കണക്കില്ലാതെ കുന്നുകൂട്ടുന്നവന് നഷ്ടവും അത്രമേൽ വരും എന്നു പറഞ്ഞത് ചൈനക്കാരൻ ലാവോത്സെ. ദുര മൂത്താൽ കരയും എന്നു മലയാളം. അങ്ങനെയൊരു കരച്ചിലിെൻറ, അല്ല പുത്രകളത്രാദികളെ വലിച്ചുകൂട്ടിയുള്ള കൂട്ടക്കരച്ചിലിെൻറ വക്കത്താണിപ്പോൾ പാകിസ്താനിൽ അയോഗ്യതപട്ടവുമായി അധികാരത്തിെൻറ പടിപ്പുരക്കു പുറത്തുകടക്കേണ്ടിവരുന്ന പ്രധാനമന്ത്രി മിയാൻ നവാസ് മുഹമ്മദ് ശരീഫ്.
പൊതുവിൽ പറയപ്പെടുന്നപോലെ ഇല്ലായ്മയിലായിരുന്നില്ല, സമ്പദ്സമൃദ്ധിയുടെ ഒത്ത നടുവിലായിരുന്നു ഒച്ചവെച്ചതും പിച്ചവെച്ചതും. അതിൽ മക്കൾ പനപോലെ വളരെട്ട എന്നു തീരുമാനിച്ച ‘അബ്ബാജി’ നവാസിനെയും ശഹബാസിനെയും രണ്ടു കൈയിലുംപിടിച്ച് സുഹൃത്തായ പഞ്ചാബ് ഗവർണറെ ഏൽപിച്ച് പറഞ്ഞു: രണ്ടിലൊരാളെ രാഷ്ട്രീയത്തിൽ കയറ്റണം. ചങ്ങാതിക്കു താൽപര്യം ശഹബാസിനോടായിരുന്നു. അപ്പോൾ കച്ചവടം ആരു നോക്കുമെന്നായിരുന്നു പിതാവിെൻറ ആധി. അതിനാൽ നറുക്ക് നവാസിനുതന്നെ വീണു.
ചെറുപള്ളിക്കൂടം മുതൽ അടുത്തിരിക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാതിരുന്ന പ്രകൃതമായിരുന്നു. കണ്ണും കാതുമൊക്കെ തന്നിലേക്കുതെന്നയായിരുന്നുവെന്നു ചുരുക്കം. അതിനാൽ ആരെയും കൂസാതെ പനപോലെ വളർന്നു രാഷ്ട്രീയത്തിൽ - എന്നു പറഞ്ഞാൽ സ്വന്തം സമ്പാദ്യത്തിൽ എന്നാണ് പാക് ഭാഷ്യം. 1981ൽ 337 ദശലക്ഷം വിറ്റുവരവുണ്ടായിരുന്ന പിതാവ് തുടങ്ങിവെച്ച ഇത്തിഫാഖ് ഗ്രൂപ് 1983ൽ നവാസ് ശരീഫ് പഞ്ചാബിൽ ധനമന്ത്രിയായി അധികാരമേറ്റ് നാലു വർഷം കഴിഞ്ഞേപ്പാൾ 2500 ദശലക്ഷത്തിലെത്തിയെന്നത് കമ്പനിയുടെ ഒൗദ്യോഗികകണക്ക്. അത്ര മതിയല്ലോ വളർച്ചയുടെ തോത് അളക്കാൻ. രാഷ്ട്രീയത്തിലെ കെറുവ് മുഴുവൻ പാകിസ്താൻ പീപ്ൾസ് പാർട്ടിയോടും ഭുേട്ടാ കുടുംബത്തോടും പുലർത്തിയപ്പോഴും മനതാരിൽ അതേ കുടുംബത്തെ പ്രതിഷ്ഠിച്ചു. ഭാര്യ കുൽസൂമിനെയോ ആൺമക്കളായ ഹസൻ ഹുസൈൻമാരെയോ അല്ല, മൂത്ത മകൾ മർയമിനെയാണ് കിരീടാവകാശത്തിന് നവാസ് കണ്ടുവെച്ചത്. എന്നാൽ, സുപ്രീംകോടതി എല്ലാം തട്ടിത്തകർത്തിരിക്കുന്നു. തനിക്കു മാത്രമല്ല, മകൾക്കുംനേരെ അധികാരപ്പടി കൊട്ടിയടച്ച് പിണ്ഡംവെച്ചിരിക്കുന്നു കോടതി.
