അന്തർദേശീയ അധ്യാപക ദിനത്തിന്റെ മുപ്പതാം വാർഷികമാണ് ഇന്ന്. ‘അധ്യാപകരുടെ ശബ്ദങ്ങളെ വിലമതിക്കുന്നു: വിദ്യാഭ്യാസത്തിനായുള്ള ഒരു സാമൂഹിക കരാറിലേക്ക്’ (Valueing the Voices of Teachers: Towards a Social contract for Education) എന്നതാണ് ഈ അധ്യാപക ദിനത്തിന്റെ കേന്ദ്രാശയമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവെച്ചിട്ടുള്ളത്. അധ്യാപകരുടെ അറിവുകളും കാഴ്ചപ്പാടുകളും വിദ്യാഭ്യാസ നയങ്ങളിലും സമ്പ്രദായങ്ങളിലും സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും പ്രഫഷനൽ വികാസത്തിന് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ഇത് വിരൽചൂണ്ടുന്നു.
അറിവും അറിവുൽപാദന -വിനിയോഗ രീതികളും കാഴ്ചപ്പാടുകളും ആശയവിനിമയോപാധികളും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന 21ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്തമാണ് അധ്യാപക സമൂഹത്തിനുള്ളത്. ആഗോളതലത്തിൽ വിദ്യാഭ്യാസ മേഖലയും അധ്യാപകരും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ പരിഗണിച്ചും പരിഹരിച്ചും മാത്രമേ അധ്യാപകരെ ഇതിനായി സജ്ജരാക്കാൻ സാധിക്കൂ.
ചില രാജ്യങ്ങളിൽ അധ്യാപകക്ഷാമം രൂക്ഷമാണ്. ഭാവിയിൽ ഇതര രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെട്ടേക്കാം. 2030നകം പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസം സാർവത്രികമാക്കണമെങ്കിൽ ഏതാണ്ട് 44 മില്യൺ അധ്യാപകർ വേണ്ടിവരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ശൈശവകാല വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും പരിഗണിക്കാതെയുള്ള കണക്കാണിത്. തെക്കേ ഏഷ്യയിലും ആഫ്രിക്കയിലെ സഹാറാ ഉപമേഖലയിലുമാണ് ഏറ്റവും കൂടുതൽ അധ്യാപകരെ വേണ്ടിവരുക. അധ്യാപക ക്ഷാമത്തിന് പല കാരണങ്ങളുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ആകർഷകമല്ലാത്ത ഒരു തൊഴിലായി അധ്യാപനം മാറിയിരിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. കുറഞ്ഞ വേതനം, ആകർഷകമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതത്വമില്ലായ്മ, വർധിച്ച ജോലിഭാരവും മാനസിക സമ്മർദവും... തുടങ്ങിയ കാരണങ്ങളാൽ അധ്യാപകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. യുനെസ്കോ അടുത്ത കാലത്ത് നടത്തിയ സർവേ ഫലം പറയുന്നത് ഇപ്രകാരമാണ്: 21 ശതമാനം രാജ്യങ്ങളിലും മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ളതിനേക്കാൾ കുറഞ്ഞ ശമ്പളമാണ് സമാന വിദ്യാഭ്യാസയോഗ്യതയുള്ള അധ്യാപകർക്ക് ലഭിക്കുന്നത്. തൊഴിൽ സുരക്ഷയില്ലാത്തതിന്റെ മാനസിക അരക്ഷിതാവസ്ഥയാണ് മറ്റൊരു പ്രശ്നം. സാമ്പത്തിക പ്രതിസന്ധി കാരണം വികസിത രാജ്യങ്ങളിൽപോലും താൽക്കാലികവും അല്ലാതെയുമുള്ള കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. അമേരിക്കയിൽ അധ്യാപന യോഗ്യതയുള്ള സ്ഥിരാധ്യാപകരുടെ മൂന്നിരട്ടിയാണ് കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന അധ്യാപകർ.
