അൻവർ തുറന്നുവിട്ട ഭൂതങ്ങൾ; പാർട്ടി കുലുങ്ങിയാലും പിണറായി....

'കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല' എന്നൊരു ചൊല്ലുണ്ട് മലപ്പുറത്ത്. 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെ'ന്നതിന്‍റെ മറ്റൊരു വേർഷൻ. അൻവർ ഇനി ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചാലും അതിനെ മൗനം കൊണ്ടും പിന്നെയൊരു ചിരി കൊണ്ടും നേരിടാനുള്ള കരുത്ത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കനല്ല, എണ്ണമറ്റ ചങ്കനുണ്ട്. മന്ത്രി സജി ചെറിയാൻ ഓർമിപ്പിച്ചതു പോലെ ആർ.എസ്.എസുകാർ വധഭീഷണി മുഴക്കുകയും തലക്ക് വിലയിടുകയും ചെയ്തയാളോടാണോ, എട്ടു വർഷം മാത്രം ചെങ്കൊടിത്തണലിൽ നിന്ന, പിതാമഹന്മാരുടെ കോൺഗ്രസ് പാരമ്പര്യം പറഞ്ഞ് ഇപ്പോഴും ഊറ്റം കൊള്ളുന്ന അൻവറിന്‍റെ കളി. അൻവറിന്‍റെ പരാതി പാർട്ടി പരിശോധിക്കുമെന്നു പറഞ്ഞ സെക്രട്ടറി ഗോവിന്ദനു പോലും, അജിത് കുമാറിനെ 'തൊടാതെ'യും ശശിക്ക് മാതൃകാ പട്ടം നൽകിയും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിനു ശേഷം നടേ പറഞ്ഞത് വിഴുങ്ങേണ്ടി വന്നില്ലേ.

എവിടെയാ അൻവർ തുടങ്ങിയത്, ഇപ്പോഴെവിടെയാ എത്തിനിൽക്കുന്നത്? പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനെ ഇരുത്തിക്കൊണ്ട്, തന്‍റെ പാർക്കിൽനിന്നു മോഷണം പോയ വടത്തിന്‍റെ കേസ് അട്ടത്തുവെച്ചതിന്‍റെ കലിപ്പ് തീർക്കലായിട്ടായിരുന്നു തുടക്കം. പിന്നെ പോർമുഖം പൊലീസ് സൂപ്രണ്ടിന്‍റെ വീട്ടുപടിക്കലേക്ക് മാറ്റി. അവിടെ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയ ബോർഡും വെച്ച് കുത്തിയിരുന്നു. ലോക്കൽ പൊലീസിലോ, പൊലീസ് സൂപ്രണ്ടാപ്പീസിൽ തന്നെയോ വിളിച്ചു പറഞ്ഞ് ന്യായവും അന്യായവുമായ കാര്യങ്ങൾ നടത്തിയെടുക്കേണ്ടവർ ഉദ്യോഗസ്ഥന്‍റെ വീട്ടുവാതിക്കൽ ചെന്നിരുന്ന് പരാതി വിളിച്ച് പറഞ്ഞ് മൊത്തം ജനപ്രതിനിധി സമൂഹത്തിന്, പ്രത്യേകിച്ച് നിയമസഭ സാമാജിക സമൂഹത്തിന് നാണക്കേടല്ലേ ഉണ്ടാക്കിയത്. അതും അയൽക്കാരെക്കൊണ്ട് ഭീഷണിയാണെന്ന് എഴുതി വാങ്ങിച്ച് മുറിച്ച ഒരു മരക്കുറ്റിയുടെ പേരിൽ. എന്നിട്ട് വല്ലതും നടന്നോ. അസ്ത്രം നേരെ മുൻ മലപ്പുറം എസ്.പി സുജിത് ദാസിന്‍റെ നെഞ്ചത്തൂടെ എ.ഡി.ജി.പി അജിത് കുമാറിനെ ലക്ഷ്യം വെച്ചു തൊടുത്തു. അവിടെയും നിന്നില്ല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി പി. ശശിക്കു നേരെയായി അടുത്ത അസ്ത്രം. എന്തു ഫലം? എല്ലാം ബൂമറാങ്ങു പോലെ തിരിച്ചു വരുന്നു. എന്നാ പിന്നെ ഒന്നുകൂടി ഡോസ് കൂട്ടിക്കൊടുക്കുക തന്നെ. പിന്നെ എന്താ ചെയ്യാ...? അൻവർ ഒരു ഭരണകക്ഷി എം.എൽ.എ അല്ലേ. അദ്ദേഹത്തെ ജയിപ്പിച്ചു വിട്ട നിലമ്പൂരുകാർ ഗാലറിയിലിരുന്ന് കളി കാണുന്നില്ലേ. തൊടുത്തു അവസാന അസ്ത്രം മുഖ്യമന്ത്രിക്കു നേരെ തന്നെ.

