പാവങ്ങളുടെ വേദനയറിഞ്ഞ പാണക്കാട്ടെ തങ്ങൾ...

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത തലക്കടത്തൂർ ഒരു കാലത്ത് കേരളത്തിലെ പ്രധാന കാലിച്ചാക്ക്, അടക്ക വ്യാപാരകേന്ദ്രമായിരുന്നു. നൂറുകണക്കിന് വ്യാപാരികളും വിവിധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലാളികളും ജോലിചെയ്തിരുന്ന ഒരു പ്രതാപകാലം തലക്കടത്തൂരിനുണ്ടായിരുന്നു. തുച്ഛമായ വേതനമാണ് തൊഴിലാളികൾക്ക് അന്ന് ലഭിച്ചിരുന്നത്. ജീവിത ചെലവുകൾ കൂടുകയും ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുകയും ചെയ്തപ്പോൾ 50 പൈസ കൂലി വർധന ആവശ്യപ്പെട്ടെങ്കിലും മുതലാളിമാർ നൽകാൻ തയാറായില്ല. അതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സമരം പ്രഖ്യാപിച്ച് തൊഴിൽ ബഹിഷ്കരിച്ചു. സമരം മുന്നോട്ടുപോയതോടെ തൊഴിലാളി യൂനിയൻ ഓഫിസുകൾ ഒഴിപ്പിച്ച മുതലാളിമാർ തമിഴ്നാട്ടിൽനിന്ന് പണിക്കാരെ ഇറക്കി വ്യാപാരം മുന്നോട്ടുകൊണ്ടുപോയാലും കൂലി വർധിപ്പിക്കുന്ന പ്രശ്നമേയില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. കുടുംബങ്ങൾ പട്ടിണിയിലായതോടെ നിസ്സഹായരായ തൊഴിലാളികൾ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളെക്കണ്ട് സങ്കടം പറയാൻ തീരുമാനിച്ചു. അവർക്കാർക്കും പൂക്കോയതങ്ങളെ നേരിട്ട് പരിചയമില്ല. എന്നാൽ, അപ്പുറത്തുള്ള മുതലാളിമാർ പലരും സ്ഥിരമായി പാണക്കാട് പോകുന്നവരും പൂക്കോയ തങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരുമാണ്. പലരുടെയും വീടുകളിൽ പൂക്കോയതങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്.

എന്തായാലും പോവുക തന്നെ, തങ്ങൾ ആവശ്യപ്പെട്ടതിന്റെ പേരിൽ സമരം പിൻവലിച്ചെന്ന് പറഞ്ഞെങ്കിലും ജോലിക്ക് കയറാമല്ലോ എന്നായിരുന്നു തൊഴിലാളികളുടെ ചിന്ത. രണ്ടും കൽപിച്ച് തങ്ങളെക്കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. എല്ലാം കേട്ട ശേഷം അടുത്ത ആഴ്ച വരാൻ പറഞ്ഞ് അദ്ദേഹം അവരെ മടക്കിയയച്ചു. പാണക്കാട് പൂക്കോയ തങ്ങൾ കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ തന്റെ സന്തതസഹചാരിയായ പാണക്കാട് അഹമ്മദ് ഹാജിയെയും മറ്റും ഏൽപിച്ചു. അവർ വിഷയം പഠിച്ച് കാര്യങ്ങൾ തങ്ങളെ ബോധിപ്പിച്ചു. അടുത്ത ആഴ്ച തൊഴിലാളികൾ പാണക്കാട് വരുമ്പോൾ അവിടെ തലക്കടത്തൂരിലെ വ്യാപാര പ്രമുഖരുമുണ്ടായിരുന്നു. തങ്ങൾ ഇരുകൂട്ടരെയും വിളിപ്പിച്ചു. ഞാൻ ഒരു തീരുമാനം എടുത്താൽ ഇരുകൂട്ടരും അനുസരിക്കുമോ എന്ന് ആരാഞ്ഞു. തങ്ങളുടെ തീരുമാനം എന്തു തന്നെയായാലും സ്വീകരിക്കുമെന്ന് ഇരുകൂട്ടരും സമ്മതിച്ചു.

ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലി തങ്ങൾ മുതലാളിമാരോടായി പറഞ്ഞു: ‘‘ഈ പാവങ്ങളായ തൊഴിലാളികളുടെ ആവശ്യം തികച്ചും ന്യായമാണ്. അതുകൊണ്ട് ഈ ആഴ്ച മുതൽ ഇവരെ എല്ലാവരെയും ജോലിയിൽ തിരിച്ചെടുക്കുകയും ഇവരുടെ കൂലിയിൽ ഒരു രൂപ വീതം വർധിപ്പിച്ചുകൊടുക്കുകയും ചെയ്യണം’’ -മുതലാളിമാർ ഒരു എതിർപ്പും പറഞ്ഞില്ല, തൊഴിലാളികൾക്കാവട്ടെ, അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം അതിനുമാത്രം ബന്ധം വ്യാപാരികൾക്ക് പൂക്കോയതങ്ങളുമായി ഉണ്ടായിരുന്നു. ഒരു തൊഴിലാളിയെ പോലും നേരിട്ട് തങ്ങൾക്ക് പരിചയവുമുണ്ടായിരുന്നില്ല. പക്ഷേ, ന്യായമായ ഒരാവശ്യത്തിന്റെ മുന്നിൽ അതൊന്നും മഹാനായ പൂക്കോയ തങ്ങളുടെ പരിഗണന വിഷയമായിരുന്നില്ല.

1975 ജൂലൈ ആറിനാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗ ദിനം. ആ മഹാപുരുഷൻ വിട പറഞ്ഞിട്ട് അര നൂറ്റാണ്ടാവുകയാണ്. പാവങ്ങളും ആലംബഹീനരുമായ മനുഷ്യർക്ക് ആശ്വാസമേകാൻ അതു പോലുള്ള നേതാക്കൾ ഇനിയും ഉയർന്നുവരട്ടെ.

Tags:    
News Summary - 50 Years for the memory of PMSA Pukkoya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.