ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസികമായ കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിനും പാങ്ങോട് പൊലീസ് സ്റ്റേഷൻ ആക്രമണത്തിനും 85 വർഷം തികയുകയാണിന്ന്. മലഞ്ചരക്കുകളുടെ വിളനിലമായിരുന്ന പൊന്മുടിയുടെ താഴ്വാരത്തെ പെരിങ്ങമ്മല മുതൽ വാമനപുരം വരെയുള്ള പ്രദേശത്ത് അക്കാലത്ത് തിങ്ങിപ്പാർത്തിരുന്ന കർഷകരും കർഷക തൊഴിലാളികളും കാർഷിക ഉൽപന്നങ്ങൾ ചന്തകളിൽ എത്തിച്ച് വിറ്റും വാങ്ങിയുമാണ് ജീവിതം നയിച്ചിരുന്നത്. 1936ൽ സർ സി.പി രാമസ്വാമി തിരുവിതാംകൂർ...
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസികമായ കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിനും പാങ്ങോട് പൊലീസ് സ്റ്റേഷൻ ആക്രമണത്തിനും 85 വർഷം തികയുകയാണിന്ന്. മലഞ്ചരക്കുകളുടെ വിളനിലമായിരുന്ന പൊന്മുടിയുടെ താഴ്വാരത്തെ പെരിങ്ങമ്മല മുതൽ വാമനപുരം വരെയുള്ള പ്രദേശത്ത് അക്കാലത്ത് തിങ്ങിപ്പാർത്തിരുന്ന കർഷകരും കർഷക തൊഴിലാളികളും കാർഷിക ഉൽപന്നങ്ങൾ ചന്തകളിൽ എത്തിച്ച് വിറ്റും വാങ്ങിയുമാണ് ജീവിതം നയിച്ചിരുന്നത്. 1936ൽ സർ സി.പി രാമസ്വാമി തിരുവിതാംകൂർ ദിവാനായി സ്ഥാനമേറ്റതോടെ നികുതി ഘടനയിൽ ഉൾപ്പെടെ നിരവധി ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ചന്തകളിൽ സാധനങ്ങൾ വിൽക്കുന്നതിന് അമിത നികുതിയായി. അമിത നികുതി നൽകാൻ വിസമ്മതിക്കുന്നവരെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസുകൾ എടുത്ത് ലോക്കപ്പിലടക്കുന്നതും പതിവായി.
1938 ഫെബ്രുവരി 23ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിച്ച നേതാക്കൾ പൊതുജനങ്ങളെയും കർഷകരെയും അണിനിരത്തി പ്രത്യക്ഷ സമരം ആരംഭിക്കാൻ തീരുമാനിച്ചു. ഭരതന്നൂർ, പാങ്ങോട്, കല്ലറ മിതൃമ്മല, മുതുവിള അരുവിപ്പുറം, ചെറുവാളം നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന രഹസ്യ യോഗങ്ങൾ അമിതമായ ചന്തപ്പിരിവിനെ ചെറുക്കാൻ സമര പരിപാടികൾ ആലോചിച്ചു. അയൽപ്രദേശമായ കടയ്ക്കലിലും സമരം ശക്തമായിരുന്നു.
1938 സെപ്റ്റംബർ 29ന് ജനങ്ങൾ കടയ്ക്കൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിട്ടു. മുൻകരുതൽ നടപടികൾക്കായി നിയോഗിക്കപ്പെട്ട പൊലീസുകാർ കല്ലറ പാങ്ങോട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സമര പോരാളികളുടെ വീടുകൾ പരിശോധന നടത്തുകയും ചെയ്തു. ഈ സമയം കല്ലറയിലെത്തിയ കൊച്ചപ്പിപിള്ള എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ഷുഭിതരായ നാട്ടുകാർ കല്ലറയിൽ സംഘടിക്കുകയും കൊച്ചപ്പി പിള്ളയുടെ മോചനം സംബന്ധിച്ച് പൊലീസുമായി സംസാരിക്കാൻ പൊതുസമ്മതനായ പട്ടാളം കൃഷ്ണനെ നിയോഗിക്കുകയും ചെയ്തു. മർദനമേറ്റ് മൃതപ്രായനായ അവസ്ഥയിലാണ് കൊച്ചപ്പി പിള്ളയെന്നറിഞ്ഞ ജനം മുദ്രാവാക്യം മുഴക്കി കല്ലും ആയുധങ്ങളുമായി പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു.
സ്റ്റേഷനിലേക്ക് ഇരച്ചുകയറി ചെറുത്തുനിൽപിന് ശ്രമിച്ച ചെറുവാളം കൊച്ചു നാരായണൻ ആചാരിയും പ്ലാങ്കിഴിൽ കൃഷ്ണപിള്ളയും പൊലീസിന്റെ വെടിയേറ്റ് മരിച്ചുവീണു. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് നൂറുകണക്കിന് സമരക്കാരെ തടവറയിൽ അടച്ചു കൊല്ലാക്കൊല നടത്തി. പ്രദേശത്ത് സി.പിയുടെ പട്ടാളവും പൊലീസും ഭീകരാവസ്ഥ സൃഷ്ടിച്ചു. പത്മനാഭപിള്ള എന്ന സമര നേതാവ് പൊലീസിന് പിടികൊടുക്കാതെ ആത്മഹത്യ ചെയ്തു. ചിലർ ജയിലുകളിൽ കൊടിയ മർദനമേറ്റ് അകാലമൃത്യുവിനിരയായി. പട്ടാളം കൃഷ്ണൻ, കൊച്ചപ്പി പിള്ള എന്നിവരെ കുറ്റവാളികളെന്ന് വിധിച്ച് തിരുവിതാംകൂർ ഭരണകൂടം തൂക്കിലേറ്റി. പോരാളി ജമാൽ ലബ്ബാ, എൻ. ചെല്ലപ്പൻ വൈദ്യൻ (എൻ.സി വൈദ്യൻ) തുടങ്ങിയവർക്ക് പ്രായക്കുറവിന്റെ ആനുകൂല്യത്തിൽ തൂക്കുമരം ഒഴിവാക്കി കഠിന ശിക്ഷയും വിധിച്ചു.
എൻ.സി വൈദ്യൻ പിന്നീട് കല്ലറ പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡന്റായി. പോരാളികളിൽ നിരവധി പേർ പിൽക്കാലത്ത് കർഷക പോരാട്ടങ്ങളുടേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാക്കളായി മാറിയത് മേഖലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഏറെ ഗുണകരമായി.
കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന് യോജിച്ച സ്മാരകം നിർമിക്കാനും സമരത്തെക്കുറിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും പുതുതലമുറയിൽനിന്ന് ഉയരുന്നുണ്ട്. വിപ്ലവത്തിന്റെ ഭാഗമായി അവശേഷിക്കുന്ന പാങ്ങോട് പൊലീസ് സ്റ്റേഷന്റെ പഴയ ഔട്ട് പോസ്റ്റ് കെട്ടിടവും പഴയ മുദ്രകളും വെടിവെപ്പിന്റെ ഭാഗമായുള്ള മറ്റ് അടയാളങ്ങളും സംരക്ഷിത സ്മാരകമാക്കണമെന്ന് പുരാവസ്തു വകുപ്പിനോട് നേരിട്ടും നിയമസഭയിലും ആവശ്യപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന് 100 വർഷം പഴക്കമില്ലാത്തതിനാൽ സംരക്ഷിത സ്മാരകമാക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇക്കാര്യത്തിൽ പൊലീസ് വകുപ്പ് മുഖാന്തരവും തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലും പൈതൃക സ്മാരകമാക്കി നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.