പൂർണമായും പഠിച്ച ശേഷമേ മറാത്ത സംവരണം റദ്ദാക്കിയ ഇന്നലത്തെ സുപ്രീം കോടതി വിധി സംബന്ധിച്ച് ആധികാരിക വിശകലനങ്ങൾ വിശദമായി നടത്താൻ കഴിയൂ. മറാത്തരെ സാമൂഹിക-സാമ്പത്തിക പിന്നാക്ക സമുദായ (എസ്.ഇ.ബി.സി) പട്ടികയിൽ ഉൾപ്പെടുത്തി സംവരണം അനുവദിച്ചത് നിലനിൽക്കില്ലെന്ന് കണ്ടാണ് സുപ്രീംകോടതി റദ്ദാക്കിയത്. മറാത്ത സംവരണം ഏർപ്പെടുത്തിയപ്പോൾ സംവരണം 50 ശതമാനം മറികടന്നു എന്നതും പരിശോധനാ വിധേയമായി. 1992ലെ മണ്ഡൽ കേസ് എന്നറിയപ്പെടുന്ന സംവരണവുമായി ബന്ധപ്പെട്ട ഇന്ദിര സാഹ്നി കേസിൽ ആകെ സംവരണം തക്കതായ കാരണങ്ങൾ ഇല്ലാത്തപക്ഷം 50 ശതമാനത്തിൽ മറികടക്കാൻ പാടില്ല അഥവാ പൊതു മത്സരത്തിന് 50 ശതമാനം ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയും സാമൂഹികമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം സംവരണം ഏർപ്പെടുത്തേണ്ടത് എന്നും സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് വിധിക്കുകയുണ്ടായി. ഈ വിധി പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടോ എന്നും ഭരണഘടന ബെഞ്ച് പരിശോധിച്ചിരുന്നു.
ഒപ്പം ഒരു സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെട്ടിരുന്നു. 102ാം ഭരണഘടന ഭേദഗതി നിയമത്തെ തുടർന്നാണ് ഇക്കാര്യം പരിഗണിച്ചത്. മറാത്ത സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമല്ലെന്നും പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹതയില്ലെന്നും ദേശീയ പിന്നാക്ക വിഭാഗ കമീഷൻ കണ്ടെത്തിയതും സുപ്രീം കോടതി ശരിവെച്ചിട്ടുള്ളതുമാണ്.
ഇതു മറികടക്കുന്നതിനും ഒരു പക്ഷേ വോട്ട് ശേഖരണം ലാക്കാക്കിയുമാവാം മഹാരാഷ്ട്ര സർക്കാർ മറാത്തരെ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി നിയമ നിർമാണം നടത്തിയത്. ഈ നിയമനിർമാണത്തിലൂടെ നടപ്പാക്കിയ സംവരണം ചോദ്യംചെയ്യപ്പെടുന്ന കേസിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരിക്കണം സംവരണത്തിന് അടിസ്ഥാനമെന്നും സാമ്പത്തികമായ പരിഗണനയിൽ ഏർപ്പെടുത്തുന്ന സംവരണം ഭരണഘടനയുടെ അടിത്തറ തകർക്കലാണെന്നും ഇന്ദിര സാഹ്നി കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. അക്കാരണത്താൽ നരസിംഹറാവു സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം മുന്നാക്ക സംവരണം അസ്ഥിരപ്പെടുത്തുകയുമുണ്ടായി. സുപ്രധാനമായ ഈ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും ഇന്നലത്തെ വിധിയിലൂടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി.
ഒ.ബി.സി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം 102ാം ഭേദഗതി നിയമത്തിന് ശേഷവും റദ്ദാക്കപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാർ തയാറാക്കുന്ന ലിസ്റ്റിൽ ഒ.ബി.സി വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം മാത്രമാണ് നിലവിൽ പ്രസിഡൻറിന്റെ ഉത്തരവിന് വിധേയമായിട്ടുള്ളത്.
സംസ്ഥാനങ്ങൾക്കുള്ള ഈ അധികാരം റദ്ദാക്കപ്പെട്ടിട്ടി ല്ലാത്തതിനാലാണ് ഏതാനും മാസങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലുള്ള നാടാർ സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നതും ശ്രദ്ധിക്കണം. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി സംസ്ഥാന സർക്കാർ മാനിക്കണം.
സ്വാഭാവികമായും ഈ വിധിയുടെ അടിസ്ഥാനത്തിൽ 103ാം ഭരണഘടന ഭേദഗതി നിയമം വഴി നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അസാധുവാക്കപ്പെടണം. 50 ശതമാനം മറികടന്ന് മുന്നാക്ക ജാതികൾ ക്കായി ഏർപ്പെടുത്തിയ പുതിയ പത്തുശതമാനം സംവരണവുമായി ബന്ധപ്പെട്ട തുടർ നടപടികൾ അടിയന്തരമായി നിർത്തി വെക്കൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ മാനിക്കുന്ന ഒരു ഭരണകൂടത്തിന്റെ ബാധ്യത തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.