പൊതുരംഗത്ത് സജീവമായ മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്തിയും അവഹേളിച്ചും ഇല്ലാതാക്കാൻ സംഘ്പരിവാർ സൈബർ ശാഖകൾ പടച്ചുവിട്ട സുള്ളിഡീൽസ് വെബ്സൈറ്റിനെതിരെ വനിത കമീഷനും ഡൽഹി പൊലീസും രംഗത്തുവന്നിട്ടും പ്രഖ്യാപിത സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ പ്രതികരിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കാൻ ഉപദേശിക്കുകയാണ് മറ്റുചിലർ. ഇതേക്കുറിച്ച് പൗരത്വ സമരത്തിെൻറ പേരിൽ ജയിലിലടക്കപ്പെട്ട ജാമിഅ വിദ്യാർഥിനി സഫൂറ സർഗാർ പ്രതികരിക്കുന്നു
മുസ്ലിം സ്ത്രീകൾ അവരുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ടെന്ന ഉപദേശവുമായി കുറെ ഗുണകാംക്ഷികൾ വരുന്നതു കണ്ട് ശരിക്കും തരിച്ചുപോകുന്നുണ്ട്. റോഡിലൂടെ നടന്നുപോകുേമ്പാൾ, ഒരു കൂട്ടായ്മയിലോ കോൺഫറൻസിലോ പ്രസംഗിക്കുേമ്പാൾ, അല്ലെങ്കിൽ കടയിൽ സാധനം വാങ്ങാൻ നിൽക്കുേമ്പാൾ ആരെങ്കിലും വന്ന് പടം പിടിക്കില്ല എന്നുണ്ടോ? എന്നുവെച്ച് ഞങ്ങൾ ഞങ്ങളുടെ ജോലികൾ ഒഴിവാക്കണോ? ഷോപ്പിങ്ങിനു പോകുന്നത് ഒഴിവാക്കണോ? പുറത്തിറങ്ങുന്നത് നിർത്തണോ? പൊതു ഇടങ്ങളിൽനിന്ന് ഞങ്ങളെ മായ്ച്ചുകളയണോ? ഞങ്ങളുടെ അസ്തിത്വവും ശബ്ദവും മായ്ച്ചുകളയണോ?
ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ എെൻറ ചിത്രങ്ങൾ കണ്ട് ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഞാൻ സോഷ്യൽമീഡിയയിൽ ഒരിടത്തും പോസ്റ്റ് ചെയ്യാത്ത ചിത്രങ്ങൾ. ചില പടങ്ങൾ എെൻറ വിഡിയോ അഭിമുഖങ്ങളിൽനിന്ന് മുറിച്ചെടുത്തവ. തിഹാറിൽവെച്ച് കണ്ടുമുട്ടിയ ഹിന ബഷീർ ബേഗ് പറഞ്ഞു, ഇതേപോലെ അവരുടെ ചിത്രങ്ങൾ വാർത്തമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഒഴുകിനടക്കുന്നത് കണ്ട് നടുങ്ങിപ്പോയ കാര്യം. പർദധാരിണിയായ അവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒരിടത്തും പോസ്റ്റ് ചെയ്യാറില്ല. അവരുടെ പ്രചരിപ്പിക്കപ്പെട്ട ചിത്രം പാസ്പോർട്ടിൽനിന്നെടുത്തതായിരുന്നു.
ഞങ്ങൾക്ക് നന്നായി അറിയാം, ഈ സൈബർ അതിക്രമങ്ങൾ ഭരണകൂടപിന്തുണയോടെ നടക്കുന്നവയാണെന്ന്. ഭരണകൂടത്തിന് നിങ്ങളുടെ വിവരങ്ങളെല്ലാം ലഭിക്കാൻ എന്തെങ്കിലും പ്രയാസമുണ്ട് എന്നാണോ കരുതുന്നത്? സമൂഹമാധ്യമങ്ങളിൽനിന്ന് സ്വയം മായ്ച്ചുമറയുകയാണോ ഇതിനുള്ള പരിഹാരമാർഗം?
ഈ കുറ്റവും സ്ത്രീകളുടെ മേൽക്ക് ചാരുന്നവർ ഈ അതിക്രമങ്ങൾക്കെല്ലാം കാരണം സ്ത്രീകളാണെന്നാണ് അക്ഷരാർഥത്തിൽ പറഞ്ഞുവെക്കുന്നത്. ഇത്രയും സാമാന്യവത്കരിച്ച് പറയുന്നവർ അവസരം കിട്ടിയാൽ മറ്റു സ്ത്രീകൾക്കുമേൽ ഇങ്ങനെ ചെയ്യാനും മടിക്കില്ലല്ലോ.
ഒരു കാര്യം കൃത്യമായി പറയാം. ഞങ്ങളെയോർത്ത് നിങ്ങളാരും ഉത്‌കണ്‌ഠപ്പെടണ്ട, ഞങ്ങളെ പഠിപ്പിക്കാനും വരണ്ട. ഇത്തരം അപകടകരമായ, വിഷലിപ്തമായ, നാണം കെട്ട, ശിക്ഷിക്കപ്പെടേണ്ട സംഭവങ്ങൾക്കെതിരെ നില കൊള്ളുമോ എന്നാണറിയേണ്ടത്. ഒരു സമുദായത്തിെൻറ അന്തസ്സിന് ക്ഷതമേറ്റു എന്നതിെൻറ പേരിൽ വേണ്ട, നിങ്ങളുടെ ഇസ്സത്ത് അപകടാവസ്ഥയിലാണെന്ന് പറഞ്ഞും വേണ്ട. ഞങ്ങൾക്കെതിരെ അക്രമവും മനുഷ്യത്വരഹിത സമീപനവുമുണ്ടായത്, ദുരുപയോഗം ചെയ്ത് വസ്തുവത്കരിച്ചത് ഞങ്ങളുടെ മതത്തിെൻറയും പേരിലാണ്, സ്ത്രീകളായതുകൊണ്ടാണ്.
നിങ്ങൾക്ക് ആത്മാർഥമായി ഇക്കാര്യങ്ങളിൽ കരുതലുണ്ടെങ്കിൽ ഞങ്ങൾക്കൊപ്പം നിൽക്കുക. അല്ലാതെ അതിക്രമത്തിെൻറ പഴികൂടി ഞങ്ങളുടെമേൽ ചാരാൻ വരരുത്. നിങ്ങളങ്ങനെ ചെയ്യുന്നത് ഞങ്ങൾക്കെതിരെ അതിക്രമം പ്രവർത്തിക്കുന്നവർക്ക് കൂടുതൽ പ്രോത്സാഹനമാവുകയേയുള്ളൂ.
ഞങ്ങളുടെ ചെയ്തികളെ കുറ്റപ്പെടുത്തുന്നതിനു പകരം ഞങ്ങളുടെ ശരീരങ്ങളിലേക്കും ഇടങ്ങളിലേക്കും കടന്നുകയറാൻ ശ്രമിക്കുന്ന ക്രിമിനലുകൾക്കെതിരെ സ്പഷ്ടമായും ഉപാധികളില്ലാതെയും നിരുപാധികം എതിർപ്പുയർത്തൂ. അതിനു പറ്റില്ലെങ്കിൽ അവിടെ മിണ്ടാതിരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.