മതേതരത്വം മരിച്ചാൽ ഇന്ത്യ മരിച്ചു എന്നു പറഞ്ഞത് പണ്ഡിറ്റ് നെഹ്റു. ജനാധിപത്യ ഇന്ത്യയുടെ ജീവവായു മതേതരത്വമാണെന്നർഥം. അതില്ലാതായാൽ ഇന്ത്യ ജാതിവെറിയന്മാരായ ഫാഷിസ്റ്റുകളുടേതാകും എന്ന മുന്നറിയിപ്പുകൂടിയാണ് നെഹ്റുസിദ്ധാന്തം. ഇതേ സിദ്ധാന്തത്തിലൂന്നിയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രത്യയശസ്ത്ര ചട്ടക്കൂട് ഒരുക്കിയിട്ടുള്ളത്. എന്നാൽ, നെഹ്റുവിനെത്തന്നെ മറന്ന കോൺഗ്രസുകാർ ആ ചട്ടക്കൂടൊക്കെ പൊളിച്ചുകളഞ്ഞിട്ട് കാലം കുറെയായി. മൃദുഹിന്ദുത്വയുടെ പുതിയ ഫ്രെയിംവർക്കിലാണ് അവരുടെ പ്രയാണമിപ്പോൾ. അതുകൊണ്ടാണല്ലോ, പാർട്ടിയുടെ വളർച്ച പടവലങ്ങപോലായത്. പാർലമെന്റിൽ പിടിവിട്ടുതുടങ്ങിയിരിക്കുന്നു; സത്യംപറഞ്ഞാൽ, ഔദ്യോഗിക പ്രതിപക്ഷം എന്നു പറയാൻപോലും എണ്ണം തികച്ചില്ല. ഈ ദുർഘടനിമിഷത്തിൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിരിക്കുന്നതിൽ വല്ല അർഥവുമുണ്ടോ എന്ന കാതലായ ചോദ്യമേ സഖാവ് ബിനോയ് വിശ്വം ഉയർത്തിയുള്ളൂ. അതുപക്ഷേ, ഇടതുസഖ്യത്തിലെ വല്യേട്ടന്മാർക്ക് രുചിച്ചില്ല. പാർട്ടി കോൺഗ്രസ് കാലത്ത് വലതുപക്ഷ കമ്യൂണിസ്റ്റുകൾ ഇടതുപക്ഷത്തെ തളർത്തുന്നുവെന്നാണ് കോടിയേരിയടക്കമുള്ളവരുടെ പരിഭവം.
കൊച്ചിയിൽ പി.ടി. തോമസ് അനുസ്മരണ ചടങ്ങിലായിരുന്നു അഭിപ്രായപ്രകടനം. കോൺഗ്രസുകാരനായിരുന്നുവെങ്കിലും മരണംവരെയും നെഹ്റുവിയൻ പാരമ്പര്യം മുറുകെപ്പിടിച്ചയാളായിരുന്നു പി.ടി. അങ്ങനെയൊരാളുടെ സ്മരണ തുളുമ്പുന്ന വേദിതന്നെയാണ് ഇതുപോലുള്ള രാഷ്ട്രീയ പ്രസ്താവനക്ക് ഏറ്റവും ഉചിതം. സദസ്സിൽ ഏറെയും കോൺഗ്രസുകാരായതിനാലാകാം, വിശ്വപ്രസിദ്ധകൃതികളിൽനിന്നുള്ള ഉദ്ധരണികളൊന്നുമുണ്ടായില്ല സഖാവിന്റെ പ്രസംഗത്തിൽ. സംസാരത്തിലൊരിടത്തും കവിത കിനിഞ്ഞതുമില്ല. കാര്യങ്ങൾ നേരേ ചൊവ്വേ പറഞ്ഞു: ''വിയോജിപ്പുകളുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകാനിടയുള്ള ശൂന്യതയെക്കുറിച്ച് ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. കോൺഗ്രസ് തകർന്നാൽ ശൂന്യത നികത്താനുള്ള കെൽപ് നിലവിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിനില്ല. അവിടെയെത്തുക സംഘ്പരിവാറും അവരുടെ ഫാഷിസ്റ്റ് ആശയങ്ങളുമായിരിക്കും.'' ഒന്നു നന്നായിക്കൂടെ കോൺഗ്രസേ എന്നു മാത്രമല്ല ഇതിനർഥം; സംഘ്പരിവാർപോലെത്തന്നെ എതിർക്കപ്പെടേണ്ടവരാണ് കോൺഗ്രസുമെന്ന വല്യേട്ടൻ നിലപാടിനുള്ള അടികൂടിയാണീ പ്രസ്താവന. സംഘ്പരിവാറിനു മുന്നേ, 'കോൺഗ്രസ് മുക്തഭാരതം' എന്ന മുദ്രാവാക്യം വിളിച്ചവരായിരുന്നുവല്ലോ ഇവിടത്തെ കമ്യൂണിസ്റ്റുകാർ. ഇതിനെല്ലാം പുറമെ, രാജ്യത്തെ ഇടതുപക്ഷത്തിന്റെ ദയനീയാവസ്ഥയും സഖാവിന്റെ വാക്കുകളിലുണ്ട്. മൂന്ന് വാചകങ്ങളിൽ ഇത്രയും വലിയൊരു പ്രബന്ധം അവതരിപ്പിക്കാമെങ്കിൽ പിന്നെയെന്തിന് കവിതയെ കൂട്ടുപിടിക്കണം!
