-അനീഷ് ശങ്കരൻകുട്ടി

തുടർക്കഥയാവുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ

ഒഡിഷ, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മനുഷ്യ-വന്യജീവി ആക്രമണങ്ങൾ കുറവാണെങ്കിലും സമീപകാലത്തായി ഉണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ വന്യജീവികളുടെ സംഖ്യയും തന്മൂലമുണ്ടാകുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളും അധികരിച്ചതാണോ? അതോ, സംഘർഷത്തിൽ ഇരയാകുന്നവരുടെയും ഉറ്റവരെ നഷ്ടപ്പെടുന്നവരുടെയും വൈകാരിക പിരിമുറുക്കങ്ങളെ ചിലർ ആളിക്കത്തിക്കാൻ ശ്രമിക്കുകയാണോ?

സർക്കാർ അംഗീകൃത പുനരധിവാസങ്ങളും വിദേശ കള സസ്യങ്ങളുടെ അധിനിവേശവും ഏക വിളത്തോട്ടങ്ങൾക്കായി കാടുകൾ തെളിച്ചതും കാട്ടുതീയും കൈയേറ്റവുമൊക്കെ ഇന്ന് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് കാരണമായി പറയാറുണ്ട്. നാട്ടിൻപുറങ്ങളിൽ പതിവു കാഴ്ചകളായി കാട്ടുപന്നിയുടെയും മയിലുകളുടെയും സാന്നിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വന്യജീവികൾ കണക്കറ്റ് വംശവർധന നടത്തിയിരിക്കുന്നുവെന്ന സ്ഥിതിവിവരക്കണക്കുകൾ ചില കർഷക സംഘടനകൾ മുന്നോട്ടുവെക്കുന്നു. എന്നാൽ, ഓരോ വനപ്രദേശത്തിന്റെയും വാഹകശേഷിയെക്കുറിച്ച് പഠിക്കാതെയും മൃഗങ്ങളുടെഎണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ശേഖരിക്കാതെയുമാണ് അത്തരം ഏജൻസികളുടെ പല റിപ്പോർട്ടുകളും.

വയനാട്ടിലെ കടുവകൾ

കടുവകളെ സംബന്ധിച്ച് വയനാട് ലാൻഡ്സ്കേപ്പിൽ വനം വകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 2018ൽ 120 കടുവകളും 2023ൽ 84 എണ്ണവും ആണുള്ളത്. തമിഴ്നാട്ടിലെയും കർണാടകയിലെയും വനങ്ങളുമായി അതിർത്തിപങ്കിടുന്ന വയനാട്ടിൽ കാണപ്പെടുന്ന ഇരപിടിയന്മാരെല്ലാം ആ ആവാസവ്യവസ്ഥയിൽ അധിനിവേശയിടങ്ങൾ വേർതിരിച്ച് വസിക്കുകയാണെന്ന വാദത്തിൽ കഴമ്പില്ല. അതായത് ആ മേഖലയിൽ സ്ഥിരമായി കാണുന്നവ ഇതിലും നന്നേ കുറവായിരിക്കും (30-40) എന്ന് സാരം.

