‘‘വിഭജനം സുനിശ്ചിതമായിരിക്കുന്നു. നിങ്ങൾ നേതാക്കളെല്ലാം പാകിസ്താനിലേക്കു പോയാൽ ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിെൻറ സംരക്ഷണം ആര് ഏറ്റെടുക്കും, അവർക്ക് ആര് നേതൃത്വം നൽകും?’’^ വിഭജനം ആസന്നമായിരിക്കെ മുസ്ലിംലീഗ് നേതാവും പാകിസ്താൻ ശിൽപിയുമായ മുഹമ്മദലി ജിന്നയോടായിരുന്നു ചോദ്യം. ‘‘അക്കാര്യം ഞാൻ ചൗധരി ഖലീഖുസ്സമാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്’’ ^ആത്മവിശ്വാസത്തോടെ ഖാഇദെ അഅ്സമിെൻറ മറുപടി. ജിന്ന കറാച്ചിയിലെത്തുന്നതിനുമുേമ്പ യു.പി മുസ്ലിംലീഗ് നേതാവായിരുന്ന ചൗധരി ഖലീഖുസ്സമാൻ പാകിസ്താനിലെത്തിയിരുന്നുവെന്ന് ചരിത്രം. രക്തപ്പുഴയിലും പതിനായിരങ്ങളുടെ മൃതദേഹങ്ങളിലുമായി പുതിയ രാഷ്ട്രം പിറന്നുവീണു.
മത^സാമുദായികാടിത്തറയിൽ ആധുനികലോകത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട രാഷ്്ട്രം. അതിെൻറ ഉത്തരവാദിത്തത്തെച്ചൊല്ലി ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട വിവാദം ഏഴു പതിറ്റാണ്ടുകൾക്കുശേഷവും തുടരുന്നു. സാമുദായികാടിസ്ഥാനത്തിൽ ഇന്ത്യ രണ്ടായി പിളരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുമെന്നും അതിനായുള്ള പോരാട്ടത്തിൽനിന്ന് ഇരുവിഭാഗവും പിന്തിരിയണമെന്നും അതിശക്തമായി അവസാനംവരെ ആവശ്യപ്പെട്ടത് മൗലാന അബുൽകലാം ആസാദും (1888^1958), സയ്യിദ് അബുൽ അഅ്ലാ മൗദൂദിയും (1903^1979) ആയിരുന്നു. രണ്ടുപേരും ആശങ്കിച്ചത് ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്ലിം ന്യൂനപക്ഷത്തിെൻറ ഭാവിയെക്കുറിച്ചായിരുന്നു. മറ്റൊരു പോംവഴിയുമില്ലെങ്കിൽ സ്വയംഭരണ പ്രവിശ്യകളുടെ ഒരു ഫെഡറേഷനായി ഇന്ത്യയെ നിലനിർത്താമെന്നും ആ പരീക്ഷണം പരാജയപ്പെട്ടാൽ മാത്രം രണ്ട് പരമാധികാര രാഷ്ട്രങ്ങളായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഭിന്നപശ്ചാത്തലങ്ങളിൽനിന്ന് രണ്ടു പേരും നിർദേശിച്ചു. പക്ഷേ, ഇരുപക്ഷത്തിെൻറയും പരിഗണന ലഭിച്ചില്ല. പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചവരിൽ ജവഹർലാൽ നെഹ്റുവിെൻറ പേരാണ് ഗാന്ധിജിക്കുശേഷം പറയപ്പെടുന്നതെങ്കിലും ഏകീകൃത ഇന്ത്യയുടെ പ്രധാനമന്ത്രിപദം ജിന്ന പിടിച്ചെടുക്കുമെന്ന് ഭയപ്പെട്ട നെഹ്റു വിഭജനത്തിന് വഴങ്ങുകയായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് പ്രശസ്ത മാധ്യമ പ്രവർത്തകനായിരുന്ന ഖുശ്വന്ത് സിങ് (അബ്സല്യൂട്ട് ഖുശ്വന്ത്^2010 പുറം 73, പെൻഗ്വിൻ ബുക്സ്). അതേസമയം, അവിഭക്ത ഇന്ത്യയിൽ രൂപപ്പെട്ട വർഗീയാന്തരീക്ഷം വിഭജനത്തെ അനിവാര്യമാക്കിത്തീർത്തിരുന്നു എന്ന നിരീക്ഷണവും ഖുശ്വന്ത് നടത്താതിരുന്നിട്ടില്ല (Ibid പുറം 109).
