സോഷ്യലിസം സൈക്കിൾ വേഗതയിലേ യാഥാർഥ്യമാകൂ എന്നാണേല്ലാ. കല്ലും മുള്ളും നിറഞ്ഞ ‘ഡെമോക്രസി’ എന്ന പാതയിലൂടെ സോഷ്യലിസത്തിലേക്കെത്താൻ കാലങ്ങളെടുക്കുമെന്ന് ആചാര്യൻ വളരെ മുമ്പുതന്നെ പ്രവചിച്ചിട്ടുമുണ്ട്. അപ്പോൾപിന്നെ യഥാർഥ സോഷ്യലിസ്റ്റുകളുടെ കാര്യം പറയാനുണ്ടോ? ജനാധിപത്യത്തിെൻറ പാതയിൽ ഏതെങ്കിലും തരത്തിൽ അവർക്ക് കരപറ്റണമെങ്കിൽ കുറച്ചധികം സമയമെടുക്കും. അതൊരു സോഷ്യലിസ്റ്റ് പ്രകൃതി നിയമമായി കണക്കാക്കിയാൽ മതി. വളരെ സാവധാനത്തിൽ, നിശ്ശബ്ദമായി, തികച്ചും നാടകീയമായി, എല്ലാവരെയും അത്ഭുത സ്തംബ്ധരാക്കിയൊക്കെയായിരിക്കും അവർ ചരിത്രത്തിൽ ഇടംപിടിക്കുക. ചന്ദ്രശേഖറും എച്ച്.ഡി. ദേവഗൗഡയും പ്രധാനമന്ത്രി പദത്തിൽവരെ എത്തിയത് ഇൗ ‘സോഷ്യലിസ്റ്റ് സ്ട്രാറ്റർജി’യിലൂടെയാണ്. ആരെങ്കിലും ചിന്തിച്ചിരുേന്നാ, ഇവരൊക്കെ കുറച്ചുകാലത്തേക്കാണെങ്കിലും രാജ്യം ഭരിക്കുന്നിടംവരെ വളരുമെന്ന്? കേവലയുക്തിക്കും അപ്പുറമുള്ള ഒരു രാഷ്ട്രീയ യുക്തിയുണ്ട്; അത്തരമൊരു റാഷനലിസത്തിെൻറ വക്താക്കൾകൂടിയാണ് സോഷ്യലിസ്റ്റുകൾ. ആ സോഷ്യലിസ്റ്റ് ശ്രേണിയിലേക്കാണ് വിളയോടി എഴുത്താണി കളത്തിൽ കുഞ്ചുകുട്ടിയുടെ മകൻ കൃഷ്ണൻകുട്ടിയും ഉയർന്നുവന്നിരിക്കുന്നത്. നാലു തവണ നിയമസഭയിലെത്തിയിട്ടും, കൊടിവെച്ച കാറിൽ പറക്കാൻ യോഗമുണ്ടായിട്ടില്ലായിരുന്നു ഇതുവരെ. ഇപ്പോഴിതാ, 74ാം വയസ്സിൽ നിനച്ചിരിക്കാതെ ആ ഭാഗ്യം കൈവന്നിരിക്കയാണ്. തമിഴകത്തോട് അതിരിടുന്ന ചിറ്റൂരെന്ന മലയാള ഭൂമിയിൽനിന്ന് ആദ്യമായി ഒരു മന്ത്രിയെത്തുകയാണ്.