2018ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി അഞ്ചുവർഷ ടേം തികക്കുന്ന ചരിത്രം തെൻറ പേരിൽ കുറിച്ച് ഭരണം മകളെയേൽപിച്ച് ചരിത്രമാറ്റത്തിന് തുടക്കംകുറിക്കാനുള്ള തിടുക്കത്തിലിരിക്കെയാണ് കഴിഞ്ഞ ഏപ്രിലിൽ പാനമ രേഖകൾ ചോർന്ന വാർത്ത വരുന്നത്. ഉടനെ അമേരിക്കയിലേക്ക് വെച്ചുപിടിച്ചു, ചികിത്സക്കെന്ന പേരിൽ. അരക്കാശ് അവിഹിതമായി സമ്പാദിച്ചിട്ടുണ്ടെങ്കിൽ സുപ്രീംകോടതി അന്വേഷിക്കെട്ട എന്നായി അവിടെച്ചെന്നപ്പോൾ വായ്ത്താരി. കോടതി അക്ഷരംപ്രതി വെല്ലുവിളി സ്വീകരിച്ചപ്പോൾ നാടും നാട്ടാരുമറിയാതെ ദുബൈയിലും സൗദിയിലും ഖത്തറിലും അമേരിക്കയിലും യൂറോപ്പിലുമായി പരന്നുകിടക്കുന്ന പൂതലിച്ച സമ്പദ്സാമ്രാജ്യത്തിെൻറ കണക്കെടുപ്പാണ് നടന്നത്. അങ്ങനെ അധികാരവും അർഥവും തന്നിലേക്ക് മാത്രമായടുപ്പിക്കാൻ എല്ലാ ചിറകുകളും അരിഞ്ഞൊതുക്കി വാഴാനുള്ള ശ്രമത്തിനിടെ എല്ലാം ഒറ്റയടിക്ക് അടിയറവ് പറയേണ്ട നിവൃത്തികേടിലാണ്.
1949 സെപ്റ്റംബർ 25ന് പണത്തിന്മേൽ അടയിരിക്കുന്ന പഞ്ചാബ് സമീന്ദാരി കുടുംബത്തിലായിരുന്നു ജനനം. പൂർവികർ ജമ്മു-കശ്മീരിലെ അനന്തനാഗിൽനിന്ന് 1870ൽ അമൃത്സറിലേക്കു കുടിയേറിയ കശ്മീരി ബ്രാഹ്മണ കുടുംബത്തിലാണ് വേരെന്ന് കുടുംബപുരാണം തേടിയവർ രേഖപ്പെടുത്തുന്നു. ഇന്നത്തെ ഇന്ത്യൻ പഞ്ചാബിലെ തരൺതരണിനടുത്ത ജാടി ഉംറയിൽനിന്നു ലാഹോറിലേക്ക് വണ്ടികയറിയതാണ് പിതാമഹൻ. ‘അബ്ബാജി’ എന്നു വിളിച്ച പിതാവ് മിയാൻ ശരീഫ് സമ്പന്നകുടുംബത്തിെൻറ അലസതക്ക് മകനെ വിട്ടില്ല. ലാഹോറിലെ പ്രശസ്തമായ സെൻറ് ആൻറണീസ് സ്കൂളിലും ലാഹോർ ഗവ. കോളജിലും പഠനം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ 1971ൽ കുൽസൂമിനെ ഭാര്യയായി ജീവിതത്തിലേക്കു കൂട്ടി.
