മഹാനായ ബി.ആർ. അംബേദ്കറുടെ 129ാമത് ജന്മദിനാചരണദിനമാണ് ഇന്ന്. ഇൗ കൊറോണ കാലം തുടങ്ങു ന്നതിന് തൊട്ടുമുമ്പുവരെയുള്ള ദിനം വരെ ഇന്ത്യയുടെ കാമ്പസുകളിലും തെരുവുകളിലുമട ക്കം സകലയിടങ്ങളിലും മുഴങ്ങിക്കേട്ടതും ഉയർത്തിപ്പിടിക്കപ്പെട്ടതും ചർച്ചചെയ്യപ ്പെട്ടതും ബാബാ സാഹെബ് അംബേദ്കറും അദ്ദേഹത്തിെൻറ മുദ്രാവാക്യങ്ങളും നിലപാടുകളുമായ ിരുന്നു. സമത്വമെന്ന ആശയത്തിനായി ഒരു പുരുഷായുസ്സു മുഴുവൻ പ്രയത്നിച്ച ആ മഹാനുഭാവൻ ഭാരതത്തിനു സമ്മാനിച്ച ഭരണഘടനയെ പൂർണമായും ഹനിച്ച് മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന ആശയത്തെ പ്രാവർത്തികമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ ശ്രമങ്ങളുടെ തുടക്കമെന്ന നിലയിൽ കിരാതമായ പൗരത്വനിയമ ഭേദഗതി പാർലമെൻറിൽ പാസാക്കിയത് ഇക്കഴിഞ്ഞ ഡിസംബർ 12നാണ്. ജനാധിപത്യം ഭൂരിപക്ഷഹിതമല്ല എന്നും സമത്വത്തിെൻറ മറ്റൊരു പേരാണെന്നും ജനാധിപത്യത്തെ മൗലികമായിതന്നെ പുനർനിർവചിച്ച ഭരണഘടന ശിൽപിക്ക് മറ്റെന്നത്തേക്കാളും ഏറെ പ്രസക്തിയുണ്ട് ഇന്ന്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് കലാലയങ്ങളിൽനിന്നാണ് എന്നതാവാം സമരത്തിെൻറ പ്രധാന മുദ്രാവാക്യവും പ്രചോദന കേന്ദ്രവും അംബേദ്കറാവാൻ പ്രധാന കാരണം. എന്നുമെന്നും കലാലയ പ്രക്ഷോഭങ്ങൾക്ക് അംബേദ്കറുടെ ആശയങ്ങൾ വലിയ ആവേശമായും പ്രചോദനമായും വർത്തിച്ചിട്ടുണ്ട്. അഭ്യസിക്കൂ, പ്രതിഷേധിക്കൂ, സംഘടിക്കൂ എന്ന അംബേദ്കർ സന്ദേശം എല്ലാ കാലത്തും സർവകലാശാലകളിലെ രക്തധമനികളിലൂടെ ആഴത്തിലാഴ്ന്നിറങ്ങിയതാണ്. ഇന്ത്യയിലെ മാത്രമല്ല, വിദേശസർവകലാശാലകളിലും വിദ്യാർഥിപ്രക്ഷോഭങ്ങളിൽ അംബേദ്കറുടെ സന്ദേശങ്ങൾ പലപ്പോഴും പ്രചോദനമാകുന്നത് കാണാം. വിവിധ സംസ്കാരങ്ങളും ഭാഷകളും ജീവിത രീതികളും വിശ്വാസാചാരങ്ങളും തുടങ്ങി ബഹുസ്വരത നിറഞ്ഞ ഒരു ജനനിബിഡ ദേശത്തെ ഇന്ത്യ എന്ന ഒറ്റച്ചരടിൽ കൂട്ടിക്കെട്ടിയ ദേശീയപ്രസ്ഥാനത്തിന് അവരെയെല്ലാം ഉൾക്കൊണ്ട് ഒരു ഭരണഘടനയും നിയമസംഹിതയും തയാറാക്കുന്ന സമിതിക്ക് നേതൃത്വം കൊടുക്കാൻ കിട്ടിയത് ലോകത്തുതന്നെ അത്യപൂർവമായ കഴിവുകൾക്കുടമയായ ഡോ. അംബേദ്കറെയായിരുന്നു എന്നത് ഇന്ത്യൻ ജനതയുടെ സുകൃതമായി കാണണം.
ദലിതൻ മലം ചുമക്കുന്നത് മുജ്ജന്മ പാപത്തിെൻറ പേരിലാണ് എന്നു മഹത്തുക്കൾവരെ വിശ്വസിക്കുകയും ചില സമയങ്ങളിൽ പരസ്യമായി പറയുകയും ചെയ്യുന്ന കാലത്താണ് ഇത്തരമൊരു പ്രധാന ഉത്തരവാദിത്തം അംബേദ്കറിനു കൈവന്നത് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. ജാതിതീവ്രതയുടെ ആ സമയത്താണ് ജനാധിപത്യത്തെ സാഹോദര്യമെന്ന മൂല്യവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കണമെന്ന്് അംബേദ്കർ പറയുന്നത്. മറ്റൊരാളിലേക്ക് ഉന്മുഖമായിരിക്കാൻ ശേഷിയും സന്നദ്ധതയുമുള്ള വ്യക്തിയിലാണ് ജനാധിപത്യം യഥാർഥത്തിൽ പ്രവർത്തിക്കുക. അതായത് ശ്രീനാരായണ ഗുരു പറഞ്ഞ അപരപ്രിയത്വം ആത്മത്തിനടിസ്ഥാനമാവുമ്പോഴാണ് വ്യക്തി തന്നെത്തന്നെ ഭേദിക്കുന്നത് എന്ന വാചകത്തിലേതു പോലെ അന്യെൻറ വേവലാതികൾ തെൻറയും വേവലാതിയാവുമ്പോൾ അഥവാ എല്ലാവർക്കും വേണ്ടി എല്ലാവരും പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. ജനാധിപത്യത്തെ അംബേദ്കർ വിവിധ ഘട്ടങ്ങളിൽ വിവിധ രീതികളിൽ വിവരിച്ചു. ‘‘ജനാധിപത്യം സർക്കാർ രൂപീകരണമല്ല, സഹജീവിതവും പരസ്പര ചർച്ചകളും സഹജീവികളോടുള്ള ബഹുമാനവും അവരോടുള്ള കരുതലുമാണ്’’. ‘‘രക്തചൊരിച്ചിലേതുമില്ലാതെ ജനതയുടെ സാമ്പത്തിക സാമൂഹിക ജീവിതക്രമങ്ങളിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ കൊണ്ടുവരാൻ കഴിയുന്ന സമ്പ്രദായവും ഭരണകൂട രൂപവുമാണ് ജനാധിപത്യം’’. ‘‘ജനാധിപത്യം രാഷട്രീയ പ്രയോഗ രൂപം ആയിരിക്കെ തന്നെ അതൊരു ആഴത്തിലുള്ള നൈതിക രൂപവുമാണ്’’. രാഷ്ട്രീയ ജനാധിപത്യം, സാമൂഹിക ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം -ഇത് മൂന്നും കൂടിച്ചേർന്നാൽ ആണ് ജനാധിപത്യമാവുന്നതെന്നും ഏതെങ്കിലും ഒന്നിനെ മാറ്റി നിർത്തിയാൽ ജനാധിപത്യം തന്നെ റദ്ദു ചെയ്യപ്പെടുമെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.
അംബേദ്കറുടെ അഭിപ്രായത്തിൽ ജനാധിപത്യത്തിെൻറ പൂർണ സംസ്ഥാപനത്തിന് എവിടെയും പ്രകടമായ അസമത്വം കാണാൻ പാടില്ല, അത്തരമൊരവസ്ഥ സമൂഹത്തിൽ നാളിതുവരെ സാധ്യമായിട്ടില്ലെന്നു മാത്രമല്ല, നവോത്ഥാന കേരളത്തിൽ പോലും ഭാഷാശൈലിയിലും കലയിലും വസ്ത്രധാരണത്തിലുമെല്ലാം ഭരണകൂടത്തിെൻറ അല്ലെങ്കിൽ പൊതുബോധത്തിെൻറ ധാരണയിൽ അസമത്വം പ്രകടമാണ്. സോപാനസംഗീതത്തെ ശുദ്ധസംഗീതമായി കാണുന്ന സവർണ പൊതുബോധം ഒരിക്കലും മാപ്പിളപ്പാട്ടിനെയോ നാടൻപാട്ടുകളെയോ ഒരിക്കലും ശുദ്ധസംഗീതമായി കാണാൻ തയാറാവില്ലല്ലോ. തുടിയെയും തപ്പിനെയുമൊന്നും സാധാരണ സംഗീതോപകരണമായിപോലും കാണുന്നില്ല. സവർണെൻറ മലയാളം ശുദ്ധമലയാളമാവുന്നതും അല്ലാത്തത് വാമൊഴി മാത്രമാകുന്നതും അതിനാലാണ്. അതുപോലെ ഏതൊരു ജനാധിപത്യ സംവിധാനത്തിനും പ്രതിപക്ഷം അനിവാര്യമാണ്. അതായത് ഭരണകക്ഷിയെേപ്പാലെ തന്നെ ജനാധിപത്യത്തിൽ സുപ്രധാനമായ ഒരു ഘടകമാണ് പ്രതിപക്ഷവും. പ്രതിപക്ഷത്തെ ദുർബലമായി ചിത്രീകരിക്കാൻ രാജ്യത്ത് ഫാഷിസം തന്നെ ശ്രമിക്കുമ്പോൾ, ഒരു ഭാഗത്ത് ജുഡീഷ്യറിയെ വരുതിയിലാക്കാനും ശ്രമം നടക്കുന്നു, നിയമത്തിലും ഭരണത്തിലുമുള്ള തുല്യതയാണ് മറ്റൊന്ന്, പൗരത്വ വിഷയത്തിൽ പോലും തുല്യനീതിയില്ലാത്ത കാലത്ത് അതിലേറെയൊന്നും പറയേണ്ട. അത് പോലെതന്നെ ഭരണഘടനാപരമായ ധാർമിക പരിപാലനവും ധാർമികക്രമം അഥവാ മതം/വ്യക്തി ഇച്ഛപരമല്ലാത്ത പൊതു മനസ്സാക്ഷി നിലനിർത്തിയുള്ള അവസ്ഥയാണ് വേണ്ടതെന്നുകൂടി അംബേദ്കർ പറഞ്ഞുവെക്കുന്നു.
(ഇന്ത്യൻ യൂനിയൻ ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.