ആശംസകൾ.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.