സമാനാ കിസികി റഊനത്
പേ ഖാക് ഡാൽ ഗയാ?
യേ കോൻ ബോൽ രഹാ ഥാ
ഖുദാ കേ ലെഹ്ജേ മേ?
(ആരുടെ ധാർഷ്ട്യത്തെയാണ്
കാലം മൺകൂനയായത്?
ദൈവത്തിെൻറ ഭാഷയാണ് പറയുന്നതെന്ന് നടിച്ചു നടന്നതാരായിരുന്നു?)
ഇഫ്തിഖാർ ആരിഫിന്റെ ഈ രണ്ടുവരികൾ അഹങ്കാരത്തെക്കുറിച്ച് സർവതും നിർവചിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്, മഹാ ജാലവിദ്യക്കാരനായ പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിൽ സത്യപ്രതിജ്ഞ ചടങ്ങിൽ ഇരിക്കുന്നത് കാണുന്നതുവരെ. മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം തെരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്ന സർക്കാറിലെ സഹപ്രവർത്തകർ നിലനിർത്തി. എവിടെപ്പോയി നാഷനൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) പങ്കാളികളായ ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നോമിനികൾ ? ‘നിരുപാധികമായ കീഴടങ്ങൽ’- വെട്ടിത്തുറന്ന് പറയുന്നതിന് പേരുകേട്ട ഒരു മാധ്യമപ്രവർത്തകൻ അലറി. ഈ രണ്ട് സഖ്യകക്ഷികളുടെയും കളി നടക്കാൻ പോകുന്നത് അവരവരുടെ സംസ്ഥാനങ്ങളിലെ ‘അധികാരം’കൊണ്ടാണെന്നും മന്ത്രിസഭ പദവികൾ വഴിയല്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല.
കേന്ദ്രമന്ത്രിസഭയിൽ തുടരുന്നത് അവരുടെ വിലപേശൽ ശേഷി വർധിപ്പിക്കുന്നു. അതുവഴി അവർ സംസ്ഥാനങ്ങളിലെ അധികാര അടിത്തറ കൂടുതൽ സുശക്തമാക്കും. ചന്ദ്രബാബു നായിഡുവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം താലോലിക്കുന്ന പദ്ധതി ആന്ധ്രപ്രദേശിെൻറ തലസ്ഥാന നിർമിതിയാണ്. ചണ്ഡീഗഢിെൻറ രൂപകൽപനക്കായി വിഖ്യാത സ്വിസ്-ഫ്രഞ്ച് വാസ്തുശിൽപി ലെ കോർബ്യൂസിയറെ കൊണ്ടുവന്നു പണ്ഡിറ്റ് നെഹ്റു. അതുക്കും മേലെ ഒരു നഗരനിർമിതിയാണ് നായിഡു സ്വപ്നം കാണുന്നത്. നായിഡുവിെൻറയോ നിതീഷിെൻറയോ പ്രാദേശിക കരിഷ്മ അത്ര സുരക്ഷിതമൊന്നുമല്ല. പാർട്ടിയിൽനിന്ന് നിർദേശിക്കുന്ന നോമിനി കേന്ദ്ര കാബിനറ്റിൽ മികച്ചൊരു വകുപ്പും നല്ല പ്രകടനമെന്ന പേരും നേടിയെടുത്താൽ കാലക്രമേണ അവർ ഈ വലിയ നേതാക്കളെത്തന്നെ വെല്ലുവിളിക്കാൻ തുടങ്ങും.
