അമംഗളഗതി


അമേരിക്കൻ പ്രസിഡൻറായിരുന്ന ജോർജ് ബുഷും സംസ്ഥാന ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അങ്ങനെയൊരു ബന്ധമുള്ളതായി ആരും കേട്ടിട്ടില്ല. എന്നാലും, ബന്ധമില്ലെന്ന് പറയാനാകുമോ? 2001 സെപ്റ്റംബർ 11ന് േഫ്ലാറിഡയിലെ ഒരു സ്കൂളിൽ വിദ്യാർഥികളുമായി സംസാരിച്ചിരിക്കുേമ്പാഴാണ് അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷി​െൻറ ചെവിയിൽ വൈറ്റ് ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് നടുക്കുന്ന ആ വാർത്തയെത്തിച്ചത്; വേൾഡ് ട്രേഡ് സ​െൻറർ ആക്രമിക്കപ്പെട്ടിരിക്കുന്നു. 2017 മാർച്ച് 26ന് ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്കൂളിലെ വികസന സെമിനാറിൽ പെങ്കടുക്കുേമ്പാൾ മന്ത്രി എ.കെ. ശശീന്ദ്ര​െൻറ ചെവിയിലും നടുക്കുന്ന ഒരു വാർത്തയെത്തി; ഒരു ചാനൽ ബോംബ് പൊട്ടിച്ചു.

ഒരു പുതിയ ചാനൽ വന്നതി​െൻറ ഇര. ഒറ്റ വാചകത്തിൽ എ.കെ. ശശീന്ദ്രനെ അങ്ങനെ വിേശഷിപ്പിക്കാം. ഒടുവിൽ ചാനലി​െൻറ കാര്യത്തിലും ശശീന്ദ്ര​െൻറ കാര്യത്തിലും തീരുമാനമായി. മന്ത്രിക്കുപ്പായം അഴിച്ചുവെച്ച് ശശീന്ദ്രൻ വെറും എം.എൽ.എ ആയി. ചാനൽ മേധാവിയാകെട്ട, കേസും പൊല്ലാപ്പുമായി പുലിവാലും പിടിച്ചു. ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണമാണ് എല്ലാത്തിനും കാരണം. വാസ്കോഡ ഗാമ മണ്ഡലത്തിലെ ലാപാസ് ഹോട്ടലിൽനിന്നുള്ള ഒരു ഫോൺവിളി ഇത്രക്കും പൊല്ലാപ്പാകുമെന്ന് ശശീന്ദ്രൻ സ്വപ്നത്തിൽേപാലും വിചാരിച്ചിട്ടുണ്ടാകില്ല. 

എന്ത് പ്രതിസന്ധിയുണ്ടായാലും എല്ലാം താൽക്കാലികം എന്ന് കരുതുന്നയാളാണ് ശശീന്ദ്രൻ. അതിന് ഇപ്പോഴും മാറ്റമില്ല. അഗ്നിശുദ്ധി വരുത്തി വീണ്ടും ഗതാഗതവകുപ്പി​െൻറ വളയം പിടിക്കാമെന്ന േമാഹം തീർത്തുമങ്ങ് പോയിട്ടില്ല. ശശീന്ദ്രൻ മന്ത്രിയായതും ഒരു കലഹത്തിനൊടുവിലാണ്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ താൻ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടിയെ ഒരു വിധം ഒതുക്കിയാണ് കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവറായത്. ഒടുവിൽ, അതേ തോമസ് ചാണ്ടി മന്ത്രിയാകുന്നത് കാണാനായി വിധി. മന്ത്രിമാർ വാഴാത്ത വകുപ്പെന്ന ഗതാഗതവകുപ്പി​െൻറ കീർത്തിയും നിലനിർത്തി. ആർ. ബാലകൃഷ്ണപിള്ളയിൽ തുടങ്ങി ശശീന്ദ്രനിൽ എത്തിനിൽക്കുന്നു ഗതാഗതവകുപ്പിൽ പഞ്ചറായ മന്ത്രിമാരുടെ നിര. 

കെ.എസ്.ആർ.ടി.സി ഒാടിച്ച് തുടങ്ങിയപ്പോഴാണ് തോന്നിയപോലെ ബെല്ലടിക്കുന്ന ഒരു കണ്ടക്ടറാണ് കൂടെയെന്ന് മനസ്സിലായത്. മറ്റാരുമല്ല; ട്രാൻസ്പോർട്ട് കമീഷണറായിരുന്ന സാക്ഷാൽ ടോമിൻ തച്ചങ്കരി. താൻ അങ്ങനെ ബെല്ലടിക്കേണ്ടെന്ന് ശശീന്ദ്രൻ തച്ചങ്കരിയോട് തുറന്നടിച്ചു. അങ്ങനെ, ഒരു പിറന്നാൾ ആഘോഷത്തിനിടെ തച്ചങ്കരിയുടെ തൊപ്പി തെറിച്ചു. തച്ചങ്കരിയുടെ പിറന്നാൾ പായസപാത്രത്തിന് മുകളിലൂടെ ശശീന്ദ്രൻ കെ.എസ്.ആർ.ടി.സിയോടിച്ചു. 