കാട്ടുപന്നികളും മയിലും

മയിലുകളുടെ നിരന്തര സാന്നിധ്യം പ്രജനനവും കാലാവസ്ഥയിലുണ്ടാകുന്ന പ്രതികൂല വ്യതിയാനങ്ങൾ കാരണവുമാകാം. കാടിറങ്ങി നാട്ടിൻപുറങ്ങളിൽ തമ്പടിച്ച് പെറ്റുപെരുകുന്ന അക്രമാസക്തരായ കാട്ടുപന്നികളും ഒരു യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്. മയിലുകൾക്ക് ദേശീയപക്ഷിയെന്ന പരിവേഷവും വന്യജീവി സംരക്ഷണ നിയമപ്രകാരം മുന്തിയ പരിഗണനയും (Schedule-I)നൽകിയിരിക്കുമ്പോൾത്തന്നെ, നാട്ടിൻപുറങ്ങളിലെ വിളനാശത്തിൽ വലിയ പങ്കു വഹിക്കുന്ന നാട്ടിലിറങ്ങി കൃഷിനാശം ഉണ്ടാക്കുന്ന കാട്ടുപന്നികളെ (Schedule II)ഉപാധികളോടെ വെടിവെച്ച് കൊല്ലുന്നതിനുള്ള അധികാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറി നൽകിയത് സമാനതകളില്ലാത്ത ഒരു നടപടിയാണ്.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കടുത്ത നിഷ്കർഷകളൊഴിവാക്കി നാട്ടിൻപുറങ്ങളിലേക്കിറങ്ങുകയും പെറ്റുപെരുകുകയും ചെയ്യുന്ന കാട്ടുപന്നികളെ നിശ്ചിത കാലത്തേക്കെങ്കിലും ‘വെർമിൻ’(Vermin) ആയി പ്രഖ്യാപിച്ച് വേട്ടയാടുന്നതിനുള്ള നിരുപാധിക അനുമതി നൽകണമെന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും രണ്ട് തട്ടുകളിലായി നിൽക്കുന്നതും നമ്മൾ കണ്ടതാണ്.

കേരളത്തിലെ വനവിസ്തൃതി കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് കൂടി എന്ന വാദഗതി നിലനിൽക്കുമ്പോൾത്തന്നെ (ഔദ്യോഗിക രേഖകൾ പ്രകാരം സംസ്ഥാനത്തെ വനവിസ്തൃതി 11524.149 ച.കീ. ആണ്. ഇത് മൊത്തം ഭൂവിസ്തൃതിയുടെ 29. 65 ശതമാനം വരും.) ആ പച്ചപ്പിന്റെ ആവരണത്തിനുള്ളിൽ വനേതര ആവശ്യങ്ങൾക്കായി വകമാറ്റിയിട്ടുള്ള ഭൂമിയും പൊതുമേഖല സ്ഥാപനങ്ങളുടെ തോട്ടങ്ങളും കൈയേറ്റസ്ഥലങ്ങളും ഒക്കെ ഉൾപ്പെടുന്നുവെന്ന സത്യം പലപ്പോഴും നമ്മൾ കാണാതെപോകുന്നു.

ആനകളുടെ എണ്ണം

കാടിനുള്ളിൽ കാണപ്പെടുന്ന ആനപ്പിണ്ടങ്ങളുടെ എണ്ണം കണക്കാക്കി നടത്തിയ സർവേ പ്രകാരം കേരളത്തിലെ വയനാട്, നിലമ്പൂർ, ആനമുടി, പെരിയാർ എന്നിങ്ങനെ നാല് എലിഫൻറ് റിസർവുകളിലുള്ള ആനകളുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടില്ല എന്നു മാത്രമല്ല ശരിക്കും അത് കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്.

കണക്കുകൾ പ്രകാരം നാല് എലിഫൻറ് റിസർവുകളിലായി ജീവിച്ചിരിപ്പുള്ള കാട്ടാനകളുടെ എണ്ണം ആകെ 2500നു കീഴെ മാത്രമാണ്. കേരളത്തിലെ മൊത്തം കണക്കെടുത്താൽ ഒരുവേള അത് കഷ്ടി എണ്ണായിരത്തോളം വരും. നമ്മുടെ സംസ്ഥാനത്തെ ജനസംഖ്യ മൂന്നരക്കോടിക്കുമേൽ വരുന്ന അവസരത്തിലാണിത് എന്നതും ഓർക്കുക.

പുതിയ നടപടികൾ

കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് അടുത്തടുത്തായുണ്ടായ വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടായിട്ടുള്ള ദാരുണസംഭവങ്ങൾ കണക്കിലെടുത്ത് മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ കേരള മന്ത്രിസഭ യോഗം തീരുമാനിക്കുകയുണ്ടായി. ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായും വനം മന്ത്രി, റവന്യൂ മന്ത്രി, പട്ടികജാതി പട്ടികവകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളായും ചീഫ് സെക്രട്ടറി കൺവീനറായും ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. തുടർന്നെടുത്ത തീരുമാനങ്ങളുടെ വെളിച്ചത്തിൽ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട നോഡൽ ഓഫിസറായ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