കാരണം എന്തായാലും കാരണക്കാർ ആരായിരുന്നാലും രാജ്യം പിളർന്നതിൽ പിന്നെ ഇന്ത്യയിൽ ശേഷിച്ച മുസ്ലിം ന്യൂനപക്ഷത്തിെൻറ അവസ്ഥ സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികം ആഘോഷിക്കുേമ്പാൾ അരക്ഷിതത്വത്തിേൻറതും ഭീതിയുടേതുമാണെന്ന് തുറന്നുപറയുന്നത് ഒടുവിലത്തെ പതിറ്റാണ്ടുകാലം ഉപരാഷ്ട്രപതിയായി രാജ്യത്തെ സേവിച്ച ഹാമിദ് അൻസാരിയാണ്. അേദ്ദഹത്തിെൻറ പിൻഗാമിയായി സ്ഥാനമേറ്റ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രണ്ടു പേരും പ്രതിനിധാനം ചെയ്യുന്ന സംഘ്പരിവാറിനും അൻസാരി പറഞ്ഞ തിക്തസത്യം രസിച്ചില്ല. എങ്കിലും നേരാണദ്ദേഹം പറഞ്ഞതെന്ന് സ്വാതന്ത്ര്യത്തിെൻറ 50 വർഷത്തെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2014ലെ േലാക്സഭ തെരെഞ്ഞടുപ്പിനെ തുടർന്നുണ്ടായ സുപ്രധാന ഭരണമാറ്റത്തിെൻറ ഫലമാണിതെന്ന് ഏതായാലും പറയാനാവില്ല. തുടക്കത്തിൽ സൂചിപ്പിച്ചപോലെ നാലു കോടി മുസ്ലിംകളെ തീർത്തും അനാഥരാക്കി നേതാക്കളും സമ്പന്നരും പണ്ഡിതരും ‘സ്വർഗരാജ്യം’ തേടി പറന്നതിൽ പിന്നെ സ്വാഭാവികമായി സംഭവിക്കാവുന്നതെന്തോ അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്.
1950 ജനുവരി 26ന് നിലവിൽവന്ന ഇന്ത്യൻ ഭരണഘടന രാജ്യത്തെ മത, ഭാഷ, സാംസ്കാരിക ന്യൂനപക്ഷങ്ങളോട് പരമാവധി നീതി ചെയ്തിട്ടുണ്ടെന്നത് നിസ്തർക്കമാണ്. എന്നാൽ, ഭരണഘടനയുടെ അക്ഷരങ്ങൾ മാത്രം ആരുടെയും രക്ഷെക്കത്തുകയില്ല, പാർലമെൻറും നിയമസഭകളും ബ്യൂറോക്രസിയും ജുഡീഷ്യറിയും അത് നടപ്പാക്കാൻ ആത്മാർഥതയും ജാഗ്രതയും കാണിച്ചില്ലെങ്കിൽ. അങ്ങനെ കാണിക്കണമെങ്കിൽ പ്രാഥമികമായി വേണ്ടത് ബന്ധപ്പെട്ട സമുദായം ഇച്ഛാശക്തിയും സമ്മർദവും പ്രേരണയും വേണ്ടവിധം പ്രയോഗിക്കുകയാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് പ്രകൃതി നിയമമാണ്. പോയകാലത്ത് അതുണ്ടായിെല്ലങ്കിൽ ആരാണ് ഉത്തരവാദികൾ?