ഡോസ് കൂട്ടി ആരോപണങ്ങൾ

മുഖ്യമന്ത്രി ചതിച്ചു, പൊലീസ് സ്വർണം പിടുങ്ങിയ കേസുകളിൽ ജുഡീഷ്യൽ അന്വേഷണത്തിന് വെല്ലുവിളി, ആഭ്യന്തര വകുപ്പ് പൂർണ പരാജയം, പിണറായി കെട്ട സൂര്യൻ, അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി, സ്വർണത്തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ, അജിത്കുമാർ എഴുതിക്കൊടുക്കുന്ന വാറോല വായിക്കുന്നു, പി. ശശി കാട്ടുകള്ളൻ, എം.വി. ഗോവിന്ദന് നിവൃത്തികേട്, തൃശൂർ സീറ്റ് ബി.ജെ.പിക്ക് നൽകിയത് അവരുടെ ആനുകൂല്യം വേണ്ടവർ, മന്ത്രി റിയാസിന് വേണ്ടിയോ പാർട്ടി....? ഇങ്ങനെ പോകുന്നു അൻവറിന്‍റെ ഹൈഡോസ് ആരോപണങ്ങൾ. ഡോസ് എത്ര കൂട്ടിയിട്ടും കാര്യമൊന്നുമില്ല. ആരോപണങ്ങൾ മുഖ്യമന്ത്രി ചിരിച്ചു തള്ളി. അൻവറിന്‍റെ മനോനിലയിൽ സംശയം പ്രകടിപ്പിച്ച പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ, വലതുപക്ഷക്കോടാലി അൻവറുമായി 'കൊള്ളി മുറിച്ചിട്ട'തായി പ്രഖ്യാപിച്ച് അദ്ദേഹത്തെ നേരിടാൻ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് ആഹ്വാനവും നൽകി. രായ്ക്കുരാമാനം നിലമ്പൂരിലെ സഖാക്കൾ 'വാ'ക്കത്തിയും മുദ്രാവാക്യക്കോടാലിയും കൊണ്ട് വെട്ടും കുത്തുമായി തെരുവിലിറങ്ങി.

ഗോവിന്ദന്‍റെ ആഹ്വാനം പുറത്തുവന്ന ഉടനെ അൻവറും, താൻ തീപ്പന്തമായി തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചു. പൊലീസിൽനിന്നും മറ്റും നീതി നിഷേധിക്കപ്പെടുന്ന പാർട്ടി സഖാക്കൾക്കും തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയാണ് താൻ തീപ്പന്തമാവുന്നതെന്നാണ് അൻവറിന്‍റെ വിശദീകരണം. ആ തീപന്തം തനിയേ കെട്ടുകൊള്ളും എന്നാവും സി.പി.എമ്മിന്‍റെ മനോഗതം. തന്‍റെ 'ബഹുമാനപ്പെട്ട' ലക്ഷ്യത്തിലേക്ക് തുരുതുരാ അെമ്പയ്തിട്ടും കുഞ്ഞാത്തു അഥവാ കേളൻ കുലുങ്ങില്ലെന്ന് ബോധോദയമുണ്ടായ അൻവർ കോടതിയുടെ കാലുപിടിക്കാൻ പോവുകയാണത്രെ. കൊക്കെത്ര കുളം കണ്ടതാ... ലാവ്ലിൻ കേസുകെട്ട് മുപ്പത്തി....തവണയായി സുപ്രീംകോടതി വരാന്ത കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അൻവറിനെ ബോധ്യപ്പെടുത്താൻ അണികളിൽ ആരുമില്ലേ. ലാവ്ലിൻ കേസിൽ കഴമ്പില്ലാത്തതു കൊണ്ടാണ് അത് നീണ്ടു നീണ്ട് പോകുന്നതെന്നാണ് പാർട്ടി സെക്രട്ടറിയുടെ ന്യായം. അപ്പോൾ പിന്നെ അതിനായി പൊതു ഖജനാവിൽ നിന്ന് ചെലവിടുന്ന പണത്തിന്‍റെ കണക്കും നീണ്ടു നീണ്ട് പോകുമെന്ന് സാരം.