മകനെ രാഷ്ട്രീയത്തിലേക്ക് ഉഴിഞ്ഞുവെച്ചതായിരുന്നു പിതാവ്. എയർമാർഷൽ അസ്ഗർ ഖാനെ കണ്ട് തഹ്രീകെ ഇസ്തിഖ്ലാൽ പാർട്ടിയിൽ നവാസിനെ ചേർത്തു. പഞ്ചാബ് ഗവർണറായിരുന്ന ഗുലാം ജീലാനി ഖാനെ കണ്ട് മകെൻറ കൈപിടിച്ചുകൊള്ളാൻ ശിപാർശ നടത്തി. അദ്ദേഹം അത് ചെവിക്കൊണ്ട് പട്ടാള ഭരണാധികാരിയായിരുന്ന ജനറൽ സിയാഉൽ ഹഖിന് പരിചയപ്പെടുത്തി. അതോടെ നേരെ പഞ്ചാബ് മന്ത്രിസഭയിൽ ധനമന്ത്രിയായി അധികാരാരോഹണം- 1982 മേയിൽ. മൂന്നു വർഷത്തിനുശേഷം കക്ഷിരഹിത തെരഞ്ഞെടുപ്പിന് സിയ കളമൊരുക്കിയപ്പോൾ ജയിച്ചുകയറിയ നവാസ് പഞ്ചാബ് മുഖ്യമന്ത്രിയായി. അട്ടിമറിയിൽ സിയാഉൽ ഹഖ് കൊല്ലപ്പെട്ടശേഷം 1988 ആഗസ്റ്റ് 17ന് പാകിസ്താൻ മുസ്ലിംലീഗിന് രൂപം നൽകി ചെറുകക്ഷികളെ കൂട്ടി മുന്നണി രൂപവത്കരിച്ചെങ്കിലും ബേനസീർ ഭുേട്ടായുടെ പി.പി.പിയോട് പരാജയപ്പെട്ടു.
എങ്കിലും രാജ്യത്തെ നിർണായക പ്രതിപക്ഷമായി ഉയർന്നു. 1990ൽ ബേനസീറിനെ പ്രസിഡൻറായിരുന്ന ഗുലാം ഇസ്ഹാഖ് ഖാൻ മറിച്ചിട്ടേപ്പാൾ നടന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ നവാസ് പ്രധാനമന്ത്രിസ്ഥാനത്തെത്തി. എന്നാൽ, 1993ൽ പദവിയൊഴിയേണ്ടിവന്നു. 1997ലെ തെരഞ്ഞെടുപ്പിൽ ബേനസീറിനെ മറിച്ചിട്ട് വീണ്ടും അധികാരത്തിൽ. അതോടെ പാക് രാഷ്ട്രീയത്തിെൻറ ഗതിവിഗതികൾ മനസ്സിലാക്കിയ നവാസ് സ്ഥിരം ശത്രുക്കേളാ മിത്രങ്ങളോ അതിലില്ലെന്ന് പഠിച്ചു, പഠിപ്പിക്കുകയും ചെയ്തു. െഎ.എസ്.െഎ ചീഫ് ആയിരുന്ന ഹാമിദ് ഗുല്ലിനും ആർമി ചീഫ് ജഹാംഗീർ കറാമത്തിനുമൊക്കെ അതിന് സ്ഥാനത്യാഗത്തിലൂടെ വില നൽകേണ്ടി വന്നു. കറാമത്തിനെ മാറ്റി കൊണ്ടുവന്ന ജനറൽ പർവേസ് മുശർറഫ് കൈക്കു കടിച്ചു. ലാഹോറിലേക്ക് ഇന്ത്യയിൽനിന്നു ബസ് സർവിസ് ആരംഭിച്ച് അടൽ ബിഹാരി വാജ്പേയിക്ക് കൈ കൊടുത്ത് മുന്നോട്ടുപോകാനാഞ്ഞ നവാസിനെ കാർഗിലിൽ ആലോചനയില്ലാത്ത യുദ്ധത്തിനു മുതിർന്ന് മുശർറഫ് വഷളാക്കി.