കേന്ദ്രത്തിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പോന്നയാളാണ് നിതീഷ്. ആടിയുലയുന്നവിധം ദുർബലമാണ് അദ്ദേഹത്തിന്റെ മനോനിലയെന്ന കാര്യം ലോകം മുഴുവൻ സമ്മതിക്കും. പക്ഷേ, ബിഹാറിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനെ വേണ്ടവിധം കൈകാര്യം ചെയ്യാൻ ആവശ്യമായ തന്ത്രം അദ്ദേഹത്തിെൻറ പക്കലുണ്ട്. എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാവുക വഴി സംസ്ഥാനത്ത് ജെ.ഡി.യുവിെൻറ സീറ്റുകൾ ഇനിയും വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഇൻഡ്യ സഖ്യം ചരിത്രം സൃഷ്ടിച്ചുവെന്നത് നേരുതന്നെയാണ്. പക്ഷേ, കാലത്തിെൻറ പരീക്ഷണം അതിജീവിക്കുംവരെ യോജിപ്പ് നിലനിർത്തുന്നതിൽ അവർ അതിജാഗ്രത തന്നെ പുലർത്തണം. കഴിഞ്ഞുപോയത് വല്ലാത്ത ആശങ്ക മുറ്റിയ ഒരു ദശാബ്ദമായിരുന്നുവെന്നതിനാൽ ഇൻഡ്യ സഖ്യത്തിന് ചുവടുപിഴക്കുമോ എന്ന് ഭയം തോന്നുന്ന ഘട്ടത്തിലെല്ലാം ‘‘ലേ സാംസ് ഭീ അഹിസ്കേ നാസുക് ഹേ ബഹുത് കാം ആഫാഖ് കേ ഇസ് കർഗഹേ ശീഷാ ഗരി കാ’’(മൃദുവായി വേണം നിശ്വാസം പോലും, അത്രമേൽ ലോലമീ ചില്ലുകൂടിൻ ചേർപ്പുകൾ) എന്ന മിർ തഖി മീറിെൻറ വരികളാണ് മനസ്സിലോടിയെത്തുക. ഇതുവരെ സഖ്യം കാര്യങ്ങളെല്ലാം നല്ലരീതിയിൽ കൊണ്ടുപോയെങ്കിലും മാധ്യമങ്ങളുടെ സ്വഭാവം മാറിയിട്ടില്ല എന്നതുകൊണ്ടുതന്നെ അവർ ശരിക്കും സൂക്ഷിക്കണം. വൻകിട കോർപറേറ്റുകൾ ഇപ്പോഴും മോദിയെ വാഴ്ത്തിപ്പാടുന്ന തിരക്കിലാണ്.
ഇതിനിടയിൽ, മാധ്യമങ്ങൾ വിനാശകരമായ ഒരു കളികളിച്ചേക്കാം. ഇപ്പോൾ വന്ന തെരഞ്ഞെടുപ്പ് ഫലം മുഖ്യധാരാ മാധ്യമങ്ങളോടുള്ള ജനങ്ങളുടെ അവിശ്വാസത്തിെൻറ കൂടി പ്രകടനമായിരുന്നു. വിശ്വാസ്യത അത്രമേൽ സംശയ നിഴലിലായതിനാൽ, ഇൻഡ്യ സഖ്യത്തെ അസ്വസ്ഥമാക്കുന്നതിന് മാധ്യമങ്ങൾ നടത്തുന്ന നീക്കങ്ങൾ ഫലം കാണുമോ എന്ന് സംശയം തോന്നിയേക്കാം. പക്ഷേ അവരുടെ നീക്കങ്ങൾ മിക്കവാറും അദൃശ്യമായ രീതിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുറച്ചുള്ളതായിരിക്കും. കുറച്ച് ദിവസം മുമ്പ് പത്രങ്ങളുടെ മുൻപേജിൽ ഒരു ഫോട്ടോ അച്ചടിച്ചു വന്നു, ടി.വി ചാനലുകളിൽ ഈ ഫ്രെയിം പലതവണ ആവർത്തിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നിൽക്കുന്നതാണ് ചിത്രം. ആ ചിത്രം ഇത്ര പ്രാധാന്യപൂർവം നൽകുന്നതിെൻറ ഫലമെന്താണ്?
ഇൻഡ്യ സഖ്യത്തെ നയിക്കുന്നത് കോൺഗ്രസാണ്, ആ പാർട്ടി നൂറു സീറ്റ് തികച്ചു നേടിയത് രാഹുൽ ഗാന്ധി നടത്തിയ വിജയകരമായ യാത്രകളുടെ തുടർച്ചയായാണ്. ഇന്ത്യയുടെ സാമ്പത്തിക അസമത്വങ്ങളെ തിരിച്ചറിഞ്ഞ് ജനസൗഹാർദപരമായ പ്രകടനപത്രിക തയാറാക്കാൻ തക്ക പക്വതയാർജിച്ച നേതാവാണ് രാഹുലിന്ന്. പക്ഷേ സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവ് ഇല്ലായിരുന്നുവെങ്കിൽ യു.പിയിലെ അജയ്യമായ കോട്ടയിൽ ബി.ജെ.പിയെ തോൽപിക്കാൻ സാധിക്കുമായിരുന്നില്ല. ബി.ജെ.പിയെ അവരുടെ മടയിൽപ്പോയി കുഞ്ചിരോമത്തിൽ പിടിച്ച് തൂക്കിയെടുത്ത് പരാജയപ്പെടുത്തിയത് അഖിലേഷ് യാദവാണെന്ന കാര്യം സോണിയ-രാഹുൽ-പ്രിയങ്ക ഗാന്ധിമാരെ എടുത്തുകാട്ടുന്നയത്ര പ്രാധാന്യത്തിൽ മാധ്യമങ്ങൾ അവതരിപ്പിക്കില്ല. കോൺഗ്രസിെൻറയോ ഈ മൂന്നു നേതാക്കളുടെയോ കുറ്റമല്ല അത്. പക്ഷേ തൊട്ടാൽ പൊട്ടുന്ന സഖ്യകക്ഷികൾ ഇതൊക്കെ തെറ്റിദ്ധരിക്കാൻ കാരണമായേക്കുമെന്ന കാര്യം അവർ മനസ്സിലാക്കണം.