സി.പി.ഐയുടെ കരച്ചിൽ

അൻവറിന്‍റെ കഥ താൽകാലം അവിടെ നിൽക്കട്ടെ. ഇടതു മുന്നണിയിലെ രണ്ടാമത് ഘടക കക്ഷിയുണ്ടല്ലോ, സി.പി.ഐ. പാർട്ടിയുടെയും മുന്നണിയുടെയും നയനിലപാടുകൾക്ക് വിരുദ്ധമായി ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന ആവശ്യം സി.പി.ഐയുടെ മുഖ്യ നേതാക്കൾ കടുപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളെത്രയായി. പ്രകാശ് ബാബുവും ബിനോയ് വിശ്വവും കടുപ്പിച്ചതിനൊപ്പം ജനയുഗത്തിൽ ലേഖനമെഴുതിയും നോക്കി. ഒടുവിൽ എ.ഡി.ജി.പിയെ മാറ്റിയേ തീരൂ എന്ന് കട്ടായം പറഞ്ഞിരിക്കയാണ് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം. ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ എൽ.ഡി.എഫ് സർക്കാറിൽ പാടില്ലെന്ന ഉറച്ച നിലപാടും സി.പി.ഐക്കുണ്ട്. എലിയെത്ര കരഞ്ഞിട്ടെന്താ പൂച്ചക്ക് കണ്ണീര് പൊട്ടണ്ടേ?

എന്തായിരിക്കും അജിത് കുമാറിനെ ചേർത്തുപിടിക്കാൻ പിണറായിയെ പ്രേരിപ്പിക്കുന്ന ഘടകം. സി.പി.ഐക്കും അൻവറിനുമെന്നല്ല ആർക്കും അത് പിടികിട്ടിയിട്ടില്ല. അതൊരു സമസ്യയായി തന്നെ കേരള രാഷ്ട്രീയത്തിൽ പാറിക്കളിക്കട്ടെ. അല്ലെങ്കിലും ഒരു എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ തീർത്തും 'സ്വകാര്യമായ' കൂടിക്കാഴ്ചയിൽ എന്ത് മണ്ണാങ്കട്ടയുണ്ടാവാനാണ്. സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ പ്രവർത്തിക്കാനുള്ള വിലക്ക് ഈയിടെ കേന്ദ്രം നീക്കിയത് ഇവരാരുമറിഞ്ഞില്ലേ. ഇനിയിപ്പൊ കേരളം അത് അംഗീകരിച്ചിട്ടില്ലെന്നു വെച്ചാലും ഡൽഹിയൊന്നു കണ്ണുരുട്ടിയാൽ മതി, ഇവിടെയുള്ളവർ വാൽ ചുരുട്ടും. കാരണം കേസുകൾ കിടക്കുകയല്ലേ.