നിരാശരും ചകിതരും അരക്ഷിതരുമായ മുസ്ലിം ന്യൂനപക്ഷത്തെയാണ് വിഭജനാനന്തര സ്വതന്ത്ര ഭാരതം സാമാന്യമായി ബാക്കിനിർത്തിയത്. ‘നാഥനില്ലാ പട നായ്പട’ എന്ന പഴമൊഴിപോലെയായി സമുദായത്തിെൻറ സ്ഥിതി. ഉത്തരേന്ത്യൻ മുസ്ലിംകൾക്ക് മതപരമായ നേതൃത്വം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച ജംഇയ്യതുൽ ഉലമായെ ഹിന്ദിെൻറ പ്രമുഖരായ പണ്ഡിതരിൽ പലരും പാകിസ്താനിലേക്ക് കളംമാറിച്ചവിട്ടിയതോടെ ഹുസൈൻ അഹ്മദ് മദനിക്കും ദയൂബന്ത് ദാറുൽ ഉലൂമിലെ പണ്ഡിതന്മാർക്കും നേരത്തേ സ്വീകരിച്ച കോൺഗ്രസ് അനുകൂല നിലപാട് മാറിയ സാഹചര്യത്തിൽ ശക്തിപ്പെടുത്തുകയല്ലാതെ വഴിയില്ലെന്ന് വന്നു. പക്ഷേ, വിഭജനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത മൗലാന അബുൽകലാം ആസാദിെൻറ സാന്നിധ്യവും ജവഹർലാൽ നെഹ്റുവിെൻറ മതനിരപേക്ഷതയോടുള്ള അചഞ്ചല പ്രതിബദ്ധതയും ഉണ്ടായിട്ടുകൂടി ന്യൂനപക്ഷത്തിന് സുരക്ഷിതത്വബോധമോ അർഹമായ പരിഗണനയോ ലഭിച്ചില്ലെന്ന് മാത്രമല്ല, നിരന്തരമായ വർഗീയ കലാപങ്ങൾ അവരുടെ നിലനിൽപിനുപോലും വെല്ലുവിളികൾ ഉയർത്തി.
45 വർഷത്തെ അനുസ്യൂതമായ കോൺഗ്രസ് ഭരണത്തിൽ ജീവിതത്തിെൻറ പുറംപോക്കുകളിലാണ് തങ്ങൾക്ക് സ്ഥാനമെന്ന തിരിച്ചറിവാണ് മുസ്ലിംകൾക്കുണ്ടായത്. റഫി അഹ്മദ് കിദ്വായി, ഡോ. സയ്യിദ് മഹ്മൂദ്, ഫഖ്റുദ്ദീൻ അലി അഹ്മദ്, പ്രഫ. ഹുമയൂൺ കബീർ തുടങ്ങിയവർ കേന്ദ്ര മന്ത്രിസഭയിൽ പലപ്പോഴായി കയറിപ്പറ്റിയെങ്കിലും സമുദായത്തിൽ ഉത്കർഷബോധമുണ്ടാകുന്നതിലോ രാഷ്ട്ര പുനഃസംവിധാനത്തിൽ അവരെ പങ്കാളികളാക്കുന്നതിലോ വിദ്യാഭ്യാസപരമായും സാമ്പത്തികമായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലോ മുസ്ലിംകളുടെ ഉറച്ച പിന്തുണ ഉറപ്പാക്കിയ കോൺഗ്രസ് സർക്കാറുകൾക്ക് കഴിഞ്ഞില്ല. ഖുശ്വന്ത് സിങ് ‘ഇലസ്േട്രറ്റഡ് വീക്ക്ലി ഒാഫ് ഇന്ത്യ’യിലെ പതിവ് കോളത്തിൽ എഴുതിയപോലെ ‘ലേണിങ് േജ്യാഗ്രഫി ത്രു മർഡർ’ എന്നതായിരുന്നു അവസ്ഥ. ഭിലായ്, റൂർക്കല, ജാംഷഡ്പൂർ, അലീഗഢ്, മീറത്ത്, മുറാദാബാദ്, കൊൽക്കത്ത, അഹ്മദാബാദ്, ബറോഡ, മുംബൈ, റാഞ്ചി പോലുള്ള പ്രദേശങ്ങളെക്കുറിച്ച് സാമാന്യ ജനങ്ങൾ കേൾക്കുന്നത് അവിടങ്ങളിൽ നടമാടിയ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊലകളിലൂടെയായിരുന്നു എന്ന കയ്പേറിയ സത്യമാണ് ഖുശ്വന്ത് അനാവരണം ചെയ്തത്. ഇതിലൊന്നുപോലും ഭാരതീയ ജനസംഘത്തിെൻറയോ പിൻഗാമിയായ ബി.ജെ.പിയുടെയോ ഭരണകാലത്തായിരുന്നില്ലെന്നതാണ് ശ്രദ്ധേയം. അതേസമയം, ഇൗ കലാപങ്ങളെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമീഷനുകൾ അവക്കുത്തരവാദികൾ ഹിന്ദുത്വവർഗീയ വാദികളും പൊലീസുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കലാപങ്ങൾക്ക് തടയിടാനുള്ള പോംവഴികളും നിർദേശിച്ചിരുന്നു. ഫലപ്രദമായ ഒരു തുടർനടപടിയും ഉണ്ടായില്ലെന്നുമാത്രം.