2017ൽ ലഖ്നോയിൽ വെച്ച് അഖിലേഷ് യാദവുമായി നടത്തിയ സംഭവം ഓർമവരുന്നു. ധാരണയുണ്ടായിട്ടും രാഹുൽ നിരാശപ്പെടുത്തിയെന്നത് വ്യക്തമാക്കാൻ അദ്ദേഹമന്ന് പറഞ്ഞത് ‘‘ഇവർ (രാഹുലിനെപ്പോലുള്ളവർ) ഞങ്ങളുടെ കൂടെ ഇരിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല’’എന്നാണ്. കാര്യങ്ങൾ 2017ൽനിന്ന് ഒരുപാട് മാറിമറിഞ്ഞു. രാഹുലും അഖിലേഷും പക്വതയാർജിച്ച നേതാക്കളായി വളർന്നു. ഡിജിറ്റൽ- യൂട്യൂബ് മാധ്യമങ്ങളിൽ നൂറു പൂക്കൾ വിരിഞ്ഞു. വിട്ടുവീഴ്ച ചെയ്യപ്പെട്ട മുഖ്യധാരക്കപ്പുറത്ത് ഉജ്ജ്വലമായ മാധ്യമപ്രവർത്തനം വ്യാപിച്ചു. പുതുതായുയർന്നുവന്ന ഈ മാധ്യമങ്ങൾ സ്റ്റാർ ജേണലിസ്റ്റുകളെ മറികടന്നു. തെരഞ്ഞെടുപ്പ് ഫലത്തിൽ അതിന് വ്യക്തമായ പങ്കുണ്ട്.
ഉയർന്നുവരുന്ന ശക്തി സമവാക്യങ്ങളിൽ ബന്ധങ്ങൾ കണ്ടെത്തുക എന്നതാണ് മുകളിലേക്ക് സഞ്ചരിക്കുന്ന മധ്യവർഗത്തിന്റെ പ്രവണത. ഒരു മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിച്ച് ലിബറൽ ഭരണഘടനയെ നശിപ്പിക്കുന്നതിനു മുമ്പായി മോദി സംഘത്തെ തടഞ്ഞുനിർത്താനായതിൽ അവർ സന്തോഷിക്കുന്നു. പക്ഷേ, ഉയർന്നുവരുന്ന ബദലിൽ ഇക്കൂട്ടർ തൃപ്തരല്ല. ഈ വരേണ്യവർഗം ഇന്ത്യ അസ്തിത്വമില്ലാത്ത ദ്വികക്ഷി സംവിധാനമായി നിലനിൽക്കാനാണ് ആഗ്രഹിക്കുന്നത്. - ബി.ജെ.പി അല്ലെങ്കിൽ കോൺഗ്രസ്.
എന്നാൽ അവർക്കു മുന്നിൽ ബി.ജെ.പിക്ക് പകരമായി ഇന്നുള്ളത് കോൺഗ്രസല്ല, ഇൻഡ്യ സഖ്യമാണ്. കോൺഗ്രസാണ് ഈ കൂട്ടായ്മയിലെ ഏറ്റവും വലിയ കക്ഷിയെന്നത് ശരിതന്നെ, എന്നാൽ ഈ നേട്ടത്തിൽ സമാജ്വാദി പാർട്ടിക്കും തുല്യമായ അവകാശമുണ്ട്. അതേപോലെ ബംഗാളിലെ തൃണമൂൽ കോൺഗ്രസും മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും തുല്യ ശ്രദ്ധ അർഹിക്കുന്നു. രാഹുലും അഖിലേഷും ചേർന്ന് നടത്തുന്ന ധന്യവാദ് യാത്ര ആ അർഥത്തിൽ നല്ലൊരു തുടക്കം തന്നെയാണ്. ജിഗർ മുറാദാബാദി പാടിയതു പോലെ ‘ഇതൊരു വഴിയമ്പലമാണ്, ഇവിടെ ആരും ഒരാളെക്കാളും താഴെയല്ല’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.