ഈ വർഷം മാർച്ചിൽ കർണാടകയിലെ ബന്ദിപ്പൂര് വെച്ചുനടന്ന കേരള-കർണാടക സംസ്ഥാനങ്ങളിലെ വനംവകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മേളനം മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനും മലയോര മേഖലകളിലെ കർഷകർ അനുഭവിക്കുന്ന കഷ്ടതകൾക്ക് അറുതിവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ്. അന്തർ സംസ്ഥാന യോഗത്തിൽ പൊതുവായ പ്രശ്നബാധിത പ്രദേശങ്ങൾ അടയാളപ്പെടുത്തുന്നതും ഇടപെടലുകളിൽ കാലതാമസം ഒഴിവാക്കുന്നതും വിവരം കൈമാറ്റം വേഗത്തിലാക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും ഉൾപ്പടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാനും ഇതിൽ ധാരണയായിട്ടുണ്ട്.

അടുത്തകാലത്ത് കർണാടക വനങ്ങളിൽ നിന്നെത്തി വയനാട്ടിൽ ഭീതി വിതക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത ബേലുർ മഖ്നയുടെയും തണ്ണീർക്കൊമ്പന്റെയും കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യം നമുക്ക് ബോധ്യപ്പെട്ടതാണ്. പ്രശ്നക്കാരെന്ന് തിരിച്ചറിഞ്ഞ് പിടികൂടുകയും അതിനുശേഷം അവയുടെ സഞ്ചാരമാർഗങ്ങൾ നിരീക്ഷിക്കാനായി റേഡിയോ കോളറുകൾ ഘടിപ്പിച്ച് വിട്ടയക്കുകയും ചെയ്തതാണ് ആ ആനകളെന്ന് പിന്നീടറിഞ്ഞു.

അവയാണ് കിലോമീറ്റുകൾ താണ്ടി അവസാനം കേരളത്തിലെത്തിയത്. അതിൽത്തന്നെ തണ്ണീർക്കൊമ്പനെ പിടിച്ച് മാറ്റാനുള്ള ശ്രമങ്ങൾക്കിടയിൽ ചെരിയാനിടയായത് തീർത്തും ദുഃഖകരമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയും കേരള വനംവകുപ്പ് വലിയ തോതിൽ പഴി കേൾക്കാനിടയാകുകയും ചെയ്തുവെന്നതും നമ്മുടെ ഓർമയിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ലല്ലോ. വയനാട് അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ട് അവയുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന ഏകപക്ഷീയമായ തീർപ്പുകളിലെത്തുന്നതിന് മുൻപ് വേനലാരംഭത്തോടുകൂടി കാടിനകത്തെ വെള്ളത്തിന്റെയും ആഹാരത്തിന്റെയും ലഭ്യത കുറയുന്നതിനാൽ ജില്ലയിലെ വനങ്ങളുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ മുതുമല, കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള എന്നീ സംരക്ഷിത മേഖലകളിൽ നിന്ന് മൃഗങ്ങൾ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലുള്ള വയനാട്ടിലെ കാടുകളിൽ അഭയവും ആഹാരവും തേടിയെത്തുന്നതാണെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ഭൂമിയുടെ പുറമേ മനുഷ്യൻ വരഞ്ഞിട്ടിരിക്കുന്ന നാലതിരുകൾ ആഹാരത്തിനായും ഇണകൾക്കായും അഭയത്തിനായുമുള്ള അവസാനിക്കാത്ത അലച്ചിലിൽ വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങൾക്ക് തിരിച്ചറിയാൻ കഴിവില്ലെന്ന സത്യം വിവേകശാലികളെന്ന് അഭിമാനിക്കുന്ന നമ്മൾ ഇടക്കെങ്കിലും ഓർക്കാതെ പോകുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

-ജെ.ആർ. അനി

(കേരള വനംവകുപ്പിൽ ഡി.എഫ്.ഒ ആണ് ലേഖകൻ) 

Tags:    
News Summary - Human-Wildlife Conflicts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.