അടുത്ത 'ചാവേർ' ഉടൻ പുറപ്പെടും

അൻവറിന് മുന്നും പിന്നും നോക്കാനില്ലെന്നത് നേര്. അതുകൊണ്ടാണ് കൊമ്പുമായി ഇങ്ങോട്ടു വരേണ്ടെന്ന് അദ്ദേഹം പല ആവർത്തി പറഞ്ഞത്. തന്‍റെ ശരീരത്തിൽ ഉണ്ട കയറ്റാൻ പറ്റുമായിരിക്കും, പക്ഷെ കള്ളനെന്ന ചാപ്പ കുത്താൻ സമ്മതിക്കില്ലെന്നാണ്, അൻവറിനെ പ്രകോപിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിന് അദ്ദേഹം കൊടുത്ത മറുപടി. 'ചാവേറാ'വാൻ ഇറങ്ങിപ്പുറപ്പെടുന്നയാൾക്ക് ആരെയും പേടിക്കേണ്ടതില്ലെന്നാണ് മറ്റൊരു ഇടതു സഹയാത്രികനായ കെ.ടി. ജലീലിന്‍റെ സൈബർ പോസ്റ്റ്. മറ്റൊരു ചാവേർ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് രാഷ്ട്രീയ കേരളം തിരിച്ചറിയണം. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ കൊമ്പുകുത്തിച്ച ജലീൽ കുറച്ചു കാലമായി കുഞ്ഞാലിക്കുട്ടി വിരുദ്ധ രാഷ്ട്രീയത്തിൽ അത്ര സജീവമല്ല. അബ്ദുറഹിമാൻ നഗർ സഹകരണ ബാങ്ക് വിഷയത്തിൽ സി.പി.എം 'ക്ലിപ്പിട്ടു' എന്നാണ് പുറംലോകത്തെ കേൾവി. എന്തായാലും ഗാന്ധി ജയന്തി ദിനത്തിൽ താൻ ചാവേറായി പുറപ്പെടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. മാധ്യമങ്ങൾ അടുത്ത വെടിയൊച്ചകൾക്കായി കാതോർത്തു കിടക്കുകയാണ്. അതിനടുത്ത ചാവേർ കാരാട്ട് റസാഖ് ആയിരിക്കുമോ, എന്തരോ... ഏതോ...

രണ്ടാം 'മലബാർ കലാപം'

രണ്ടാം 'മലബാർ കലാപം' പൊട്ടിപ്പുറപ്പെട്ടുവെന്നാണ് സംഘികളും സംഘാക്കളും സൈബർ പുറങ്ങളിൽ ഉറഞ്ഞു തുള്ളുന്നത്. അർണബ് ഗോസാമിക്ക് പഠിക്കുന്ന ചില ചാനൽ അവതാരകരും അതേറ്റു പിടിക്കുന്നുണ്ട്. ആലോചിച്ചു നോക്കിയാൽ അപ്പറഞ്ഞതിൽ കഴമ്പില്ലാതില്ല. അൻവർ, ജലീൽ, റസാഖ്.... കേരളത്തിൽ മാത്രമല്ല രാജ്യത്തു തന്നെ ജനാധിപത്യവും മതേതരത്വവും ഉറപ്പിച്ചു നിർത്താനും ന്യൂനപക്ഷ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനും അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന സി.പി.എമ്മിനും അതുൾക്കൊള്ളുന്ന മുന്നണിക്കും ആ മുന്നണി നയിക്കുന്ന സർക്കാറിനുമെതിരെ വാളോങ്ങുന്ന മലബാറുകാരുടെ മതം നോക്കിയാൽ സംഗതി ശരിയാണ്. ഇവർ ലക്ഷ്യമിടുന്നത് ആരൊക്കെയാണ്, ശശിധരൻ, സുജിത് ദാസ്, അജിത് കുമാർ, ശശി, വിജയൻ.... ക്ലിയറല്ലേ. മുഖ്യമന്ത്രിയുടെ മരുമകൻ റിയാസിനെയും അൻവർ ലക്ഷ്യം വെച്ചുവെന്നത് ഇതിലൊരപവാദമായി നിൽക്കും. ഈ രീതിയിൽ കാര്യങ്ങൾ നീക്കിയാൽ സംഗതി സമുദായങ്ങൾ കൈകാര്യം ചെയ്തു കൊള്ളും. പാർട്ടിക്കും മുന്നണിക്കും സർക്കാറിനും സ്കൂട്ടാവാൻ ഇതിലും വലിയ എളുപ്പ വഴിയുണ്ടോ? മാത്രമമല്ല. അൻവറും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസും കൊമ്പുകോർത്തത് ഇതിന്‍റെ പാർശ്വഫലം. മോഹൻദാസ് പക്കാ ആർ.എസ്.എസുകാരനാണെന്ന് അൻവർ. അൻവർ തീവ്ര വർഗീയ പന്തമാണെന്ന് മോഹൻദാസ്... പോരേ പൂരം.

'ആൾ പാർട്ടി നെക്സസ്'

അൻവറിന്‍റെ ആരോപണങ്ങളിൽ ആരും ഗൗരവത്തിലെടുക്കാതെ പോയ ഒരു സുപ്രധാന വിഷയമുണ്ട്, ആൾ പാർട്ടി നെക്സസ്. എല്ലാ പാർട്ടികളുടെയും നേതൃതലത്തിലുള്ളവർ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നു, അതുകൊണ്ട് ആരെ കുറിച്ചും ആരോപണങ്ങളും വസ്തുതകളും ഉയർത്തിയിട്ടു കാര്യമില്ല, അതെല്ലാം ആ സഹകരണ പ്രസ്ഥാനത്തിന്‍റെ മതിലിൽ തട്ടി തകരും. സംസ്ഥാന നേതൃതലത്തിൽ മാത്രമല്ല, ജില്ലയിലൂടെ പഞ്ചായത്ത് തലത്തിലെത്തിയിരിക്കയാണ് ആ കൂട്ടുകെട്ടെന്നാണ് അൻവറിന്‍റെ അനുഭവം. അതിന്‍റെ പൊരുൾ പിടി കിട്ടാൻ തിരുവനന്തപുരം വരെ പോവുകയൊന്നും വേണ്ട. കോളിളക്കം സൃഷ്ടിച്ച സോളാർ കേസിന്‍റെയും സുരേന്ദ്രന്‍റെ കള്ളപ്പണ കേസിന്‍റെയും സഹകരണ ബാങ്ക് തട്ടിപ്പു കേസുകളുടെയും ഗതി കേരളം കണ്ടതാണല്ലോ. അണികളെ ലാത്തികളുടെയും ജല പീരങ്കികളുടെയും മുന്നിലേക്കിട്ടു കൊടുത്ത് നേതാക്കൾ കൈകോർക്കുന്ന അമൂർത്ത ദൃശ്യം ഭാവിയിൽ തെളിഞ്ഞു വരുമായിരിക്കും.

അതുകൊണ്ടു തന്നെ ഒരു പാർട്ടിയിലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അൻവർ. വിശ്വസിച്ചിട്ടും കാര്യമില്ല, അങ്ങോട്ടൊന്നും ചെല്ലേണ്ടെന്ന് അതത് പാർട്ടികളുടെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു. വെറുമൊരു കോടാലിയെടുത്ത് തോളിൽ വെക്കേണ്ടെന്ന് അവർ കരുതിയാൽ കുറ്റം പറയാനുമാവില്ല.

എന്നാൽ താനായിട്ട് ഒരു പാർട്ടി ഉണ്ടാക്കില്ലെന്നാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടന്ന പൊതുസമ്മേളനത്തിൽ അൻവറിന്‍റെ പ്രഖ്യാപനം. നിങ്ങളായിട്ട് ഒരു പാർട്ടിയുണ്ടാക്കിയാൽ തീർച്ചയായും അതിൽ ഞാനുണ്ടാവുമെന്നാണ് അദ്ദേഹം തന്നെ കേൾക്കാനെത്തിയ ആയിരങ്ങളോട് പറഞ്ഞത്. അങ്ങനെയൊരു പാർട്ടി എവിടെ നിന്ന്, എങ്ങനെ ഉരുത്തിരിയുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. തനിക്കെതിരെ തെരുവിലിറങ്ങി കൊലവിളി നടത്തിയവർ തന്നെയാണ് തന്‍റെ അണികളെന്നാണ് അൻവറിന്‍റെ ഒരു 'അന്ത'വിശ്വാസം. സൈബർ പോസ്റ്റുകൾക്ക് ലൈക്കടിച്ചവരും സൈബർ തെരുവുകളിൽ 'കടന്നൽ രാജ'യായി വാഴിച്ചവരും തന്നെ, പാർട്ടി തള്ളിപ്പറഞ്ഞു കഴിഞ്ഞാൽ തെറിവിളിയും കൊലവിളിയുമായി തെരുവിലിറങ്ങുമെന്നതിന് സ്വന്തം മണ്ഡലത്തിൽ തന്നെ അൻവറിന് സാക്ഷിയാവേണ്ടി വന്നു. മാത്രമല്ല സി.പി.എമ്മിനെതിരെ ബദലുമായി വന്നവരെല്ലാം പിന്നീട് സുല്ലു പറയേണ്ട ഗതികേടിലായ ചരിത്രവുമുണ്ട്. അതേസമയം പാർട്ടിയിൽ ശബ്ദിക്കാൻ കഴിയാത്തവരുടെ നാവായാണ് അൻവർ പുറത്തുവന്നത്. അതിന് തെളിവാണ് നിലമ്പൂരിൽ അദ്ദേഹത്തെ കേൾക്കാനെത്തിയ ജനക്കൂട്ടം. പിണറായിക്കുമുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരുടെയിടയിൽനിന്ന് അദ്ദേഹത്തെ പേരെടുത്തു വിളിച്ച് വെല്ലുവിളിക്കാൻ കാട്ടിയ ആർജവത്തിന് നല്ലൊരു ശതമാനം പാർട്ടിക്കാർ ഉള്ളിൽ ജയ്വിളിക്കുന്നുണ്ടാവണം.