അതോടെ ഉലഞ്ഞ ബന്ധം 1999 ഒക്ടോബർ 12ന് നവാസിെൻറ അട്ടിമറിയിലേക്കും അറസ്റ്റിലേക്കും നയിച്ചു. തുടർന്ന് സിയയുടെ മാതൃകയിൽ മുശർറഫ് പകവീട്ടാനൊരുങ്ങിയത് വധശിക്ഷ വിധിച്ചായിരുന്നു. രാഷ്ട്രീയ വനവാസത്തിനു പോയ്ക്കൊള്ളാമെന്ന ഉറപ്പിന്മേൽ 2000ത്തിൽ നാടുവിടാൻ മുശർറഫ് കനിഞ്ഞു. പിന്നെ കോടതിയുമായി ഇടഞ്ഞ് ഭരണം െപാല്ലാപ്പായപ്പോൾ 2008ൽ തെരഞ്ഞെടുപ്പിന് മുശർറഫ് തീരുമാനിച്ചതിെൻറ ഭാഗമായി നാട്ടിലേക്ക് വീണ്ടും വഴിതുറന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2007 ഡിസംബർ 27ന് ബേനസീർ ഭുേട്ടാ കൊല്ലപ്പെടുകയും സഹതാപതരംഗത്തിൽ അവരുടെ പി.പി.പി ജയിച്ചുകയറുകയും ചെയ്തു. എന്നാൽ, ഭരണമേറിയ ആസിഫ് അലി സർദാരിക്കോ യൂസുഫ് റസാ ഗീലാനിക്കോ പൊറുതികൊടുത്തില്ല. അവർക്കെതിരെ പ്രക്ഷോഭം നയിച്ച് അധ്വാനിച്ചു നേടിയതായിരുന്നു നവാസിെൻറ മൂന്നാം ഉൗഴം. അതാണിപ്പോൾ അടുത്ത തെരഞ്ഞെടുപ്പിലൂടെ അരക്കിട്ടുറപ്പിക്കാൻ നോക്കുന്ന നേരത്ത് സുപ്രീംകോടതി തട്ടിത്തെറിപ്പിച്ചിരിക്കുന്നത്. നവാസിനുമുന്നിൽ വഴി പലതുണ്ട്.
ശാഹിദ് ഖാഖാൻ അബ്ബാസിയെപ്പോലുള്ള തൊമ്മികളെവെച്ച് ഭരിക്കാം. തന്നോടൊപ്പം പിതാവ് കൈപിടിച്ചുയർത്തിയ ശഹബാസിനെ പിൻഗാമിയാക്കാം. എന്നാൽ, അധികാരത്തിൽ വെറുമൊരു റബർസ്റ്റാമ്പാകാൻ പാകത്തിലുള്ള പാവമല്ല ശഹബാസ്. ചതുരുപായങ്ങളിൽ പരസ്പരം മത്സരിക്കുന്ന സഹോദരങ്ങളിൽ ആരു മുകളിൽ കയറിയാലും അപരെൻറ അസ്തമയത്തിനായിരിക്കും അത് കളമൊരുക്കുക. അതിനാൽ അധികാരത്തിെൻറ ഇടനാഴിയിൽനിന്നു പുറത്തുകടക്കുേമ്പാൾ അകത്തുതന്നെ നിലയുറപ്പിക്കാനുള്ള എന്തു വിദ്യകളാണ് നവാസ് കണ്ടുവെച്ചിരിക്കുന്നതെന്ന് അദ്ദേഹം മാത്രമേ അറിയാനിടയുള്ളൂ. ജനനത്തിൽ വായിലേന്തിയ വെള്ളിക്കരണ്ടി കളയാതെ സൂക്ഷിക്കാനുള്ള മിനിമം പരിപാടിയായിരുന്നു നവാസിെൻറ രാഷ്ട്രീയജീവിതം എന്നിരിക്കെ, അദ്ദേഹത്തിെൻറ മുന്നിൽ വാതിലുകളടഞ്ഞു എന്നു വിശ്വസിക്കാൻ പാകിസ്താനിൽ കണ്ണും കാതും തുറന്നിരിക്കുന്നവർ ഒരുക്കമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.