മതേതരമെന്നവകാശപ്പെടുന്ന കോൺഗ്രസ് സർക്കാറുകളുടെ കുറ്റകരമായ അനാസ്ഥയും നിസ്സഹായരായ മുസ്ലിം ന്യൂനപക്ഷം എന്തുവന്നാലും കോൺഗ്രസിന് തന്നെ വോട്ട് ചെയ്യുമെന്ന വിശ്വാസവും സ്ഥിരം പ്രതിഭാസമായിത്തീർന്നപ്പോഴാണ് 1964ൽ ഇദംപ്രഥമമായി ദേശീയതലത്തിൽ മുസ്ലിം സംഘടനകളുടെയും നേതാക്കളുടെയും ഒരു കൂട്ടായ്മ രൂപംകൊള്ളുന്നത്. ഏപ്രിലിൽ ലഖ്നോവിലെ പ്രശസ്ത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ നദ്വതുൽ ഉലമായിൽ വിഖ്യാത പണ്ഡിതൻ അലിമിയാൻ എന്ന സയ്യിദ് അബുൽ ഹസൻ അലി നദ്വിയുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം സമ്മേളനം ഒാൾ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ എന്ന പേരിൽ ഒരു പൊതുവേദിക്ക് രൂപംനൽകി. അന്നത്തെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അമീർ മൗലാന അബുല്ലൈസ് നദ്വി, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് ഇസ്മാഇൗൽ സാഹിബ്, ജംഇയ്യതുൽ ഉലമായെ ഹിന്ദ് നേതാവ് മൗലാന അതീഖുർറഹ്മാൻ ഉസ്മാനി, കൽക്കത്ത ഖിലാഫത്ത് കമ്മിറ്റി മേധാവി മുല്ല ജാൻ മുഹമ്മദ് തുടങ്ങിയവർക്ക് പുറമെ നെഹ്റു കാബിനറ്റിൽ അംഗമായിരുന്ന ഡോ. സയ്യിദ് മഹ്മൂദും മുശാവറയുടെ നേതൃനിരയിലുണ്ടായിരുന്നു. ഗാന്ധിയൻ പണ്ഡിറ്റ് സുന്ദർലാലിെൻറ പൂർണ സഹകരണവും ഉറപ്പാക്കി. രാജ്യത്തുടനീളം സന്ദർശിച്ച് ഹിന്ദു-മുസ്ലിം ഡയലോഗ് സംഘടിപ്പിക്കുകയും കലാപങ്ങൾക്ക് കളമൊരുക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയുമായിരുന്നു മുശാവറയുടെ അജണ്ടയിലെ മുഖ്യ ഇനം. സമുദായത്തിെൻറ പൊതുവായ ആവശ്യങ്ങളും ആവലാതികളും കേന്ദ്ര^സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും മുശാവറ ശ്രദ്ധിച്ചു. മൂന്നു വർഷത്തോളം ഫലപ്രദമായി പ്രവർത്തിക്കാനും സദ്ഫലങ്ങൾ ഉളവാക്കാനും മുശാവറക്ക് സാധിച്ചു. എന്നാൽ 1967ലെ പൊതു തെരഞ്ഞെടുപ്പിൽ ഒരു മാനിഫെസ്റ്റോ മുശാവറ പുറത്തിറക്കുകയും അത് അംഗീകരിക്കുന്ന സെക്കുലർ പാർട്ടികൾക്ക് സമുദായത്തിെൻറ വോട്ട് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്െതങ്കിലും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അതിനോട് പ്രതികരിച്ചില്ല. കോൺഗ്രസിെൻറ കൃതഘ്നതയിലും കടുത്ത അവഗണനയിലും പ്രതിഷേധിച്ച് മുസ്ലിംകൾ പൊതുവെ കോൺഗ്രസ് വിരുദ്ധ പാർട്ടികൾക്കും മുന്നണികൾക്കും വോട്ട് ചെയ്യുകയായിരുന്നു അനന്തരഫലം.
ബിഹാർ, യു.പി മുതലായ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽനിന്ന് നിഷ്കാസിതമാവാനും കേന്ദ്രത്തിൽ ദുർബലമായിത്തീരാനും ഇത് നിമിത്തമായി. മുസ്ലിംകളാദി പിന്നാക്ക സമുദായങ്ങളും പരിമിത മതേതരസമൂഹവുമായിരുന്നു എക്കാലത്തും കോൺഗ്രസിെൻറ േവാട്ടുബാങ്ക്. കേരളത്തിൽ സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിൽ നിലവിൽവന്ന മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സപ്തകക്ഷി മുന്നണി കോൺഗ്രസിനെ തറപറ്റിച്ചുഅധികാരം പിടിച്ചെടുത്തതും 1967ൽ തന്നെ. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു മുസ്ലിം സാമുദായിക രാഷ്ട്രീയപാർട്ടി പിടിച്ചുനിന്നതും അധികാരത്തിെൻറ ഗതിനിർണയിക്കുന്നതിൽ നിർണായകശക്തിയായി മാറിയതും ഭരണപങ്കാളിത്തം ഉറപ്പാക്കിയതും കേരളത്തിലാണ്. കോൺഗ്രസും സി.പി.എമ്മും മുസ്ലിംലീഗിനെ വർഗീയപാർട്ടിയായി മുദ്രകുത്തിയെങ്കിലും ഭരണത്തിനുവേണ്ടി താത്ത്വിക നിലപാടിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ഇൗയവസ്ഥയിൽനിന്ന് മുസ്ലിംലീഗ് നന്നായി മുതലെടുക്കുകയും ചെയ്തു. ഇ.എം.എസ് സർക്കാറിൽ രണ്ട് മന്ത്രിമാർ മാത്രമായിരുന്ന മുസ്ലിം ലീഗ് ഒടുവിലത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിമാരുടെ എണ്ണം അഞ്ചായി വർധിപ്പിച്ചു. സംസ്ഥാനത്തെ മുസ്ലിം ശാക്തീകരണത്തിൽ ലീഗിെൻറ അധികാര പങ്കാളിത്തം അവഗണിക്കാവുന്ന റോളല്ല വഹിച്ചതെന്ന് തീർത്തുപറയാം. അതേസമയം, എഴുപതുകളിൽ ആരംഭിച്ച ഗൾഫ് പലായനം സമ്മാനിച്ച സാമ്പത്തികശേഷിയും മത^സാംസ്കാരിക സംഘടനകളുടെ ബോധവത്കരണ, പരിഷ്കരണ പ്രവർത്തനങ്ങളുമെല്ലാം കൂടിച്ചേർന്നപ്പോൾ സാധ്യമായതാണ് കേരള മുസ്ലിം ഉണർവും മുന്നേറ്റവും. സച്ചാർ കമ്മിറ്റി കേരള മുസ്ലിം പുരോഗതി വേറിട്ട് അടയാളപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗിന് മേൽവിലാസമുണ്ടാക്കാനോ ലീഗിതര സാമുദായിക പാർട്ടികൾക്ക് ലീഗിന് ബദലായി ഉയരാേനാ സാധിച്ചില്ല. കാരണങ്ങൾ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമൊക്കെയാവാം. മുഖ്യമായും തുടക്കത്തിൽ സൂചിപ്പിച്ച വിഭജനാനന്തര അനാധഥത്വവും മതേതര പാർട്ടികളുടെ ശൈഥില്യവും ബലഹീനതയും ഒടുവിൽ മൃദുഹിന്ദുത്വത്തിലേക്കുള്ള ചുവടുമാറ്റവും തന്നെ.
