ഇൗ വർഷം മൺസൂൺ തുടങ്ങി കർക്കടകം അവസാനിക്കുേമ്പാേഴക്കും മുതലപ്പൊഴിയിൽ ആറില ധികം മത്സ്യബന്ധന വള്ളങ്ങളാണ് മറിഞ്ഞത്. മരിച്ചവരുടെ എണ്ണം രണ്ട്. പരിക്കേറ്റവർ 11 പേ ർ. 25 ലക്ഷത്തിലധികം രൂപയുടെ നാശമുണ്ടായി. കല്ലും മണ്ണും നീക്കംചെയ്യാമെന്നു പറഞ്ഞ് മുത ലപ്പൊഴിയിലെത്തിയ അദാനി ഗ്രൂപ്പിെൻറ വാദങ്ങൾ പൊള്ളയാെണന്ന് ഇൗ കർക്കടകത്തിൽ ഉ ണ്ടായ അപകടമരണങ്ങൾ വെളിവാക്കുന്നു...
2019 ആഗസ്റ്റ് 12, തിങ്കളാഴ്ച പുലർച്ച അഞ്ചര ക്കാണ് അവർ മുതലപ്പൊഴി ഹാർബറിൽനിന്ന് കടലിലേക്ക് പുറപ്പെട്ടത്. പുലിമുട്ടുകൾക് കിടയിലൂടെയുള്ള അേപ്രാച് ചാനലിൽ വലിയ തിരമാല അവരുടെ വള്ളത്തെ എടുത്തു മറിച്ചിട്ട ു. മൂന്നുപേർ നീന്തി കരകയറി. എന്നാൽ, അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പ് നീനു കോട്ടേജില് റോക്കി ബെഞ്ചിനോസ് (57), അഞ്ചുതെങ്ങ് പഞ്ചായത്ത് ഒാഫിസിന് സമീപം കുന്നുംപുറത്ത് വീട്ടില് ലാസര് തോമസ് (55) എന്നിവരുടെ മൃതദേഹംപുലിമുട്ടുകൾക്കിടയിലെ വലിയ കല്ലുകൾക്കിടയി ൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ആർക്കുംഅവസാനമായി റോക്കിയുടെ മുഖം കാണാനായില്ല. മുഖം അടർന്നുപോയിരുന്നതിനാൽ വെള്ളത്തുണികൊണ്ട് പൊതിഞ്ഞുകെട്ടിയാണ് അന്ത്യകർമങ്ങൾക്കായി വീട്ടിലെത്തിച്ചത്.
2019 ആഗസ്റ്റ് 17ന് ൈവകീട്ട് മുതലപ്പൊഴിയിൽ മറ്റൊരു ബോട്ട് അപകടത്തിൽപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി അല്ഫോണ്സിെൻറ ഉടമസ്ഥതയിലുള്ള ബോട്ടിൽ നാലു മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. അഞ്ചുതെങ്ങുകാരായ ജറാള്ഡ്, നെനോയ്, റോഷന്, കുട്ടന് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ജൂണിൽ രണ്ടു വള്ളങ്ങളാണ് മറിഞ്ഞത്. അതിൽ പരിക്കേറ്റ നാലുപേർ ഒരാഴ്ചയോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹാരിസ് (18), അജു മുഹമ്മദ് (53), അഭിജിത് (30), ജലീൽ (36) എന്നീ വർക്കല സ്വദേശികൾ അപകടം നടന്ന് ഒന്നര മാസം പിന്നിടുമ്പോഴും കടൽപ്പണിക്കു പോയിത്തുടങ്ങിയിട്ടില്ല. ഇവർക്ക് ഒരുതരത്തിലുമുള്ള നഷ്ടപരിഹാരവും കിട്ടിയില്ലെന്ന് ബോട്ടുടമ വർക്കല സ്വദേശി ഷാജഹാൻ പറയുന്നു. വള്ളം മുഴുവൻ തകർന്നു. എൻജിനുകളും കേടായി. ഇപ്പോഴും പൊഴിയിൽ കല്ലുകളും മണ്ണും അടിഞ്ഞുകിടക്കുകയാണെന്നും അദാനി വന്ന ശേഷം ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഗോൾഡൻ ബീച്ച്
‘‘നേരത്തേ ഈ ബീച്ചിൽ മക്കൾക്ക് ഇറങ്ങി കളിക്കാമായിരുന്നു. ഇപ്പോൾ ഗേറ്റ് പൂട്ടിക്കെട്ടി അടച്ചുവെച്ചിരിക്കുകയാണ്’’ -പരിസരവാസിയും മത്സ്യത്തൊഴിലാളിയുമായ സുധീർ രോഷംകൊണ്ടു. പെരുമാതുറ കടൽത്തീരം ഇപ്പോൾ അറിയപ്പെടുന്നത് ഗോൾഡൻ ബീച്ച് എന്ന പേരിലാണ്. ഇതൊരു ഗോൾഡൻ ബീച്ചുതന്നെ. എന്നാൽ നാട്ടുകാർക്കല്ല, അദാനിക്കാണെന്നു മാത്രം. ഇൗ ബീച്ച് ഇപ്പോഴൊരു വിലക്കപ്പെട്ട പ്രദേശമാണ്. അവിടെ ജനിച്ചുവളർന്നവർക്കുപോലും ബീച്ചിലേക്ക് പ്രവേശനമില്ല. പെരുമാതുറ പാലത്തിനു താഴെ നിരയായി കിടക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണിനു മുന്നിൽ ഇപ്പോൾ ഇരുമ്പുഷീറ്റുകൊണ്ടുള്ള പത്തടി പൊക്കത്തിലുള്ള മതിലുണ്ട്. സുരക്ഷാവേലിയെന്നാണ് അതിനു പേര്.
അവിടവിടെയായി സെക്യൂരിറ്റി ഔട്ട് പോസ്റ്റുകളുണ്ട്. ഈ ബീച്ചിലാണ് അദാനി ഗ്രൂപ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിെൻറ വമ്പൻ പുലിമുട്ടിനുള്ള വലിയ കല്ലുകൾ ശേഖരിച്ചുവെക്കാൻ സ്റ്റോക്ക് യാർഡ് ഒരുക്കുന്നത്. മൂന്നു ജില്ലകളിൽ നിന്നുള്ള ക്വാറികളിൽനിന്ന് പശ്ചിമഘട്ടം തുരന്നു കൊണ്ടുവരുന്ന വലിയ കല്ലുകൾ ഇവിടെനിന്ന് ബാർജുകളിൽ കയറ്റി വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഇതിനുള്ള വാർഫ് നിർമാണം ഏതാണ്ട് പൂർത്തിയായി. വിഴിഞ്ഞം തുറമുഖത്തിന് ആകെ വേണ്ടത് 75 ലക്ഷം ടൺ പാറയാണ്. പുലിമുട്ട് നിർമാണത്തിനു മാത്രം 65 ലക്ഷം ടൺ പാറ വേണം. ഇതുവരെയായി അഞ്ച് ടൺ പാറ മാത്രമാണ് ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള 21 ക്വാറികളിൽനിന്നാണ് ഇനി വിഴിഞ്ഞത്തേക്ക് കല്ലെത്തിക്കുക. ഈ കല്ലുകൾ അത്രയും ഇനി പെരുമാതുറ ബീച്ചിൽ വന്നിറക്കി കടൽവഴി വിഴിഞ്ഞത്തേക്ക് കൊണ്ടുപോകും. ദിവസവും രണ്ടു യാത്രകളിലായി 10,000 ടൺ കല്ല് ബാർജുകളിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
അദാനി വന്ന വഴി
2018 ഏപ്രിലിലാണ് അദാനി ഗ്രൂപ് പെരുമാതുറയിലെത്തുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിെൻറ നാല് കിലോമീറ്റർ നീളമുള്ള പുലിമുട്ട് നിർമിക്കാൻ പാറ കിട്ടാതെ വലയുന്നതിനിടെയാണ്, പശ്ചിമഘട്ടം കൊത്തിയിറക്കി കുറച്ചു ദൂരം റോഡ് വഴിയും കുറെ ദൂരം കടൽ വഴിയും വിഴിഞ്ഞത്തേക്ക് പാറയെത്തിക്കാം എന്ന് ആലോചന വന്നത്. പുലിമുട്ടുകളുടെ പ്രശ്നം തീർക്കണമെന്നും ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും കനത്ത പ്രക്ഷോഭത്തിലുമായിരുന്നു. പുലിമുട്ടുകൾക്കിടയിലെ മണ്ണും ഇടിഞ്ഞുവീണ വമ്പൻ കല്ലുകളും നീക്കംചെയ്യാനുള്ള സർക്കാറിെൻറ പരിശ്രമങ്ങളും പാഴായിപ്പോയിരുന്നു.
അപ്പോഴാണ് സർക്കാറിെൻറയും നാട്ടുകാരുടെയും രക്ഷകരായി അദാനി ഗ്രൂപ് രംഗപ്രവേശം ചെയ്തത്. വെള്ളച്ചാൽ (അപ്രോച് ചാനൽ) സൗജന്യമായി ആഴംകൂട്ടി നൽകാമെന്നാണ് ഉറപ്പു നൽകിയത്. പകരം താൽക്കാലികമായി പെരുമാതുറ ബീച്ചിൽ സ്റ്റോക്ക് യാർഡ് പണിയാൻ സമ്മതിക്കണം, വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കല്ലുകൾ എത്തിച്ചുതീരും വരെ അവ ഉപയോഗിക്കാൻ അനുമതി നൽകണം, കല്ലുകൾ കൊണ്ടുപോകുന്ന ബാർജുകൾ അടുപ്പിക്കാൻ സ്വകാര്യ വാർഫ് പണിയാൻ അനുവദിക്കണം എന്നൊക്കെയാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ ആഡംബര, യാത്രക്കപ്പലുകളോ ചരക്കുബോട്ടുകളോ അടുപ്പിക്കാൻ സാധിക്കുമെന്നും അവമൂലം പ്രദേശത്തിെൻറ വികസനകാര്യങ്ങളിൽ വലിയ കുതിപ്പുണ്ടാകുമെന്നും ആദ്യകാലത്ത് പ്രചാരണം ഉണ്ടായിരുന്നു.
എന്തായാലും, സർക്കാർ ഈ ഓഫർ സ്വീകരിച്ചു. നിലവിൽ 31. 02 കോടി രൂപ ചെലവിൽ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴിൽ നിർമിക്കുന്ന മുതലപ്പൊഴി ഹാർബറിന് ഈ ഓഫർ വലിയ ലാഭം ഉണ്ടാക്കുമെന്ന് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെൻറും മനക്കണക്ക് കൂട്ടി. അഞ്ച് മീറ്റർ ആഴം ഉറപ്പാക്കും എന്നാണ് പദ്ധതിയുടെ ഫ്ലാഗ് ഓഫ് സമയത്ത് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്.
‘‘ടൂറിസം പദ്ധതിപ്രദേശത്ത് കച്ചവടം ചെയ്യാമെന്നും മക്കളെ പഠിപ്പിക്കാനായി പത്തു രൂപ ഇതിൽ നിന്നുണ്ടാക്കാമെന്നും കരുതി. എന്നാലിപ്പോൾ ഞങ്ങളെ ആട്ടിപ്പായിക്കുന്നു’’ –നെഹർബാൻ, പെരുമാതുറയിലെ ചെറുകിട കച്ചവടക്കാരി, സമരനായിക
‘‘ഞങ്ങൾക്കറിയാം, ഞങ്ങളെ നന്നാക്കാനല്ല അദാനി ഇവിടെ വന്നത് എന്ന്. ലാഭമില്ലാത്ത ഒരു പ്രവൃത്തിയും അദാനി ഗ്രൂപ് ചെയ്യില്ല. പ്രശ്നങ്ങൾ തീർക്കാം എന്ന് ഉറപ്പുതന്നവർ ഇപ്പോൾ ഞങ്ങളുടെ തീരവും കൂടി കൈയടക്കി’’ –ഷാജഹാൻ ഇബ്രാഹിം, പെരുമാതുറ നിവാസി, മത്സ്യത്തൊഴിലാളി
‘‘അദാനി വന്നത് നമ്മളെ രക്ഷിക്കാനല്ല. കല്ല് കൊണ്ടു പോകാൻ അവർക്കൊരു ഇടത്താവളം വേണം. ഇൗ വാർഫ് താഴംപിള്ളിയിൽ കൊണ്ട് വരാനായിരുന്നു ശ്രമം. എന്നാൽ, നാട്ടുകാർ സമ്മതിച്ചില്ല. അവിടുത്തുകാർ തള്ളിക്കളഞ്ഞപ്പോഴാണ് മുതലപ്പൊഴിയെ ഇതിനായി തിരഞ്ഞെടുത്തത്’’ –ആൻറണി ഫെർണാണ്ടസ്, മുതലപ്പൊഴി വാർഡ് മെംബർ, ചിറയിൻകീഴ്
പഞ്ചായത്ത്‘‘സത്യത്തിൽ സർക്കാർ ചെയ്ത കുഴപ്പമാണ് ഇത്. ഈ സ്ഥലം അദാനിക്ക് കൊടുക്കാൻ പാടില്ലായിരുന്നു. മുതലപ്പൊഴിയുടെ തെക്കുവശത്തു രൂപപ്പെട്ട തീരം മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കുകയാണ് വേണ്ടത്. അത് മത്സ്യത്തൊഴിലാളികളുടെ സ്വത്താണ്’ -ടി. പീറ്റർ, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജന.സെക്രട്ടറി.
നാളെ: ഒരുകൊല്ലത്തിനു ശേഷം എന്തൊക്കെ നടന്നു?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.