ഇന്ത്യ എന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ കോൺഗ്രസെന്നും അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ദേവ്കാന്ത് ബറുവ പറഞ്ഞതുപോലെയാണ് കേരളത്തിലെ സോഷ്യലിസ്റ്റ് പാർട്ടിയിലെ കാര്യങ്ങൾ. ഒാരോ ദേശവും ഒാരോ നേതാക്കൾക്കുമായി പതിച്ചു നൽകുകയാണ് പതിവ്. അതുപ്രകാരം, കാലങ്ങളായി ചിറ്റൂർ ദേശത്തിെൻറ ‘അധികാരം’ കൃഷ്ണൻകുട്ടിയുടെ കരങ്ങളിലാണ്, അത് നിയമസഭാംഗമാണെങ്കിലും അല്ലെങ്കിലും. ചിറ്റൂരിലെയും പെരുമാട്ടിയിലെയും വായുവും മണ്ണും ജലവുമെല്ലാം എങ്ങനെ ഉപയോഗിക്കണമെന്ന് പറയാൻ അധികാരപ്പെട്ടയാൾ. അവിടെയൊരു കാർഷിക വിപ്ലവത്തിന് തന്നെ നേതൃത്വം നൽകിയിട്ടുണ്ട്. ഗാലറിയിലിരുന്ന് കളി പറയുകയായിരുന്നില്ല; മറിച്ച്, മുണ്ട് മുറുക്കിയുടുത്ത് പാടത്തിറങ്ങി സഖാക്കൾക്കൊപ്പം കൃഷിയിറക്കി സ്വയം മാതൃകയായി. ആധുനിക കൃഷിരീതികളോട് പാരമ്പര്യ കമ്യൂണിസ്റ്റുകൾ പുറം തിരിഞ്ഞകാലത്ത് ട്രാക്ടർ നിലത്തിലിറക്കി അവരെ വെല്ലുവിളിച്ചാണ് ആ വിപ്ലവം നയിച്ചത്. ശാസ്ത്ര-സാേങ്കതിക വിദ്യയുടെ പുരോഗതി മനസ്സിലാക്കി നൂതന കൃഷിരീതികളും പരീക്ഷിച്ചു വിജയിപ്പിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആദ്യമായി സംസ്ഥാനം ഒരു കാർഷിക വികസന രേഖ തയാറാക്കിയപ്പോൾ അതിെൻറ ചുമതല ഏൽപിച്ചത് ഇതുകൊണ്ടൊക്കെയാണ്. പേക്ഷ, ഇതുപോലെ മറ്റൊരു ‘ജലപരീക്ഷണ’ത്തിന് മുതിർന്നത് വലിയ ക്ഷീണമായി പോയി. പെരുമാട്ടി പഞ്ചായത്തിൽ കൊക്കകോള പ്ലാൻറ് സ്ഥാപിച്ചപ്പോൾ, കമ്പനിക്ക് വെള്ളം വിൽക്കാൻ കരാറുണ്ടാക്കിയതിന് നല്ല പഴികേൾക്കേണ്ടിവന്നു. പ്ലാൻറിനെതിരെ സമരം ചെയ്തവരെ ആദ്യമൊക്കെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, പ്ലാച്ചിമട വലിയൊരു ജനകീയ സമരമായി വികസിച്ചതോടെ കൃഷ്ണൻകുട്ടിക്ക് ‘ജലനയം’ തിരുത്തേണ്ടി വന്നു. അതിനുവേണ്ടി സുപ്രീംകോടതി വരെ പോകേണ്ടിവന്നു.
ആ പ്രായശ്ചിത്വത്തിനിടയിലും ‘കുടിവെള്ള വിൽപനക്കാരൻ’ എന്ന ചീത്തപ്പേര് ബാക്കിയായി. പേക്ഷ, ജലവിഷയത്തിൽ ആള് അഗ്രഗണ്യനാണ്. അന്തർ സംസ്ഥാന നദീജല കരാറുകൾ കേരളത്തിന് വരുത്തുന്ന നഷ്ടത്തെപ്പറ്റി കേരളത്തിൽ ഏറ്റവും ആധികാരികമായി സംസാരിക്കാൻ കഴിവുള്ള ആളാണ്. പറമ്പിക്കുളം-ആളിയാർ പദ്ധതിയും കരക്കുറ്റി-കാരപ്പാറയുമൊക്കെ കൃഷ്ണൻ കുട്ടിയുടെ ഏത് സംസാരത്തിലും കടന്നുവരുന്നത് അതുകൊണ്ടാണ്. അതുകൊണ്ടുതന്നെ, കുടിവെള്ള രാഷ്ട്രീയത്തിെൻറ അകവും പുറവും ഒരുപോലെ പരീക്ഷിച്ചറിഞ്ഞ കൃഷ്ണൻകുട്ടി തന്നെയാണ് ജലവിഭവം കൈകാര്യം ചെയ്യാൻ സർവാത്മനാ യോഗ്യൻ; അത് മാത്യു ടി. തോമസിെൻറ കുടിവെള്ളം മുട്ടിച്ചാണെങ്കിലും ശരി.
ആളിപ്പോൾ കളറകളഞ്ഞ സോഷ്യലിസ്റ്റാണെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം കോൺഗ്രസിലൂടെയായിരുന്നു. പാർട്ടി പിളർന്നേപ്പാൾ സംഘടന കോൺഗ്രസിെൻറ ഭാഗമായി. പിന്നെ, അടിയന്തരാവസ്ഥക്കുശേഷം ജനതാ പാർട്ടിയിലും തുടർന്ന് ജനതാദളിലും പ്രവർത്തിച്ചു. 1980ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. ചിറ്റൂരിൽ സിറ്റിങ് എം.എൽ.എ പി. ശങ്കറിനെ പരാജയപ്പെടുത്തി കന്നിയങ്കത്തിൽ വിജയിച്ചു. 82ൽ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ച് വീണ്ടും നിയമസഭയിൽ. പേക്ഷ, 87ൽ കെ.എ. ചന്ദ്രനോട് തോറ്റു. ഒരുപേക്ഷ, അന്ന് ജയിച്ചിരുന്നുവെങ്കിൽ നായനാർ മന്ത്രിസഭയിൽ അംഗമായേനെ. ഇതേ ചന്ദ്രനെ 91ൽ തോൽപിച്ച് നിയമസഭയിലെത്തിയപ്പോൾ മുന്നണി പ്രതിപക്ഷത്താണ്. കേരളത്തിെൻറ ചരിത്രംവെച്ച് അടുത്ത തെരഞ്ഞെടുപ്പിൽ പിടിക്കാമേല്ലാ. പറഞ്ഞിെട്ടന്ത് കാര്യം, 96ലും 2001ലും 2006ലും ജനങ്ങൾ കൈവിട്ടു. അതോടെ കൃഷിപ്പണിയിൽ സജീവമായി. ഇതിനിടയിൽ പാർട്ടിയിൽ വലിയ അടിയൊഴുക്കുകൾ നടക്കുന്നുണ്ടായിരുന്നു.
പാർട്ടിയുടെ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡൻറുമൊക്കെ ആയിട്ടുള്ള കൃഷ്ണൻകുട്ടി ആ രാഷ്ട്രീയ കൃഷിയിലും ഭാഗഭാക്കായി. അങ്ങനെയാണ് 2009ൽ, വീരേന്ദ്ര കുമാറിനൊപ്പം എസ്.ജെ.ഡിയിൽ ചേർന്നത്. വീരെൻറ ‘വലതുപക്ഷ വ്യതിയാന’ത്തിൽ പ്രതിഷേധിച്ച് നാല് വർഷത്തിനുശേഷം മാതൃസംഘടനയിലേക്ക് തിരിച്ചുപോയി. 2016ൽ, മാത്യൂ ടി. തോമസിെൻറ ജെ.ഡി.എസുമായി ലയിച്ച് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറായി. ആ വർഷം ചിറ്റൂരിൽനിന്ന് ചിരകാല വൈരി അച്യുതനെ തോൽപിച്ച് നിയമസഭയിലുമെത്തി. രണ്ടര വർഷത്തിനുശേഷം, ഒടുവിൽ ഇഷ്ട വകുപ്പിൽ മന്ത്രിയുമായിരിക്കുന്നു.
1944 ആഗസ്റ്റ് 13ന് ജനനം. മാതാവ്: ജാനകി. നിയമസഭ രേഖകൾ പ്രകാരം എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. പെരുമാട്ടി സർവിസ് കോഒാപറേറ്റിവ് ബാങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. ഭാര്യ: വിലാസിനി. അജയൻ, ബിജു, നാരായണൻ കുട്ടി, ലത എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.