കോവിഡ് കാലത്തിനിടയിൽ ബഗ്ദാദിൽ പ്രധാനമന്ത്രിക്കസേരയൊന്നു മാറി. ആറുമാസമായി അസ്ഥിര ഭരണമായിരുന്ന അവിടെ പ്രക്ഷോഭങ്ങൾ കടുത്തപ്പോൾ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി രാജിവെച്ചൊഴിഞ്ഞെങ്കിലും പ്രക്ഷോഭങ്ങൾ ഒതുങ്ങിയിരുന്നില്ല. ഇറാനുംഅമേരിക്കയും ഒളിഞ്ഞും തെളിഞ്ഞും അജണ്ടകൾ നടപ്പിലാക്കാൻ കിണഞ്ഞ് ശ്രമിച്ചു. രാഷ്ട്രീയത്തിൽ ചിരപരിചിതരായ രണ്ട് പേരെ ഇറക്കിയിട്ടും വ്യത്യസ്ത പാർട്ടികൾ അംഗീകരിച്ചില്ല. അഴിമതിയുടേയും സ്വജനപക്ഷപാതിത്വത്തിെൻറയും ചരിത്രമില്ലാത്തവർ വിരളമായിരുന്നു. ഒടുവിൽ എല്ലാവരുടേയും അംഗീകരത്തോടെയാണ് മുസ്തഫ അൽ കാസിമി അധികാരമേറിയത്. ഇറാഖ് നാഷനൽ ഇൻറലിജൻസ് സർവീസസ് മുൻ മേധാവിയും അറിയപ്പെട്ട എഴുത്തുകാരനുമാണ്. സജീവ കക്ഷിരാഷ്ട്രീയത്തിൽ മുൻ പരിചയമില്ലെങ്കിലും വിവിധ ശിയാ കക്ഷികളും രാഷ്ടീയപാർട്ടികളും സമൂഹനേതാക്കളും ഐകകണ്ഠ്യേന അദ്ദേഹത്തെ അനുകൂലിക്കുകയായിരുന്നു. ഇറാനും അമേരിക്കയോടുമൊപ്പം ഐക്യരാഷ്ട്ര സഭയും യു.എ.ഇയും യൂറോപ്യൻ യൂനിയനും മുസ്തഫയെ പിന്തുണച്ചു.
വിദേശശക്തികളൂടെ ശക്തമായ സമ്മർദത്തിലാണ് ഇറാഖ് ഭരണകൂടം ഇതുവരെ മുന്നോട്ട് പോയികൊണ്ടിരുന്നത്. ഇറാനും അമേരിക്കയും പ്രക്ഷോഭകരെ വളർത്തിയും തളർത്തിയും പോരടിച്ചു. കാവൽ പ്രധാനമന്ത്രി ഇറാനോട് ചേർന്നുനിന്നു. ചേരിതിരിഞ്ഞ പോരാട്ടത്തിൽ ഇരുഭാഗത്തിനും വലിയ നഷ്ടങ്ങളുണ്ടായി. ഇറാനിലെ ഖുദ്സ് സേനയുടെ തലവനായിരുന്നു ഖാസിം സുലൈമാനി, ഇറാഖിലെ ഹഷ്ദ് സേനയുടെ ഉപമേധാവി അബൂ മഹ്ദി എന്നിവരുടെ കൊല, ഇറാഖിലെ അമേരിക്കൻ എംബസിക്കുനേരെയുള്ള റോക്കറ്റ് ആക്രമണം, തുടർന്ന് ബഗ്ദാനിലെ ഗ്രീൻ സോണിലുണ്ടായ നിരന്തര ഡ്രോൺ ആക്രമണങ്ങൾ. ഇരുപക്ഷങ്ങളും ഇറാഖ് കേന്ദ്രീകരിച്ച് പോരാട്ടം തുടർന്നു. അങ്ങനെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ഐക്യത്തിൽ നിന്നല്ലാതെ ഇറാഖിൽ മറ്റൊരു ഭരണം വരില്ലെന്ന് ബോധ്യമായത്. ഈ സാഹചര്യത്തിലാണ് ഇരുധ്രുവങ്ങളുടേയും ധാരണ നിർദേശിക്കപ്പെടുന്നതും അതുവഴി പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതും.
