കേരളത്തിലെ പഠനാവേശം

അറബി ഭാഷാ പഠനം കേരളത്തിലെ സ്കൂളുകളിൽ ഔദ്യോഗികമായി ആരംഭിച്ചിട്ട് 110 വർഷം പിന്നിട്ടിരിക്കുന്നു. തിരുവിതാംകൂറിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ വിദ്യാഭ്യാസപരമായ ഇടപെടലുകളുടെ ഫലമായാണ് ശ്രീമൂലം തിരുനാൾ മഹാരാജാവ് അറബി ഭാഷാ പഠനത്തിന് സംവിധാനവും വ്യവസ്ഥയും ഉണ്ടാക്കിയത്.

പ്രാരംഭ നാളുകളിൽ ഖുർആൻ ടീച്ചർ എന്ന തസ്തികയിലായിരുന്നു അറബി അധ്യാപകർ നിയമിക്കപ്പെട്ടിരുന്നത്. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ 1967ലാണ് ഖുർആൻ അധ്യാപകരെ ഭാഷാധ്യാപകരുടെ ഗണത്തിൽ ഉൾപ്പെടുത്തപ്പെട്ടത്.

സൗദി പൗരത്വം നൽകിയ മലയാളി പണ്ഡിതൻ ശൈഖ് അബ്ദുസ്സമദ് അൽ കാത്തിബ്, ഈജിപ്തിലെ വിവിധ സർവകലാശാലകളിൽ അധ്യാപകനും നിരവധി അറബി പത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്ന ഡോ. മുഹിയുദ്ദീൻ ആലുവായി, അസ്ഹരി തങ്ങൾ തുടങ്ങിയ പണ്ഡിതരുടെ കൃതികൾ വിവിധ വിദേശ സർവകലാശാലകളിലെ പാഠപുസ്തകങ്ങളാണ്.

മഹാത്മാ ഗാന്ധി, മൗലാനാ അബുൽ കലാം ആസാദ്, കുമാരനാശാൻ, തകഴി ശിവശങ്കരപ്പിള്ള, പെരുമ്പടവം ശ്രീധരൻ, ശശി തരൂർ, കമലാ സുരയ്യ, ഡോ. കെ.കെ.എൻ കുറുപ്പ് തുടങ്ങിയ ഇന്ത്യൻ പ്രമുഖരുടെ രചനകൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ. ത്വാഹ ഹുസൈൻ, നോബൽ സമ്മാന ജേതാവ് നജീബ് മഹ്ഫൂസ്, ഖലീൽ ജിബ്രാൻ, അൽബിറൂനി, ഇമാം റാസി, ഇബ്നുസീന, ഇബ്നു ഖൽദൂൻ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ മിക്ക അറബ് ഗ്രന്ഥങ്ങളും മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.

ആധുനിക അറബി സാഹിത്യത്തിലെ എഴുത്തുകാരായ ശിഹാബ് ഗാനം, മറിയം അശിനാസി തുടങ്ങിയവരുടെ രചനകളെ ആസ്പദമാക്കി കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികൾക്കു കീഴിൽ സമീപകാലത്തായി നടന്ന സെമിനാറുകൾ അറബ് സാഹിത്യ ലോകത്തേക്ക് മലയാളിക്ക് കൂടുതൽ അവസരം ഒരുക്കി.

വെളിയങ്കോട് ഉമർ ഖാദി, അബൂലൈല, എൻ.കെ. അഹ്മദ് മൗലവി തുടങ്ങിയവർ മലയാളക്കരയിലിരുന്ന് അറബിക്കവിതയിൽ വിസ്മയം തീർത്തവരാണ്.

Tags:    
News Summary - arabic language day-learning interest in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT