1987ൽ ഡൽഹിയിൽ വർഗീയ സംഘർഷമുണ്ടായപ്പോഴാണ് കുൽദീപ് നയാറിെൻറ മാധ്യമപ്രവർത്തനത്തിെൻറ നിഷ്പക്ഷത നേരിട്ടറിയുന്നത്. മീറത്തിലും ഹാഷിംപുരയിലും അതിെൻറ തുടർച്ചയെന്നോണം വർഗീയ സംഘർഷങ്ങളുണ്ടായി. ഹാഷിംപുരയിൽ കുപ്രസിദ്ധമായ ഭരണകൂട വേട്ടയും അരങ്ങേറി. ആ കാലത്ത് ‘‘അലീഗഢ് മുസ്ലിം സർവകലാശാലയുടെ കെന്നഡി ഹാളിൽ പോയിരുന്നു, എവിടെയെല്ലാം വർഗീയ കലാപങ്ങളുണ്ടാകുന്നുണ്ടോ അതിന് മുസ്ലിംകളാണ് തുടക്കമിടുന്നതെന്ന് അവിടെ പ്രസംഗിച്ചു’’ കുൽദീപ് നയാർ തെൻറ കോളത്തിൽ എഴുതിയതാണിത്.
റേഡിയൻസ് വ്യൂസ് വീക്ലിയിൽ അദ്ദേഹത്തിെൻറ ഇൗ വിലയിരുത്തലിനെ വിമർശിച്ച് ഞാൻ ലേഖനമെഴുതി. പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസും പീപ്ൾസ് യൂനിയർ ഫോർ ഡമോക്രാറ്റിക് റൈറ്റ്സും കലാപബാധിത മേഖലകളിൽ പോയി തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് ആധാരമാക്കിയായിരുന്നു നയാറിന് ഞാനെഴുതിയ മറുപടി. മുസ്ലിംകൾ കലാപത്തിന് തുടക്കമിട്ടിട്ടില്ലെന്ന റിപ്പോർട്ട് മുമ്പിലിരിക്കെ എങ്ങനെ നയാറിന് അത്തരമൊരു പരാമർശം നടത്താൻ കഴിഞ്ഞുവെന്ന് ആ ലേഖനത്തിൽ ചോദിച്ചിരുന്നു. റേഡിയൻസിലെ ലേഖനം വായിച്ച് തന്നെ വിളിച്ച കുൽദീപ് നയാർ തനിക്ക് തെറ്റുപറ്റിയെന്നും റേഡിയൻസിൽ പറഞ്ഞത് താൻ അംഗീകരിക്കുകയാണെന്നും വ്യക്തമാക്കി. ഇക്കാര്യം റേഡിയൻസ് പ്രസിദ്ധീകരിക്കണമെന്നും നയാർ ആവശ്യപ്പെട്ടു. അതിന് പുറമെ വിഷയം പഠിച്ച നയാർ ‘ഹാഷിംപുരയിൽ സംരക്ഷകർ വേട്ടക്കാരായി’’ എന്ന് തെൻറ കോളത്തിൽതന്നെ തിരുത്തി എഴുതുകയും ചെയ്തു. മാധ്യമപ്രവർത്തനത്തിൽ വസ്തുതാപരമായ പിഴവ് സംഭവിച്ചുവെന്നോ താനെടുത്ത നിലപാട് തെറ്റാണെന്നോ ബോധ്യപ്പെട്ടാൽ അത് തിരുത്താൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല.
1981ൽ ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യ സമ്മേളനത്തിന് ഹൈദരാബാദിൽ എത്തിയപ്പോഴുണ്ടായത് മറ്റൊരു അനുഭവം. സമ്മേളനത്തിന് വന്ന കുൽദീപ് നയാർ ജനാവലിയെ കണ്ട് ‘ദഅ്വത്’ എഡിറ്റർ മുഹമ്മദ് മുസ്ലിമിനോട് ഉള്ളിലുണ്ടായ അമ്പരപ്പ് പ്രകടിപ്പിച്ചു. അത് കേട്ട മുഹമ്മദ് മുസ്ലിം ഇത്രയും വലിയ സമ്മേളനം നടന്നിട്ടും താങ്കളുടെ ഇന്ത്യൻ എക്സ്പ്രസിൽ ഒരു വരിപോലും വാർത്ത വന്നില്ലല്ലോ എന്ന് തിരിച്ചുചോദിച്ചു. നയാർ അപ്പോൾ മറുത്തൊന്നും പറഞ്ഞില്ല. സമ്മേളനത്തിെൻറ വാർത്ത അതർഹിക്കുന്ന പ്രാധാന്യത്തോടെ പിറ്റേന്ന് മുതൽ നാലു ദിവസത്തേക്ക് തുടർച്ചയായി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചു. വാർത്ത വന്നതോടെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളും ആ വഴി പിന്തുടർന്നു. പറ്റുന്ന തെറ്റ് സമ്മതിക്കുകയും ദുരഭിമാനമൊട്ടുമില്ലാതെ അത് തിരുത്താൻ തയാറാകുകയും ചെയ്യുന്ന വലിയ മനസ്സിനുടമയായിരുന്നു അദ്ദേഹമെന്ന് സാരം. കവി
അല്ലാമാ ഇഖ്ബാൽ ജനിച്ച പാകിസ്ഥാനിലെ സിയാൽകോട്ടിലായിരുന്നു വിഭജനത്തിനുമുമ്പ് കുൽദീപ് നയാർ കുടുംബത്തോടൊത്ത് കഴിഞ്ഞിരുന്നത്. പ്രഗത്ഭനായ ഡോക്ടറായിരുന്നു പിതാവ്. വിഭജനാനന്തരം കലാപം പൊട്ടിപ്പുറപ്പെട്ടേതാടെ വീടുവിട്ടിറങ്ങിയ നയാറിെൻറ കുടുംബം ഒരു പ്രൈമറി സ്കൂളിലെ അഭയാർഥി ക്യാമ്പിൽ അഭയം തേടി. അഭയാർഥി ക്യാമ്പിൽ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം കഴിയുന്നതിനിടയിൽ, തെൻറ ജീവൻ രക്ഷിച്ച ശസ്ത്രക്രിയ നടത്തിയ ഡോക്ടറെന്ന നിലയിൽ തനിക്കുള്ള കടപ്പാട് തിരികെ വീട്ടാനുള്ള നേരമാണിതെന്ന് പറഞ്ഞ് ഒരു സൈനികർ നയാറിെൻറ പിതാവിനെ സമീപിച്ചു.
സൈനിക വാഹനവുമായി താൻ ഡൽഹിക്ക് പോകുകയാണെന്നും ഒരാളെ തനിക്ക് ഡൽഹിയിലേക്ക് കൊണ്ടുേപായി രക്ഷപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങൾ പോകുന്നില്ലെന്ന് എല്ലാ മക്കളും തീർത്ത് പറഞ്ഞപ്പോൾ എങ്കിൽ ആരു പോകണമെന്ന് നറുക്കെടുപ്പ് നടത്താമെന്നായി. നറുക്ക് വീണത് കുൽദീപ് നയാറിനായിരുന്നു. ആ സൈനികൻ സ്വന്തം ട്രക്കിൽ 1947 സെപ്റ്റംബർ ഏഴിന് പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് കുൽദീപ് നയാറിനെ കൊണ്ടുവന്ന് ദരിയാഗഞ്ചിൽ കൊണ്ടുവന്നിറക്കി. ഒരാളും പരിചയക്കാരായി ഇല്ലാത്ത ഡൽഹി നഗരത്തിൽ പെരുവഴിയിലായ അവസ്ഥയിലായി കുൽദീപ് നയാർ. സിയാൽ കോട്ടിൽ കമ്യൂണിസ്റ്റുകളോട് അനുഭാവം കാണിച്ചിരുന്ന അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി ഡൽഹി ഘടകത്തിെൻറ ജനറൽ സെക്രട്ടറി എം. മുഖീമുദ്ദീെന കണ്ടു. നിയമബിരുദം നേടിയ താൻ വിഭജനത്തെ തുടർന്ന് പാകിസ്താനിൽനിന്ന് വരേണ്ടിവന്നതാണെന്നും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും മുഖീമുദ്ദീനോട് നയാർ പറഞ്ഞു. ആരും അറിയാത്ത ഡൽഹിയിൽ അഭിഭാഷക വൃത്തി തുടങ്ങാൻ പ്രയാസമാണെന്ന് മുഖീമുദ്ദീൻ മറുപടി പറഞ്ഞു. തെൻറടുത്ത് ‘അൻജാം പത്ര’ത്തിെൻറ എഡിറ്റർ വന്നിരുന്ന കാര്യം പറഞ്ഞ മുഖീമുദ്ദീൻ, ജുമാമസ്ജിദിനടുത്തുള്ള കാസിംജാൻ ഗലിയിലെ അദ്ദേഹത്തിെൻറ ഒാഫിസിൽ ചെന്നാൽ ഉർദുവിൽ എഴുതാനറിയുന്ന നയാറിന് ആ മേഖലയിൽ ഒരുകൈ നോക്കാമെന്ന് സൂചിപ്പിച്ചു.
അന്ന് ഡൽഹിയിലെ പ്രസ് എൻക്ലേവ് ആയിരുന്ന ആ ഭാഗത്തായിരുന്നു ഉർദുവിലും ഇംഗ്ലീഷിലും ഇറങ്ങിയിരുന്ന പ്രമുഖ പത്രങ്ങളുടെ ഒാഫിസുകൾ പ്രവർത്തിച്ചിരുന്നത്. ഇംഗ്ലീഷ് പത്രങ്ങളായ ‘ഡോൺ’ ‘ജങ്’ തർജുമാനുൽ ഖുർആൻ എന്നിവക്കെല്ലാം ഒാഫിസുണ്ടായിരുന്നു അവിെട. അന്ന് അൻജാം ഒാഫിസിൽ കയറിച്ചെന്നതാണ് നയാറിെൻറ ജീവിതം മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചുവിട്ടത്. അൻജാം ഉർദു പത്രത്തിലായിരുന്നു പത്രപ്രവർത്തകനെന്ന നിലയിൽ അരങ്ങേറ്റം. ഒന്നര വർഷം ജോലിനോക്കിയ ശേഷം ‘വഹ്ദത്ത്’ എന്ന ഉർദുപത്രത്തിലേക്ക് മാറി. ഭരണഘടന നിർമാണ സഭാംഗവും മഹാകവിയുമായിരുന്ന മൗലാന ഹസ്രത്ത് െമാഹാനിയുടേതായിരുന്നു ‘വഹ്ദത്’. ഉർദു പത്രപ്രവർത്തന മേഖലക്ക് വലിയ ഭാവിയില്ലെന്നും ഇംഗ്ലീഷ് പത്രപ്രവർത്തനരംഗത്തേക്ക് മാറണമെന്നും നയാറിനെ ഉപദേശിച്ചതും വഴിതിരിച്ചുവിട്ടതും ഹസ്രത് മൊഹാനിയാണ്.
അമേരിക്കയിൽ പോയി ജേണലിസം പഠിക്കാൻ പറഞ്ഞപ്പോൾ തെൻറ പക്കൽ അതിനുള്ള കാശില്ലല്ലോന്നെ് കുൽദീപ് നയാർ നിസ്സഹായത പ്രകടിപ്പിച്ചു. മൊഹാനിയാണ് അമേരിക്കയിൽ പോകാനുള്ള ചെലവ് നയാറിന് െകാടുത്തത്. അവിടെ പഠിക്കാനുള്ള ചെലവ് ഹോട്ടലിൽ പാർട്ട് ടൈം ജോലിയെടുത്ത് കണ്ടെത്തി. എം.എസ്സി ജേണലിസവുമായി തിരിച്ചുവന്ന നയാറെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ടൻ തെൻറ പ്രസ് ഒാഫിസറാക്കി. അതിന് ശേഷം ലാൽ ബഹാദൂർ ശാസ്ത്രി െറയിൽവെ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോൾ അദ്ദേഹത്തിെൻറ പ്രസ് സെക്രട്ടറിയുമായി. പിന്നീട് യു.എൻ.െഎയുടെ ചീഫ് എഡിറ്റർ ആയി. ഇംഗ്ലീഷ് മാധ്യമപ്രവർത്തനത്തിെൻറ തുടക്കം യു.എൻ.െഎയിൽനിന്നായിരുന്നു. പിന്നീട് കൽക്കത്തയിൽനിന്നിറങ്ങിയിരുന്ന സ്റ്റേറ്റ്്സ്മാൻ പത്രത്തിെൻറ റസിഡൻറ് എഡിറ്ററായി ഡൽഹിയിൽ ചുമതലയേറ്റു. മന്ദിര പബ്ലിക്കേഷൻസ് എന്ന പേരിൽ പ്രസാധനാലയവും ആരംഭിച്ചു.
ഇന്ത്യ^പാക് ബന്ധം മെച്ചപ്പെടുത്താൻ ജീവിതത്തിലുടനീളം ആഗ്രഹിച്ച മനുഷ്യനായിരുന്നു നയാർ. അതിലെന്നും ശുഭാപ്തി വിശ്വാസിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സിയാൽ കോട്ടിലേക്ക് ഗൃഹാതുരത്വത്തോടെ പോയി ജനിച്ച വീട് കണ്ടെത്തിയത് അതിൈവകാരികമായി വിവരിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് അങ്ങേയറ്റം വ്യക്തിബന്ധം വെച്ചുപുലർത്തിയ അദ്ദേഹം എല്ലാവർക്കും മാർഗനിർദേശവും പ്രോത്സാഹനവും നൽകാൻ മടിച്ചിരുന്നില്ല. വ്യക്തിബന്ധത്തിെൻറ ആഴം ബോധ്യപ്പെട്ടത് എെൻറ പിതാവ് രോഗബാധിതനായപ്പോഴാണ്. പട്നയിൽ റിപ്പോർട്ടിങ്ങിന് വന്ന അദ്ദേഹം പിതാവിെൻറ വിവരമറിഞ്ഞ് വാഹനം വിളിച്ച് ഏറെ ദൂരത്തുള്ള ദർഭംഗയിലേക്ക് എത്തിയത് ഒരിക്കലും മറക്കാനാവില്ല.
•
(‘ഛൗത്തീ ദുനിയാ’യുടെ എഡിറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.