അൻവറിന്‍റെ ഭാവി

അൻവർ പൊതുയോഗങ്ങളുമായി മുന്നോട്ടു പോവുകയാണ്. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ പൊതുയോഗം നടത്തുമെന്നാണ് പ്രഖ്യാപനം. പാർട്ടി സെക്രട്ടറിയുടെയും സി.ഐ.ടി.യു നേതാവ് എളമരം കരീമിന്‍റെയും ആഹ്വാനം അന്തരീക്ഷത്തിലുള്ളതിനാൽ പൊതുയോഗങ്ങളെ സി.പി.എം, സി.ഐ.ടി.യു അണികൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാണാരിക്കുന്നതേയുള്ളൂ. അൻവറിനെ കേസുകൾ കൊണ്ട് കുരുക്കാനായിരിക്കും പാർട്ടിയുടെയും സർക്കാരിന്‍റെയും ഇനിയുള്ള നീക്കം. അതിന്‍റെ ആദ്യ സൂചന പുറത്തുവന്നു കഴിഞ്ഞു. മുൻ മലപ്പുറം എസ്.പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന ഒരു മുൻ കോൺഗ്രസുകാരന്‍റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസ് കേസെടുത്തു. സെപ്തംബർ അഞ്ചിന് കൊടുത്ത പരാതിയിൽ കേസെടുക്കുന്നത്, അൻവറുമായുള്ള പാർട്ടി ബന്ധം വിഛേദിച്ചുവെന്ന എം.വി. ഗോവിന്ദന്‍റെ പ്രഖ്യാപനം വന്ന ശേഷം സെപ്തംബർ 28നാണ്. അൻവറിനെതിരെ കക്കാടംപൊയിലിലെ അദ്ദേഹത്തിന്‍റെ പാർക്കുമായി ബന്ധപ്പെട്ടും മറ്റും ചില കേസുകൾ നിലവിലുണ്ട്. ആ കേസുകളൊക്കെ കടുപ്പിക്കാനും കൂടി പാർട്ടിയും സർക്കാറും ശ്രമിക്കുമെന്നതിലും അൻവറിന് സംശയമുണ്ടാവാനിടയില്ല.

അൻവർ പുതിയൊരു പാർട്ടിയുണ്ടാക്കിയോ, മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്നോ, ഒരു പാർട്ടിയിലുമില്ലാതെ വെറും സ്വതന്ത്രനായോ അടുത്ത തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽനിന്നു മൽസരിച്ചാൽ ജയിച്ചു കയറില്ലെന്ന് ഉറപ്പിക്കാൻ ഇപ്പോഴാവില്ല. അൻവറിന്‍റെ 'പാർട്ടി' സ്ഥാനാർഥികൾ ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ നിന്നു മൽസരിച്ചാലും ഇടതു-വലതു വോട്ടുകളിൽ ചോർച്ചയുണ്ടാക്കാനാവും. അൻവർ തുറന്നുവിട്ട ഭൂതങ്ങൾ അപ്പോഴും കേരളീയാന്തരീക്ഷത്തിൽ ഉണ്ടായിരിക്കുമല്ലോ.

Tags:    
News Summary - Anwar against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.