എ. കുഞ്ഞമ്പുവി​െൻറയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിലെ ചൊവ്വയിൽ ജനിച്ച ശശീന്ദ്രന് ചൊവ്വാ ദോഷത്തിൽ വിശ്വാസമുണ്ടോയെന്ന് അറിയില്ല. എന്തായാലും, ചൊവ്വാ ദോഷം ഒരു പെൺകെണിയായെത്തി ശശീന്ദ്രനെ വീഴ്ത്തി. ബ്രേക്ക് ഡൗണായെങ്കിലും ശശീന്ദ്രൻ കെ.എസ്.ആർ.ടി.സിയെ കൈവിട്ടില്ല. രാജിക്കത്ത് കൊടുത്ത്, കാര്യങ്ങൾക്കൊക്കെ തീരുമാനമാക്കി തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് തിരിച്ചതും കെ.എസ്.ആർ.ടി.സിയിൽ തന്നെ. ഭാര്യ അനിതക്കൊപ്പം കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ ബസിൽ മടങ്ങുേമ്പാൾ മന്ത്രി എം.എൽ.എ ആയിക്കഴിഞ്ഞിരുന്നു. 

കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് എലത്തൂര്‍ മണ്ഡലത്തില്‍നിന്ന് ശശീന്ദ്രന്‍ ഇത്തവണ നിയമസഭയില്‍ എത്തിയത്. 2011ലെ 14654  വോട്ടി​െൻറ ഭൂരിപക്ഷം ഇരട്ടിയാക്കി 29057 വോട്ടിന് ജനതാദള്‍ (യു) സ്ഥാനാർഥി പി. കിഷന്‍ചന്ദിനെ പരാജയപ്പെടുത്തി. ത​െൻറ വിജയങ്ങൾക്കെല്ലാം പിന്നിൽ ഒരു രഹസ്യമുണ്ടെന്ന് ശശീന്ദ്രൻ പറയും; പരിഭവങ്ങളില്ലാത്ത, എപ്പോഴും പുഞ്ചിരിക്കുന്ന ഭാര്യ അനിത.

1962ല്‍ കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ശശീന്ദ്രൻ പിന്നീട് കോൺഗ്രസുകാരനും കോൺഗ്രസ് എസുകാരനും എൻ.സി.പിക്കാരനുമായി കളങ്ങൾ മാറി മാറി ചവിട്ടി. 1965-ല്‍ കെ.എസ്.യു കോഴിക്കോട് ജില്ല പ്രസിഡൻറായി. 67ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. 1969ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി, 78-ല്‍ സംസ്ഥാന പ്രസിഡൻറ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിലെത്തി. കെ.പി. ഉണ്ണികൃഷ്ണൻ, എ.സി. ഷണ്‍മുഖദാസ് എന്നിവര്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തനം. 82 മുതല്‍ 98 വരെ കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 99 മുതല്‍ 2004 വരെ എൻ.സി.പി സംസ്ഥാന സെക്രട്ടറി, 2004 മുതല്‍ സംസ്ഥാന വൈസ് പ്രസിഡൻറ്, 2006 മുതല്‍ നിയമസഭ കക്ഷി നേതാവ്, എന്‍.സി.പി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം-ശശീന്ദ്ര​െൻറ പദവികൾ ഏറെയാണ്.  കോഫിബോര്‍ഡ് അംഗം, ഹൗസിങ് ബോര്‍ഡ് അംഗം തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ 1980ല്‍ പെരിങ്ങളം മണ്ഡലത്തിലായിരുന്നു കന്നിയങ്കം. തുടര്‍ന്ന് 82ല്‍ എടക്കാട് മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 87ല്‍ കണ്ണൂരില്‍ പരാജയപ്പെട്ടു. 2006ല്‍ ബാലുശ്ശേരിയില്‍നിന്നും 2011ല്‍ എലത്തൂരില്‍നിന്നും വിജയിച്ചു.

സ്ത്രീ വിഷയത്തിൽ രാജിവെക്കേണ്ടി വന്നെങ്കിലും ഇക്കാര്യത്തിൽ താൻ ഒറ്റക്കല്ലെന്ന് ശശീന്ദ്രന് ആശ്വസിക്കാം. രണ്ട് പതിറ്റാണ്ടിനിടെ സ്ത്രീ വിഷയത്തിൽ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ശശീന്ദ്രൻ. ശശീന്ദ്രൻ രാജിവെച്ചത് കെ.എസ്.ആർ.ടി.സിക്ക് ഗുണമായെന്ന് സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടവരുമുണ്ട്.

Tags:    
News Summary - article about a.k sasindran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.