ആഭ്യന്തരസംഘർഷത്തിനു മീതെ വന്ന കോവിഡ്
അഞ്ചുമാസങ്ങളായി നടന്നുവന്ന പ്രക്ഷോഭങ്ങളിൽ ഇറാഖിൽ പൊലിഞ്ഞത് 600 ജീവനുകളായിരുന്നു. അതിനിടയിലേക്കാണ് ലോകത്തെ മറ്റു രാജ്യങ്ങളിലെന്ന പോലെ കോവിഡ്-19 വന്നുകയറിയത് കൂനിന്മേൽ കുരുവായി. അഴിമതിക്ക് കീർത്തികേട്ട അസ്ഥിര ഭരണകൂടങ്ങൾക്ക് മറ്റു മേഖലകളിലെന്ന പോലെ ആരോഗ്യമേഖലയിലും ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കോവിഡിെൻറ സാമൂഹികവ്യാപനം തടയുന്നതിൽ വിഭവങ്ങളുടെ അപര്യാപ്തത മൂലം പിറകോട്ടടിക്കില്ലെന്നും കഴിയുന്നതെല്ലാം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിനെ പിടിച്ചുകെട്ടാൻ ആവശ്യമായ ഐ.സി.യു കിടക്കകൾ, വെൻറിലേറ്റർ ആരോഗ്യപ്രവർത്തകരുടെ ടീം എന്നിവക്ക് വേണ്ടി രാജ്യാന്തര ശ്രമങ്ങൾ നടത്തുന്നുണ്ട്. കോവിഡിനെ പിടിച്ചുകെട്ടാൻ രോഗികളെന്ന് സംശയിക്കുന്നവരെെയല്ലാം പരിശോധനക്ക് വിധേയമാക്കണം എന്നാണു ലോകാരോഗ്യ സംഘടന നിർദേശം. രോഗലക്ഷണമുള്ള മുഴുവനാളുകളേയും പരിശോധിക്കാനുള്ള സംവിധാനങ്ങളുടെയും പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെയും അഭാവമുണ്ട്. സമൂഹത്തിൽ ഒറ്റപ്പെടുമെന്ന ഭയവും രാജ്യത്തെ ആരോഗ്യമേഖലയിലെ വിശ്വാസമില്ലായ്മയും പലരേയും ചികിത്സക്കു മുന്നോട്ട് വരുന്നതിൽനിന്നു തടയുന്നുമുണ്ട്. അതിനിടെ, ഇറാഖിെൻറ കോവിഡ് കണക്കുകളിൽ കൃത്യതയില്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നു. ഔദ്യോഗികകണക്കുകളുടെ എത്രയോ ഇരട്ടി കോവിഡുകാരുണ്ടെന്ന് റിപ്പോർട്ട് ചെയ്ത റോയിറ്റർ വാർത്താ ഏജൻസിയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു 20,000 ഡോളർ പിഴ ചുമത്തി.
അപകടം അയൽപക്കത്ത്
ഇറാനുമായി ഒട്ടിനിൽക്കുന്ന രാജ്യമായതിനാൽ ഇറാഖിന് കോവിഡ് ഭീഷണി ഏറെയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ ശക്തമായ ജാഗ്രത പാലിച്ചതിനാൽ ഇറാനിലുള്ളത് പോലെ ഇറാഖിലേക്ക് വ്യാപിച്ചില്ല. കർബലയുൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരത്തിനു വിലക്കേർപ്പെടുത്തിയതിനാൽ ആ ജനപ്രവാഹം തടയാനായി. എന്നാൽ എല്ലാ വർഷവും നടക്കാറുള്ള ശിയാ തീർഥാടനകേന്ദ്രമായ ബഗ്ദാദിലെ ഇമാം മൂസാ കാസിമിെൻറ സ്മൃതിമണ്ഡപത്തിലേക്കുള്ള സന്ദർശനം ഇത്തവണ 2020 മാർച്ച് അവസാനവാരത്തിലായിരുന്നു. അധികൃതർ ഔദ്യോകീകമായി സന്ദർശനം വിലക്കിയെങ്കിലും രണ്ട് ലക്ഷത്തോളം ആളുകൾ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഭേദിച്ച് എത്തി. എന്നാൽ ഒരാഴ്ച നീണ്ട പരിപാടി അധികാരികൾ ഇടപെട്ട് ചുരുക്കി ആളുകളെ തിരിച്ചയക്കുകയായിരുന്നു. ഇറാഖിൽ കുർദിസ്താനിലടക്കം 18 ഇടങ്ങളിലാണ് കോവിഡ് പരിശോധനകേന്ദ്രങ്ങൾ തുറന്നത്. കുർദിസ്താനിൽ കഴിഞ്ഞ കുറേദിവസമായി പുതിയ കേസുകളില്ല.
മറ്റുരാജ്യങ്ങളെ പോലെ ഇറാഖിനും കോവിഡ് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. യുദ്ധങ്ങളിൽ എല്ലാം നഷ്ടപ്പെട്ട ഇറാഖിെൻറ സമ്പദ്-വ്യവസ്ഥയെ പിടിച്ചുനിർത്തുന്ന ഏക േസ്രാതസ്സ് എണ്ണ വരുമാനമാണ്. എണ്ണവില ഇടിഞ്ഞപ്പോൾ കഴിഞ്ഞ രണ്ടരമാസത്തിനിടെ ഇറാഖ് സമ്പദ്വ്യവസ്ഥ കുത്തനെ താഴോട്ടുപോയി. 90 ശതമാനം രാജ്യവരുമാനം ക്രൂഡോയിൽ കയറ്റുമതിയിൽ നിന്നാണ്. ഏപ്രിൽമാസത്തിൽ ക്രൂഡോയിൽ വരുമാനം 1.4 ബില്യൺ ഡോളർ മാത്രമായിരുന്നു. ഏതാണ്ട് അഞ്ച് ബില്യൺ വരുമാനമുണ്ടെങ്കിലേ രാജ്യത്തെ ഗവ. ജീവനക്കാരുടെ ശമ്പളവും പെൻഷനും മറ്റു രാജ്യത്തെ അടിയന്തരചെലവുകളും നടത്തിപ്പോകാൻ സാധിക്കൂ. രാജ്യത്തെ 4.5 മില്യൺ ആളുകൾ ശമ്പളത്തിനായി കാത്തിരിക്കുമ്പോഴും രാജ്യം ഈ വലിയ പ്രതിസന്ധിയെ എങ്ങനെ അതിജയിക്കുമെന്ന ആലോചനയിലാണ്. രാജ്യം കോവിഡ് മുക്തമാകുമ്പോൾ മുഴുവൻ പ്രക്ഷോഭകരുടേയും ആവശ്യങ്ങൾ പരിഗണിക്കാനും യുവതയെ കൂടെനിർത്താനും പുതിയ ദിശയിലേക്ക് രാജ്യത്തെ നയിക്കാനും കഴിഞ്ഞാൽ പുതിയ പ്രധാനമന്ത്രി മുസ്തഫ അൽ കാസിമിക്കു വിജയിക്കാം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.