മതേതരനും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ യു.പി.എ പത്തുവർഷം രാജ്യഭരണം നടത്തിയപ്പോൾ മുസ്ലിം അവസ്ഥയെക്കുറിച്ച് പഠിക്കാനും ശിപാർശകൾ സമർപ്പിക്കാനും വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് നിസ്സാര സംഭവമല്ല. സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകളും നിർദേശങ്ങളും കലവറയില്ലാതെ അംഗീകരിക്കാനോ നടപ്പാക്കാനോ യു.പി.എ സർക്കാറിന് വേണ്ടവിധം കഴിഞ്ഞില്ല. കോൺഗ്രസിെൻറ ദൗർബല്യമാണ് മുഖ്യകാരണം, ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട ഒരു പാർട്ടിയുടെ വാർധക്യ സഹജമായ രോഗങ്ങളെ പരിധിയിലധികം പഴിക്കുന്നതിൽ അനീതിയുണ്ട്. സ്വാതന്ത്ര്യത്തിെൻറ 70 സംവത്സരങ്ങൾക്കകം ശക്തമായ ഒരു മതേതര ബദൽ ഉയർന്നുവരാത്തതിന് കോൺഗ്രസല്ലല്ലോ ഉത്തരവാദികൾ. തുടക്കത്തിൽ കോൺഗ്രസിനകത്തെ തിരുത്തൽശക്തിയായി വന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര പാർലമെൻറിനകത്തും പുറത്തും കരുത്തും ആർജവവും തിരുത്തൽ ശക്തിയും തെളിയിച്ച കുറെ നേതാക്കളെ സംഭാവനചെയ്തിരുന്നു. പക്ഷേ, തൻപ്രമാണിത്തവും പരസ്പരം അംഗീകരിക്കാനുള്ള വൈമനസ്യവും പ്രീണനങ്ങളിലും പ്രലോഭനങ്ങളിലും അടിതെറ്റാതിരിക്കാനുള്ള കരളുറപ്പില്ലായ്മയും ചേർന്ന് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രതിപക്ഷത്തെ വംശനാശത്തിലെത്തിച്ചു. പിന്നാക്ക അധഃസ്ഥിത ജനവിഭാഗങ്ങളെയാണ് അതേറെ പ്രതികൂലമായി ബാധിച്ചത്. കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന് മൗലിക പ്രത്യയശാസ്ത്ര കുരുക്കിൽനിന്ന് പുറത്തുകടക്കുക പ്രയാസകരമായിരുന്നെങ്കിലും മത^ജാതീയ സമവാക്യങ്ങൾക്കതീതമായി മതേതരത്വ പ്രതിബദ്ധത പ്രകടിപ്പിക്കാനും സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളോട് അനുഭാവപൂർവം പെരുമാറാനും സാധിച്ചിരുന്നു.