ബിനോയിയുടെ 'ബദൽരേഖ' സി.പി.എമ്മിനെ പ്രകോപിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കോടിയേരിതന്നെ നേരിട്ട് രംഗത്തെത്തി പാർട്ടിയുടെ നയം ആവർത്തിച്ചു. മൃദു ഹിന്ദുത്വയുടെ വക്താക്കളായ കോൺഗ്രസിനെ മുന്നിൽനിറുത്തി ഒരു ദേശീയ ബദൽ സാധ്യമല്ലെന്ന് സഖാവ് പാർട്ടിപത്രത്തിൽ തുറന്നടിച്ചു. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിനോയിയുടെ പ്രസ്താവന അസ്ഥാനത്തായിപ്പോയി എന്ന അഭിപ്രായവും അദ്ദേഹം മറച്ചുവെച്ചില്ല. സി.പി.ഐയും വിട്ടുകൊടുത്തില്ല. 'ബദൽരേഖ' പൊക്കിപ്പിടിച്ച് സഖാവ് കാനവും മാധ്യമങ്ങളെക്കണ്ടു. ദേശീയതലത്തിൽ രാഹുൽ അല്ലാതെ മറ്റൊരാളുടെ പേരു പറയാൻ അദ്ദേഹം സി.പി.എമ്മിനെ വെല്ലുവിളിച്ചു. വയനാട്ടിൽ രാഹുലിനെതിരെ മത്സരിച്ചതാരാണെന്നൊന്നും തിരിച്ചുചോദിക്കില്ലെന്ന ഉത്തമബോധ്യത്തിലാകാം കാനത്തിന്റെ ചലഞ്ച്. പാർട്ടി എക്സിക്യൂട്ടിവിലും 'ബദൽരേഖ'ക്ക് പിന്തുണ കിട്ടി. പക്ഷേ, മുന്നണിമര്യാദയുടെ പേരിൽ കാര്യങ്ങൾ അൽപം മയപ്പെടുത്താമായിരുന്നുവെന്ന അഭിപ്രായം അവിടെനിന്നുയർന്നു. അതോടെ, തൽക്കാലം വെടിനിർത്താൻ ധാരണയായി. തൃക്കാക്കരയിൽ പി.ടി. തോമസിന് പിൻഗാമിക്കായുള്ള മത്സരം കഴിഞ്ഞാലറിയാം ബാക്കി. ഏതായാലും പാർട്ടികോൺഗ്രസുകളിൽ ചർച്ചചെയ്യാൻ ഒരു വിഷയം കൂടിയായി.
ഈ വെടിനിർത്തൽ 'മുന്നണി മര്യാദ'യുടെ പേരിൽ മാത്രമാണു കേട്ടോ. പ്രത്യയശാസ്ത്ര സംവാദം പാർട്ടിപത്രങ്ങൾ വഴിയും അല്ലാതെയും ഇനിയും തുടരാം. നാല് പതിറ്റാണ്ടായി, ഒരു മെയ്യാണെങ്കിലും ഇരു മനസ്സാണ്. ഇടതുപക്ഷമെങ്കിലും നയപരമായുള്ള വ്യത്യാസം അജഗജാന്തരം. കോൺഗ്രസുമായുള്ള ബന്ധമാണ് വിഷയമെങ്കിൽ അന്തരം അങ്ങ് ആൻഡ്രോമിഡ ഗാലക്സിയോളം വലുതാകും. അത് ജനിതകപരംകൂടിയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് സംഭവിച്ചതുതന്നെ അങ്ങനെയാണല്ലോ. നെഹ്റു സർക്കാർ സോവിയറ്റ് പക്ഷത്തോട് ആഭിമുഖ്യം പുലർത്തിയപ്പോൾ പാർട്ടിയിലെ ഔദ്യോഗികവിഭാഗം ചെയർമാൻ എസ്.എ. ഡാങ്കേയുടെ നേതൃത്വത്തിൽ അവരോടൊപ്പം നിലയുറപ്പിച്ചു. ഈ 'വലതുപക്ഷ വ്യതിയാന'ത്തിൽ പ്രതിഷേധിച്ചാണല്ലോ സുന്ദരയ്യ, രണദിവെ, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയവർ പാർട്ടി പിളർത്തി പുറത്തുപോന്നത്. മോഹിത് സെൻ, കല്യാണസുന്ദരം മുതൽ പി.കെ.വി, സി. അച്യുതമേനോൻ വരെയുള്ളവർ മറുവശത്തും നിലയുറപ്പിച്ചു. ഈ പിളർപ്പിൽ 'വലതുപക്ഷ'ത്തിന് കാര്യമായ നഷ്ടം സംഭവിച്ചു എന്നു പറഞ്ഞുകൂടാ. കാരണം, കേരളത്തിൽ മുഖ്യമന്ത്രിപദമടക്കം കിട്ടിയത് കോൺഗ്രസ് പിന്തുണയിലാണ്. 1978ലെ, പതിനൊന്നാം പാർട്ടി കോൺഗ്രസുവരെയും ഒരർഥത്തിൽ സുവർണകാലമായിരുന്നു പാർട്ടിക്ക്. പക്ഷേ, ലയനസമാനമായൊരു മടക്കത്തിനുശേഷം സത്യംപറഞ്ഞാൽ പാർട്ടിക്ക് ക്ഷീണമാണ്. സി.പി.എമ്മിന്റെ തണലിൽ 'രണ്ടാമനാ'യി കഴിയാനാണ് വിധി.