ലിംഗപരമായ അസന്തുലിതാവസ്ഥ
അധ്യാപന മേഖലയിൽ നിലനിൽക്കുന്ന ലിംഗ അസമത്വമാണ് മറ്റൊരു പ്രശ്നം. വിദ്യാഭ്യാസത്തിന്റെ താഴെ തലങ്ങളിൽ അധ്യാപനവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വനിതകളുടെ എണ്ണം ആഗോളതലത്തിൽതന്നെ വളരെ കൂടുതലാണ്. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവരിൽ 44 ശതമാനം മാത്രമാണ് വനിതകൾ. കുടുംബാന്തരീക്ഷത്തിന്റെ തുടർച്ചയെന്നനിലയിൽ കുട്ടി താഴ്ന്ന ക്ലാസുകളിലെത്തുമ്പോൾ മാതൃസമാനമായ ഒരു സമീപനമായിരിക്കണം അധ്യാപകരിൽനിന്നുണ്ടാകേണ്ടത് എന്ന സമൂഹത്തിന്റെ വിശ്വാസമാണ് പുരുഷാധ്യാപകരെ ആ മേഖലയിൽനിന്ന് അകറ്റിനിർത്തിയത്. ഏതായാലും, ലിംഗപരമായ ഒരു തൊഴിൽ വിഭജനംതന്നെയാണിത്. എല്ലാ തലങ്ങളിലും ലിംഗസമത്വം ലക്ഷ്യമിടുന്ന പുരോഗമന സമൂഹം വിദ്യാഭ്യാസ മേഖലയിൽ അത് പാലിച്ചുകൊണ്ട് മാതൃകയാക്കുകയാണ് വേണ്ടത്. സാമൂഹികമാറ്റത്തിനുള്ള ഒരുപകരണവും ഉപാധിയുമാണല്ലോ വിദ്യാഭ്യാസം. അധ്യാപക തൊഴിൽ മേഖല ഉൾചേർന്നതും വൈവിധ്യപൂർണവും ആകണമെങ്കിൽ, ലിംഗപരവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ ലോകരാജ്യങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
നവ ഉദാരീകരണത്തിന്റെയും വാണിജ്യവത്കരണത്തിന്റെയും ഇക്കാലത്ത്, വിവിധ രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന തകർച്ചയും കാണാതിരുന്നുകൂടാ. ബജറ്റിൽ വേണ്ടത്ര പണം വകയിരുത്താത്തതു കാരണം അധ്യാപകർക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്താൻ കഴിയാത്ത സ്ഥിതി ഇന്ന് മിക്ക ലോകരാജ്യങ്ങളിലുമുണ്ട്. അർജന്റീനയിൽ പൊതു വിദ്യാഭ്യാസത്തിന്റെയും സർവകലാശാലകളുടെയും ബജറ്റിൽ ക്രൂരമായ വെട്ടിക്കുറവ് വരുത്തിയതിനെതിരെ സമരം ചെയ്തവരെ വിദ്യാഭ്യാസം അവശ്യ സേവനമായി പ്രഖ്യാപിച്ചാണ് സർക്കാർ നേരിട്ടത്. ഇക്കാരണം പറഞ്ഞ് ആയിരക്കണക്കിന് അധ്യാപകരെ പിരിച്ചുവിട്ടു. ദാരിദ്ര്യരേഖക്ക് താഴെയാണ് ഇന്ന് അവിടത്തെ അധ്യാപകർ.
തായ്വാനിൽ പെൻഷൻ ഫണ്ട് അനുവദിക്കുന്നതിനായി അവിടത്തെ നാഷനൽ ടീച്ചേഴ്സ് അസോസിയേഷൻ (NTA) പ്രസിഡന്റ് ഹൗ ചുങ്-ലിയാങ് 2024 ആഗസ്റ്റ് 20 മുതൽ നിരാഹാര സമരത്തിലാണ്.
അധ്യാപകരുടെ ശബ്ദങ്ങൾക്ക് വിലകൽപിക്കണം എന്ന് യു.എൻ.ഒ പറയുമ്പോഴും അനീതിക്കെതിരെ ശബ്ദിക്കുന്നവരെ തുറുങ്കിലടക്കുന്ന സ്ഥിതി ലോകത്ത് ഇപ്പോഴും നിലനിൽക്കുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ പ്രതികാര ആക്രമണങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഫലസ്തീൻ അധ്യാപക സംഘടന പ്രവർത്തക ഫാത്തിമ നിമർ അൽ റിമാവിയെ തീവ്രവാദ പ്രേരണക്കുറ്റം ചുമത്തി ഇസ്രായേൽ പ്രതിരോധ സേന അൽ ഡാമൻ ജയിലിലടച്ചു. വൈദ്യസഹായം, നിയമോപദേശം, കുടുംബാംഗങ്ങളുടെ സന്ദർശനം എന്നിവയെല്ലാം അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിനും വിദ്വേഷത്തിനുമെതിരെ പ്രതികരിക്കുകയും കുഞ്ഞുങ്ങൾക്ക് സ്നേഹവും സഹിഷ്ണുതയും പകർന്നുനൽകുകയും ചെയ്യേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകരുടെ കടമയാണെന്നിരിക്കെ ഇന്ത്യയിലും അവർ വേട്ടയാടപ്പെടുന്നുണ്ട്. ഹിന്ദുത്വ വർഗീയത മുഖമുദ്രയാക്കിയ ഭരണാധികാരികൾ വിദ്യാഭ്യാസ മേഖലയെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ പലവിധ ഹീനതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിയുടെ അറിയാനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്ന നടപടികൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നു. മുഗൾഭരണം, പരിണാമസിദ്ധാന്തം, ആവർത്തനപ്പട്ടിക, ഗാന്ധിജിയുടെ കൊലപാതകം, നവോത്ഥാന നായകർ തുടങ്ങിയ പാഠങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയത് ഇതിനു തെളിവാണ്. സത്യവിരുദ്ധവും അശാസ്ത്രീയവുമായ കാര്യങ്ങൾ പഠിപ്പിക്കേണ്ടിവരുമ്പോൾ അധ്യാപകരുടെ അന്തസ്സിനെയും ജോലി സംതൃപ്തിയെയുമാണ് (Dignity and Job Satisfaction) അത് വെല്ലുവിളിക്കുന്നത്.
നാളത്തെ നല്ല വിദ്യാഭ്യാസത്തിനു വേണ്ടി ‘അധ്യാപകരുടെ ശബ്ദങ്ങൾക്ക് വിലകൽപിക്കണം’ എന്ന് ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്യുന്ന ഈ സന്ദർഭത്തിൽ, ആഗോളതലത്തിൽ വിദ്യാഭ്യാസരംഗവും അധ്യാപക സമൂഹവും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾകൂടി ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(പത്തനംതിട്ട ഡയറ്റ് മുൻ പ്രിൻസിപ്പലാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.