പക്ഷേ, 35 വർഷം നീണ്ട ബംഗാളിലെ ഇടതുഭരണം വർഗീയാക്രമണങ്ങളിൽനിന്ന് മുസ്ലിം ന്യൂനപക്ഷത്തെ രക്ഷിച്ചുനിർത്തിയെങ്കിലും അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു. കേരളത്തിൽ മാത്രം ഒരളവോളം ന്യൂനപക്ഷ പിന്തുണ നേടിയെടുക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടികൾ പരാജയപ്പെട്ടില്ലെന്ന് പറയാം. പക്ഷേ, ഫാഷിസത്തിെൻറ മലവെള്ളപ്പാച്ചിലിൽ പിടിച്ചുനിൽക്കാനും പ്രതിരോധം ഭദ്രമാക്കാനും ഇടതുപക്ഷത്തിനും ഇതര മതേതര പാർട്ടികൾക്കും എത്രത്തോളം കഴിയുമെന്ന് ആശങ്കയോടെ നിരീക്ഷിക്കേണ്ടിടത്താണ് സ്ഥിതിഗതികൾ എത്തിനിൽക്കുന്നത്. ഫാഷിസ്റ്റുകൾക്കെതിരെ മഹാസഖ്യപ്പോരാട്ടത്തിന് നേതൃത്വം നൽകിയ ജനതാദൾ ^യു നേതാവ് നിതീഷ്കുമാർ, മതിയായ ജനസമ്മതിയോടെ ബിഹാറിൽ അധികാരത്തിലേറി ഒന്നരവർഷം പിന്നിടുേമ്പാൾ സമസ്ത പ്രഖ്യാപനങ്ങളും വിഴുങ്ങി സംഘ്പരിവാർ കൂടാരത്തിൽ അഭയംതേടുന്ന കൊലച്ചതിക്കാണ് രാജ്യമിപ്പോൾ സാക്ഷ്യംവഹിക്കുന്നത്. അഴിമതി പൊറുപ്പിക്കാനാവില്ല എന്നതാണത്രെ ന്യായം. വ്യാപം അഴിമതിയുടെ അമരക്കാരനായ മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാനും ഖനി അഴിമതിയിലൂടെ കുപ്രസിദ്ധിയാർജിച്ച യെദിയൂരപ്പയും മറ്റും മറ്റും സസുഖം വഴുന്ന പാളയം സംശുദ്ധ ഭരണാധികാരികൾക്ക് ചേക്കേറാൻ സർവഥാ അനുയോജ്യംതന്നെ! മതേതര ബദലിെൻറ മുഖ്യസ്ഥാനത്ത് വിരാജിക്കുന്ന കോൺഗ്രസിൽനിന്ന് വിവിധ സംസ്ഥാനങ്ങളിൽ ദിനേന ബി.ജെ.പി വിരിച്ച ചാക്കിലേക്ക് ചാടിക്കയറാൻ മത്സരിക്കുകയാണ് പ്രാദേശിക നേതാക്കൾ. ഇൗ പാർട്ടികളിലൊക്കെ വിശ്വാസമർപ്പിച്ച് മതന്യൂനപക്ഷങ്ങൾക്ക് എത്രകാലം മുന്നോട്ടുപോവാനാവും?
‘ദൈവം ഒരു ജനതയുടെയും അവസ്ഥ മാറ്റുകില്ല, അവർ സ്വയം മാറ്റത്തിനു തയാറില്ലാത്തേടത്തോളം’ എന്ന വേദവാക്യം പ്രസക്തമാവുന്നതിവിടെയാണ്. സ്വയം തിരുത്തി, ഭിന്നതകൾ ഒതുക്കി, ധാർമിക ശക്തിയാർജിച്ച് സഹിഷ്ണുതയുടെയും സ്നേഹത്തിെൻറയും സന്ദേശവുമായി വർഗീയ ഫാഷിസം സൃഷ്ടിക്കുന്ന വിദ്വേഷത്തെ പതറാതെ നേരിടാൻ മുസ്ലിം ഇന്ത്യക്ക് കഴിയുമെങ്കിൽ, കഴിയുമെങ്കിൽ മാത്രം ഭാഗധേയം മാറ്റിക്കുറിക്കാം. ഇല്ലെങ്കിൽ മതേതരത്വ മരീചികയുടെ പിറകെ പ്രയാണം തുടർന്ന് ദുർവിധിക്ക് കീഴടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.