അപ്പോഴും, ഇടക്കിടെ ചില നേതാക്കൾ ഡാങ്കെയെ ഓർക്കും. അടുത്തകാലത്തായി ആ ദൗത്യം ബിനോയ് വിശ്വത്തിനാണ്. അതുകൊണ്ടാണ് ദേശീയതലത്തിൽ പുതിയ സഖ്യത്തെക്കുറിച്ചുള്ള ഈ പ്രബന്ധം. മാത്രമല്ല, രണ്ട് പാർട്ടികളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അണികളാരെങ്കിലും ചോദിച്ചാൽ എണ്ണിപ്പറയാൻ ചില കാര്യങ്ങളും വേണമല്ലോ. അത്തരം വ്യത്യാസങ്ങൾ കണ്ടുപിടിച്ച് അവതരിപ്പിക്കാനുള്ള ചുമതലയും സഖാവിനാണ്. കൃത്യമായ ഇടവേളകളിൽ അദ്ദേഹമത് ചെയ്യാറുമുണ്ട്. വി.എസ്. മന്ത്രിസഭയിൽ അംഗമായിരിക്കെ, കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനവുമായി ബന്ധപ്പെട്ട് പി. ഗോവിന്ദപ്പിള്ളയുമായി നടത്തിയ സംവാദങ്ങളും പാർട്ടി അണികൾക്കുള്ള ക്ലാസുകളായിരുന്നു. തണ്ടർബോൾട്ട് സേന, കേരളത്തിൽ മാവോവാദികളെ വെടിവെച്ചുകൊന്നപ്പോൾ അതിനെതിരെ പ്രതികരിച്ചത് അതേ ക്ലാസിന്റെ പ്രായോഗിക തലമായി കണ്ടാൽ മതി. പതിവുപോലെ സി.പി.എമ്മിന് അതുപിടിച്ചില്ല. ബിനോയ് ആകാശത്തിലെ സ്വപ്നജീവിയെന്നായി പി. ജയരാജൻ അടക്കമുള്ളവർ. താൻ സ്വപ്നജീവിയെങ്കിൽ ആ സ്വപ്നത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നുവെന്ന് ബിനോയിയുടെ മറുപടി. കെ-റെയിലിന്റെ കാര്യത്തിലും സി.പി.ഐക്ക് മറ്റൊരഭിപ്രായമാണല്ലോ. പക്ഷേ, മുന്നണിമര്യാദയൊന്നുകൊണ്ടുമാത്രം സംയമനം പാലിക്കുന്നു. ഡൽഹിയിലെത്തുമ്പോൾ ഈ മര്യാദക്ക് അൽപം കുറവൊക്കെയാകാം. അതുകൊണ്ടാണ്, റെയിൽവേ മന്ത്രിയെ കാണാൻ ഇടതു എം.പിമാർ പോയപ്പോൾ സഖാവ് വിട്ടുനിന്നത്. വിട്ടുനിന്നത് പരിസ്ഥിതിയോർത്ത് വേദനിച്ചല്ല, പല്ലു വേദനിച്ചാണെന്നും പിന്നീട് വിശദീകരണം വന്നു.
നിലവിൽ രാജ്യസഭാംഗമാണ്. സഭയിൽ അച്ചടക്കം പാലിച്ചില്ല എന്നാരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട 12 പേരിലെ പ്രമുഖൻ. എന്തുവന്നാലും മാപ്പുപറയില്ലെന്നാണ് നിലപാട്. അക്കാര്യം തുറന്നുപറയാൻ, സവർക്കർ എന്ന ബിംബത്തെത്തന്നെ എടുത്തുപയോഗിച്ച് ദേശീയ ശ്രദ്ധ നേടി. ഡൽഹിയിലെത്തിയപ്പോൾ പഠിച്ച പ്രധാനപാഠം ഇതാണ്: കേരളമല്ല ഇന്ത്യ! പക്ഷേ, പ്രായോഗിക-അധികാര രാഷ്ട്രീയത്തിന്റെ ഇടതുവക്താക്കൾക്ക് ഇതു മനസ്സിലായില്ലെങ്കിൽ എന്തുചെയ്യാനാണ്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.