കേരളത്തെ പണയംവെക്കുന്ന അഭിമാന പദ്ധതി!

2015 ആഗസ്റ്റ് 17നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുറമുഖനിർമാണ കരാറിൽ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചത്. അന്നുതന്നെ പദ്ധതി വിനാശകരമാണെന്ന് അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് പിണറായി വിജയൻ എന്ന മുതിർന്ന സി.പി.എം നേതാവ് ആരോപിച്ചു.

2017 മേയ് 23ന്, കംട്രോളർ-ഓഡിറ്റർ ജനറൽ അതിന്റെ റിപ്പോർട്ട് സംസ്ഥാന നിയമസഭയിൽ വെച്ചു. തുറമുഖ കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് ഹാനികരമാണെന്നും സംസ്ഥാനത്തിന് സാമ്പത്തികനഷ്ടമുണ്ടാക്കിയെന്നും അതിൽ പറയുന്നു.

പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് 30 വർഷമാണ് സ്റ്റാൻഡേഡ് കാലാവധിയെങ്കിൽ അദാനിക്ക് കരാർ നൽകിയത് 40 വർഷമാണെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതുവഴി അദാനി ഗ്രൂപ് കമ്പനിക്ക് 29,217 കോടി രൂപ അധിക വരുമാനം നേടാൻ അനുവദിക്കുന്നതായും ഇത് അഴിമതിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മൊത്തം പദ്ധതിച്ചെലവ് 7525 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി സി.എ.ജി റിപ്പോർട്ടിന്മേലുള്ള അന്വേഷണ കമീഷനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിച്ചു. 2018 ഡിസംബർ 31ന് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു, അഴിമതിയുടെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ കമീഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റും നൽകി.

എന്നാൽ, കരാറിലെ ചില വ്യവസ്ഥകൾ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ജുഡീഷ്യൽ കമീഷൻ കണ്ടെത്തിയിരുന്നു. സംസ്ഥാന ആസ്തികൾ ഈടായി ഉപയോഗിക്കാൻ അദാനിയുടെ കമ്പനിയെ അനുവദിച്ചതും കരാറുകാരനെ തിരഞ്ഞെടുത്തശേഷം പ്രോജക്ട് പ്ലാൻ മാറ്റിയതും ഇതിൽ ഉൾപ്പെടുന്നു.

കമീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അടുത്ത നടപടിയെക്കുറിച്ച് സംസ്ഥാന സർക്കാർ 2020ൽ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. ഇതിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എവിടെയുമെത്തിയില്ല.

ഇതിനു പുറമെ സർക്കാർ ഏറ്റെടുത്തുകൊടുത്ത ഭൂമിയത്രയും മറ്റിടങ്ങളിൽ ഈടുവെച്ച് വായ്പ സമ്പാദിക്കാൻ അദാനി ഗ്രൂപ്പിനെ അനുവദിക്കുന്ന ക്ലോസും കരാറിൽ എഴുതിച്ചേർത്തിരുന്നു. കരാർ ഒപ്പിടുമ്പോൾ എതിർത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ പദ്ധതിയുടെ കടുത്ത അനുകൂലിയായി മാറി.

കരൺ അദാനി വന്നുകണ്ടതോടെ 'ഇത് കേരളത്തിന്റെ അഭിമാന പദ്ധതിയാണ്' എന്നും അദ്ദേഹം പ്രഖ്യാപിച്ചു. കരാർപ്രകാരം 2015 ഡിസംബർ അഞ്ചിന് ആരംഭിച്ച ഒന്നാം ഘട്ട നിർമാണപ്രവർത്തനങ്ങൾ 2019 ഡിസംബർ മൂന്നിന് പൂർത്തീകരിക്കേണ്ടതായിരുന്നു.

എന്നാൽ, ഇന്നുവരെ നിർമാണം പൂർത്തിയായില്ല. മാത്രമല്ല, കടൽ ഡ്രെഡ്ജിങ്, പുലിമുട്ട് നിർമാണം എന്നിവ 33 ശതമാനം മാത്രമാണ് പൂർത്തിയായത് എന്നാണ് നിലവിലെ തുറമുഖമന്ത്രി നിയമസഭയെ അറിയിച്ചത്. ആകെ 7.1 ദശലക്ഷം ഘനമീറ്റർ ഡ്രെഡ്ജിങ്ങും കടൽനികത്തൽ പരിപാടികളുമാണ് നടക്കേണ്ടത്.

ഇതിൽ 2.3 ദശലക്ഷം ഘനമീറ്റർ ഡ്രഡ്ജിങ്, റിക്ലമേഷൻ (കടൽ നികത്തൽ) എന്നിവയാണ് പൂർത്തീകരിക്കാനായത്. തുറമുഖത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നായ 3100 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ നിർമാണം പൂർത്തീകരിച്ച് തിരമാലകളിൽനിന്ന് സംരക്ഷണം നൽകിയാൽ മാത്രമേ ഡ്രഡ്ജിങ്ങും റിക്ലമേഷനും ബെർത്ത് നിർമാണവും പൂർത്തീകരിക്കാനാകൂ എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കുന്നു.

പദ്ധതി സമയബന്ധിതമായി നടപ്പാക്കാത്തതു സംബന്ധിച്ച് നിലവിൽ അദാനി ഗ്രൂപ്പും കേരള സർക്കാറും തമ്മിൽ നിയമനടപടി നടന്നുവരുന്നുണ്ട്. 2020 മാർച്ച് മാസത്തിൽ പിഴ ഈടാക്കാനായി സർക്കാർ നോട്ടീസ് നൽകി.

എന്നാൽ, പ്രകൃതിക്ഷോഭം, കോവിഡ് മഹാമാരി തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങൾ നിമിത്തമാണ് നിർമാണം പൂർത്തീകരിക്കാൻ കഴിയാതെപോയെന്നും അഞ്ചു വർഷംകൂടി കരാർ കാലാവധി നീട്ടിനൽകണമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം.

ഇതിലെ വാദങ്ങൾ ആർബിട്രേഷൻ ട്രൈബ്യൂണലിൽ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 12 ലക്ഷം രൂപ വീതമാണ് അദാനി ഗ്രൂപ് പിഴ നൽകേണ്ടത്. അത് ഒഴിവാക്കിയെടുക്കാൻകൂടിയാണ് ആർബിട്രേഷൻ നടക്കുന്നത്.

പറഞ്ഞ സമയത്ത് കരാർ പൂർത്തീകരിച്ചില്ലെങ്കിൽ കരാർ അവസാനിപ്പിക്കാമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ, നിർമിക്കുന്നത് 'അഭിമാനപദ്ധതി'യും കാലതാമസം വരുത്തിയത് അദാനി കമ്പനിയുമായതിനാൽ സർക്കാർ അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല.

(തുടരും)

Tags:    
News Summary - A proud project that pledges Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT